കൈസർ അഥവാ ചക്രവർത്തി

  കൈസർ അഥവാ ചക്രവർത്തി 

പദത്തിന്റെ ഉത്‌ഭവം
എ.ഡി. 300ന് മുമ്പെ ജനിച്ച നുമെരിയുസ് യൂലിയുസ് കൈസർ ആണ് ഈ പേരാൽ ആദ്യമായി അറിയപ്പെട്ടിരുന്നത് എന്ന് പണ്ഡിതന്മാർ കരുതുന്നു. ലത്തീൻ ഭാഷയിൽ മുടിയുള്ളത് എന്നർഥം വരുന്ന കൈസർ എന്ന പദത്തിൽ നിന്നാണ് ഇദ്ദേഹത്തിന് ഈ പേർ ലഭിച്ചത്. റോമൻ ഏകാധിപതിയായ ഗായുസിന്റെ പൂർവികനായിരുന്നു നുമെരിയുസ്. അങ്ങനെ ഗായുസിന് കൈസർ എന്ന പേർ ലഭിച്ചു.
ഗായുസ് യൂലിയുസ്, തന്റെ വിൽപ്പത്രത്തിൽ, തന്റെ സഹോദരിയുടെ കൊച്ചുമകനായ ഗായുസ് ഒക്ടേവിയസിനെ മകനും അനന്തരവകാശിയും ആയി ദത്തെടുത്തു. അതിനാൽ ഗായുസ് ഒക്ടേവിയസ്, റോമൻ നാമസമ്പ്രദായം അനുസരിച്ച്, ഗായുസ് യൂലിയുസ് കൈസർ ഒക്ടേവിയനസ് എന്ന് അറിയപ്പെട്ടു.
ഏക ചക്രവർത്തി
വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ ഒക്ടേവിയനസ് തനിക്ക് കൈസറോടുള്ള ബന്ധത്തിനു ഊന്നൽ കൊടുക്കുവാൻ തീരുമാനിച്ചു. ഇതിനുവേണ്ടി അദ്ദേഹം സ്വയം "ഇംപെരറ്റർ കൈസർ" എന്നു വിളിച്ചു. ഈ പേരിനോടു റോമൻ സെനറ്റ് ബഹുമാനിക്കപ്പെട്ട എന്നർഥം വരുന്ന ഔഗുസ്റ്റുസ് എന്ന പദം ചേർത്തു. അദ്ദേഹത്തിന്റെ ദത്തെടുത്ത പുത്രൻ തിബെരിയസും "കൈസർ" എന്നറിയപ്പെടുവാൻ ഇടയായി; തിബെരിയസ് ക്ലൗദിയസ് നീറോയെ എ.ഡി. 4, ജൂൺ 6നു ഔഗുസ്റ്റുസ് കൈസർ ദത്തെടുത്തപ്പോൾ അദ്ദേഹത്തിന്റെ പേർ തിബെരിയസ് യൂലിയുസ് കൈസർ എന്നു മാറ്റി. ഇത് ഒരു പ്രമാണമായി മാറി: ചക്രവർത്തി തന്റെ അനന്തരവകാശിയെ തിരഞ്ഞെടുത്തിട്ട്, അദ്ദേഹത്തെ ദത്തെടുക്കുകയും അദ്ദേഹത്തിന് "കൈസർ" എന്ന പേർ കൊടുക്കുകയും ചെയ്യുന്നത് ഒരു ആചാരമായി.
ഒട്ടോമൻ സാമ്രാജ്യം
1453ൽ ഒട്ടോമൻ സാമ്രാജ്യം കിഴക്കൻ റോമാസാമ്രാജ്യത്തെ കീഴടക്കി, കുസ്തന്തിനോപൊലിസ് പിടിച്ചെടുത്തു. ഒട്ടോമൻ സുൽത്താൻ മെഹ്മെത് രണ്ടാമൻ "റോമാ സാമ്രാജ്യത്തിന്റെ കൈസർ" എന്ന പദവി സ്വീകരിച്ചു. ഒട്ടോമൻ സാമ്രാജ്യത്തെ റോമാ സാമ്രാജ്യത്തിന്റെ തുടർച്ചയായി പ്രഖ്യാപിച്ചു. കൈസറുടെ പദവിയുടെ അധികാരത്താൽ മെഹ്മെത് സുൽത്താൻ കുസ്തന്തിനോപൊലിസ് പാപ്പാസനത്തെ പുനഃസ്ഥാപിച്ചു.
മറ്റു ഉപയോഗങ്ങൾ
കൈസർ എന്ന വാക്ക് പല ഭാഷകളിലും "ചക്രവർത്തി" എന്നോ "ചക്രവർത്തിനി" എന്നോ അർഥം വച്ചു ഉപയോഗിക്കുന്നു. ജർമ്മൻ ഭാഷയിലെ "കൈസർ", റഷ്യൻ ഭാഷയിലെ "സാർ" (tsar, czar), പേർഷ്യൻ ഭാഷയിലെ "ഘൈസർ", ഉർദു ഭാഷയിലെ "ഖൈസർ" എന്നിവ ഇങ്ങനെയാണ് ഉദ്ഭവിച്ചത്. മുഗൾ സാമ്രാജ്യം അധഃപതിച്ചശേഷം "ഇന്ത്യയുടെ ചക്രവർത്തി" എന്ന പദവി സ്വീകരിച്ച ബ്രിട്ടീഷ് രാജാക്കന്മാർ "കൈസർ-ഇ-ഹിന്ദ്" എന്നറിയപ്പെട്ടിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

നാലപ്പാട്ട് തറവാടും വന്നേരി ഗ്രാമവും