ആൽഫ്രെഡ് ഹിച്ച്‌കോക്ക്
ആൽഫ്രെഡ് ഹിച്ച്‌കോക്ക്
ഒരു ബ്രിട്ടീഷ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായിരുന്നു സർ ആൽഫ്രെഡ് ജോസഫ് ഹിച്ച്‌കോക്ക്. ചലച്ചിത്രത്തിലെ സസ്പെൻസ്, ത്രില്ലർ ജനുസ്സുകളിൽ ഇദ്ദേഹം പല പുതിയ രീതികളും ആവിഷ്കരിച്ചു.
ജന്മരാജ്യമായ യുണൈറ്റഡ് കിങ്ഡത്തിലെ ചലച്ചിത്ര മേഖലയിൽ -നിശ്ശബ്ദ ചിത്രങ്ങളിലും ശബ്ദ ചിത്രങ്ങളിലും- മികച്ച രീതയിൽ പ്രവർത്തിച്ചശേഷം ഇദ്ദേഹം 1956ൽ ഹോളിവുഡിലേക്ക് മാറി. ബ്രിട്ടീഷ് പൗരത്വം നിലനിർത്തിക്കൊണ്ട് ഇദ്ദേഹം ഒരു അമേരിക്കൻ പൗരനായി.
നിശ്ശബ്ദ ചിത്രങ്ങളിൽ തുടങ്ങി ശബ്ദ ചിത്രങ്ങളുടെ കണ്ടുപിടുത്തത്തിലൂടെ കടന്നുപോയി കളർ ചിത്രങ്ങൾ വരെയെത്തി നിൽക്കുന്ന 60 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഇദ്ദേഹം അൻപതിലധികം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.
കാൻസ്, വെനീസ് തുടങ്ങിയ പ്രമുഖ ചലച്ചിത്രമേളകളിലും അക്കാദമി പുരസ്കാരങ്ങൾക്കും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ലോകസിനിമയിൽ അദ്ദേഹത്തിനു സമശീർഷരായ മറ്റു സംവിധായകരെ അപേക്ഷിച്ച് വളരെക്കുറച്ചു മാത്രം പുരസ്കാരങ്ങളേ ഹിച്ച്കോക്കിനു ലഭിച്ചിട്ടുള്ളൂ. എങ്കിലും ഹിച്ച്കോക്കിന്റെ സിനിമകൾ വാണിജ്യവിജയങ്ങളായിരുന്നു.അഭിനേതാക്കളുടെ പേരിൽ സിനിമ വിപണനം ചെയ്തിരുന്ന ഹോളിവുഡ് സമ്പ്രദായത്തിൽ, വലിയൊരു മാറ്റമുണ്ടാക്കിയത് ഹിച്ച്കോക്കിന്റെ സിനിമകളായിരുന്നു. 1950-കളോടെ സംവിധായകനായ ഹിച്ച്കോക്കിന്റെ പേരിൽ അദ്ദേഹത്തിന്റെ സിനിമകൾ വിപണനം ചെയ്യപ്പെടുകയും, സിനിമയുടെ പരസ്യത്തിനായുള്ള പോസ്റ്ററിൽ അദ്ദേഹത്തിന്റെ മുഖം പ്രത്യക്ഷപ്പെടുകയും ചെയ്തു.
എക്കാലത്തേയും ഏറ്റവും പ്രശസ്തരായ ചലച്ചിത്ര സംവിധായകരിലൊരാളായി ഇദ്ദേഹം ഇന്നും തുടരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