ഐസ്ക്രീം

നാവിൽ രുചിയുടെ
വിപ്ലവങ്ങൾ സൃഷ്ട്ടിച്ച ഐസ്ക്രീം.
ഐസ്ക്രീമിന്റെ ആദ്യകാല
രൂപം ഉടലെടുത്തത് പേർഷ്യയിലാണെന്നു വിശ്വസിക്കുന്നു. ക്രിസ്തുവിനും 400 വർഷം മുൻപേ രാജകീയ വിരുന്നുകളിൽ പനിനീരും സേമിയയും ചേർത്ത് അവർ ഉപയോഗിച്ചിരുന്നു. അന്നത്തെ ഐസ്ക്രീമുകളിൽ കുങ്കുമപൂവും പഴങ്ങളും മറ്റു സുഗന്ധവസ്തുക്കളും ചേർത്ത് അലങ്കരിച്ചിരുന്നു. അതിനുവേണ്ട ഐസ്
ശൈത്യകാലങ്ങളിൽ ശേഖരിക്കുകയും അവ ഭൂമിക്കടിയിലുണ്ടാക്കിയിട്ടുള്ള പ്രത്യേക അറകളിൽ വേനൽക്കാലത്തേക്കു വേണ്ടി സൂക്ഷിച്ചു വെയ്ക്കുകയായിരുന്നു പതിവ്.
ചൈനയിൽ ക്രിസ്തുവിനും 200 വർഷങ്ങൾക്ക് മുമ്പ് ചോറും പാലും ചേർത്ത് ശീതീകരിച്ച് ഉപയോഗിച്ചിരുന്നതായി പറയപെടുന്നു. ക്രിസ്തുവിന് ശേഷം 62 ൽ നീറോ ചക്രവർത്തി അടിമകളെക്കൊണ്ട് മലകളിൽ നിന്നും മഞ്ഞുകൊണ്ടുവന്ന് ഐസിൽ തേനും കായ്കളും ചേർത്ത് കഴിച്ചിരുന്നു.
അറബികളാണ് പാൽ പ്രധാന ഘടകമായി ഐസ്‌ക്രീം ആദ്യമായി ഉണ്ടാക്കി യത്. പഴച്ചാറുകൾക്ക് പകരം പഞ്ചസാര ഉപയോഗിച്ചതും വ്യാവസായിക ഉത്പാദനത്തിന് വഴിതുറന്നതും അവരായിരുന്നു. പത്താം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ബാഗ്ദാദ്, ദമാസ്കസ് കെയ്‌റോ തുടങ്ങിയ അറേബ്യൻ പട്ടണങ്ങളിൽ ഐസ്‌ക്രീം പ്രചരിച്ചിരുന്നു. അത് പാലോ ക്രീമോ പ്രധാനഘടകമായി ഉണ്ടാക്കിയതും പനിനീരും ഉണങ്ങിയ പഴങ്ങളും കായ്കളുമൊക്കെ ചേർത്ത് രുചികരമാക്കിയതുമായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിമാർ ഐസ്ക്രീം ഇന്ത്യയിലെത്തിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ റഫ്രിജറേറ്ററുകൾ വിലക്കുറവിൽ കിട്ടിത്തുടങ്ങിയത് ഐസ്‌ക്രീം പ്രചരിക്കാൻ ഒരു കാരണമായി. ആധുനിക ഫ്രീസറുകളുടെ കണ്ടുപിടുത്തത്തിനു മുൻപ് ഐസ്‌ക്രീം ഒരു ആർഭാടമായിരുന്നു. അതു് ഉണ്ടാക്കുന്നത് അദ്ധ്വാനമേറിയ പണിയായിരുന്നു. തണുപ്പുകാലത്ത് തടാകങ്ങളിൽ നിന്നും കുളങ്ങളിൽ നിന്നും വെട്ടിയെടുത്ത ഐസ് ഭൂമിക്കടിയിൽ തുരങ്കങ്ങളിലോ മരപ്പെട്ടികളിലോ വയ്ക്കോലിൽ പൊതിഞ്ഞാണ് ചൂടുകാലത്ത് ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്നത്.
ബാൾട്ടിമോറിലെ ജേക്കബ് ഫസൽ വൻ‌തോതിൽ ഐസ്‌ക്രീം ഉണ്ടാക്കിതുടങ്ങിയ ആദ്യവ്യക്തി. പെനിൻസിൽ‌വാനിയയിലെ യോർക്കിൽ നിന്നു പാലുൽപ്പന്നങ്ങൾ വാങ്ങി, ബാൾട്ടിമോറിൽ എത്തിച്ചു വിൽക്കലായിരുന്നു അദ്ദേഹത്തിന്റെ ജോലി. ചിലപ്പോൾ ആവശ്യക്കാർ കുറയുമ്പോൾ ക്രീം കുറെ ബാക്കിയായിരുന്നു. അതിനെ അദ്ദേഹം ഐസ്‌ക്രീമാക്കി വിറ്റു തുടങ്ങി. ആദ്യത്തെ ഐസ്ക്രീം ഫാക്ടറി അദ്ദേഹം1851ൽ പെനിസിൽ‌വാലിയയിലെ സെവൻ ഹിൽ‌സിലാണ് തുടങ്ങിയത്. രണ്ടു വർഷത്തിനു ശേഷം ബാൾട്ടിമോറിലേക്ക് മാറ്റിസ്ഥാപിച്ചു. പിന്നീട് അനേകം ഫാക്ടറികൾ തുടങ്ങുകയും മറ്റുള്ളവരെ ഈ വിദ്യ പഠിപ്പിക്കുകയും ചെയ്തു. വൻ തോതിലുള്ള ഉത്പാദനം ഐസ്‌ക്രീമിന്റെ പ്രചാരം കൂട്ടുകയും വിലകുറയ്ക്കുകയും ചെയ്തു.
