17.ഉദ്ദേശ്യാധിഷ്ഠിത ബോധനം (Objective Based Teaching)

17.ഉദ്ദേശ്യാധിഷ്ഠിത ബോധനം - (Objective Based Teaching)

വ്യവഹാര മനഃശാസ്ത്ര(Objective Based Teaching)ത്തിനു വർധമാനമായ അംഗീകാരം ലഭിച്ചതോടുകൂടി അതു വിദ്യാഭ്യാസത്തിലും സ്വാധീനം ചെലുത്തിത്തുടങ്ങി. തത്ഫലമായി നിരീക്ഷണവിധേയമായ വ്യവഹാരങ്ങളായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ എന്ന ചിന്താഗതി പ്രബലപ്പെട്ടു വന്നു. അസ്പഷ്ടവും അപ്രായോഗികവുമായ ലക്ഷ്യങ്ങൾക്ക് പിമ്പേ പോകുന്നതിനു പകരം പ്രായോഗികവും പ്രാപ്യവും വസ്തുനിഷ്ഠവുമായ ലക്ഷ്യങ്ങളെ മുൻനിറുത്തിയാവണം വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സംവിധാനം ചെയ്യുക. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം, അഭിലഷണീയമായ ചില വ്യവഹാരപരിവർത്തനങ്ങൾ വിദ്യാർഥികളിൽ വരുത്തുകയായിരിക്കണം. ഈ ഉദ്ദേശ്യങ്ങളെ മുൻ നിർത്തി പഠനാനുഭവങ്ങൾ ആസൂത്രണം ചെയ്യുന്നു. ഉദ്ദിഷ്ടപഠനം (വ്യവഹാരപരിവർത്തനം) നടന്നോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു. അമേരിക്കൻ മനഃശാസ്ത്രജ്ഞനായ ബഞ്ചമിൻ ബ്ലൂമും (Benjamin Bloom) സഹപ്രവർത്തകരും കൂടി അനേകവർഷങ്ങളായി നടത്തിയ പഠനങ്ങളിലൂടെ വിദ്യാഭ്യാസോദ്ദേശ്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ബ്ലൂമിന്റെ ടാക്സോണമി ഒഫ് എഡ്യൂക്കേഷണൽ ഓബ്ജകറ്റീവ്സ് (Taxonomy of Educational Objectives)ആണ് ഉദ്ദേശ്യാധിഷ്ഠിതബോധനത്തിന് ആധാരമായ മുഖ്യഗ്രന്ഥം. ഉദ്ദേശ്യങ്ങളെ മൂന്നു മണ്ഡലങ്ങളായിട്ടാണ് ബ്ലൂം തരംതിരിച്ചിരിക്കുന്നുത്-സംജ്ഞാനാത്മകം (cognitive), വികാരാത്മകം (affective), മനശ്ചാലകം (psychomotor). ഇവയെ ആധാരമാക്കിക്കൊണ്ട് ഭാരതീയ വിദ്യാഭ്യാസ പ്രവർത്തകർ തിരഞ്ഞെടുത്തിട്ടുള്ള ബോധനോദ്ദേശ്യങ്ങൾ താഴെ പറയുന്നവയാണ്: ജ്ഞാന (knowledge) സമ്പാദനം, ധാരണാ (undrstanding) വികസനം, പ്രയോഗസാമർഥ്യ (application) വികസനം, വൈദഗ്ദ്ധ്യ (skill) സമ്പാദനം, അഭിഭാവ (attitude) രൂപവത്കരണം, അഭിരുചി (interest) സംവർധനം.

വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം പഠനമാണ്. പഠിക്കുന്നത് കുട്ടിയാണ്. അതിനാൽ ബോധനോദ്ദേശ്യങ്ങൾ കുട്ടികളിലുള്ള വ്യവഹാര പരിവർത്തനങ്ങളായിരിക്കണം. ഇതാണ് പുതിയ സമീപനം. ഉദാഹരണമായി ഇന്ത്യൻ സംസ്ഥാനങ്ങളെപ്പറ്റിയുള്ള ഒരു പാഠത്തിന്റെ ഉദ്ദേശ്യങ്ങളിലൊന്ന് ജ്ഞാനസമ്പാദനമാകാം. ഈ ഉദ്ദേശ്യത്തെ ഇങ്ങനെ പ്രസ്താവിക്കാം: 'വിദ്യാർഥി ഇന്ത്യൻ സംസ്ഥാനങ്ങളെ സംബന്ധിച്ച അറിവു സമ്പാദിക്കുന്നു'. എന്നാൽ ഈ ഉദ്ദേശ്യപ്രസ്താവന തന്നെയും അവ്യക്തമാണ്. കുട്ടികൾക്ക് മുമ്പില്ലാത്ത അറിവ് പഠനഫലമായി ലഭിക്കുന്നുവെന്നാണല്ലോ ഈ ഉദ്ദേശ്യത്തിന്റെ അർഥം. കുട്ടികൾക്ക് ഈ അറിവ് ലഭിച്ചു എന്ന് അധ്യാപകനോ കുട്ടിക്കോ തോന്നിയാൽ പോരാ. അറിവു സമ്പാദിച്ചതിനു തെളിവു വേണം. ആ തെളിവ് ആർക്കും നിരീക്ഷിക്കാവുന്നതും അളക്കാവുന്നതുമാകണം. അതായത് ഉദ്ദേശ്യത്തെ സ്പഷ്ടമായ വ്യവഹാരരൂപത്തിൽ അപഗ്രഥിച്ചു പ്രസ്താവിക്കണം. ഉദാഹരണമായി പഠിച്ച വസ്തുതകൾ അവൻ ഓർമിച്ചു പറയുമെങ്കിൽ അവന് അറിവു ലഭിച്ചുവെന്നു കരുതാം. അപ്പോൾ ജ്ഞാനസമ്പാദനത്തിന്റെ സ്പഷ്ടീകരണം പുനഃസ്മരണയാണ്. ഇങ്ങനെ ഓരോ ഉദ്ദേശ്യത്തിനും അനേകം വിശിഷ്ടീകരണ(specification)ങ്ങൾ വിദഗ്ദ്ധൻമാർ കണ്ടുപിടിച്ചിട്ടുണ്ട്. ഉദ്ദേശ്യപ്രാപ്തിയിൽ അന്തർഭൂതമായിരിക്കുന്ന മനോവ്യാപാരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശിഷ്ടീകരണങ്ങൾ നിർണയിക്കുന്നത്. ദൃഷ്ടാന്തത്തിന് ഓരോ ഉദ്ദേശ്യത്തിന്റേയും ഓരോ വിശിഷ്ടീകരണം കൊടുക്കുന്നു.

ജ്ഞാനം - തിരിച്ചറിയുന്നു.
ധാരണ - ബന്ധങ്ങൾ കാണുന്നു.
പ്രയോഗം - പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നു.
വൈദഗ്ദ്ധ്യം- പടം വരയ്ക്കുന്നു.
അഭിഭാവം - ഗുരുക്കൻമാരെ ബഹുമാനിക്കുന്നു.
അഭിരുചി - ഗ്രന്ഥങ്ങൾ വായിച്ചു വസ്തുതകൾ ശേഖരിക്കുന്നു.
ഉദ്ദേശ്യങ്ങൾ നിർണയിച്ചു കഴിഞ്ഞാൽ അവ സാക്ഷാത്കരിക്കുന്നതിന് അനുയോജ്യമായ പാഠ്യക്രമവും പാഠവസ്തുക്കളും തിരഞ്ഞെടുക്കണം. ഇത് സാധാരണയായി വിദ്യാഭ്യാസ വിദഗ്ദ്ധൻമാർ മുൻകൂട്ടിത്തന്നെ ചെയ്യുന്നതിനാൽ അധ്യാപകന് അക്കാര്യത്തിൽ ബദ്ധപ്പെടേണ്ടി വരുന്നില്ല.

ഇന്ന ഉദ്ദേശ്യങ്ങളോടുകൂടി ഇന്നയിന്നകാര്യങ്ങൾ പഠിപ്പിക്കണമെന്നുവന്നാൽ അതിനുള്ള മാർഗ്ഗം നിശ്ചയിക്കുകയാണ് അടുത്തപടി. ഏതുവിധത്തിലുള്ള പഠനാനുഭവങ്ങളാണ് ഉദ്ദേശ്യപ്രാപ്തിക്ക് ഏറ്റവും അനുയോജ്യമെന്നാലോചിച്ച് അവ വിദ്യാർഥിക്ക് ഉണ്ടാകുവാനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നതാണ് അധ്യാപകന്റെ കടമ. അധ്യാപകന്റെ മനോധർമം ഇവിടെയാണ് കാണിക്കേണ്ടത്. അധ്യാപകന്റെ പ്രസംഗമോ ഭാഷണമോ സാധാരണഗതിയിൽ വെറും ജ്ഞാനസമ്പാദനത്തിൽ മാത്രമേ കലാശിക്കുകയുള്ളു. അർഥഗ്രഹണവും പ്രയോഗക്ഷമതയും ഉണ്ടാകണമെങ്കിൽ കുട്ടികൾ ഊർജ്ജിതമായി പ്രവർത്തിക്കണം. അതിന് ആധുനിക ഗതികരീതികൾ അവലംബിക്കുക ആവശ്യമാകുന്നു.

പഠനം നടന്നതോടുകൂടിതന്നെ അതിന്റെ മൂല്യനിർണയനവും നടക്കണം. കുട്ടികളുടെ ഉപലബ്ധിയേയും നിർവഹണപടുതയേയും വിലയിരുത്തേണ്ടത് മുൻകൂട്ടി തിരഞ്ഞെടുത്തിട്ടുള്ള ബോധനോദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആകണം. അങ്ങനെ സുവ്യക്തവും പ്രായോഗികവുമായ ഉദ്ദേശ്യങ്ങൾ തിരഞ്ഞെടുത്ത് അവയുടെ സാക്ഷാത്കാരത്തിന് അനുയോജ്യമായ പഠനാനുഭവങ്ങൾ സംവിധാനം ചെയ്ത് പഠനത്തെ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി നടത്തുന്ന അധ്യാപനരീതിയാണ് ഉദ്ദേശ്യാധിഷ്ഠിതബോധനം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )