ലോക നൃത്തദിനം
ലോക നൃത്തദിനം
വ്യത്യസ്തങ്ങളായ നൃത്തരൂപങ്ങൾ ആസ്വദിക്കുന്നതിന് പ്രേരിപ്പിക്കുവാനും, ജനങ്ങളിൽ നൃത്തത്തോടുളള ആഭിമുഖ്യം വളർത്തുന്നതിനുമായി ഇന്ന് ലോക നൃത്തദിനമായി ആചരിക്കുന്നു. ഫ്രഞ്ച് നർത്തകനായ ജീൻ ജോർജ്ജ് നൊവേറുടെ ജന്മദിനമായ ഏപ്രിൽ 29നാണ്‍ യുനെസ്‌കോയുടെ നേതൃത്വത്തിൽ ഈ ദിനം ആഘോഷിക്കുന്നത്. വിവിധ സംഘടനകളും വിദ്യാലയങ്ങളും നൃത്തപരിപാടികൾ അവതരിപ്പിച്ചും സെമിനാറുകളും എക്‌സിബിഷനുകളും നടത്തിയും ആഘോഷം കേങ്കേമമാക്കാറുണ്ട്. ഇക്കുറി ഈ ദിനം ലോകമെന്പാടുമുള്ള കുട്ടികൾക്കായാണ്‍ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. വ്യക്തിപരവും സാമൂഹികവുമായ വികസനത്തിന്‍റെ അടിസ്ഥാനപരമായ ഘടകമാണ് നൃത്തം. ലിംഗഭേദം ഇല്ലാതെയും എല്ലാതരത്തിലുള്ള വിവേചനങ്ങൾ ഒഴിവാക്കിയും കുട്ടികൾക്ക് നൃത്ത അഭ്യസനം നൽകണം. ഇത് പഠിക്കാൻ അവസരം ലഭിക്കാതെ ഒരാളും പഠനം പൂർത്തിയാക്കരുത്. ഉള്ളിലുള്ള ഉണ്മയെ പ്രകാശിപ്പിക്കാൻ ഇത് സഹായകമാവും. നൃത്തം ശരീരം കൊണ്ട് എഴുതുന്ന കവിതയാണ്‍.
സംസ്‌കാരങ്ങൾ ഉണ്ടായ കാലം മുതൽക്കേ നൃത്തത്തിന് അതിന്റേതായ സ്ഥാനമുണ്ട്. ശരീരത്തിന്റെ ഭാഷയാണ് നൃത്തം. മുദ്രകളിലൂടെ, അംഗ വിന്യാസങ്ങളിലൂടെ, ചുവടുകളിലൂടെ, പാട്ടിലൂടെ, മുഖാഭിനയത്തിലൂടെയെല്ലാം വികാര വിചാരങ്ങളെ ശരീരത്തിലൂടെ പ്രകടിപ്പിക്കുകയാണ് നൃത്തം ചെയ്യുന്നത്. ആദിവാസി സമൂഹത്തിന്റെ തപ്പും തുടിയും ചുവടുകളും മുതൽ പാരിഷ്‌കൃത സമൂഹത്തിന്‍റെ നൃത്ത വൈവിധ്യങ്ങൾ വരെ ഈ ഗണത്തിൽപ്പെടുന്നു. കാൽച്ചിലങ്കകളുടെ താളത്തിലൂടെയും കൈമുദ്രകളുടെ സൗന്ദര്യത്തിലൂടെയും ശരീരത്തിന്റെ ഭാവത്തിലൂടെയും ഇത് നമ്മെ ആകർഷിക്കുന്നു. അതുകൊണ്ടാണ് നൃത്തം സാർവ്‍വദേശീയമായി ആസ്വദിക്കപ്പെടുന്നത്.