1870ൽ ജർമ്മൻ എൻ‌ജിനിയറായിരുന്ന
കാൾ വോൺ ലിന്റെയുടെ റെഫ്രിജറേറ്ററിന്റെ കണ്ടുപിടുത്തം സ്വാഭാവിക ഐസ് വെട്ടിയെടുത്ത് കാലങ്ങളോളം സൂക്ഷിക്കേണ്ടതിന്റെ ആവശ്യം ഇല്ലാതാക്കി. 1926ൽ തുടർച്ചയായി പ്രവർത്തിക്കുന്ന ഫ്രീസറിന്റെ വരവും കൂടിയായതോടെ ഐസ്ക്രീമിന്റെ വൻ‌തോതിലുള്ള വ്യാവസായിക ഉത്പാദനം എളുപ്പമാക്കുകയും ആധുനിക ഐസ്‌ക്രീം വ്യവസായത്തിന്റെ തുടക്കം കുറിക്കുകയും ചെയ്തു.
പാലും പാലുൽപ്പന്നങ്ങളും ഉപയോഗിച്ചുണ്ടാക്കുന്ന തണുപ്പിച്ച ഡെസർട്ട് ആണ് ഇപ്പോൾ ഉപയോഗിക്കുന്ന ഐസ്ക്രീം. ഐസ്‌ക്രീമിന്റെ നിർമ്മാണത്തിന് ചേരുവകളുടെ മിശ്രണം, പാസ്ചുറൈസേഷൻ, ഹോമോജനൈസഷൻ, ഏജിങ്ങ്, ഖനീഭവിപ്പിക്കൽ, പാക്കിങ്ങ്, കട്ടിയാക്കൽ എന്നീ പ്രവർത്തികൾ അടങ്ങിയിരിക്കുന്നു.
പാലിന്റെ ക്രീമും പഞ്ചസാരയുമാണ് ഐസ്ക്രീമിന്റെ പ്രധാന ചേരുവകൾ. പഞ്ചസാരയ്ക്കു പകരം മറ്റേതെങ്കിലും മധുരം കൊടുക്കുന്ന വസ്തുക്കളും ചേർക്കാറുണ്ട്. പഴച്ചാറുകളും ഉണങ്ങിയ പഴങ്ങളും പരിപ്പുകളും ചേർത്തും ഐസ്‌ക്രീം ഉണ്ടാക്കാറുണ്ട്.
ഐസ്ക്രീമുകളിൽ കൃത്രിമ കളറുകളും രുചിവസ്തുക്കളും ചേർക്കുന്നുണ്ട്. കൊഴുപ്പുകുറഞ്ഞതും കൊഴുപ്പില്ലാത്തതുമായ ഐസ്ക്രീമുകളും ഉണ്ടാക്കുന്നുണ്ട്. ഐസ്‌ക്രീം പല രാജ്യങ്ങളിലും പല പേരുകളിലും അറിയപ്പെടുന്നു. രുചിവ്യത്യാസത്തിനും രൂപവ്യത്യാസത്തിനും അനുസരിച്ചും പേരുകളിൽ വ്യത്യാസമുണ്ട്.
കുൾഫി എന്നത് ഐസ്‌ക്രീമിന്റെ ഇന്ത്യൻ രൂപമാണ്. ഏലം, കറുവപ്പട്ട, കുങ്കുമപ്പൂ എന്നിവകൂടി ചേർത്തുണ്ടാക്കുന്ന ഒരു തരം ഐസ്‌ക്രീം.
ഇരുപതാം നൂറ്റാണ്ടിലാണ് സോഫ്റ്റ് ഐസ്‌ക്രീമിന്റെ കണ്ടുപിടുത്തം. കൂടുതൽ വായു ചേർത്ത് ഐസ്‌ക്രീമിന്റെ ചേരുവകളുടെ അളവുകുറക്കാനും അതുവഴി വിലകുറയ്ക്കാനും പറ്റി. ഐസ്‌ക്രീം സാങ്കേതിക വിദ്യയിൽ ഗ്ലൂട്ടൻ എന്ന സ്റ്റബിലൈസിങ്ങ് ഏജന്റിന്റെ കണ്ടുപിടുത്തം പറയത്തക്കതാണ്. ഗ്ലൂട്ടൻ ചിലർക്ക് അലർജി ഉണ്ടാക്കുന്നതുകൊണ്ട് അതില്ലാത്ത ഐസ്‌ക്രീമുകളും കിട്ടുന്നുണ്ട്.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ഐസ്‌ക്രീം കഴിക്കുന്നത്. ന്യൂസിലാന്റും ഡെന്മാർക്കുമാണ് അതിനു പിന്നിൽ.വാനിലയാണ് ഐസ്‌ക്രീമിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന രുചി.ഐസ്‌ക്രീമുകൾ ഏറ്റവും കൂടുതൽ ചെലവാകുന്നത് ഞായറാഴ്ചകളിലാണ്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)