വേണു നാഗവള്ളി
വേണു നാഗവള്ളി
മലയാളചലച്ചിത്രവേദിയിലെ ഒരു ചലച്ചിത്രകാരനായിരുന്നു വേണു ഗോപാൽ എന്ന വേണു നാഗവള്ളി ( 1949 ഏപ്രിൽ 16- 2010 സെപ്റ്റംബർ 9 ). അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ വേണു നാഗവള്ളി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളിത്തമുള്ള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ ശ്രദ്ധേയനായിരുന്നു ഇദ്ദേഹം.12 മലയാളചലച്ചിത്രങ്ങൾ ഇദ്ദേഹംസംവിധാനം ചെയ്‌തിട്ടുണ്ട്. ഏകദേശം 32-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും,10ഓളം ചിത്രങ്ങൾക്ക് വേണ്ടി രചന നിർവഹിക്കുകയും ചെയ്തു. എഴുത്തുകാരനും പ്രക്ഷേപണ കലയിലെ മുൻനിരക്കാരിൽ ഒരാളുമായിരുന്നു നാഗവള്ളി.
ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവും വ്യാഖ്യാതാവും നാടകകൃത്തും സംവിധായകനുമായിരുന്ന നാഗവള്ളി ആർ. എസ് കുറുപ്പിന്റെ മകനാണ് വേണു.മാതാവ്: രാജമ്മ.
2010 സെപ്റ്റംബർ 9-നു് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വേണു നാഗവള്ളി അന്തരിച്ചു.
തുടക്കം
വിദ്യാഭ്യാസം തിരുവനന്തപുരം മോഡൽ സ്‌കൂൾ, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന് ആൾ ഇന്ത്യാ റേഡിയോയിൽ അനൗൺസറായി ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു. തുടർന്ന് സിനിമയിലെത്തുകയും ആദ്യം അഭിനേതാവും പിന്നീട് സംവിധായകനുമായി മാറി.
സിനിമാജീവിതം
ഉൾക്കടൽ എന്ന ജോർജ് ഓണക്കൂറിന്റെ നോവൽ കെ.ജി. ജോർജ് ചലച്ചിത്രമാക്കിയപ്പോൾ രാഹുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് വേണു നാഗവള്ളി മലയാളചലച്ചിത്രവേദിയിലേക്ക് കടന്നു വന്നത്. 1979-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ശാലിനി എന്റെ കൂട്ടുകാരി(1978) , ചില്ല്(1982), ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്(1983), എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി(1985), ദേവദാസ്(1989), മിന്നാരം(1994), ഭാഗ്യദേവത (2009) തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്. സുഖമോ ദേവി (1986) എന്ന ചലച്ചിത്രമാണ് ആദ്യമായി വേണു സംവിധാനം ചെയ്തത്. സുഖമോ ദേവി തനിക്ക് പരിചയമുള്ള വ്യക്തികളുടെ കഥയാണെന്ന് വേണുനാഗവള്ളി പറഞ്ഞിട്ടുണ്ട്, അതിലെ ആത്മാംശമുള്ള കഥാപാത്രമായ നന്ദനെ ശങ്കർ അവതരിപ്പിച്ചു[6]. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഇദ്ദേഹത്തിന്റേത് തന്നെയായിരുന്നു. സുഖമോ ദേവിയ്ക്ക് പുറമേ അർത്ഥം, കിലുക്കം, അഹം എന്നിവയിൽ തുടങ്ങി 2009-ൽ പുറത്തിറങ്ങിയ ഭാര്യ സ്വന്തം സുഹൃത്ത് എന്നീ ചിത്രങ്ങളൊക്കെ വേണു നാഗവള്ളി തിരക്കഥയെഴുതിയതാണ്[5]. സുഖമോ ദേവി (1986), സർവ്വകലാശാല (1987), കിഴക്കുണരും പക്ഷി (1991), ഏയ് ഓട്ടോ(1990), ലാൽ സലാം (1990) തുടങ്ങിയ ചിത്രങ്ങൾ വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.
