മുലയൂട്ടുന്ന അമ്മമാര്‍

മുലയൂട്ടുന്ന അമ്മമാര്‍ നിര്‍ബന്ധമായും അറിയേണ്ടതും പാലിക്കെണ്ടതുമായ കാര്യങ്ങൾ

ഈയടുത്തിടെ സോഷ്യൽ മീഡിയകളിൽ തരംഗമായ ഒരമ്മയും കുഞ്ഞും ഉണ്ട്. തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിലും സ്വന്തം കുഞ്ഞിന് മുലപ്പാൽ നിഷേധിക്കാതെ അത് നല്കുന്ന അമ്മ .പ്രസംഗിക്കുന്ന അമ്മയും മുലപ്പാൽ കുടിക്കുന്ന കുഞ്ഞും .ആ കുഞ്ഞ് കണ്ണും പൂട്ടി അവന്റെ അമൃത് ആസ്വദിക്കുകയാണ്. അമ്മയോട് ആദരവ് തോന്നിയ നിമിഷങ്ങൾ. മറ്റാരുമല്ല ബ്രസീൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ മാന്വല ഡി അവില സ്വന്തം കുഞ്ഞിനെ മുലയൂട്ടി കൊണ്ട് പാർലമെൻറിനെ അഭിസംബോധന ചെയ്യുന്ന ചിത്രം . ഓരോ അമ്മയ്ക്കും അറിയാം കുഞ്ഞ് കരഞ്ഞാൽ അമ്മമനസ്സ് അതിലേറെ തേങ്ങുന്നത്.പലപ്പോഴും എന്തിനാണ് കുഞ്ഞ് കരയുന്നത് എന്ന് മനസ്സിലാകാതെ ഇരിക്കുമ്പോഴാണ് അമ്മയുടെ കണ്ണുകൾ പെയ്തിറങ്ങുന്നത്.

ഒരു ട്രെയിൻയാത്രക്കിടയിൽ ആയിരുന്നു ഞാൻ ദിവ്യയെ വീണ്ടും കണ്ടത്. മുംബയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന ദിവ്യ പ്രസവ അവധി കഴിഞ്ഞു ജോലി സ്ഥലത്തേക്ക് മടങ്ങുകയാണ്.കുശലാന്വേഷണം നടത്തുമ്പോഴും അവളുടെ മുഖം മ്ലാനമായിരിക്കുന്നത് ഞാൻശ്രദ്ധിച്ചു.കുഞ്ഞിനെ വീട്ടിൽ ഏല്പിച്ചിട്ടു പോരേണ്ടിവന്നതിന്റെ വിഷമമാണെന്ന് പിന്നീട് മനസിലായി.ജീവിതസാഹചര്യങ്ങൾകൊണ്ട് സ്വന്തം കുഞ്ഞിനെ പാലൂട്ടാൻ കഴിയാതെ ജോലിസ്ഥലങ്ങളിൽ വിങ്ങിപ്പൊട്ടുന്ന അമ്മമാരും ,ആവശ്യത്തിന് പാൽ ഇല്ലാത്തതിനാൽ വൈമനസ്യത്തോടെ ഇതര മാർഗ്ഗങ്ങളെ അവലംബിക്കുന്നവരും ,സോഷ്യൽ സ്റ്റാറ്റസിന്റെ പ്രതീകമായി സ്വയം കല്പിച്ച് ഇതര മാർഗ്ഗങ്ങളെ തേടുന്നവരും നമ്മുടെ ഇടയിൽ തന്നെയുണ്ട്.

ലോകാരോഗ്യ സംഘടന ഓഗസ്റ് 1 മുതൽ 7വരെ മുലയൂട്ടൽ വാരമായി ആചരിക്കുന്നു.മുലയൂട്ടലിന്റെ പ്രാധാന്യത്തെ പറ്റി സ്ത്രീകളെ ബോധവൽക്കരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു ആചരണം. അങ്ങനെയും വേണ്ടിവരുന്നു എന്ന് നാം മനസ്സിലാക്കണം .

നമ്മുടെ സാമൂഹ്യ സാഹചര്യങ്ങളിൽ പൊതു സ്ഥലങ്ങളിൽ മുലയൂട്ടാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തു ബ്രസ്‌റ്റ് ഫീഡിങ് റൂമുകൾ പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ സ്ഥാപിച്ചത് പ്രശംസനീയമാണ്

മുലപ്പാൽ കുഞ്ഞിന്റെ അവകാശം ആണ്. അത് നിഷേധിക്കരുത്.

മുലപ്പാലിന്റെഗുണവും,പ്രസക്തിയും അറിഞ്ഞ് കുഞ്ഞിന് വയറു നിറയെ പാൽ നല്കാൻ ആഗ്രഹിച്ചിട്ടും സാധിക്കാത്ത അമ്മമാരുടെ എണ്ണം ഇക്കാലത്ത് കൂടുതലാണ് .
വാത്സല്യം ചുരത്താത്ത മാറിടങ്ങളോട് പരിഭവിച്ചിട്ടു കാര്യമില്ല പ്രതിവിധിയാണ് ആവശ്യം. ഗർഭണീചര്യ മുതൽ പ്രസവചര്യവരെ നീണ്ടു നില്ക്കുന്ന ഒരു ജീവിതചര്യയിലൂടെയാണ് മുൻ കാലങ്ങളിൽ നാം കടന്ന് പൊയ്ക്കൊണ്ടിരുന്നത്.എന്നാൽ കൃത്യമായ ചര്യകൾ അനുഷ്ഠിച്ച കാലത്ത് ആരോഗ്യമുള്ള ഗർഭപാത്രവും കുഞ്ഞ് സ്കൂളിൽ പോയി തുടങ്ങിയാലും വറ്റാത്ത മുലകളും 50 വയസ് വരെ ക്രമം തെറ്റാതെ വരുന്ന ആർത്തവവും നമ്മുടെ സ്ത്രീകൾക്കുണ്ടായിരുന്നു.

ആയുർവേദം മുലപ്പാലിന് വേണ്ടത്ര പ്രാധാന്യം നൽകിയ ശാസ്ത്രമാണ്. മാതുരേവ പിബേത് സ്തന്യം (അമ്മയുടെ പാൽ കുടിക്കുക)എന്ന് ആയുർവേദത്തിൽ പറഞ്ഞിരിക്കുന്നത് ദീർഘവീക്ഷണത്തോടെയുള്ള ഉപദേശമായി കണക്കാകാം. ഇന്നത്തെ കാലത്തു മുലപ്പാൽ കൊടുക്കാതെ പാൽപ്പൊടികളും , പശുവിൻ പാലും കുടിച്ചു വളരേണ്ട അവസ്ഥയാണ് നമ്മുടെ കുഞ്ഞുങ്ങൾക്ക് ഉള്ളത്.

മുലപ്പാൽ അമൂല്യവും,ആരോഗ്യദായകമാണ് .മുല കുടിക്കുന്ന കുഞ്ഞിനു മാത്രമല്ല, അമ്മയ്ക്കും മുലയൂട്ടൽ ആരോഗ്യമേകും.

ഗർഭാശയത്തിന്റെ സുസ്ഥിതിയിൽ നിന്നും പ്രപഞ്ചത്തിന്റെ കാഠിന്യതയിലേക്കെത്തുന്ന കുഞ്ഞിന് അമ്മയോടൊട്ടിച്ചേർന്ന്‌ സുഖകരമായ ചൂടിൽ കിടന്നുള്ള മുലകുടി നല്കുന്ന സുരക്ഷിതത്വബോധവും സമാശ്വാസവും കുഞ്ഞിന്റെ ശാരീരികവും – മാനസികവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഘടകമാകുന്നു.

കുട്ടിക്ക് പനി തിരിച്ചറിയാൻ തെർമോമീറ്ററിനേക്കാൾ സെൻസിറ്റിവിറ്റി അമ്മമാർക്ക് ഉള്ളതായി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കരയുന്ന കുഞ്ഞിനേ പാലുള്ളൂന്ന് ചൊല്ലുണ്ട്, പക്ഷെ കുഞ്ഞു എപ്പോഴും പാലിന് വേണ്ടിയാണോ കരയുന്നത് എന്നു മനസിലാക്കുവാൻ കുഞ്ഞിന്റെ മനസ്സറിയുന്ന ഒരു അമ്മക്കെ കഴിയു.

മാനസിക പ്രയാസങ്ങളെ ആദ്യം മാറ്റിനിർത്തുക.വാത്സല്യം കുറയുന്നത് കൊണ്ട് മുലപ്പാൽ കുറയും. ജോലിയോ മറ്റും കൊണ്ട് അമ്മ കുഞ്ഞിനെ കുറിച്ച് ആലോചിച്ചു ആസ്വദിച്ചു കളിപ്പിച്ചു ഇരിക്കുന്ന സമയം വളരെ കുറയും. അമ്മ നന്നായി ഉറങ്ങേണ്ടതും ആവശ്യത്തിന് പോഷകാഹാരും വെള്ളവും (ദ്രവ പദാർത്ഥങ്ങൾ) കഴിക്കേണ്ടതും അനിവാര്യമാണ്.

