പോസ്റ്റുകള്‍

നാടൻ കളികൾ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

13.പട്ടം പറത്തൽ

13.പട്ടം പറത്തൽ പട്ടം പറത്തൽ കുട്ടികളുടെയും മുതിർന്നവരുടെയും വിനോദമാണ്‌ .കൂട്ടായും കുട്ടികൾ പട്ടം പറത്താറുണ്ട് .ചില കുട്ടികൾ പട്ടം പറത്തൽ മത്സരവും നടത്തും. ഏറ്റവും ഉയരത്തിൽ പറത്തുന്ന പട്ടത്തിന്റെ ഉടമയാണ് ജയിക്കുക .

14.പടകളി

14.പടകളി രണ്ടുപേർക്കു പങ്കെടുക്കാവുന്ന ഒരു നാടൻ വിനോദമാണ്‌ പടക്കളി .കളിക്കളത്തിൽ കരുക്കൾ നീക്കിക്കൊണ്ടുള്ള കളിയാണിത് .ഓരോരുത്തർക്കും പതിനാറ് കരുക്കൾ വീതമുണ്ടാകും. ഇരുവരുടെയും കരുക്കൾ രണ്ടു തരത്തിലുള്ളതാകണം .കരുക്കൾ ഏതു ഭാഗത്തേക്കും നീക്കാം .ഒരാളുടെ കരുവിനു മുന്നിൽ എതിരാളിടുടെ കാരു വരികയും അതിനപ്പുറം കരുവൊന്നുമില്ലാതെ ഒഴിഞ്ഞുകിടക്കുകയും ചെയ്‌താൽ ആ കരു 'കൊത്തി' എടുക്കും .'വെട്ടി എടുക്കുക ' എന്നും ഇതിനു പറയാറുണ്ട് .കളിയുടെ അന്ത്യത്തിൽ ആരാണോ കൂടുതൽ കാര് വെട്ടി എടുത്തത് ,അയാളാണ് വിജയി .

15.ആലവട്ടം

15.ആലവട്ടം കളിക്കാരിൽ രണ്ടുപേരൊഴികെയുള്ളവർ കൈകൾ കോർത്ത് പിടിച്ച് വൃത്താകൃതിയിൽ നിൽക്കാം. മാറിനിൽക്കുന്നഒരാൾ കുഞ്ഞാടും മറ്റേയാൾ പുലിയും ആയിസങ്കല്പിക്കും. കുഞ്ഞാട് വൃത്തത്തിനുള്ളിൾ (ആലയിൽ) നിൽക്കും. പുലി പുറത്തും. പുലി കൈച്ചങ്ങലതകർത്ത് ആലയിലുള്ള കുഞ്ഞാടിനെ പിടിക്കാൻ ശ്രമിക്കും അംഗങ്ങൾ പരമാവധി ബലം പ്രയോഗിച്ച് അതിനെ ചെറുക്കാൻ ശ്രമിക്കും. പുലി ഓരോചങ്ങലയും പരിശോധിച്ച് ഏറ്റവും ബലഹീനമായതിനെ പൊട്ടിച്ച് അകത്തുകടക്കും. അപ്പോൾ അംഗങ്ങൾ വേറൊരു കൈച്ചങ്ങല ഇളക്കി ആടിനെ പുറത്താക്കും. പുലിവീണ്ടും ചങ്ങല തകർത്ത് ആലയ്ക്ക് വെളിയിൽ വരും. അപ്പോഴേക്കും ആടിനെ ആലയിൽ കയറ്റണം. ആടിന് കയറാൻ പറ്റിയില്ലെങ്കിൽ പുലി ആടിനു് പിന്നാലെഓടിആടിനെ പിടിക്കും. പിടികിട്ടിയാൽ ചങ്ങല തകർക്കപ്പെട്ടിടത്തെ രണ്ടുപേർ വീണ്ടും ആടും പുലിയുമായി കളിതുടരാം.

