ആറു മാസമായ കുട്ടികളുടെ ആഹാരക്രമം
ആറു മാസമായ കുട്ടികളുടെ ആഹാരക്രമം
കേരളത്തിലെ കുട്ടികളിലെ ആരോഗ്യം ഒരു വഴിത്തിരിവിലാണെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഒരു കാലത്ത് മുതിര്‍ന്നവരില്‍ മാത്രം കണ്ടിരുന്ന പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, അമിത വണ്ണം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ ഇന്ന് കുട്ടികളിലും സാധാരണമാണ്. തെറ്റായ ഭക്ഷണ ശൈലിയാണ് കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണം. ജനിച്ച് 6 മാസമാകുന്നത് വരെ കുട്ടികളില്‍ മുലപ്പാല്‍ മാത്രമെ നല്‍കാവു എന്ന് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നുണ്ട്.
*1. കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം?
ഒരു കുഞ്ഞിന്റെ ആഹാര്യത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം സൂചിപ്പിക്കേണ്ടത് മുലപ്പാലിനെ കുറിച്ചാണ്. ഒരമ്മയ്ക്ക് കുഞ്ഞിന് നല്‍കാവുന്ന ഏറ്റവും മികച്ച വാക്‌സിനാണ് മുലപ്പാല്‍. കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്കകം തന്നെ മുലപ്പാല്‍ നല്‍കേണ്ടതാണ്. കുഞ്ഞിന്റെ മാനസിക, ശാരീരിക വളര്‍ച്ചയ്ക്ക് മുലപ്പാല്‍ അനിവാര്യ ഘടകമാണ്.
*2. കുഞ്ഞിന് മുലപ്പാല്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
അമ്മ ഇരുന്നു മാത്രമേ കുഞ്ഞിനെ മുലയൂട്ടാന്‍ പാടുള്ളു. ഒരിക്കലും കിടന്നു കൊണ്ട് കുഞ്ഞിനെ മുലയൂട്ടാന്‍ പാടില്ല. കിടന്ന് മുലയൂട്ടുമ്പോള്‍ മലപ്പാല്‍ മൂക്കിലോ, ചെവിയിലോ കടന്ന് പിന്നീട് കുഞ്ഞിന് മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. പാല്‍ കൊടുത്ത ശേഷം കുഞ്ഞിന്റെ മുതുകില്‍ പതുക്കെ തട്ടി വയറിനുള്ളില്‍ അടിഞ്ഞു കൂടിയ ഗ്യാസ് പുറത്ത് കളയേണ്ടതാണ്.
*3. കുഞ്ഞുങ്ങളില്‍ എപ്പോള്‍ മുതല്‍ കട്ടി ആഹാരം നല്‍കിത്തുടങ്ങാം?
ആറ് മാസം പ്രായമായ കുട്ടികള്‍ക്ക് മുലപ്പാലിനോടൊപ്പം കട്ടി ആഹാരങ്ങള്‍ കൊടുത്തു തുടങ്ങാം. കുറുക്ക്, ഏത്തപ്പഴം പുഴുങ്ങി ഉടച്ചത്, മുട്ടയുടെ മഞ്ഞ, വിവിധ തരം ഫലവര്‍ഗങ്ങള്‍, തുടങ്ങിയവ ഈ പ്രായത്തില്‍ നല്‍കാം. കുഞ്ഞിന് അരി, ഗോതമ്പ് തുടങ്ങിയ ആഹാരങ്ങള്‍ പരിചയപ്പെടുത്തി തുടങ്ങേണ്ട പ്രായം കൂടിയാണ് ഇത്. കുട്ടികള്‍ക്ക് ആവശ്യം കലോറി അടങ്ങിയ ഭക്ഷണങ്ങളാണ്. പ്രോട്ടീന്‍, ഫാറ്റ്, കാര്‍ബോഹൈഡ്രേറ്റ് എന്നി ഘടകങ്ങള്‍ കുഞ്ഞുങ്ങളിലെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണം.
*4. കുഞ്ഞിന് കട്ടി ആഹാരം കൊടുത്ത് ശീലിപ്പിക്കുന്നത് എങ്ങനെ?
