ഇന്‍റര്‍പോള്‍;പിറവിയും,വിശേഷങ്ങളും
ഇന്‍റര്‍പോള്‍;പിറവിയും,വിശേഷങ്ങളും
1926-ല്‍ ബര്‍ലിനില്‍ നടന്ന മീറ്റിംഗില്‍ എല്ലാ രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിന് ഒരു ഏകീകൃത ഫോഴ്‌സ് വേണമെന്ന ആവശ്യം ഉയര്‍ന്നു. അങ്ങനെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ (എന്‍സിബി) രൂപീകൃതമായി. തൊട്ടടുത്ത വര്‍ഷം വിവിധ രാജ്യങ്ങള്‍ വീണ്ടും സമ്മേളിച്ച് എന്‍സിബി സ്ഥാപിക്കാനുള്ള അന്തിമതീരുമാനം കൈക്കൊണ്ടു. 1930-ല്‍ പാസ്‌പോര്‍ട്ട് തിരിമറി, കള്ളപ്പണം, ക്രിമിനല്‍ റിക്കോര്‍ഡ്‌സ് എന്നിവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം വിഭാഗങ്ങള്‍ നിലവില്‍ വന്നു. അന്നുവരെ കുറ്റാന്വേഷണ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച സ്‌കോബര്‍ 1932-ല്‍ മരിച്ചു. ഇദ്ദേഹത്തിന്റെ മരണശേഷം നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോയില്‍ സെക്രട്ടറി ജനറല്‍ എന്ന പദവി നിലവില്‍ വന്നു. ഈ പോസ്റ്റില്‍ ആദ്യമായി നിയമിതനായത് ഓസ്‌ട്രേലിയന്‍ പോലീസ് കമ്മീഷണര്‍ ഓസ്‌കാര്‍ ഡ്രസ്ലര്‍ ആയിരുന്നു.
അന്തർദേശീയ റേഡിയോ
കുറ്റകൃത്യങ്ങളെക്കുറിച്ച് രാജ്യങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതിനായി 1935-ല്‍ റേഡിയോ ശൃംഖല രൂപീകരിച്ചു. ഈ മുന്നേറ്റം കുറ്റാന്വേഷണ രംഗത്തെ പുരോഗതിക്ക് ഏറെ സഹായകമായി.
1938-ല്‍ നാസികള്‍ ജര്‍മ്മനിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഈ സംഭവത്തോടെ മിക്ക രാജ്യങ്ങളും അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സി (നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ)യുമായുള്ള പങ്കാളിത്തം നിര്‍ത്തിവച്ചെങ്കിലും അന്തര്‍ദേശീയ ക്രിമിനല്‍ പൊലീസ് കോണ്‍ഗ്രസ് അന്താരാഷ്ട്ര തലത്തിലുള്ള കൂട്ടായ്മ തുടര്‍ന്നു.
1942- ല്‍ അന്തര്‍ദേശീയ ക്രിമിനല്‍ പൊലീസ് കോണ്‍ഗ്രസ് പൂര്‍ണ്ണമായും ജര്‍മ്മനിയുടെ അധികാരത്തിലായി. ഇതോടെ വിയന്നയില്‍ നിന്നും സംഘടനയുടെ ആസ്ഥാനം ബര്‍ലിനിലേക്ക് മാറ്റുകയും ചെയ്തു. 1946ല്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തില്‍ ബല്‍ജിയം ഈ ലോക കുറ്റാന്വേഷണ സംഘടന പുതുക്കിപ്പണിയാന്‍ നേതൃത്വം നല്‍കുകയും തലസ്ഥാനം പാരീസിലേക്ക് മാറ്റുകയും ചെയ്തു.
സംഘടനയ്ക്ക് വേണ്ടി ജനാധിപത്യ രീതിയില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് ഈ കാലത്താണ്. ഇന്നത്തെ ഇന്റര്‍പോള്‍ കളര്‍കോഡ് നോട്ടീസ് സിസ്റ്റം ചിട്ടപ്പെടുത്തിയതും ഇതേസമയത്താണ്. കൂടാതെ പിടികിട്ടാപ്പുള്ളികളെ സൂചിപ്പിക്കുന്ന റെഡ് നോട്ടീസും 1946-ലാണ് പുറത്തിറക്കിയത്. രണ്ട് വര്‍ഷത്തിന് ശേഷം ഐക്യരാഷ്ട്ര സംഘടന നോണ്‍ ഗവണ്‍മെന്റ് സംഘടനായി ഇന്റര്‍പോളിനെ പ്രഖ്യാപിച്ചു.