ഭാരതീയ അവതരണകലകളുടെ പിതാവായ ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി ചെറുതും വലുതുമായ ഒട്ടേറെ നൃത്തരൂപങ്ങളാണ് ഇന്ത്യയിൽ പിറവിയെടുത്തത്. ഇതിൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ക്ലാസിക്കൽ പദവി ലഭിച്ചത് സാത്രിയ, ഒഡീസി, കഥക്, മണിപ്പുരി, കുച്ചിപ്പുഡി, മോഹിനിയാട്ടം, കഥകളി, ഭരതനാട്യം, എന്നിവയ്‌ക്ക് മാത്രമാണ്. അസമിലെ ബ്രഹ്മപുത്രനദിക്ക് നടുവിലുളള മാജുലി ദ്വീപിലാണ് സാത്രിയ എന്ന നൃത്തരൂപം ആവിർഭവിച്ചത്. വൈഷ്ണവമതകേന്ദ്രമായ സാത്രയിൽനിന്നാണ് സാത്രിയ എന്ന പേരുണ്ടായത്. ഒഡിഷയിലെ പ്രധാനനൃത്തരൂപമാണ് ഒഡീസി. ചലിക്കുന്ന ശിൽപം എന്നാണ് ഒഡീസി നൃത്തത്തെ വിശേഷിപ്പിക്കുന്നത്. ഉത്തരേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രീയ നൃത്തരൂപമാണ് കഥക്. ഉത്തർപ്രദേശിലാണ് കഥക് ഉത്ഭവിച്ചത്. കഥ പ്രപഞ്ചനം ചെയ്യുന്നവനാണ് കഥക്. ഹിന്ദു-മുസ്ലിം സാംസ്‌കാരികാംശങ്ങളെ ഉൾക്കൊളളുന്ന ഏക ക്ലാസിക്കൽ നൃത്തമാണിത്. മണിപ്പൂരിൽനിന്നുളള മണിപ്പൂരി നൃത്തം രാധാകൃഷ്ണ പ്രണയത്തിന്റെ മോഹനഭാവങ്ങളുണർത്തുന്ന നൃത്തരൂപമാണ്. ആന്ധ്രപ്രദേശിലെ കൃഷ്ണാ ജില്ലയിലുളള കുച്ചിപ്പുഡി എന്ന ഗ്രാമത്തിലാണ് കുച്ചിപ്പുഡിയുടെ ഉദയം. നാടോടി നൃത്തത്തിന്റെയും ക്ലാസിക്കൽ നൃത്തത്തിന്റെയും സമ്മിശ്രമാണിത്. കേരളത്തിന്റെ തനത് ലാസ്യനൃത്തരൂപമാണ് മോഹിനിയാട്ടം, ഇതിലെ പ്രധാന ഭാവരസം ശൃംഗാരമാണ്. കേരളീയ കലകളിൽ ഏറ്റവും പ്രധാനവും സമ്മോഹനവുമായ കേരളത്തിന്റെ തനതു കലയാണ് കഥകളി. നാട്യശാസ്ത്രാടിസ്ഥാനത്തിലുളള മുഖ്യ നൃത്തരൂപമായ ഭരതനാട്യം തമിഴ്‌നാട്ടിലാണ് ഉത്ഭവിച്ചത്. ‘ചലിക്കുന്ന കാവ്യം’ എന്നറിയപ്പെടുന്ന ഭരതനാട്യത്തിന്റെ അടിസ്ഥാന ഗ്രന്ഥം അഭിനയദർപ്പണം എന്ന കൃതിയാണ്.
നൃത്തത്തിൽ പുതിയ ശൈലികൽ പരീക്ഷിക്കുന്നുണ്ടെങ്കിലും അതൊന്നും ശാസ്‌ത്രീയ നൃത്തത്തിന്റെ തനിമ നഷ്ടപ്പെടുത്തുന്നില്ല. നൃത്തം കല മാത്രമല്ല, ആശയവിനിമയ മാർഗ്ഗം കൂടിയാണ്. സമൂഹത്തെ ബോധവൽക്കരിക്കുന്നതിന് ഈ കലാരൂപം കൂടുതൽ ഉപയോഗപ്പെടുത്തണം. ഇന്ന് മിക്ക കുട്ടികളും നൃത്തം അഭ്യസിക്കുന്നുണ്ട്. ചെറുപ്പത്തിൽ അതിന്‍ അവസരം കിട്ടാതെ പോയ മുതിർന്നവരും ഇത് താത്‌പര്യത്തോടെ പഠിക്കുന്നു. ദേശ വർണ്ണ സംസ്കാരത്തിനുപരിയായി മനുഷ്യ മനസിൽ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും തിരി തെളിയിക്കാൻ അതിർവരന്പുകളില്ലാത്ത അംഗഭാഷയായ നൃത്തത്തിന് സാധിക്കും. നീന്തലും നൃത്തവും ഒരു പോലെയാണ്‍ ഒരിക്കൽ പഠിച്ചാൽ പിന്നെ മറക്കില്ല. ചിലങ്കകൾ സന്തോഷത്തോടെ കിലുങ്ങാനുള്ളതാണ്‍ അല്ലാതെ നിശ്ശബ്ദമായി കരഞ്ഞു കൊണ്ട് പെട്ടിയുടെ അടിത്തട്ടിൽ ഇരിക്കാനുള്ളതല്ല.
വിവിധ നൃത്ത രൂപങ്ങൾ, ധാർമ്മിക മൂല്യങ്ങളും, ആത്മീയ ഉന്നതിയും ഒക്കെയായി ബന്ധപ്പെട്ടിരിക്കുന്നു. കലകൾ ആത്മീയതയ്ക്കും മതത്തിനും എതിരല്ലെന്ന് മാത്രമല്ല അവ സ്വയമേ ആത്മീയോന്നതിക്കുള്ള മാർഗ്ഗവുമാണ്. ശരീരത്തിന്റെ ചിട്ടപ്പെടുത്തലാണ്‍ നൃത്തത്തിൽ സംഭവിക്കുന്നത്. ചെടികൾ പൂക്കുന്നത് പോലെ, കടൽവെള്ളം മഴയായി പെയ്യുന്നത് പോലെയോ ഉള്ള ഒരു സർഗ്ഗ പ്രക്രീയയാണ്‍ നൃത്തവും. മനസ്സിനെ ശുദ്ധീകരിച്ച് നമ്മെ നല്ല മനുഷ്യരാക്കാൻ നൃത്തത്തിന്‍ സാധിക്കും. നൃത്ത ദിനാശംസകൾ നേരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