പണം കായ്ക്കും മരങ്ങള്‍

പണം കായ്ക്കും മരങ്ങള്‍

പത്തു പുത്രന്മാര്‍ക്കു സമമാണ് ഒരു മരം എന്നാണ് ഭാരതീയ പണ്ഡിതനും ഗുരുവുമായിരുന്ന ശാര്‍ങ്ഗധരന്റെ 'വൃക്ഷായുര്‍വേദം' എന്ന ഗ്രന്ഥം പറയുന്നത്.  ഇങ്ങനെയുള്ള ഒരു മരത്തിന്റെ തടി മനുഷ്യന് ചെയ്യുന്ന നന്മകള്‍ എത്ര പറഞ്ഞാലും അധികമാകുന്നില്ല. ഒരു വീടിന്റെ കാര്യംതന്നെയെടുക്കാം. പഴയ വീടുകള്‍ക്ക് കഴുക്കോലിനും പട്ടികയ്ക്കും മരം കൂടാതെ കഴിഞ്ഞിരുന്നില്ല. മരത്തടിയെന്നത് ചില്ലറ കാര്യമല്ലെന്ന് പറയാം.

തടിയാണ് താരം!

''ഇത് തലമുറകളായുള്ള ഞങ്ങളുടെ സൂക്ഷിപ്പുകട്ടിലാണ്. ഇതിന് ഇരുന്നൂറ് കൊല്ലത്തിലേറെയുണ്ട് പഴക്കം.'' -ഇങ്ങനെയെല്ലാം ആളുകള്‍ തങ്ങളുടെ വീടുകളിലെ മരസാധനങ്ങള്‍ കാണിച്ച് അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടില്ലേ? ഈട്ടികൊണ്ടോ തേക്കുകൊണ്ടോ, കരിവാകകൊണ്ടോ ഒക്കെ പണിയിച്ച കലാവിരുതുള്ള കട്ടിലും കസേരയും സിംഹാസനവുമെല്ലാം പഴയ തറവാടുകളില്‍ സൂക്ഷിപ്പുസ്വത്തായി ഇന്നും കാണാം.

  മരമുണ്ടാകുന്നത്...

എങ്ങനെയാണ് മരത്തടി ഉണ്ടാകുന്നത്? സിമന്റും കമ്പിയും മണലും മെറ്റലും ചേര്‍ന്നതാണല്ലോ കോണ്‍ക്രീറ്റ്. അതുപോലെ സെല്ലുലോസും ലിഗ്‌നിനുകളും മറ്റനേകം രാസപദാര്‍ത്ഥങ്ങളും ചേര്‍ന്നതാണ് മരത്തടി. തടിക്കകത്ത് നെടുകെയും കുറുകേയുമായി സെല്ലുലോസ് നാരുകള്‍ കൊണ്ടാണ് തടി ഉണ്ടാക്കിയിട്ടുളളത്. പുഴുക്കുത്തും ചിതല്‍ക്കുത്തുമൊക്കെ തടയാനായി വിവിധയിനം ഫിനോളും മെഥനോളുമെല്ലാം പല തടികളിലും അടങ്ങിയിട്ടുണ്ട്.

  ചന്ദനഗന്ധികള്‍

വിലപിടിച്ച മരമാണ് ചന്ദനം. ഇന്ന് ചന്ദനം ഏറെയും കൃഷിചെയ്യുന്നതും സംരക്ഷിക്കുന്നതും വിദേശനാണ്യം നേടിത്തരുന്ന ചന്ദനത്തൈലം വാറ്റിയെടുക്കുന്നതിനാണ്. പാകമായ ചന്ദനത്തടി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കും. ഇവയിലൂടെ മെഷിനറി ഉപയോഗിച്ച് നീരാവി കടത്തിവിട്ട്  പുറത്തുവരുന്ന നീരാവി തണുത്തുറയുമ്പോള്‍ തടിയില്‍ അടങ്ങിയിരിക്കുന്ന സുഗന്ധം നിറഞ്ഞ എണ്ണ വേര്‍തിരിച്ചുകിട്ടുന്നു. ഈ എണ്ണകൊണ്ടാണ് അത്തറും സെന്റും സുഗന്ധലേപനങ്ങളുമൊക്കെ ഉണ്ടാക്കുന്നത്. ഇങ്ങനെ തൈലം മാറ്റിയതിനുശേഷമുള്ള ചണ്ടിയാണ് ചന്ദനത്തിരികളായി മാറുന്നത്.

