അലർജി

പഴയ കിടക്ക വിരി ഒന്നു കുടഞ്ഞ് നോക്കിയാൽ പാറിപ്പടരുന്ന പൊടി ഉള്ളിൽ കയറിയാൽ തുമ്മാത്തവർ ചുരുക്കമാണ്. ചിലർക്ക് ഉഗ്രൻ അലർജി ലക്ഷണങ്ങൾ തുടങ്ങും. തുമ്മലും ചീറ്റലും മാത്രമാവില്ല, ചിലപ്പോൾ ശരീരം ചൊറിച്ചിലും, തിണിർപ്പും, ശ്വാസതടസവും, ആസ്ത്മയും ഒക്കെയായി സംഗതി കൈവിട്ട അവസ്ഥയാകും. ചിലർ  മാരക ലക്ഷണങ്ങളുമായി  ആശുപത്രിയിൽ എത്തും. താത്കാലികാശ്വാസമായി ആന്റി ഹിസ്റ്റമിനുകൾ എന്ന വിഭാഗം മരുന്നുകൾ കഴിച്ച് പിടിച്ച് നിൽക്കും ചിലർ.  പൊടി അലർജി കൊണ്ട്   ജീവിതകാലം മുഴുക്കെ പേടിച്ച്  ജീവിക്കുന്ന അവസ്ഥയിലായവരും ഉണ്ടാകും. 

ഹൗസ് ഡസ്റ്റ് മൈറ്റ് എന്ന  ജീവിയാണ് ഈ അലർജിക്കഥയിലെ  പ്രധാന വില്ലൻ.  വെറും കണ്ണുകൊണ്ടു കാണാൻ പോലുമാകാത്ത ഇത്തിരികുഞ്ഞന്മാർ. വീടുണ്ടാക്കി വിരിപ്പു വിരിച്ച്  മനുഷ്യർ കിടന്നുറങ്ങാൻ തുടങ്ങിയ പുരാതന കാലം മുതൽ നമ്മുടെ കൂടെ സഹശയനം ആരംഭിച്ചവരാണ് ഈ ഡസ്റ്റ്  മൈറ്റുകൾ. കടിക്കില്ല, ചോരകുടിക്കില്ല, മറ്റ് ശല്യമൊന്നുമില്ല ഇവരെകൊണ്ട്. പക്ഷെ അലർജ്ജിക്കുഴക്കൽ ലോകമെങ്ങും  ഒരു  പ്രശ്നമാണുതാനും.

നഖം വളർന്നു വരുന്നതുപോലെ നമ്മുടെ ശരീരത്തിൽ  പുതിയ തൊലിയും  അടിയിൽ നിന്നു വളർന്നുവരുന്നുണ്ടല്ലൊ, അതോടെ പുറം തൊലി മൃതമായി പതുക്കെ അടർന്ന് പൊഴിയും. നമ്മുടെ ജീവിതത്തിന്റെ മൂന്നിലൊരുഭാഗം സമയം  കിടന്നാണല്ലോ തീർക്കുന്നത്.  കിടക്കുന്നിടത്തും ഇരിക്കുന്നിടത്തും ഉടുപ്പിലും വിരിപ്പിലും ഒക്കെയായി  ഓരോ ദിവസവും തണ്ടും തടിയുമുള്ള മുതിർന്ന ശരാശരി മനുഷ്യൻ ഒരു ഗ്രാമിനടുത്ത് ചത്ത തൊലിപ്പൊടി അടർത്തിവീഴ്ത്തുന്നുണ്ടെന്ന്  സാരം. പൊഴിഞ്ഞ് വീണ ഈ തൊലിഅടരുകളാണ് എട്ടുകാലുള്ള ഈ ഡസ്റ്റ് മൈറ്റുകളുടെ പ്രിയ ഭക്ഷണം (സ്കാബിസ് മൈറ്റുകളെ പോലെ ദേഹത്ത് കയറി ശല്യപ്പെടുത്തില്ല) . ഒരു ഗ്രാം തൊലിപ്പൊടി  മതി പത്തു ലക്ഷം പൊടി മൂട്ടകൾക്ക് കുശാൽ ഭക്ഷണത്തിന്.  കായ ഉപ്പേരി കറുമുറ തിന്നുന്നതുപോലെ സധാ സമയവും തീറ്റതന്നെ..  അടർന്നു വീണ തൊലിയിൽ യീസ്റ്റും, ബാക്റ്റീരിയകളും എല്ലാം ചേർന്ന് കോളനികൾ സ്ഥപിച്ചിട്ടുണ്ടാകും. കൂടെ കാറ്റിലൂടെ  പാറിവന്നടിയുന്ന പൂമ്പൊടികൾ,  വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും താരനുകൾ എല്ലാം കൂടിയ ഒരു അവിയലായിരിക്കും അത്.  ഇവയും ഭക്ഷണമാക്കും ഈ പഹയർ .