1956-ല്‍ ഇന്റര്‍പോള്‍
കൃത്യമായി പറഞ്ഞാല്‍ 1956-ല്‍ ഐസിപിഒ (ഇന്റര്‍ നാഷണല്‍ ക്രിമിനല്‍ പോലീസ് ഓര്‍ഗനൈസേഷന്‍ ) എന്നതിനൊപ്പം ഇന്റര്‍പോള്‍ എന്ന് നിശ്ചയിച്ചു. അംഗരാജ്യങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് ഇന്റര്‍പോള്‍ സുഗമമായ പ്രവര്‍ത്തനവഴിയിലെത്തി. 1963-ല്‍ ഇന്റര്‍പോളിന്റെ ആദ്യ റീജിയണല്‍ സമ്മേളനം ലിബേറിയയിലെ മൊന്‍ട്രോവിയയില്‍ നടന്നു.
1972 കാലഘട്ടത്തില്‍ ഫ്രാന്‍സുമായി ഉണ്ടാക്കിയ തലസ്ഥാന കരാറോടെ ഇന്റര്‍പോള്‍ രാജ്യന്തര സംഘടനയായി തിരിച്ചറിയപ്പെട്ടു. 1992-ല്‍ ഇന്റര്‍പോളിന്റെ വിവര ശേഖരണത്തില്‍ നിന്ന് ഡേറ്റകള്‍ ആവശ്യക്കാര്‍ക്ക് തിരയുന്നതിനുള്ള സാങ്കേതികവിദ്യയും ആരംഭിച്ചു.
ക്രിമിനല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
1998 ആയപ്പോഴേക്കും ക്രിമിനല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങി. 2002-ല്‍ വെബ്‌സൈറ്റിലൂടെയുള്ള ആശയവിനിമയ സംവിധാനം നിലവില്‍ വന്നു. ഇതുവഴി അതത് രാജ്യങ്ങളിലുള്ള കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് ഇന്റര്‍പോളിന്റെ വിവര ശേഖരത്തില്‍ നിന്ന് വിവരങ്ങളും സേവനങ്ങളും ലഭിച്ചു. കാനഡയാണ് ആദ്യമായി ഈ സംവിധാനം വഴി ഇന്റര്‍പോളുമായി ബന്ധം സ്ഥാപിച്ച രാജ്യം. മോഷണം, രേഖകള്‍ നഷ്ടപ്പെടല്‍ എന്നിവയുടെ വിവരങ്ങളും സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി.
2005-ല്‍ അല്‍ഖ്വയ്ദയ്ക്കും താലിബാനും എതിരെ ഇന്റര്‍പോള്‍ – ഐക്യരാഷ്ട്ര സഭയുടെ നോട്ടീസ് പുറപ്പെടുവിച്ചു. 2013-ല്‍ ഗവേഷണത്തിനും സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനുമായി പുതിയ പദ്ധതി ആരംഭിച്ചു. ഇന്റര്‍പോള്‍ ഗ്‌ളോബല്‍ കോംപഌക്‌സ് ഫോര്‍ ഇന്നൊവേഷന്‍ എന്നാണ് പദ്ധതിയുടെ പേര്. ഇതിന്റെ മന്ദിര നിര്‍മാണം സിങ്കപ്പൂരില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
പേരും എംബ്ലവും
സംഘടനയുടെ ഔദ്യോഗിക പേര് ഐസിപിഒ – ഇന്റര്‍പോളെന്നാണ്. ഫ്രഞ്ചില്‍ ഒഐപിസി (ഓര്‍ഗനൈസേഷന്‍ ഇന്റര്‍നാഷണല്‍ ഡി പൊലീസ് ക്രിമനല്‍) എന്നാണ്. ഇന്റര്‍ നാഷണല്‍ പൊലീസ് എന്നതില്‍ നിന്നാണ് ഇന്റര്‍പോള്‍ എന്ന പേര് വന്നത് . 1946-ല്‍ ആശയവിനിമയത്തിനുള്ള അഡ്രസ് എന്ന നിലയിലാണ് ഇന്റര്‍പോള്‍ എന്ന ചുരുക്കെഴുത്ത്. 1950-ല്‍ എംബ്ലം നിലവില്‍ വന്നു. ഗ്‌ളോബിന്റെ രണ്ട് വശത്തും ഒലീവ് ഇലകളും ഇതിന് താഴ്ഭാഗത്ത് ഇന്റര്‍പോളെന്ന് എഴുതിയിട്ടുമുണ്ട്. ഗ്‌ളോബിന്റെ സമാന്തരമായി ഒരു വാളിന്റെ ചിത്രവും ഉണ്ട്. ചുരുക്കപ്പേരായ ഒ.