3.ഈർക്കിൽ കളി
3.ഈർക്കിൽ കളി
തെങ്ങിന്റെ ഈര്‍ക്കിലുകള്‍ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്ന ഒരു നാടൻകളിയാണ് ഈർക്കിൽ കളി. നൂറാംകോൽ, റാണിയും മക്കളും എന്നീ പേരുകളിലും ചില പ്രദേശങ്ങളിൽ ഈ കളി അറിയപ്പെടുന്നു. രണ്ടോ അതിലധികമോ പേർ തറയിൽ ഇരുന്നാണ് കളിക്കുക.വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഈ കളി കാറ്റടിക്കാത്ത മുറിക്കകത്തും കോലായിലും വച്ചാണ് സാധാരണ കളിക്കുക.
കളിക്കുന്ന രീതി
വ്യത്യസ്ത നീളങ്ങളിലുള്ള മൂന്നുതരം ഈർക്കിലുകളാണ് ഈ കളിയിൽ ഉപയോഗിക്കുന്നത്. നാലിഞ്ചോളം നീളത്തിലുള്ള പത്ത് എണ്ണവും. ആറിഞ്ചോളം നീളത്തിൽ രണ്ടെണ്ണവും പത്തിഞ്ചോളം വലിപ്പമുള്ള ഒരീർക്കിലുമാണ് കളിക്കു വേണ്ടത്.ഓരോ തരം ഈർക്കിലിനും വ്യത്യസ്ത വിലയാണുള്ളത്. ചെറിയ ഈർക്കലിനു 10-ഉം ഇടത്തരത്തിനു 50-ഉം ഏറ്റവും വലിയ ഒരു ഈർക്കലിനു 100-ഉം ആണ് വില.
ഈ ഈർക്കിലുകൾ പകുത്ത് കുരിശുരൂപത്തിൽ പിടിച്ച് നിലത്തേക്ക് ചെറിയ ശക്തിയിൽ ഇടും. ചിതറിക്കിടക്കുന്ന ഈർക്കിലുകൾ മറ്റു ഈർക്കിലുകൾ അനങ്ങാതെ സൂക്ഷ്മതയോടെ ഓരോന്നായി എടുക്കണം. ഏറ്റവും വലിയ ഈർക്കിലിനു മുകളിൽ ഒരു ഈർക്കിലെങ്കിലും വന്നില്ലെങ്കിൽ ആ കളിക്കാരൻ അവസരം അടുത്ത കളിക്കാരനു കൈമാറണം. നിലത്ത് വീണിരിക്കുന്ന ഈർക്കലുകൾ ഓരോന്നായി മറ്റുള്ള ഈർക്കലുകൾ അനങ്ങാതെ എടുക്കണം.പുറത്തേക്ക് ഒറ്റയായി തെറിച്ചു വീണിരിക്കുന്ന ഈർക്കിലുകളെ ആദ്യം കൈക്കലാക്കുന്നു. പിന്നീട് ഏതെങ്കിലും ഈർക്കിൽ ഉപയോഗിച്ച് സൂക്ഷ്മതയോടെ മറ്റു ഈർക്കിലുകളെ ചിള്ളി മാറ്റി പുറത്തെടുക്കണം. കൂടെയുള്ള കളിക്കാർ ഈർക്കിൽ അനങ്ങുന്നുണ്ടോ എന്നു നിരീക്ഷിക്കും.അനങ്ങിയാൽ കളിനിർത്തി അടുത്തയാൾക്കു കളിക്കാം. അനങ്ങുന്നതുവരെ സ്വന്തമായി കിട്ടിയ ഈർക്കിലിന്റെ വില കൂട്ടി വെക്കും. മുഴുവൻ ഈർക്കിലുകളും എടുക്കാനായാൽ 300 വില ആ കളിക്കാരനു ലഭിക്കും.കളിയിൽ വിദഗ്ധനായാൽ ഉയരത്തിൽ നിന്നും, ശക്തിയിലും ഈർക്കിൽ കൂട്ടം താഴോട്ടിട്ട് ഏറ്റവും വലിയ ഈർക്കിലിനു മുകളിൽ ഒന്നോ രണ്ടൊ ഈർക്കിൽ മാത്രം വരുന്ന വിധം ചിതറി ഇടാനും മറ്റുള്ള ഈർക്കലുകൾ പരസ്പരം തൊടാതെ അകന്നു വീഴ്താനും സാധിക്കും.
നിബന്ധനകൾ
ഈർക്കിലുകൾ കുരിശുരൂപത്തിൽ പിടിക്കണം.
തറയിലേക്കിട്ടു ചിതറിക്കുമ്പോൾ 100 എന്ന ഈർക്കലിനു മുകളിൽ ഏതെങ്കിലും ഒരു ഈർക്കൽ ഉണ്ടായിരിക്കണം.
എല്ലാ ഈർക്കലും അനങ്ങാതെ എടുത്താൽ തുടർന്നു കളിക്കാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