കേബിള്‍ ടി.വി

   കേബിള്‍ ടി.വി

ഉപഗ്രഹവാര്‍ത്താവിനിമയ സാങ്കേതികവിദ്യയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ സംവിധാനം. പരാബോളിക ഡിഷ് ആന്റിനകള്‍ ഉപയോഗിച്ച് ഭൗമസ്റ്റേഷനില്‍ നിന്ന് ടി.വി. പ്രോഗ്രാം സിഗ്നലുകള്‍ ഉപഗ്രഹത്തിലേക്കും തിരിച്ചും സംപ്രേഷണം ചെയ്യുകയും ഇങ്ങനെ സ്വീകരിക്കുന്ന സിഗ്നലുകളെ കേബിള്‍ മുഖാന്തരം ടി.വി. ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന സമ്പ്രദായമാണ് കേബിള്‍ ടെലിവിഷന്‍ അഥവാ കേബിള്‍ ടി.വി. ടി.വി. പ്രേക്ഷകര്‍ക്ക് ആവശ്യാനുസരണം സിഗ്നലുകള്‍ കേബിള്‍ വഴി ലഭ്യമാക്കുന്നതുകൊണ്ടാണ് ഇതിനെ കേബിള്‍ ടി.വി. എന്നുവിളിക്കുന്നത്. ഉപഗ്രഹത്തില്‍നിന്നുള്ള സിഗ്നലുകള്‍ ഡിഷ് ആന്റിന സ്വീകരിച്ച് പ്രോസസ് ചെയ്ത് ഡിജിറ്റല്‍ രൂപത്തില്‍ രവം (Noise) തീരെയില്ലാതെ കേബിള്‍ ടി.വി. ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു.
ഒട്ടുമിക്ക വികസിത രാജ്യങ്ങളിലും കേബിള്‍ ടി.വി. പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. 90-കളുടെ അവസാനത്തില്‍ ഭാരതത്തില്‍ ഒട്ടേറെ സ്വകാര്യക്കമ്പനികള്‍ കേബിള്‍ ടി.വി. സേവനം ആരംഭിച്ചു. കേരളത്തില്‍ ഏഷ്യാനെറ്റ്, തമിഴ്നാട്ടില്‍ സുമംഗലി, ഒഡിഷയില്‍ ഓര്‍ടെല്‍ എന്നിവ ഉദാഹരണങ്ങളാണ്. ഭാരതത്തിലെ നഗരങ്ങളിലെയും പട്ടണങ്ങളിലെയും ടി.വി. പ്രേക്ഷകര്‍ ഭൂരിഭാഗവും കേബിള്‍ ടി.വി.യെ ആശ്രയിക്കുന്നവരാണ്. ഇപ്പോള്‍ അനലോഗ് സിഗ്നല്‍ രീതിയില്‍ നിന്ന് ഡിജിറ്റല്‍ രൂപത്തിലേക്ക് സംപ്രേഷണം മാറിക്കൊണ്ടിരിക്കുന്നു. 2014 ആകുമ്പോഴേക്കും ഭാരതത്തില്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലായിരിക്കും ടി.വി. പ്രോഗ്രാമുകള്‍ സംപ്രേഷണം ചെയ്യുക. സംപ്രേഷണത്തിന് തടസ്സമാകാവുന്ന ശബ്ദവീചികള്‍ (നോയ്സ്) തീരെയില്ലായെന്നതാണ് ഡിജിറ്റല്‍ സംവിധാനത്തിന്റെ പ്രത്യേകത. ഹൈബ്രിഡ് ഫൈബര്‍ കോ-ആക്സിയല്‍ കേബിളാണ് ഇതിനായി ഉപയോഗിക്കുക. ഓപ്റ്റിക്കല്‍ സിഗ്നലുകളാണ് ഫൈബറുകളിലൂടെ കടന്നുപോകുന്നത്. ഉയര്‍ന്ന ബാന്റ്വിഡ്ത്തുള്ള ഇതിന് കൂടിയ അളവില്‍ വിവരങ്ങള്‍ വഹിക്കാന്‍ കഴിയും.