ഐ.പി.സി, ഐ.സി.പി.ഐ എന്നിവ ഗ്‌ളോബിന്റെ മുകളില്‍ വാളിന്റെ ഇരുവശത്തുമായി കാണപ്പെടുന്നു. എംബ്ലളത്തില്‍ ഗ്‌ളോബ് കാണിച്ചിരിക്കന്നത് ലോകം മുഴുവന്‍ ഇന്റര്‍പോളിന്റെ വ്യാപ്തിയെ കാണിക്കുന്നു. ഒലീവ് ഇലകള്‍ സമാധാനത്തെ സൂചിപ്പിക്കുന്നു. ജര്‍ഗന്‍ സ്റ്റോക്കാണ് ഇപ്പോഴത്തെ ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍.
ഇന്റര്‍പോളിന്റെ തലപ്പത്തെ ആദ്യ വനിത
ഇന്റര്‍പോളില്‍ അംഗങ്ങളായിട്ടുള്ള രാജ്യങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്, സംഘടനയുടെ തലപ്പത്തിപ്പോള്‍ അധ്യക്ഷത വഹിക്കുന്നത് ഒരു വനിതയാണെന്നതാണ് ഏറെ ശ്രദ്ധേയം. ഇന്റര്‍പോള്‍ സ്ഥാപിതമായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആദ്യമായാണ് ഒരു വനിത അമരത്തെത്തുന്നത്.
ലോകത്തിന്റെ ലേഡി സൂപ്പര്‍ കോപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിറിയല്‍ ബല്ലസ്ട്രസിയെന്ന ഫ്രഞ്ചുകാരിയാണ് ഇന്റര്‍പോള്‍ പ്രസിഡന്റ്. ഫ്രഞ്ച് പോലീസ് സേനയില്‍ നീണ്ട മുപ്പത് വര്‍ഷക്കാലം സേവനമനുഷ്ഠിച്ചതിന്റെ അനുഭവസമ്പത്തുമായാണ് മിറിയല്‍ ബല്ലസ്ട്രസി ഇന്റര്‍പോളിന്റെ താക്കോല്‍ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ നയിക്കുന്നത് പ്രസിഡന്റാണ്. ജനറല്‍ അസംബ്ലിയിലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ സംഘടന അനുവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പ്രസിഡന്റിനാണ്. 2012 നവംബറില്‍ നിയമിതയായ മിറിയലിന്റെ കാലാവധി 2016 ല്‍ അവസാനിക്കും.
ഭാരതത്തില്‍ സിബിഐ
ഭാരതത്തില്‍ ഇന്റര്‍പോളുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നത് സിബിഐ ആണ്. സിബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്റര്‍പോളിന്റെ ലുക്ക് ഔട്ട് നോട്ടീസുകളില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. സിബിഐ അന്വേഷിക്കുന്ന ക്രിമിനലുകളെക്കുറിച്ച് ഇന്റര്‍പോളിന്റെ വെബ്‌സൈറ്റിലും ധാരാളം ലുക്ക് ഔട്ട് നോട്ടീസുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ഇന്റര്‍പോളിന്റെ പിടികിട്ടാപ്പുള്ളികളുടെ കൂട്ടത്തിലുണ്ട്. നമ്മുടെ രാജ്യത്തെ ഇരുപത്തിയഞ്ചോളം സ്ത്രീകളും അന്‍പതിലേറെ പുരുഷന്മാരും ഇപ്പോള്‍ ഇന്റര്‍ പോളിന്റെ വാണ്ടഡ് ലിസ്റ്റിലുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