നീണ്ട മുടിയും വിഷാദഭാവമുള്ള കണ്ണുകളുമുള്ള തന്റെ ആദ്യകാല കഥാപാത്രങ്ങളുടെ വേഷവും ശരീരഭാഷയും മലയാളികളുടെ പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകരുടെ മനസ്സിൽ നാഗവള്ളിക്ക് വിഷാദ കാമുകന്റെയും പരിശുദ്ധപ്രണയിയുടെയും പ്രതിഛായ നേടിക്കൊടുത്തു.ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ് എന്നിവ സംവിധാനം ചെയ്തതും മീനമാസത്തിലെ സൂര്യനിൽ മഠത്തിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹത്തിനു കമ്യൂണിസ്റ്റ് പരിവേഷവും പ്രേക്ഷകർ ചാർത്തി നൽകി. സുഖമോ ദേവി മുതൽ ഭാര്യ സ്വന്തം സുഹൃത്ത് വരെയുള്ള ചിത്രങ്ങളിൽ അദ്ദേഹം മുന്നോട്ടുവെക്കുന്ന ആദർശബദ്ധമായ ജീവിതവും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ വേണു നാഗവള്ളി തിരക്കഥയും സംഭാഷണവും എഴുതിയ കിലുക്കം എന്ന ഹാസ്യ ചിത്രം നേടിയ ജനപ്രീതി അദ്ദേഹത്തിന്റെ നർമ്മബോധത്തിന് ഉത്തമ ഉദാഹരണമാണ്.
വാണിജ്യ സിനിമകൾക്കും ആർട്ട് സിനിമകൾക്കും ഇടയിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ വേണു നാഗവള്ളിയുടെ ചലച്ചിത്രസംഭാവനകളുടെ പട്ടിക ഇപ്രകാരമാണ്:
അഭിനയിച്ച സിനിമകൾ
ഭാഗ്യദേവത	2009	ആന്റോ
രൗദ്രം	2008	ഡോക്ടർ
അഞ്ചിൽ ഒരാൾ അർജുനൻ	2007	പദ്മനാഭൻ
ബാബാ കല്യാണി	2006	വി. നിനൻ
ഫോട്ടോഗ്രാഫർ	2006	-
പതാക	2006	ശേഖർജി
പൌരൻ	2005	ചീഫ് മിനിസ്റ്റർ
ദീപങ്ങൾ സാക്ഷി	2005	അഡ്വക്കേറ്റ്
കാഴ്ച	2004	മജിസ്‌ട്രേറ്റ്
സത്യം	2004	ചീഫ് മിനിസ്റ്റർ
വാണ്ടഡ്	2004	കൃഷ്ണദാസ്
ഹരികൃഷ്ണൻസ്	1998	വിശ്വംഭരൻ
മിന്നാരം	1994	-
പക്ഷെ	1994	ഉണ്ണിയേട്ടൻ
ദേവദാസ്	1989	ദേവദാസ്
വാർത്ത	1986	-
ഒരു കഥ ഒരു നുണക്കഥ	1986	-
സുനിൽ വയസ്സ് 20	1986	ജയകുമാർ
അധ്യായം ഒന്ന് മുതൽ	1985	രമേശൻ നായർ
എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി	1985	ശക്തി
മീനമാസത്തിലെ സൂര്യൻ	1985	മഠത്തിൽ അപ്പു
ഉയരും ഞാൻ നാടാകെ	1985	-
ആരാന്റെ മുല്ല കൊച്ചു മുല്ല	1984	ജോയ്
ആദാമിന്റെ വാരിയെല്ല്	1983	ഗോപി
ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്	1983	
പ്രശ്‌നം ഗുരുതരം	1983	വേണു
ഓമനതിങ്കൾ	1983	-
ചില്ല്	1982	അനന്തൻ
ഇത്തിരി നേരം ഒത്തിരി കാര്യം	1982	-
യവനിക	1982	ജോസഫ്
കോലങ്ങൾ	1981	വേണു നാഗവള്ളി
അർച്ചന ടീച്ചർ	1981	
അണിയാത്ത വളകൾ	1980	രവി ശങ്കർ
ശാലിനി എന്റെ കൂട്ടുകാരി	1978	പ്രഭ
ഉൾക്കടൽ	1978	രാഹുലൻ
സംവിധാനം ചെയ്ത സിനിമകൾ
ഭാര്യ സ്വന്തം സുഹൃത്ത്	2009
രക്തസാക്ഷികൾ സിന്ദാബാദ്	1998
അഗ്‌നിദേവൻ	1995
ആയിരപ്പറ	1993
കളിപ്പാട്ടം	1993
കിഴക്കുണരും പക്ഷി	1991
ഏയ് ഓട്ടോ	1990
ലാൽസലാം	1990
സ്വാഗതം	1989
അയിത്തം	1987
സർവകലാശാല	1987
സുഖമോദേവി	1986
തിരക്കഥ എഴുതിയ സിനിമകൾ
ഭാര്യ സ്വന്തം സുഹൃത്ത്	2009
വിഷ്ണു	1994
ആയിരപ്പറ	1993
കളിപ്പാട്ടം	1993
കിലുക്കം	1991
കിഴക്കുണരും പക്ഷി	1991
ഏയ് ഓട്ടോ	1990
അർത്ഥം	1989
സർവകലാശാല	1987
സുഖമോദേവി	1986
 
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