ചരിത്രം

1948-ല്‍ ജോണ്‍ വാല്‍സണ്‍ അമേരിക്കയിലെ പെന്‍സില്‍വാനിയായിലെ മഹാനോയി സിറ്റിയില്‍ ആരംഭിച്ച കമ്യൂണിറ്റി ആന്റിന ടി.വി. (CATV) യാണ് പില്ക്കാലത്ത് കേബിള്‍ ടി.വി.യായി വികസിച്ചത്. മലമുകളില്‍ സ്ഥാപിച്ച ഒരു വലിയ ആന്റിന ഉപയോഗിച്ച് ഒരു ചെറിയ സമൂഹത്തിലെ ഒട്ടേറെ ഉപഭോക്താക്കള്‍ക്ക് ടി.വി. പ്രോഗ്രാമുകള്‍ ലഭ്യമാക്കിയതുകൊണ്ടാണ് ഇതിന് കമ്യൂണിറ്റി ആന്റിന ടി.വി. എന്ന് പേരുണ്ടായത്. പെന്‍സില്‍വാനിയായിലെ ടി.വി. വില്പനക്കാരനായിരുന്ന വാല്‍സണ്‍ വിറ്റഴിച്ച ടി.വി.കള്‍ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നില്ല. ഫിലാഡെല്‍ഫിയായില്‍നിന്ന് സംപ്രേഷണം ചെയ്ത ടി.വി. സിഗ്നലുകള്‍, പെന്‍സില്‍വാനിയായ്ക്കു ചുറ്റുമുള്ള മലനിരകള്‍ കാരണം, ലോക്കല്‍ ആന്റിന വഴി നേര്‍ത്ത അളവില്‍മാത്രമാണ് ലഭിച്ചിരുന്നത്. അതുകൊണ്ട് വ്യക്തമായ ചിത്രങ്ങള്‍ ആ ടി.വി.കളില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. മലനിരകള്‍മൂലമുള്ള സിഗ്നല്‍ തടസ്സം നീക്കുന്നതിന് , വാല്‍സണ്‍ മലമുകളില്‍ ഘടിപ്പിച്ച ആന്റിനയും സിഗ്നലിന്റെ ശക്തി കൂട്ടാന്‍ പരിഷ്കരിച്ച ബൂസ്റ്ററും ഉപയോഗിച്ച് കേബിള്‍ വഴി സിഗ്നലുകള്‍ സ്വന്തം സ്ഥാപനത്തിലെ ടി.വി.യിലും കേബിള്‍ കടന്നുവരുന്ന വഴികളിലെ ഉപഭോക്താക്കളുടെ വീടുകളിലെ ടി.വി.കളിലും മികച്ചരീതിയില്‍ ലഭ്യമാക്കി പ്രോഗ്രാമുകള്‍ നല്‍കാന്‍ കഴിഞ്ഞതോടെ ആദ്യത്തെ കേബിള്‍ ടി.വി. പ്രവര്‍ത്തനസജ്ജമായി.

പ്രവര്‍ത്തനം

ഉപഗ്രഹവാര്‍ത്താവിനിമയ സാങ്കേതിക വിദ്യയിലധിഷ്ഠിതമാണ് കേബിള്‍ ടി.വി. ടെലിവിഷന്‍ കമ്പനികളിലെ പരിപാടികളുടെ സിഗ്നലുകള്‍ സ്റ്റുഡിയോകളില്‍നിന്ന് ആദ്യം ഭൗമസ്റ്റേഷന്‍ സ്വീകരിച്ച് ആന്റിനയിലൂടെ ഉപഗ്രഹത്തിലേക്ക് അയയ്ക്കുന്നു. ഇതിനെ അപ്-ലിങ്ക് എന്ന് പറയുന്നു. സി-ബാന്റ് എന്ന് അറിയപ്പെടുന്ന ഉയര്‍ന്ന ആവൃത്തി പരിധിയിലാണ് സിഗ്നലുകള്‍ അയയ്ക്കുക. 5.9 മുതല്‍ 6.4 GHz (ഗിഗാഹെട്സ്) ആവൃത്തിയാണ് അപ്-ലിങ്കിന് ഉപയോഗപ്പെടുത്തുന്നത്. ഭൗമ സ്റ്റേഷനില്‍ വിവിധ ചാനലുകാരുടെ സിഗ്നലുകള്‍ വാഹക തരംഗത്തിന്റെ ആവൃത്തി വിഭജനത്തിലോ (Frequency Division Multiplexing) കാല വിഭജനത്തിലോ (Time Division Multiplexing) ഒരു ബേസ് ബാന്റ് സിഗ്നലായി ക്രോഡീകരിച്ച് സംപ്രേഷണം ചെയ്യുന്നു. ഇതിന് ബേസ് ബാന്റ് ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. അപ്-ലിങ്ക് സിഗ്നലുകള്‍ ഉപഗ്രഹത്തിലുളള ട്രാന്‍സ്പോണ്ടര്‍ സ്വീകരിക്കുന്നു. സ്വീകരണി (Receiver) യും പ്രവര്‍ധക (Amplifier)വും ട്രാന്‍സ്മിറ്ററും ചേര്‍ന്നതാണ് ട്രാന്‍സ്പോണ്ടര്‍. വിവിധ ചാനലുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം പ്രത്യേകം ട്രാന്‍സ്പോണ്ടറുകള്‍ ഉണ്ടായിരിക്കും. ട്രാന്‍സ്പോണ്ടര്‍ അപ്-ലിങ്ക് സിഗ്നലിനെ സ്വീകരിച്ച് പ്രവര്‍ധനം ചെയ്ത് കുറഞ്ഞ ആവൃത്തിയില്‍, ഉപഗ്രഹത്തിലെ ആന്റിന വഴി വിവിധ സ്ഥലങ്ങളിലെ ഭൗമസ്റ്റേഷനുകളിലേക്ക് തിരിച്ചയയ്ക്കുന്നു. ഇതിനെ ഡൗണ്‍-ലിങ്ക് സിഗ്നല്‍ എന്നു വിളിക്കുന്നു. ഇതിന്റെ ആവൃത്തി പരിധി 3.7 മുതല്‍ 4.2 GHz ആകുന്നു. ഭൗമസ്റ്റേഷനിലെ ആന്റിന ഈ സിഗ്നല്‍ സ്വീകരിക്കുന്നു. കുറഞ്ഞ ആവൃത്തിയിലായതുകൊണ്ട് കുറഞ്ഞ ഊര്‍ജ ചെലവില്‍ ഉപഗ്രഹത്തിന് സംപ്രേഷണം ചെയ്യാന്‍ കഴിയുന്നു. ആവൃത്തി കൂടുമ്പോള്‍ അന്തരീക്ഷം കൂടുതല്‍ അളവില്‍ സിഗ്നലിനെ ആഗിരണം ചെയ്ത് ശക്തി കുറയ്ക്കും. അപ്-ലിങ്കിനും ഡൌണ്‍-ലിങ്കിനും വ്യത്യസ്ത ആവൃത്തി പരിധികള്‍ ഉപയോഗിക്കുന്നതുകൊണ്ട് വിഭംഗനം (Interference) കുറവായിരിക്കും.
ഏകദേശം 36,000 കി.മീ. സഞ്ചരിച്ചാണ് ഉപഗ്രഹത്തില്‍നിന്നും സിഗ്നല്‍ തരംഗങ്ങള്‍ ഭൂമിയില്‍ എത്തുക. അതുകൊണ്ട് ഭൌമസ്റ്റേഷനില്‍ ശക്തികുറഞ്ഞ സിഗ്നലായിരിക്കും ലഭിക്കുക. കൂടുതല്‍ വിസ്തൃതിയില്‍ സിഗ്നലുകളെ സ്വീകരിക്കേണ്ടി വരുമ്പോള്‍ വലുപ്പമുള്ള പരാബോളിക ഡിഷ് ആന്റിന ഉപയോഗിക്കുന്നു. പരാബോളിക പ്രതലം ഈ സിഗ്നല്‍ തരംഗങ്ങളെ അതിന്റെ കേന്ദ്രത്തിന് മുകളിലുള്ള ഫോക്കസ് എന്ന ബിന്ദുവിലേക്ക് സംവ്രജിപ്പിക്കുന്നു. ഗോളീയ പ്രതലത്തിന് ഈ പ്രത്യേകത ഇല്ല. അതുകൊണ്ടാണ് പരാബോളിക പ്രതലം ഉപയോഗിക്കുന്നത്. ഇതിന് വളരെ ഉയര്‍ന്ന സിഗ്നല്‍ ഗെയ്ന്‍ ഉണ്ട്.