ചില പൊതുവായ സംശയങ്ങളും അതിനുള്ള മറുപടിയും

എത്രനാൾ മുലയൂട്ടണം

ലോകാരോഗ്യ സംഘടനയുടെ ഉപദേശം ആദ്യത്തെ 6 മാസക്കാലം സ്ഥിരമായി മുലപ്പാൽ കൊടുക്കുകയും ആറാം മാസം മുതൽ ഖരഭക്ഷണങ്ങൾ കൊടുത്തു തുടങ്ങുകയും ചെയ്യാമെന്നാണ്. മറ്റു ഭക്ഷണത്തോടൊപ്പം 2 വർഷം വരെ മുലപ്പാൽ കൊടുക്കണം.യൂറോപ്പ്യൻ രാജ്യങ്ങളില്‍ മുലയൂട്ടുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. അതിനാല്‍ അവധി ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ നല്കുന്നുണ്ട്. ആദ്യആറുമാസം ശമ്പളത്തോടെയുള്ള ലീവ്.ഭാരതത്തിലും കേന്ദ്ര ഗവൺമെന്റ് ജീവനക്കാർക്ക് ഒരു വർഷത്തെ പ്രസവാവധി നല്കുന്നുണ്ട്.

എപ്പോഴാണ് മുലയൂട്ടേണ്ടത്

ആരോഗ്യമുള്ള കുഞ്ഞ് രണ്ടുമണിക്കൂര്‍ ഇടവിട്ട്‌ വയറു നിറയെ പാല്‍ കുടിക്കുകയും സുഖമായുറങ്ങുകയും ചെയ്യുന്നു. ഒന്നുരണ്ടു തവണ മൂത്രമൊഴിച്ചാല്‍ വിശന്ന് പിന്നെയും കരയും . അപ്പോള്‍ വീണ്ടും കൊടുക്കാം. കുഞ്ഞ് പാലുകുടിച്ച് മുല ഒഴിവായാല്‍ പിന്നീട് രണ്ടു മണിക്കൂര്‍ കഴിഞ്ഞേ പാല്‍ വന്നു നിറയുകയുള്ളൂ. കൃത്യമായ ഇടവേളകളില്‍ കുഞ്ഞിനെ എഴുനേല്‍പ്പിച്ച് പാല് കൊടുത്തുകൊണ്ടിരിക്കണമെന്നില്ല. നാലുമണിക്കൂര്‍ ഇടവിട്ട്‌ കൊടുത്താലും മതിയാകും.

എത്ര പ്രാവശ്യം പാൽ കൊടുക്കണം

കൃത്യമായി പറയാൻ കഴിയില്ല. പാൽ കുടിച്ച ശേഷം 2മണിക്കൂർ എങ്കിലും കുഞ്ഞു സുഖമായിട്ട് ഉറങ്ങുന്നുണ്ടങ്കിൽ ആവശ്യത്തിന്‌ വയർ നിറഞ്ഞു എന്ന് മനസിലാക്കാം.

മുലയൂട്ടൽ കാലത്ത് അമ്മമാർ ആഹാരത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം

പച്ചക്കറികൾ, പഴങ്ങൾ,പയർ വർഗ്ഗങ്ങൾ എന്നിവ കൂടുതൽ ഉൾപ്പെടുത്തി ആഹാരം കഴിക്കണം.
ഭക്ഷണത്തിൽ മുരിങ്ങയില, ഉലുവ, പപ്പായ, കാരറ്റ്, വെളുത്തുള്ളി, ചീര, ശതാവരിക്കിഴങ്ങ്, ബദാം, അണ്ടിപ്പരിപ്പ് എന്നിവ ഉൾപ്പെടുത്തുക.കുഞ്ഞിന് മലബന്ധം ഉണ്ടെങ്കിൽ അമ്മയുടെ ആഹാരരീതിയും ശ്രദ്ധിക്കുക.

എങ്ങനെ മുലയൂട്ടണം

അമ്മ ഇരുന്നു മാത്രമേ കുഞ്ഞിനെ മുലയൂട്ടാന്‍ പാടുള്ളു. കുഞ്ഞിനെ തലയണയുടെ സഹായത്തോടെ മടിയിൽ മാറിടത്തിന് സമാന്തരമായി എത്തുന്ന രീതിയിൽ പിടിച്ച് സുഖമായിരുന്ന് പാല് കൊടുക്കണം. കുനിഞ്ഞിരിക്കുന്നത് പേശീ വേദനയുണ്ടാക്കും. കിടന്ന് മുലയൂട്ടുമ്പോള്‍ പാൽ മൂക്കിലോ, ചെവിയിലോ കടന്ന് കുഞ്ഞിന് കുഴപ്പമുണ്ടാവും. സിസേറിയൻ കഴിഞ്ഞവരിൽ ഇരുന്നു മുലയൂട്ടാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ സൗകര്യമായ പൊസിഷനിൽ പാൽ കൊടുക്കണം.

കുഞ്ഞുങ്ങളില്‍ എപ്പോള്‍ മുതല്‍ കട്ടി ആഹാരം നല്‍കിത്തുടങ്ങാം

ആറ് മാസം പ്രായമായ കുട്ടികള്‍ക്ക് മുലപ്പാലിനോടൊപ്പം കട്ടി ആഹാരങ്ങള്‍ കൊടുത്തു തുടങ്ങാം. കുറുക്ക്, മുട്ടയുടെ മഞ്ഞ ,വിവിധ തരം ഫലവര്‍ഗങ്ങള്‍, തുടങ്ങിയവ ഈ പ്രായത്തിൽ കൊടുത്തു ശീലിപ്പിക്കാം. പഞ്ഞപ്പുല്ലും(റാഗി) ഏത്തയ്ക്കയുമൊക്കെ പൊടിച്ചു കുറുക്കി കൊടുക്കാം. അല്പം തേങ്ങാപ്പാലും ചേര്‍ത്ത്‌ കുറുക്ക് ഉണ്ടാക്കാം.
കുഞ്ഞിന്റെ പല രോഗങ്ങൾക്കും കാരണം അമ്മ കഴിക്കുന്ന ഭക്ഷണമാണെന്ന് മനസ്സിലാക്കി അതിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്തേണ്ടതാണ്.
കരയുന്നതെല്ലാം പാലിന് വേണ്ടിയല്ല എന്ന് മനസ്സിലാക്കുക.

സദാ മധുര പദാർത്ഥങ്ങൾ ശീലിക്കുന്നതും ,സ്ഥിരമായി മാംസാഹാരങ്ങൾ കഴിക്കുന്നതും, മദ്യം കുടിക്കുന്നതും, മുലപ്പാലിനെ ഉൾപുഴുക്ക് ( അധികം എരിവ്, പുളിയുള്ളവ ) ഉണ്ടാക്കുന്ന ആഹാരം, പകൽ ആഹാരം കഴിച്ചുടനെ ഉറക്കം, എന്നിവ പാലിന്റെ ഗുണത്തിൽ മാറ്റമുണ്ടാക്കും പാൽ ഉണ്ടാകുന്നതിനായി അയില മീൻ,ചൂര,ചെമ്മീൻ എന്നിവ ധാരാളം ഉപയോഗിക്കുന്നവർ ഉണ്ട്. ഇങ്ങനെയുണ്ടാകുന്ന പാൽ കുട്ടികളിൽ വയറുവേദനക്ക് കാരണമാകാറുണ്ട്.
ഇവയുടെ ഉപയോഗം മാറ്റുമ്പോൾ കുഞ്ഞിന്റെ വയറുവേദന മാറുകയും ചെയ്യുന്നു.

ചെറു ചൂടുള്ള വെള്ളത്തിൽ തുണി നനച്ചു സ്തനങ്ങൾ തുടച്ച ശേഷമേ മുലയൂട്ടാവൂ. ആയുർവേദവിധി പ്രകാരം ചന്ദനവും രാമച്ചവും കുറുന്തോട്ടി വേരും കൊണ്ട് ഉണ്ടാക്കിയ കഷായമാണ് സ്തനങ്ങൾ കഴുകാൻ ഉപദേശിച്ചിരിക്കുന്നത്.

മുലപ്പാൽ ഉണ്ടാകുവാൻ ഉള്ള ചില ആയുർവേദവിധികൾ

മുരിങ്ങയില വെള്ളത്തിലിട്ട് ഉപ്പ് ചേർത്തു വേവിച്ച ശേഷം വെള്ളം ഊറ്റി കളയുക. അതിൽ നെയ്യ് ചേർത്തു വരട്ടി കഴിക്കണം

അടപതിയൻകിഴങ്ങ് കഷായം വെച്ചു കഴിക്കണം

ഞവരയരി ചോറ് നെയ്യോ പാലോ ചേർത്തു രാത്രി കഴിക്കുക

പാലും പഞ്ചസാരയും ചേർത്തു കുറുക്കി കഴിക്കുക

ശതാവരി കിഴങ്ങ് , കോവൽ കിഴങ്ങ്, അടപതിയൻ കിഴങ്ങ് എന്നിവ കഷായം വെച്ചു കുടിക്കണം.

ക്ഷീണം മാറ്റാൻ പ്രസവിച്ച സ്ത്രീയ്ക്കു മദ്യം വെള്ളം ചേർത്തോ അരിഷ്ടത്തിൽ ചേർത്തോ നല്കാമെന്നു മുതിർന്നവർ . ഇതു മുലപ്പാലിനെ ദുഷിപ്പിക്കുകയും ധാതുക്കളെ ക്ഷീണിപ്പിക്കുകയും ചെയ്യുമെന്നും അതിനാൽ പാടില്ലെന്നും പകരം കഞ്ഞി കുടിക്കുന്നതാണ് നല്ലതെന്നും ആയുർവേദത്തിൽ പറയുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

Freelance Tax Filing in India: Your No-Stress Guide for 2025

മനസ്സ്