തികച്ചും ശാന്തമായ അന്തരീക്ഷത്തിലിരുന്ന് വേണം കുഞ്ഞിന് ഭക്ഷണം നല്‍കാന്‍. നിര്‍ബന്ധിച്ചോ, ബലം പ്രയോഗിച്ചോ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പാടില്ല. കട്ടി ആഹാരം കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ കുടുങ്ങാന്‍ സാധ്യത ഉള്ളതിനാല്‍ കുറുക്കു രൂപത്തിലുള്ളവ കൊടുത്ത് വേണം തുടങ്ങാന്‍. പുതിയ ആഹാര ശൈലിയുമായി കുഞ്ഞ് പൊടുത്തപ്പെട്ട് തുടങ്ങിയാല്‍ മുതിര്‍ന്ന ആളുകള്‍ കഴിക്കുന്ന ഏത് ഭക്ഷണവും കുഞ്ഞിനെ പരിചയപ്പെടുത്താവുന്നതാണ്. കുഞ്ഞ് ആവശ്യപ്പെടുന്നത് അനുസരിച്ചാണ് ഭക്ഷണം നല്‍കേണ്ടത്. അളവ് കുറച്ച് പല തവണകളായി വിവിധ തരം ഭക്ഷണം നല്‍കുന്നതും കുഞ്ഞിന് ആഹാരത്തിലുള്ള താത്പര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
*5. ഭക്ഷണം കഴിക്കുന്ന സമയത്ത് ടി വി കാണിക്കാമോ?
കുട്ടികളെ ടെലിവിഷന്‍ മുന്നിലിരുത്തി ഭക്ഷണം കൊടുക്കുന്നത് തികച്ചും തെറ്റായ പ്രവണതയാണ്. കുഞ്ഞിന് ഭക്ഷണത്തോടുള്ള താത്പര്യം നഷ്ടപ്പെടുന്നതിന് പോലും ടി വി തടസമാകും. കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കും ടി വിക്ക് മുന്നില്‍ ഇരുത്തി ഭക്ഷണം നല്‍കുന്നത് ദോഷം ചെയ്യും.
*6. ആഹാരം മിക്‌സിയില്‍ അടിച്ചു കൊടുക്കുന്നത് പ്രോത്സാഹിപ്പിക്കാമോ?
ഒരു കാരണവശാലും കുഞ്ഞിന് ഭക്ഷണം മിക്‌സിയില്‍ അടിച്ചു നല്‍കാന്‍ പാടില്ല. ആഹാരം സ്വയം കുഴച്ച് കഴിക്കുക എന്നത് കുട്ടി സ്വയം ശീലിക്കേണ്ട ഒന്നാണ്. ചില അവസരങ്ങളില്‍ കട്ടിയുള്ള ആഹാരം കുട്ടികളില്‍ ഛര്‍ദ്ദിക്ക് കാരണമാകാം. ഭക്ഷണ പദാര്‍ത്ഥം കൈകൊണ്ട് നന്നായി ഉടച്ച് നല്‍കുന്ന എന്നതാണ് ഇതിനുള്ള പ്രതിവിധി.
*7.കുഞ്ഞ് സ്വന്തമായി ഭക്ഷണം കഴിച്ച് തുടങ്ങുന്നതെപ്പോള്‍?
ഒന്നര- രണ്ട് വയസ് ആകുമ്പോഴാണ് കുഞ്ഞുങ്ങള്‍ സ്വയം ഭക്ഷണം കഴിക്കാനുള്ള ശ്രമം തുടങ്ങുന്നത്. കുഞ്ഞിന് പ്രത്യേക പാത്രം നല്‍കി മാതാപിതാക്കള്‍ക്ക് ഒപ്പം ഇരുത്തി ഭക്ഷണം നല്‍കാവുന്നതാണ്. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് കുഞ്ഞില്‍ സന്തോഷവും ആത്മവിശ്വാസവും വളര്‍ത്തും. ഭക്ഷണം എങ്ങനെ കഴിക്കണം എന്ന നിര്‍ദ്ദേശം കുഞ്ഞിന് നല്‍കേണ്ടതാണ്.