ഫോക്കസില്‍ പ്രതിഫലിച്ചെത്തുന്ന സിഗ്നല്‍ കുഴല്‍ രൂപത്തിലുള്ള ഫീഡ് ഹോണ്‍ (Feed - Horn) എന്ന ഉപകരണം സ്വീകരിക്കുന്നു. പരമാവധി സിഗ്നല്‍ ഫീഡ് ഹോണ്‍ സ്വീകരിച്ച് ലോ നോയിസ് ബ്ലോക്ഡൗണ്‍കണ്‍വെര്‍ട്ടര്‍ (LNB) എന്ന ഇലക്ട്രോണിക് ഉപകരണത്തിലേക്ക് കടത്തിവിടുന്നു. ഇതില്‍ ലോ നോയിസ്-ഹൈ ഗെയ്ന്‍ ആംപ്ലിഫയറും ആവൃത്തി മാറ്റുന്ന ഉപകരണവും ഉണ്ട്. LNB യില്‍ തീരെ കുറഞ്ഞ നോയ്സില്‍ പ്രവര്‍ധനം ചെയ്ത് 3.7 GHz മുതല്‍ 4.2 GHz വരെയുള്ള ആവൃത്തി പരിധി കുറച്ച് 950 MHz മുതല്‍ 1450 MHZ വരെയുള്ള ആവൃത്തി പരിധിയാക്കി മാറ്റുന്നു. ഇതിലെ സ്വീകരണി വീണ്ടും കുറഞ്ഞ ആവൃത്തിയിലേക്ക് കുറയ്ക്കുന്നു. സിഗ്നലിനെ വീണ്ടും പ്രോസസ് ചെയ്തു കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കിലേക്ക് കൊടുക്കുന്നു (ചിത്രം 2). ഇതിന്റെ ഔട്ട്പുട്ട് വിതരണ-ആംപ്ലിഫയറില്‍ കടത്തി പ്രവര്‍ധനം ചെയ്യുന്നു. പ്രീആംപ്ലിഫയറില്‍ ആദ്യം സിഗ്നലിന്റെ ശക്തി ഉയര്‍ത്തുന്നു. വിവിധ ടി.വി. സെറ്റിലേക്ക് കൊടുക്കുമ്പോള്‍ സിഗ്നലിന്റെ ശക്തി കുറഞ്ഞുപോകാതിരിക്കാനാണ് ഇങ്ങനെ പ്രവര്‍ധനം ചെയ്യുന്നത്. വിതരണ ആംപ്ലിഫയറില്‍നിന്ന് വിഭജനയൂണിറ്റിലൂടെ (Splitter) കേബിള്‍ വഴി കൊണ്ടുപോകുകയും കണക്ഷന്‍ പോയിന്റുക(Tap off points)ളില്‍നിന്ന് കോ-ആക്സിയല്‍ കേബിള്‍ വഴി ഓരോ ടി.വി. യിലേക്കും കൊടുക്കുകയും ചെയ്യുന്നു. ടി.വി.യുടെ ടൂണറിലേക്ക് കേബിള്‍ ബന്ധിപ്പിച്ച് ടി.വി. പരിപാടി കാണാവുന്നതാണ്. കേബിളിന്റെ അവസാനം സിഗ്നലുകള്‍ പ്രതിഫലിച്ചുവരാതിരിക്കാന്‍ ടെര്‍മിനേഷന്‍ പ്രതിരോധത്തില്‍ ബന്ധിപ്പിച്ചിരിക്കുന്നു. പ്രേക്ഷകന്റെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാന്‍ കഴിയുന്നതിലുമേറെ ടി.വി. പ്രോഗ്രാമുകള്‍ കണ്മുന്നില്‍ എത്തിക്കാന്‍ കഴിയുന്നു എന്നതാണ് കേബിള്‍ ടി.വി.യുടെ മേന്മ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)