12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

12.പ്രശ്നപരിഹരണ രീതി - (Problem-Solving Method)

കുട്ടികൾ അഹംബദ്ധരായി അവരുടെ ധിഷണാശക്തിയെ ഊർജ്ജിതമായി പ്രവർത്തിപ്പിച്ച് വിജ്ഞാനവും നൈപുണ്യങ്ങളും വർധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഒരു മാർഗ്ഗമാണ് ഈ രീതി.

ഒരു ലക്ഷ്യമുണ്ടായിരിക്കുകയും അതു പ്രാപിക്കുവാൻ പ്രേരിതനായിരിക്കുകയും ചെയ്യുക, ലക്ഷ്യപ്രാപ്തിക്കു പ്രതിബന്ധമുണ്ടാകുക, പ്രതിബന്ധം തരണം ചെയ്തു ലക്ഷ്യത്തെ പ്രാപിക്കുന്നതിന് ലഭ്യമായ ഉപാധികൾ അപര്യാപ്തമായിരിക്കുക-എന്നീ കാര്യങ്ങൾ ചേർന്നുവരുമ്പോഴാണ് ഒരു പ്രശ്നാവസ്ഥ സംജാതമാകുന്നത്. പ്രശ്നങ്ങൾ രണ്ടുതരമുണ്ട്. പ്രായോഗികവും ബുദ്ധിപരവും. ആദ്യത്തേത് എന്തെങ്കിലും ചെയ്യുന്നതിനും രണ്ടാമത്തേത് എന്തെങ്കിലും അറിയുന്നതിനുമുള്ള യത്നവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ജോൺ ഡ്യൂയി (John Dewey) പ്രശ്ന പരിഹരണ പ്രക്രിയയെ അഞ്ചു ഘടകങ്ങളായി അപഗ്രഥിക്കുന്നു.

🔹പ്രശ്ന ബോധം

ഒരു ലക്ഷ്യത്തിലേക്കുള്ള ഗതി തടയപ്പെടുകയും സാധാരണ പരിഹാരമാർഗങ്ങൾ പരാജയപ്പെടുകയും ചെയ്യുമ്പോൾ പ്രശ്നസ്ഥിതി അനുഭവപ്പെടുന്നു.

🔹പ്രശ്ന വിശദീകരണം

ലഭ്യമായ ദത്ത(data)ങ്ങളും പ്രാപിക്കേണ്ട ലക്ഷ്യവും വ്യക്തമാകേണ്ടിയിരിക്കുന്നു. ഉള്ളതും (ദത്തങ്ങൾ) വേണ്ടതും (ലക്ഷ്യം) തമ്മിലുള്ള വിടവ് നികത്തലാണ് പ്രശ്നപരിഹരണം.

  പരികല്പനാ രൂപവത്കരണം

പ്രശ്നപരിഹാരത്തിനുള്ള താത്കാലിക പരിഹാരങ്ങൾ അഥവാ പരികല്പനകൾ (hypotheses) രൂപവത്കരിക്കുക. ഇതു വ്യക്തിയുടെ അനുഭവസമ്പത്ത്, ബുദ്ധിപരമായ പക്വത, സ്ഥിതിയുടെ ഗതികസംരചന (dynamic structure) എന്നിവയെ ആശ്രയിച്ചിരിക്കും.

  പരികല്പനകളുടെ പരിഗണന

പരികല്പനകളുടെ സ്വീകാര്യത സസൂക്ഷ്മം പരിശോധിച്ച് മൂല്യനിർണയം ചെയ്ത് അവസാനം അനുയോജ്യമായവ സ്വീകരിക്കുക; അല്ലാത്തവ നിരാകരിക്കുക.

  പരികല്പനകളുടെ പരീക്ഷണം

നിഗമനം ശരിയാണോ എന്നു ബോധ്യപ്പെടുന്നതിനായി അനുഭവങ്ങളുമായി ഒത്തുനോക്കുക. ഇതിന് സാധാരണ നിരീക്ഷണം മുതൽ നിയന്ത്രിത പരീക്ഷണംവരെ ആവശ്യമായിത്തീരാം.

കുട്ടികളുടെ ദൈനംദിന വിദ്യാലയ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി അവരെ ബോധവാന്മാരാക്കി സ്വയം പ്രശ്നപരിഹരണത്തിന് അവരെ പ്രോത്സാഹിപ്പിച്ച് ബുദ്ധിപരമായ അഭ്യാസങ്ങൾക്കു സൌകര്യം നല്കുന്ന അധ്യാപനമാണ് ഇവിടെ ഉത്തമമായിട്ടുള്ളത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)