മഹാ പ്രപഞ്ചത്തിലെ മണൽത്തരി...

മഹാ പ്രപഞ്ചത്തിലെ മണൽത്തരി...

സൗരയൂഥത്തിൽ നമ്മൾ ഒറ്റക്കാണോ ? ഈ ചോദ്യത്തിനുത്തരം തേടി 40 വർഷങ്ങൾക്കുമുൻമ്പ് നാസയുടെ വോയേജർ 1, വോയേജർ 2, എന്നീ പേടകങ്ങൾ കുതിച്ചുയർന്നു. കൃത്യമായി പറഞ്ഞാൽ ഫ്ലോറിഡയിലെ കേപ്പ്കാനവരിൽ നിന്ന് 1977 ഓഗസ്റ്റ് 20 , സെപ്റ്റംബർ 5 നായിരുന്നു അത്.
വ്യാഴം, യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളെക്കുറിച്ചറിയാനാണ് വോയജർ ദൗത്യം ഉപയോഗിച്ചത്, പക്ഷെ  ഭൂമിക്കപ്പുറമുള്ള, ശാസ്ത്രലോകത്തിന് അജ്ഞാതമായ വിലപ്പെട്ട അറിവുകളാണ് ഇവ നമുക്ക് പകർന്നു തന്നത്. ഭൂമിക്ക് വെളിയിലുള്ള സജീവമായ അഗ്നിപർവ്വതത്തെ ആദ്യമായി കണ്ടെത്തിയത് വോയേജർ ആണ്.

വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോ ഇൽ ആണ് ഇത്. ഇതിൽ നിന്നുള്ള പൊടിയും പുകയും നമ്മുടെ എവറസ്റ്റ്  കൊടുമുടിയുടെ 30 മടങ്ങു പൊക്കത്തിൽ ഉയരുന്നു എന്ന് ഇവ ചിത്രങ്ങളിലൂടെ വ്യക്തമാക്കിത്തന്നു. ശനിയുടെ വലയങ്ങളിൽ ആയിരക്കണക്കിന് ചെറു വസ്തുക്കളും ഹിമ ധൂളികളുമുണ്ടെന്നും കണ്ടെത്തി. സൗരയൂഥത്തിൽ ഏറ്റവും സംഗീർണ്ണമായ ഗ്രഹ പ്രതലം, യുറാനസിന്റെ ഉപഗ്രഹമായ മിറാൻഡയില് ആണെന്നും കണ്ടെത്തി. സൗരയൂഥത്തിൽ ഏറ്റവും വേഗത്തിൽ കാറ്റു വീശുന്നത് ഭൂമിയിലല്ലെന്നും നെപ്ട്യൂണിലാണെന്നും അതിനു മണിക്കൂറിൽ 2100 കിലോമീറ്റർ  വേഗമുണ്ടെന്നും കണ്ടെത്തി. ഇതുപോലെ പതിനായിരക്കണക്കിന് ചിത്രങ്ങളും വിവരങ്ങളും ഇവ നമുക്ക് നൽകിയിട്ടുണ്ട്.

പ്രശസ്ത ശാസ്ത്രജ്ഞനായ കാൾ സാഗൻന്റെ നിർദേശപ്രകാരം ഈ പേടകത്തിനകത്തു ഒരു ഗോൾഡൻ ഡിസ്ക് സൂക്ഷിച്ചിട്ടുണ്ട്. ഭൂമിയിലെ ശബ്ദങ്ങൾ, ചിത്രങ്ങൾ, പല ഭാഷയിലുള്ള ആശംസകളും ഗാനങ്ങളും ഇതിൽ ആലേഖനം ചെയ്തിരിക്കുന്നു. ഇതിന്റെ ഉദ്ദേശ്യം എന്നെങ്കിലും ഈ പേടകങ്ങൾ ഏതെങ്കിലും ഒരു അന്യ ഗ്രഹ ജീവി കാണുകയാണെങ്കിൽ നമ്മുടെ ഭൂമിയെക്കുറിച്ചു മനസ്സിലാക്കാൻ വേണ്ടിയാണ്‌.  നമ്മുടെ രാജ്യത്തിനും അഭിമാനിക്കാം ഇന്ത്യയിൽ നിന്നുള്ള ഒരു ഗാനം ഇതിലുണ്ട്. ജാത് കഹാൻ ഹോ എന്ന ഗാനം, യു ട്യൂബിൽ സേർച്ച് ചെയ്താൽ ഇത് നിങ്ങൾക്കും കേൾക്കാം.