ഉറപ്പുള്ള തൊലിക്കോശങ്ങളെ  ദഹിപ്പിക്കാൻ വേണ്ട എൻസൈമുകൾ  ഇവയുടെ കുടലിൽ ധാരാളം ഉണ്ടാകും. തീറ്റയോടൊപ്പം  പിറകിലെ മലദ്വാരത്തിലൂടെ ദിനവും രണ്ടായിരത്തോളം  ചെറു ഉരുള മലം ഒരോ മൈറ്റുകൾ ഇട്ടുകൂട്ടും. അതിൽ കുടലിലെ എൻസൈമുകൾ പുരണ്ടിട്ടുണ്ടാകും. ഈ മലമാണ്  അലർജനുകളുടെ ഒന്നാം സ്രോതസ്.  കുറഞ്ഞ ഹ്യുമിഡിറ്റിയിലും കൂടിയ ഊഷ്മായവിലും മൈറ്റുകൾ ചത്തുപോകുമെങ്കിലും   പൊടിമൂട്ടകളുടെ ശവശരീരപ്പൊടിയും അലർജിക്ക് സഹായകമാണ്. കിടക്ക -തലയിണകളിലും വിരിപ്പിലും പുതപ്പിലും  മാത്രമല്ല, സോഫകൾ, കാർപെറ്റുകൾ, തിരശീലകൾ കുഷനുകൾ, തുടങ്ങി മനുഷ്യർ തൊട്ട് ഇടപെടുന്ന ഇടത്തെല്ലാം  ഇവരുടെ സാന്നിദ്ധ്യമുണ്ടാകും. അതിനാൽ ഡസ്റ്റ് മൈറ്റുകളില്ലാത്ത ഒരു വീട് സ്വപ്നങ്ങളിൽ മാത്രം സാദ്ധ്യമാണ്.

ആർത്രോപോഡ ഫൈലംത്തിൽ ഉൾപ്പെടുന്ന ഇവയുടെ പന്ത്രണ്ട് സ്പീഷിസുകളാണ് മനുഷ്യരുമായി ബന്ധപ്പെട്ട് കാണപ്പെടുന്നത് . ഇതിൽ  സാധാരണമായി കാണുന്ന ഇനമാണ്  Euroglyphus maynei .ഇതുകൂടാതെ യൂറോപ്പിയൻ ഹൗസ് ഡസ്റ്റ് മൈറ്റ്,  ( Dermatophagoides pteronyssinus)  , അമേരിക്കൻ ഹൗസ് ഡസ്റ്റ് മൈറ്റ് ( Dermatophagoides farinae ) എന്നിവയാണ് പ്രധാനയിനങ്ങൾ. അർദ്ധസുതാര്യമായ ശരീരവും വളരെ കുറഞ്ഞ വലിപ്പവും ഉള്ളതിനാൽ വെറും കണ്ണുകൊണ്ട് കാണാൻ സാദ്ധ്യമല്ല.
0.2 മുതൽ 0.3 മില്ലീമീറ്റർ മാത്രമാണ് വലിപ്പം. ക്രീം നിറത്തിലുള്ള  പുറംതോടിൽ കുഞ്ഞു വരകളുണ്ടാകും.

ഒരു ആൺ മൈറ്റിന്റെ ആയുസ് 10-19 ദിവസം ആണെങ്കിൽ പെൺ മൈറ്റുകൾ 70 ദിവസം വരെ ജീവിക്കും. അവസാനത്തെ അഞ്ച് ആഴ്ചകൊണ്ട് ഈ പെൺ മൈറ്റുകൾ 60 മുതൽ 100 മുട്ടകൾ വരെ ഇട്ടുകൂട്ടും. പശയുടെ ആവരണം ഉള്ള മുട്ടകൾ  തൊട്ടതിലെല്ലാം ഒട്ടിപിടിച്ച്നിന്നോളും.   മുട്ടകൾ - മൈനസ് 70 ഡിഗ്രി സെൽഷിയസ് തണുപ്പിലും അതിജീവിക്കുമെങ്കിലും ചൂട് താങ്ങില്ല.  

മൂന്നു മണിക്കൂറെങ്കിലും നല്ല വെയിലിൽ ഇട്ടുണക്കിയാൽ  മൈറ്റുകളുടെ കഥകഴിയും. ചൂട് വെള്ളത്തിൽ മുക്കിയാലും ചത്തുപോയ്ക്കോളും.. ഇഴയടുപ്പം കൂടുതലുള്ള തുണികൾ ഇവയ്ക്ക് ഒളിച്ച് കഴിയാൻ സൗകര്യം കൊടുക്കാത്തതിനാൽ അത്തരം കിടക്ക വിരികൾ ഉപയോഗിക്കുന്നത് നല്ലതാണ്. പ്രത്യേക ഫിൽട്ടറുകൾ ഘടിപ്പിച്ച വാക്വം ക്ളീനറുകൾ ഉപയോഗിച്ച് വീട്ടിനകത്തെ പൊടി കൃത്യമായി  നീക്കം ചെയ്യുന്നതും കിടപ്പുമുറികളിലെ ഹ്യുമിഡിറ്റി നിയന്ത്രിച്ചും വിരികൾ കഴുകി ഉണക്കി ഉപയോഗിച്ചും വളർത്തുമൃഗങ്ങളെ കിടപ്പു മുറിയിൽ കടത്താതെ നോക്കിയും ഒക്കെ  ഇവയുടെ കോളനികൾ ഭീകരമകുന്നത് കുറക്കാം.

ഈ പൊടിമൂട്ടകളെ തിന്നാൻ ഇഷ്ടമുള്ള ശത്രുക്കളാണ്  വാലൻ മൂട്ടകളും ചിലയിനം അലർജിക്ക് മൈറ്റുകളും, പക്ഷെ അവരും നമുക്ക് പ്രശ്നക്കാർ തന്നെ. തുമ്മാതെ ചീറ്റാതെ ജീവിക്കാൻ വലിയ പാടാണെന്ന് ഉറപ്പ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)