16.കാക്കാപ്പീലി

16.കാക്കാപ്പീലി കേരളത്തിന്‍െറ വടക്കന്‍ ജില്ലകളില്‍ പ്രചാരം നേടിയ ഒരു വിനോദമാണ് കാക്കാപ്പീലി. ഇതിലും കുട്ടികള്‍ രണ്ട് സംഘങ്ങളായിത്തിരിയും. മധ്യത്തില്‍ ഒരു വര വരച്ച് കുട്ടികള്‍ ഇരുഭാഗങ്ങളിലായി നില്‍ക്കും. ഒരു ഗ്രൂപ്പിലെ കുട്ടികളിലാരെങ്കിലും ‘കാക്കാപ്പീലി കോഴിപ്പീലി’ എന്നു പറഞ്ഞ് എതിര്‍ സംഘാംഗങ്ങളെ തൊടാന്‍ നോക്കും. ഏതെങ്കിലും കുട്ടിയെ തൊട്ടാല്‍ ആ കുട്ടി എതിര്‍ ടീമിലേക്ക് പോകേണ്ടിവരും. എന്നാല്‍, ചിലപ്പോള്‍ തൊടാന്‍ ശ്രമിച്ച കുട്ടിയെ എതിര്‍ ടീം പിടികൂടുകയും ചെയ്യും. അങ്ങനെയായാല്‍ അവന്‍ എതിര്‍ടീമിലാകും. ഇരുഭാഗത്ത് ഏത് സംഘത്തിലാണോ കുട്ടികളുടെ എണ്ണം കൂടിയത് ആ സംഘം വിജയിച്ചതായി പ്രഖ്യാപിക്കും.

17.ഉറുമ്പുകളി അഥവാ ‘ഇട്ടുംപ്രാച്ചി’

17.ഉറുമ്പുകളി അഥവാ ‘ഇട്ടുംപ്രാച്ചി’ അഞ്ചാറ് കുട്ടികള്‍ ചേര്‍ന്നാണ് ഈ വിനോദം. കുട്ടികള്‍ ഒരിടത്ത് വട്ടംചേര്‍ന്നിരുന്നാണ് കളി. ഒരാളുടെ കമിഴ്ത്തിവെച്ച കൈയുടെ മുകളില്‍ മറ്റൊരാള്‍ നുള്ളിപ്പിടിക്കുകയും അതിനു മുകളില്‍ മറ്റൊരാള്‍ എന്നിങ്ങനെ പിടിച്ച് പാട്ടുപാടി ഒരുമിച്ച് വട്ടത്തില്‍ ചലിപ്പിക്കും. അതിനൊപ്പം വായ്ത്താരി (പാട്ട്) ഉണ്ടാവും. ‘ഉറുമ്പോ...ഉറുമ്പോ...’ എന്നിങ്ങനെയുള്ള ഒരു നാടന്‍ പാട്ടാണ് പാടുക. പാടുന്നതിനിടെ ഒരു കുട്ടി ചോദ്യങ്ങള്‍ ചോദിക്കുകയും മറ്റ് കുട്ടികള്‍ മറുപടി നല്‍കുകയും ചെയ്യും. ‘ഇട്ടുംപ്രാച്ചി’ എന്ന് പറയുന്നതുവരെ ഇത് തുടരും.

18.കല്ലുകളി

18.കല്ലുകളി നാട്ടിന്‍പുറങ്ങളില്‍ ‘കൊത്തങ്കല്ലുകളി’ എന്നാണ് ഇതിന് പേര്. ചില സ്ഥലങ്ങളില്‍ ചൊക്കന്‍ കളിയെന്നും പേരുണ്ട്. പെണ്‍കുട്ടികളാണ് പ്രധാനമായും ഈ കളിയില്‍ പങ്കെടുക്കുക. കുറച്ച് കല്ലുകള്‍ എടുത്ത് ഒരു കുട്ടി മുകളിലേക്കിട്ട് പുറം കൈകാണിച്ച് പിടിച്ചെടുക്കാന്‍ നോക്കും. എന്നിട്ട് അതില്‍നിന്ന് ഒരെണ്ണം നിലനിര്‍ത്തി ബാക്കിയുള്ളവ നിലത്തേക്കിടും. ഈ കല്ല് വിരലിനിടയില്‍ നിലനിര്‍ത്തികൊണ്ട് നിലത്തുള്ള കല്ലുകള്‍ ഓരോന്നായി ‘കൊത്തി’യാടും. വിരലിലെ കല്ല് നിലത്തുപോയാല്‍ കളിയില്‍ തോല്‍ക്കും. എല്ലാ കല്ലുകളും ഇങ്ങനെ കൊത്തിയെടുക്കാനായാല്‍ ആ കല്ല് കളിക്കാരിക്ക് എടുക്കാം. ഒരു ടീമില്‍ ഇങ്ങനെ ഏറ്റവും കൂടുതല്‍ കല്ല് കിട്ടുന്ന കുട്ടി വിജയിക്കും.

