തേക്ക് കൊട്ടാരം - Vimenmek Mansion
തേക്ക് കൊട്ടാരം - വിമൻമെക് മാൻഷൻ
തായിലാന്റ് തലസ്ഥാനമായ ബാങ്കോക്കിലെ വിമൻമെക് കൊട്ടാരം (Vimenmek Mansion) ലോകപ്രശസ്തിയാർജ്ജിക്കുന്നത് അതിന്റെ നിർമ്മിതിയിലെ വ്യത്യസ്തത കൊണ്ടാണ്. പൂർണ്ണമായും തേക്ക് മരം കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഒരേയൊരു കൊട്ടാരമാണിത്. എ. ഡി. 1900 ൽ ചക്രിരാജവംശത്തിലെ രാജാവായ രാമാ അഞ്ചാമനാണ് ഇത് പണി കഴിപ്പിച്ചത്.
ബാങ്കോക്കിലെ ദൂസിത് പാലസ് (Dusit Palace) സമുച്ചയത്തിലെ ഒരു കൊട്ടാരമാൺ വിമൻമെക് പാലസ്. 1897 ൽ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനിടയായ തായ്‌ലാന്റ് രാജാവ് ചുലലോംഗ്‌കോൺ (രാമാ അഞ്ചാമൻ എന്ന് സ്ഥാനപ്പേർ) വിദേശങ്ങളിലെ രാജകൊട്ടാരങ്ങളിൽ ആകൃഷ്ടനാവുകയും ഇങ്ങനെയൊരു കൊട്ടാരം പണിയാൻ തീരുമാനിക്കുകയും ചെയിതു. രാജ്യത്ത് തിരിച്ചെത്തിയ രാമാ, പടുംഗ് ക്രുംഗ്‌കാസെം കനാലിന്നും സംസെൻ കനാലിന്നും ഇടയിലുള്ള പാടം നിലനിന്നിരുന്ന സ്ഥലത്ത് 'ദി ദൂസിത് ഗാർഡൻ' എന്ന കൊട്ടാര സമുച്ചയം പണിയാൻ ആരംഭിച്ചു.
പരമ്പരാഗത തായ് കരകൗശലരീതിയോടൊപ്പം യൂറോ പൗരാണികശൈലിയും കൂട്ടിണക്കിയാണ് കൊട്ടാരത്തിന്റെ നിർമ്മാണം. 1901 ൽ പൂർത്തിയായ തേക്ക് കൊട്ടാരത്തിൽ 72 മുറികളാണു ഉണ്ടായിരുന്നത്. 1901 മാർച്ച് 27 ന്നാണ് ഔദ്യോഗികമായി ഈ തേക്ക് കൊട്ടാരം ഉൽഘാടനം ചെയ്യപ്പെട്ടത്. കൊട്ടാരത്തിന്റെ ഒരു ഭാഗം അഷ്ടകോണമാതൃകയിൽ നാല് നിലയിലായി പണികഴിച്ചപ്പോൾ രാജാവ് താമസിച്ചിരുന്ന മറ്റേഭാഗം മൂന്ന് നിലയിലായി മൊത്തമായും ഗോൾഡൻ തേക്ക് ഉപയോഗിച്ച് മാത്രമാണ് പണിതത്. രാമാ അഞ്ചാമൻ രാജാവ് വെറും അഞ്ച് വർഷം മാത്രമാൺ ഈ കൊട്ടാരത്തെ തന്റെ ഔദ്യോഗിക വസതിയായി കണ്ട് താമസിക്കാൻ ഉപയോഗിച്ചത്. 1906 ൽ തൊട്ടടുത്ത് പണി പൂർത്തിയായ 'ആംഫോൺ സതാർൻ വില്ല'യിലേക്ക് രാജാവ് ഔദ്യോഗിക വസതി മാറ്റുകയുണ്ടായി.
1982 ൽ ഇപ്പോഴത്തെ സിരികിത് രാജ്ഞി മുൻകൈയ്യെടുത്ത് ഇതൊരു മ്യൂസിയമായി മാറ്റുകയുണ്ടായി. പ്രദർശിപ്പിക്കപ്പെടുന്ന മുറികളിൽ പഴയകാലത്ത് കൊട്ടാരത്തിൽ ഉപയോഗിച്ചിരുന്ന വെള്ളി നിർമ്മിത പാത്രങ്ങൾ പ്രദർശിപ്പിക്കുന്നു. മ്യൂസിയമായി ഉപയോഗിക്കുന്ന 31 മുറികളിൽ ചില മുറികളിൽ മണ്ണിൽ നിർമ്മിച്ചെടുത്ത അമൂല്യമായ പാത്രങ്ങളും ചിലതിൽ ഗ്ലാസ്സ് സ്‌ഫടിക നിർമ്മിതികളും വേറൊരു മുറിയിൽ ആനകൊമ്പിൽ തീർത്ത അപൂല്യമായ വസ്തുക്കളും പ്രദർസിപ്പിക്കുന്നു. കിംഗ് രാമാ അഞ്ചാമന്റെ ചിത്രങ്ങൾ, അദ്ദേഹത്തിന്റെ പെയിന്റിംഗുകൾ, പഴയ കാലത്ത് കൊട്ടാരത്തിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, കരകൗശല വസ്തുക്കളും മറ്റും ഇന്നിവിടെ പ്രദർശിപ്പിക്കപ്പെടുന്നു. രാമാ അഞ്ചാമന്ന് സമ്മാനിക്കപ്പെട്ട പല വിശിഷ്ട സമ്മാനങ്ങളും രാജാവിന്റെ ശേഖരണത്തിലുണ്ടായ അമൂല്യ വസ്തുക്കളും ഇന്നിവിടെ പ്രദർശിപ്പിക്കുന്നു.
ഏറെ സന്ദർശകരെ ആകർഷിക്കുന്ന ഈ തേക്ക് കൊട്ടാരത്തിൽ എന്നും സന്ദർശക തിരക്കാണ്. മാന്യമായി വസ്ത്രധാരണവും നഗ്നപാദനായും വേണം മ്യൂസിയത്തിൽ പ്രവേശിക്കാൻ. ടിഷർട്ടോ ജീൻസോ അനുവദിക്കുന്നില്ല. കോളർ ഷർട്ടും ഫുൾ പാന്റും മാത്രമേ സന്ദർശകർ ധരിക്കാവൂ എന്ന നിബന്ധനയും മ്യൂസിയം അധികൃതർ കർശനമാക്കുന്നു. ഫോട്ടോ എടുക്കാനോ മൊബൈൽ ഫോൺ ഉപയോഗിക്കാനോ അനുവാദമില്ലാത്ത മ്യൂസിയത്തിൽ കർശന പരിശോധനയുമുണ്ട്. കൊട്ടാരത്തിന്റെ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ ഗേറ്റിനടുത്തായി സന്ദർശകരുടെ വസ്തുവകകൾ സൂക്ഷിക്കാനുള്ള ഫ്രീ ലോക്കറുകൾ ലഭ്യമാൺ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