  തസ്‌കരവേരുകൾ

Santalol എന്ന രാസപദാര്‍ഥമാണ് ചന്ദനത്തിന് ഈ മാസ്മരഗന്ധം നല്‍കുന്നത്. കേരളത്തില്‍ ഇടുക്കിയിലെ മറയൂരിലാണ് ചന്ദനമരങ്ങള്‍ വളരുന്നത്. Santalum album  എന്ന കുടുംബത്തിലെ ഒരു ഇടത്തരം വൃക്ഷമായ ചന്ദനമരത്തിന്റെ ഇലകള്‍ക്ക് സ്വയം ആഹാരം പാകംചെയ്യാന്‍ കഴിയുമെങ്കിലും വേരുകള്‍ തസ്‌കരന്മാരാണ് എന്നു പറയാം. മറ്റു മരങ്ങളുടെ വേരുകളില്‍നിന്ന് ആഹാരവും വെള്ളവും മറ്റു ലവണങ്ങളും വലിച്ചെടുക്കുന്ന ചന്ദനമരം അക്കേഷ്യാമരങ്ങള്‍ക്കു തുല്യമാണ്. അതുകൊണ്ടുതന്നെ കുന്നിന്‍പ്രദേശങ്ങളിലും വനഭാഗങ്ങളിലുമൊക്കെയാണ് ചന്ദനം വളരുന്നത്. മരത്തിന്റെ കാതലിലും വേരുകളിലുമാണ് സുഗന്ധമുള്ള എണ്ണ അടങ്ങിയിട്ടുള്ളത്.

  കര്‍പ്പൂരം

ചൂടാക്കിയാലും ഉരുകാതെ ആവിയായിപ്പോകുന്ന ഔഷധമാണ് മരത്തടിയില്‍നിന്ന് ഊറ്റിയെടുക്കുന്ന കര്‍പ്പൂരം. ചൈന, ജപ്പാന്‍, തായ്ലന്‍ഡ്, തായ്വാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ കൂടുതല്‍ വളരുന്ന കര്‍പ്പൂരച്ചെടി, ഇന്ത്യയില്‍ വളരെക്കുറച്ചു മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. ഡെറാഡൂണ്‍, കൊല്‍ക്കത്ത, നീലഗിരി, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ ചുരുങ്ങിയതോതില്‍ കര്‍പ്പൂരമുണ്ട്. ചെറുകഷണങ്ങളാക്കി നുറുക്കിയ കര്‍പ്പൂരത്തടിയിലൂടെ നീരാവി കടത്തിവിടുമ്പോള്‍ ചന്ദനംപോലെ സുഗന്ധമുള്ള ലേപനവും മെഴുകുപോലെ കര്‍പ്പൂരവും ലഭിക്കും. കര്‍പ്പൂരം ചൂടാക്കിയാല്‍ ഉരുകാതെതന്നെ ആവിയാവുകയും തണുക്കുമ്പോള്‍ തിരിച്ച് ഖരരൂപത്തിലാവുകയും ചെയ്യും. ഇത് വെള്ളത്തില്‍ ലയിക്കുന്നുമില്ല. വെളുത്ത് മെഴുകുപോലെയുള്ള ഈ പദാര്‍ഥം അമ്പലങ്ങളിലും പൂജകള്‍ക്കുമെന്നതുപോലെ ആയുര്‍വേദ മരുന്നുകളിലും തൊലിപ്പുറത്ത് പുരട്ടുന്ന ഓയിന്റ്മെന്റുകളിലും ചുമയ്ക്കുള്ള സിറപ്പുകളിലും ഉപയോഗിക്കുന്നുണ്ട്. കൂടാതെ ചെറിയതോതിലുള്ള വേദനസംഹാരിയും അണുനാശിനിയും കൂടിയാണ് കര്‍പ്പൂരം. 

  പണം തരും റബ്ബർ

ബ്രസീലിലെ ആമസോണ്‍ വനങ്ങളിലുണ്ടായിരുന്ന റബ്ബറിനെ ഇന്ത്യയില്‍ കൊണ്ടുവന്ന വിദേശീയര്‍ അന്നു വിചാരിച്ചിരിക്കില്ല അത് ഇത്രത്തോളം വളരുമെന്ന്.  റബ്ബറിന്റെ പുറംതൊലി ചെത്തിയെടുക്കുമ്പോള്‍ കിട്ടുന്ന കട്ടിയുള്ള വെള്ളക്കറയാണ് പ്രധാന അസംസ്‌കൃത വസ്തു. ഇത് ശേഖരിച്ച് ആസിഡും മറ്റു കെമിക്കലുകളും ചേര്‍ത്ത് ഉറയൊഴിച്ചുണ്ടാക്കുന്നതാണ് റബ്ബര്‍ഷീറ്റായി വരുന്നത്. ഇത് പ്രത്യേക റോളര്‍ മെഷീനുകളില്‍ അടിച്ചുപരത്തി, ജലാംശം മുഴുവനായി കളഞ്ഞ് ഉണക്കാനിടുന്നു. ശേഷം ഉണക്കി ചെമ്പുനിറമാകുമ്പോള്‍ വില്പനപ്പരുവമാകും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ധിച്ച ഇക്കാലത്തും റബ്ബറിന്  കേരളത്തില്‍ പെരുമയുണ്ട്. 

