തേൻ

  തേൻ
പുഷ്പങ്ങളിൽ നിന്നോ പുഷ്പേതര ഗ്രന്ഥികളിൽ നിന്നോ തേനീച്ചകൾ പൂന്തേൻ ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ്‌ തേൻ (Honey). മധുരമുള്ള ഒരു ഔഷധവും പാനീയവുമാണിത്. പുഷ്പങ്ങളിൽ നിന്നും ശേഖരിച്ച് തേൻ, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളിൽ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു. വയറിൽ വച്ച് തേൻ ലെവ്ലോസ്, ഫ്രക്ടോസ് എന്നീ രണ്ട് തരം പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളിൽ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീർഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടിൽ വന്നാൽ ജോലിക്കാരായ ഈച്ചകൾക്ക് ഇതു കൈമാറുന്നു. 150 മുതൽ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേൻ തേനറകളിൽ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനിൽ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാൻ വേണ്ടി ചിറകുകൾ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ്‌‍ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.
  ചരിത്രം
വളരെ പുരാതനകാലം മുതൽക്കുതന്നെ തേനിൻറെ മഹത്ത്വവും ഔഷധമൂല്യവും മനസ്സിലാക്കപെട്ടിരിക്കുന്നു. വേദങ്ങളിലും ബൈബിളിലും ഖുറാനിലും[1] തേനിന്റെ ഗുണവിശേഷങ്ങൾ‍ വിവരിച്ചിട്ടുണ്ട്. ശവശരീരം കേടുകൂടാതിരിക്കുവാൻ വേണ്ടി തേൻ പുരട്ടി സൂക്ഷിക്കുന്ന രീതി പുരാതനകാലത്ത് ഉണ്ടായിരുന്നു. യുദ്ധത്തിൽ മുറിവേറ്റവർക്ക് തേൻ നൽകുന്ന പതിവും ഉണ്ടായിരുന്നു. ബുദ്ധസന്യാസിമാർ തേൻ ഒരു മരുന്നായി ഉപയോഗിച്ചിരുന്നു.
  വിവിധ തരങ്ങൾ
പെരുന്തേൻ (വൻ‌തേൻ)
ഞൊടിയൽ തേനിച്ചയുടെ (Apis cerana indica) തേനാണ് സാധാരണയായി വിപണനത്തിനെത്തുന്നത്. വ്യാവസായിക അടിസ്താനത്തിൽ പെട്ടികളിൽ വളർത്തുന്ന ഇവയെ തേൻ ലഭ്യതയുള്ള പ്രദേശങ്ങളലേക്ക് വാഹനങ്ങളിൽ കൊണ്ടുപോയി സ്ഥാപിച്ച് വൻതോതിൽ തേൻ ഉല്പാദിപ്പിക്കുന്നു. റബർ, കശുവണ്ടി‍ തോട്ടങ്ങൾ കേന്ദ്രീകരിച്ചാണു ഇത്തരം തേനുല്പാദനം നടത്തുന്നത്.
കശുമാവിന്റെ തേൻ റബർ തേനിനെ അപേക്ഷിച്ച് മികച്ചതാണ്.
ചെറുതേൻ
കേരളത്തിൽ കാണപ്പെടുന്ന പ്രത്യേക തരം തേനീച്ചയായ ചെറുതേനീച്ച (Trigona iridipennis) ഉല്പാദിപ്പിക്കുന്ന തേനാണു ചെറുതേൻ. വലിപ്പത്തിൽ വളരെ ചെറിയവയായതിനാൽ മറ്റുതേനീച്ചകൾക്ക് കടക്കാൻ കഴിയാത്ത ചെറു പുഷ്പ്ങ്ങളിലെ തേനും ഇവക്ക് ശേഖരിക്കാൻ കഴിയും. അതിനാൽത്തന്നെ ചെറുതേനിന് ഔഷധ ഗുണം കൂടുതലാണ്.
  നിർമ്മാണ വൈദഗ്ദ്യം
പ്രകൃതിയിലെ സുന്ദരമായ നിർമ്മാണ വിദഗ്ദരാണ് തേനീച്ചകൾ. ഷട്കോണാകൃതിയിൽ കൃത്യമായ അളവിൽ അറകളായി നിർമ്മിക്കപ്പെടുന്ന തേനീച്ച കൂടുകൾ അത്ഭുതകരമായ രീതിയിൽ ഗണിതശാസ്ത്രമാനദണ്ഡങ്ങൾ പിന്തുടരപ്പെടുന്നുവെന്നതാണ് ശാസ്ത്രീയ ഗേവഷണങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്.
  ഔഷധ ഗുണങ്ങൾ
കാഞ്ഞിരത്തിൽ വസിക്കുന്ന ഏറ്റവും ചെറിയ ഈച്ചകൾ സംഭരിക്കുന്നതാണ് ഔഷധ ഉപയോഗത്തിന് ശ്രേഷ്ഠമായ തേനെന്ന് പറയപ്പെടുന്നു. സുശ്രുത സംഹിതയിൽ എട്ടു തരം തേനിനെ പ്പറ്റി പറയുന്നു.
പൌത്തികം
പൂത്തികളെന്ന പേരുള്ളതും മഞ്ഞ നിറവുമുള്ള ഈച്ചകൾ സംഭരിക്കുന്ന തേൻ.
ഭ്രാമരം
വണ്ടുകളെപ്പോലെ വലിപ്പമുള്ള ഈച്ചകൾ സംഭരിക്കുന്നത്. വഴുവഴുപ്പുള്ളതും, വളരെ മധുരമുള്ളതുമാണ്.
ക്ഷൌദ്രം
മഞ്ഞ നിറത്തിലുള്ള ചെറിയ ഈച്ചകൾ സംഭരിക്കുന്നത്.
മാക്ഷികം (വൻ‌തേൻ)
തവിട്ടു നിറമുള്ള വലിയ ഈച്ചകൾ സംഭരിക്കുന്നത്.
ഛാത്രം
കുട(ഛത്രം)യുടെ ആകൃതിയിൽ വട്ടത്തിൽ പറക്കുന്ന ഈച്ചകൾ സംഭരിക്കുന്നത്. രക്തപിത്തവും, കൃമിയും, പ്രമേഹവും ചികിത്സിക്കുവാൻ ഉപയോഗിക്കുന്നു.
ആർഘ്യം
പുറ്റുമണ്ണിൽ കൂടുണ്ടാക്കി, തേൻ ശേഖരിക്കുന്നതും കൂർത്ത മുഖവും, വണ്ടിന്റെ സ്വഭാവത്തോടു കൂടിയ ഈച്ചകൾ (ആർഘാ) സംഭരിക്കുന്ന തേൻ. ഇതിന് വെള്ള നിറമായിരിക്കും.
ഔദ്ദാലകം
തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകൾ(ഉദ്ദാലം) പുറ്റുകളിൽ ശേഖരിക്കുന്ന തേൻ. ഇതിന് ചവർപ്പും പുളിയും ചെറിയ എരിവും ഉണ്ട്. കുഷ്ഠരോഗ, വിഷ ചികിത്സയിൽ ഉപയോഗിക്കുന്നു.
ദാളം
തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകൾ വൃക്ഷങ്ങളുടെ പൊത്തുകളിൽ ശേഖരിക്കുന്ന തേൻ. ച്ഛർദ്ദി, പ്രമേഹ ചികിത്സ തുടങ്ങിയ അസുഖങ്ങളിൽ ഉപയോഗിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)