*8. കുട്ടികള്‍ക്ക് മാംസാഹാരം നല്‍കേണ്ടതെപ്പോള്‍?
6 മാസം പ്രായമായ കുഞ്ഞിന് മുട്ടയുടെ മഞ്ഞക്കരു നല്‍കി മാംസാഹാരം പരിചയപ്പെടുത്തി തുടങ്ങാം. കുഞ്ഞ് സ്വന്തമായി ആഹാരം കഴിച്ചു തുടങ്ങുമ്പോള്‍ മത്സ്യം, മാംസം എന്നിവ നല്‍കാവുന്നതാണ്. മാംസാഹാരം കുഞ്ഞിന് അലര്‍ജി ഉണ്ടാക്കുന്നില്ലെന്ന് അമ്മ പ്രത്യേകം ഉറപ്പ് വരുത്തണം. അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണം കുറച്ച് കാലത്തേക്കെങ്കിലും കുഞ്ഞിന് നല്‍കാതെ ശ്രദ്ധിക്കണം. മുട്ടയ്ക്കും മാംസത്തിനും ഒപ്പം കുഞ്ഞിന് പാലും പാലുത്പന്നങ്ങളും നല്‍കേണ്ടതാണ്.
*9. ജങ്ക് ഫുഡ് കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടതുണ്ടോ?
കുഞ്ഞുങ്ങളില്‍ ജീവിതശൈലി രോഗങ്ങള്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമാണ് ജങ്ക് ഫുഡുകളും പാക്കറ്റ് ഫുഡുകളും ബേക്കറി പലഹാരങ്ങളും. ഇവ കുഞ്ഞുങ്ങളുടെ ആഹാരത്തോടുള്ള താത്പര്യത്തെ പോലും ഇല്ലാതാക്കും. മധുരം കൂടുതലുള്ള ഭക്ഷണം അമിതമായി നല്‍കുന്നതും ശരിയായ പ്രവണത അല്ല. കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വറുത്തതും പൊരിച്ചതുമായ ഭക്ഷണം കുട്ടികള്‍ക്ക് അമിതമായി നല്‍കുന്നത് അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. ബാല്യകാലം വളര്‍ച്ചയുടെ പ്രധാന ഘട്ടമായതിനാല്‍ കുഞ്ഞുങ്ങളുടെ ആഹാര രീതിയാല്‍ അതീവ ശ്രദ്ധ മാതാപിതാക്കള്‍ നല്‍കേണ്ടതാണ്. പഴം, പച്ചക്കറി, ഇല വര്‍ഗങ്ങള്‍, പയറു വര്‍ഗങ്ങള്‍, മാംസാഹാരം തുടങ്ങിയവ കുഞ്ഞിന്റെ ബുദ്ധി വളര്‍ച്ചയ്ക്ക് അനിവാര്യ ഘടകങ്ങളാണ്.
*10.പ്രഭാത ഭക്ഷണത്തിന്റെ പ്രാധാന്യം
മുതിര്‍ന്നവരില്‍ എന്ന പോലെ കുട്ടികളിലും അതീവ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് പ്രഭാത ഭക്ഷണം. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളില്‍. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജത്തെ സ്വാധീനിക്കുന്നതില്‍ പ്രാതലിന് മുഖ്യ പങ്കുണ്ട്. മുതിര്‍ന്നവര്‍ കഴിക്കുന്ന ഏത് പ്രഭാത ഭക്ഷണവും കുട്ടികള്‍ക്കും നല്‍കാവുന്നതാണ്. പ്രാതല്‍ ഒഴിവാക്കുന്ന കുട്ടികളില്‍ ദിവസം മുഴുവന്‍ അമിത ക്ഷീണം, പഠിക്കാനുള്ള താത്പര്യക്കുറവ്, അലസത തുടങ്ങിയവ കണ്ടു വരാറുണ്ട്. ഒരു ദിവസം മുഴുവന്‍ ഊര്‍ജസ്വലരായിരിക്കാന്‍ ശരിയായ ഭക്ഷണവും ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതുമാണ് ആദ്യ പോംവഴി.
കടപ്പാട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