  റബ്ബര്‍ത്തടി പുഴുങ്ങുന്ന സൂത്രം

ചില മരത്തടികള്‍ പെട്ടെന്ന് ചിതല്‍ കുത്തുന്നതും പൊടിത്തരികള്‍ അടര്‍ന്നുവീഴുന്നതും കണ്ടിട്ടില്ലേ? തടിയുടെ വെള്ളയിലും റബ്ബര്‍ത്തടിയിലും എല്ലാം ഫിനോളിന്റെയും മെഥനോളിന്റെയും സാന്നിധ്യവും സാമീപ്യവും തീരെ കുറയുന്നതാണ് കാരണം.ഇപ്പോള്‍ പുഴുങ്ങിയ റബ്ബര്‍ത്തടികൊണ്ടുള്ള ഫര്‍ണിച്ചറും വാതിലുകളും ധാരാളമായി വാങ്ങാന്‍ കിട്ടും. ഇത് എങ്ങനെ സാധിക്കുന്നുവെന്നല്ലേ? ഇത്തരം തടികളില്‍ രാസപദാര്‍ഥങ്ങള്‍ സന്നിവേശിപ്പിച്ച് സംരക്ഷണം നല്‍കുന്നു. എന്നാല്‍ ഇവയും  കുറച്ചുനാള്‍ കഴിഞ്ഞാല്‍ ചിതല്‍ കുത്തുകയോ തരിപ്പൊടി  വീഴുകയോ ചെയ്യും. 'റബ്ബര്‍ത്തടി പുഴുങ്ങുക' എന്നാണ് നാട്ടിന്‍പുറങ്ങളില്‍ ഈ സൂത്രം അറിയപ്പെടുന്നത്.

  കറുവപ്പട്ട

Cinnamonum zeylanicum എന്ന കുടുംബത്തില്‍പെട്ട മരത്തിന്റെ തൊലിയാണ് കറുവപ്പട്ട.  ശിഖരങ്ങള്‍ക്ക് ഏകദേശം രണ്ടിഞ്ച് കനമുണ്ടാകുമ്പോള്‍ അവ വെട്ടിയെടുത്ത് പുറംതൊലി ചുരണ്ടിക്കളയുന്നു. പിച്ചളക്കമ്പികളുപയോഗിച്ച് അകത്തെ തൊലി കനംകുറഞ്ഞ പാളികളായി അടര്‍ത്തിയെടുക്കുന്ന കുഴല്‍പോലുള്ള തൊലി ആദ്യം വെയിലിലും പിന്നെ തണലത്തും വെച്ച് ഉണക്കിയെടുക്കുന്നതാണ് കറുവപ്പട്ട. Cinnamaldehyde  എന്ന രാസപദാര്‍ഥമത്രെ കറുവപ്പട്ടയ്ക്ക് മണവും രുചിയും നല്‍കുന്ന പ്രധാന ഘടകം. ഇതിന്റെ ലഭ്യതയില്ലായ്മ മുതലാക്കി കൃത്രിമപ്പട്ടയും വിപണികളില്‍ സുലഭമാണ്.

  കുന്തിരിക്കം

മരത്തടിയില്‍നിന്നു ലഭിക്കുന്ന മറ്റൊരു സുഗന്ധലേപന പദാര്‍ഥമാണ് കുന്തിരിക്കം. മുരിങ്ങാമരം, മാവ് തുടങ്ങിയ മരങ്ങളില്‍ കത്തികൊണ്ടു വരച്ചാലോ, തൊലിക്കു പരിക്കുപറ്റിയാലോ ഒരുതരം കട്ടിപ്പശ ഊറി പുറത്തേക്കു വരുന്നതു കണ്ടിട്ടില്ലേ?  അത്തരം സുഗന്ധമുള്ള ഒരു പശയാണ് കുന്തിരിക്കത്തടിയില്‍നിന്നും എടുത്ത് സംസ്‌കരിക്കുന്നത്. കുന്തിരിക്കം കനലിട്ട് പുകയ്ക്കുന്നത് സൗരഭ്യമുണ്ടാക്കുന്നു. കൊതുകിനെ അകറ്റാനും കുന്തിരിക്കം പുകയ്ക്കാറുണ്ട്. ഔഷധച്ചേരുവയായും വാര്‍ണീഷ് നിര്‍മാണത്തിലും ഇത് ഉപയോഗിക്കുന്നു.  ഇന്ത്യയില്‍, അസം, ബംഗാള്‍, കേരളത്തിലെ പശ്ചിമഘട്ട മലനിരകള്‍ എന്നിവിടങ്ങളില്‍ ഇത് വളരുന്നുണ്ട്. 'കുങ്ങില്യം' എന്നും പലദേശങ്ങളില്‍ അറിയപ്പെടുന്നു. ചിലയിടങ്ങളില്‍ കുന്തുരുകം എന്നും. ചരകനും സുശ്രുതനും 'ശല്ലാകി' എന്ന് കുന്തിരിക്കത്തെ പരിചയപ്പെടുത്തുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)