ടൂത്ത് പേസ്റ്റ് - Tooth Paste
ടൂത്ത് പേസ്റ്റ് - Tooth Paste
ദന്തധാവനത്തിനുപയോഗിക്കുന്ന ഒരു രാസസംയോഗം. പല്ലുകളുടെ പ്രതലം ഉരച്ചു വൃത്തിയാക്കുന്നതിനാവശ്യമായ അപഘര്‍ഷകങ്ങള്‍ (abrasives), പതയുണ്ടാക്കുന്ന വസ്തുക്കള്‍ (foaming agents), ബന്ധകങ്ങള്‍, സ്വാദും മണവും നിറവും നല്‍കുന്ന പദാര്‍ഥങ്ങള്‍, വായുവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ കട്ടിയാവാതിരിക്കുന്നതിനാവശ്യമായ ഈര്‍പ്പം ആഗിരണം ചെയ്യുന്ന പദാര്‍ഥങ്ങള്‍ (humectants) എന്നിവ ചേര്‍ത്ത് കുഴമ്പു പാകത്തിലാണ് ടൂത്ത് പേസ്റ്റ് നിര്‍മിക്കുന്നത്.
കാല്‍സിയത്തിന്റെയോ മഗ്നീഷ്യത്തിന്റെയോ കാര്‍ബണേറ്റുകള്‍, കാല്‍സിയം പൈറോ ഫോസ്ഫേറ്റ്, ഹൈഡ്രോക്സി അപ്പറ്റൈറ്റ്, ട്രൈ കാല്‍സിയം ഫോസ്ഫേറ്റ്, കല്‍ക്കരി എന്നിവയാണ് സാധാരണ ഉപയോഗിക്കാറുള്ള അപഘര്‍ഷക വസ്തുക്കള്‍. കാഠിന്യവും തരികളുടെ വലിപ്പവുമാണ് അപഘര്‍ഷകങ്ങളുടെ പ്രയോഗക്ഷമത നിര്‍ണയിക്കുന്ന ഘടകങ്ങള്‍. പല്ലുകള്‍ക്ക് വെണ്‍മ നല്‍കാന്‍ സഹായിക്കുന്ന തരം ടൂത്ത് പേസ്റ്റുകളില്‍ അപഘര്‍ഷകങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ഈ പദാര്‍ഥങ്ങള്‍ പല്ലുകളുടെ പ്രതലത്തിലടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഉരച്ചുനീക്കുമെങ്കിലും ഇനാമലിനു പോറലും ക്ഷതവും ഏല്പിക്കാന്‍ സാധ്യതയുണ്ട്.
സാധാരണയായി ഉപയോഗിക്കുന്ന ബന്ധകപദാര്‍ഥം കാരാജീന്‍ (carageen) ആണ്. സോഡിയം ലോറൈയില്‍ സള്‍ഫേറ്റ്, സോഡിയം ലോറൈയില്‍ സാര്‍കോസിനേറ്റ് എന്നിവയാണ് പതയുണ്ടാക്കാനായി ചേര്‍ക്കുന്ന പ്രമുഖ സഡ്സറുകള്‍ അഥവാ ഫോമിങ് ഏജന്റുകള്‍. ഈര്‍പ്പം ആഗിരണം ചെയ്ത് പേസ്റ്റിന്റെ ഘടനയും പാകവും ദീര്‍ഘനാള്‍ നിലനിര്‍ത്തുന്നതിനുപയോഗിക്കുന്ന ഘടകപദാര്‍ഥമാണ് ഗ്ലിസറിന്‍. സ്പിയര്‍മിന്റ്, പെപ്പര്‍ മിന്റ് എന്നിവ മണവും രുചിയും നല്‍കാനായി ചേര്‍ക്കുന്നു. സാക്കറിന്‍ പോലെയുള്ള കൃത്രിമ മധുരങ്ങളും നിറം നല്‍കുന്ന ചില പദാര്‍ഥങ്ങളും ടൂത്ത് പേസ്റ്റില്‍ ചേര്‍ക്കാറുണ്ട്. ദന്തക്ഷയം തടയുന്നതിന് ഫ്ളൂറൈഡ് സംയുക്തങ്ങള്‍ അടങ്ങുന്ന ടൂത്ത് പേസ്റ്റുകളും ആയുര്‍വേദ ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത പേസ്റ്റുകളും വിപണിയില്‍ ലഭ്യമാണ്. ദന്തധാവന വസ്തുക്കളുടെ നിര്‍മാണം ഇന്ന് ഒരു വന്‍ വ്യവസായമായി വളര്‍ന്നിട്ടുണ്ട്. ദന്തശുചിത്വത്തിന്റെ അടിസ്ഥാനം പേസ്റ്റുകളുടെ ചേരുവകളിലല്ല മറിച്ച് ശരിയായ രീതിയില്‍ ബ്രഷു ചെയ്യുന്നതിലാണ് എന്ന് ഭിഷഗ്വരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. നോ: ദന്തസംരക്ഷണം.
ആധുനിക ടൂത്ത് പേസ്റ്റ്
പതിനെട്ടാം നൂറ്റാണ്ടിലെ അമേരിക്കൻ ബ്രീട്ടീഷ് ഉല്പന്നമാണ് ഇത് എന്നു പറയാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