19.നരിയും പശുവും

19.നരിയും പശുവും കുട്ടികളുടെ മറ്റൊരു വിനോദമാണ് നരിയും പശുവും കളി. വൃത്താകൃതിയില്‍ കൈകോര്‍ത്ത് നില്‍ക്കുന്ന കുട്ടികള്‍ക്ക് മധ്യത്തില്‍ ഒരു കുട്ടി നില്‍ക്കുകയും (പശു) വലയത്തിന് പുറത്ത് മറ്റൊരു കുട്ടി (നരി) നില്‍ക്കുകയും ചെയ്യും. വൃത്താകൃതിയില്‍ കൈകള്‍ കോര്‍ത്ത് നില്‍ക്കുന്ന കുട്ടികളുടെ കൈകള്‍ വിടുവിച്ച് ഉള്ളില്‍ കയറാന്‍ പുറത്തുനില്‍ക്കുന്ന കുട്ടി ശ്രമിച്ചുകൊണ്ടിരിക്കും. ഇടക്ക് ‘നരി’ ബന്ധം വിച്ഛേദിച്ച് അകത്തുകയറും. അന്നേരം ‘പശു’വിനെ കുട്ടികള്‍ പുറത്താക്കും. ‘നരി’ അകത്തുകയറിയാല്‍ പിന്നെ ബലം പ്രയോഗിച്ച് കുട്ടികളുടെ കൈകോര്‍ക്കലുകള്‍ വിച്ഛേദിച്ചേ ‘നരി’ക്ക് പുറത്തുകടക്കാനാവൂ. നരി ‘ഇത് എന്ത് കെട്ട്?’ എന്ന് ചോദിക്കുമ്പോള്‍ കുട്ടികള്‍ ‘ഇത് ഇരുമ്പ് കെട്ട്’, ചെമ്പ് കെട്ട്’ എന്നൊക്കെ പറഞ്ഞ് ബന്ധം വിടുവിക്കാതെ നില്‍ക്കും. എന്നാല്‍, ‘നരി’ ബലപ്രയോഗത്തിലൂടെ ബന്ധം വേര്‍പ്പെടുത്തി പുറത്തിറങ്ങും. കൈവിട്ട് ‘നരി’യെ പുറത്തുകടത്തിയ കുട്ടികളാണ് അടുത്ത കളിയില്‍ നരിയും പശുവും ആകേണ്ടത്.

20.തൂപ്പുവെച്ചുകളി

20.തൂപ്പുവെച്ചുകളി പെണ്‍കുട്ടികളാണ് തൂപ്പുവെച്ചു കളിയില്‍ സംഘംചേരുക. കളിക്കുന്നിടത്ത് വലിയ വൃത്തംവരക്കും. വരച്ചവരയില്‍ കുട്ടികള്‍ വൃത്താകൃതിയില്‍ ഇരിക്കും. മുഖം കുനിച്ച് മുഖം കൈകൊണ്ട് പൊത്തിയാണ് ഇരിക്കുക. ഇക്കൂട്ടത്തില്‍ ഒരു കുട്ടി തൂപ്പ് (മരത്തിന്‍െറ ചെറു ചില്ലകളാണ് തൂപ്പ്) എടുത്ത് ഒളിച്ചുപിടിച്ച് കുട്ടികളുടെ ചുറ്റും നടക്കും. നടത്തത്തിനിടെ ആ തൂപ്പ് ഇരിക്കുന്ന ഏതെങ്കിലും ഒരു കുട്ടിയുടെ പിന്നില്‍ കൊണ്ടുവെക്കും. കുട്ടി വീണ്ടും ചുറ്റിവരുമ്പോഴേക്കും ആരുടെ പിന്നിലാണ് തൂപ്പ് വെച്ചതെന്ന് അവരവര്‍ കണ്ടുപിടിക്കണം. അല്ലാത്തപക്ഷം തൂപ്പുകൊണ്ട് അവളെ അടിക്കും. എന്നാല്‍, അതിന് മുമ്പേ കുട്ടി തൂപ്പ് കണ്ടുപിടിച്ചുവെന്നിരിക്കട്ടെ. തൂപ്പുമെടുത്ത് അവള്‍ മറ്റുള്ളവരുടെ പിന്നിലൂടെ നടക്കുകയും മറ്റൊരു കുട്ടിയുടെ പിന്നില്‍ അവളറിയാതെ തൂപ്പ് ഇടുകയും വേണം. ആ കുട്ടിയും തൂപ്പ് തന്‍െറ പിന്നിലുണ്ടെന്ന് കണ്ടെത്തണം. അല്ലെങ്കില്‍ ആ തൂപ്പുകൊണ്ട് തല്ല് അവള്‍ക്ക് കിട്ടും.