ഈ വോയജർ പേടകങ്ങൾ ഇപ്പോൾ എവിടെയാണ് ?? സൗരയൂഥത്തിന്റെ അതിർത്തി കടന്നു ബാഹ്യ പ്രപഞ്ചത്തിലേക്കു, ഇന്റർ സ്റ്റെല്ലാർ അഥവാ നക്ഷത്രങ്ങളുടെ ലോകത്തേക്ക് അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. നിലവിൽ ഇവയെയാണ് ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത വസ്തുക്കളായി കണക്കാക്കപ്പെടുന്നുന്നത്.
ഇപ്പോൾ ഇത് എഴുതുമ്പോൾ നാസയുടെ സൈറ്റിൽ നിന്നുള്ള വിവരമനുസരിച് ഏകദേശം 141 A U ദൂരത്താണ്. ഒരു A U എന്നാൽ അസ്ട്രോണമിക്കൽ യൂണിറ്റ് അഥവാ ഭൂമിയും സൂര്യനും തമ്മിലുള്ള അകലം (150 മില്യൺ കിലോമീറ്റർ). പേടകത്തിൽ നിന്നും വിവരങ്ങൾ പ്രകാശ വേഗത്തിൽ (സെക്കൻഡിൽ മൂന്നു ലക്ഷം കിലോമീറ്റർ) ഭൂമിയിലെത്താൻ ഏകദേശം 20 മിനിറ്റു വേണം.

കുറച്ചു വർഷങ്ങൾക്കുമുൻപ് ഇതിന്റെ ക്യാമറകൾ മിഴിയടച്ചു 2025 ആകുമ്പോഴേക്കും ഇതിന്റെ പ്രവർത്തനങ്ങളെല്ലാം നിലക്കും പിന്നെ അനന്തമായ യാത്രയാണ് വിധി. 40000 വർഷം കൊണ്ട് വോയേജർ 1, A C + 793888 എന്ന ചുമപ്പ് കുള്ളൻ നക്ഷത്രത്തിന് 1.6 പ്രകാശ വർഷം അടുത്തെത്തും. 2.96 ലക്ഷം വർഷം കൊണ്ട് സിറിയസ് നക്ഷത്രത്തിന് അടുത്തെത്തും. പക്ഷെ അതൊന്നും ഭൂമിയിൽ നമ്മൾ അറിയില്ലെന്ന് മാത്രം .

അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട് 1990 ഫെബ്രുവരിയിൽ ശാസ്ത്രജ്ഞർ വോയേജർ ഏകദേശം 400 കോടി കിലോമീറ്റർ അകലെയെത്തിയപ്പോൾ അതിന്റെ ക്യാമറ ഭൂമിക്കു നേരെ തിരിച്ചു വെച്ച് ഒരു സെൽഫി എടുത്തു... ഒരു നീല മണൽത്തരി പോലെ തിളങ്ങുന്ന നമ്മുടെ ഭൂമിയെയാണ് കണ്ടത്... (ചിത്രം ഈ പോസ്റ്റിനോടൊപ്പം താഴെ കൊടുക്കുന്നു ) ...ചിന്തിക്കുക ഒരു മണൽത്തരിയുടെ വലിപ്പമുള്ള ഇവിടം, അതിനേക്കാൾ ചെറുതായ നമ്മൾ...
നാം ഇതുവരെ സ്നേഹിച്ചവരും വെറുത്തവരും അറിഞ്ഞവരും അറിയാത്തവരും, ഇതുവരെ ജനിച്ച എല്ലാ മനുഷ്യ ജീവിതങ്ങളും ആ നീലത്തരിയിലാണ് പുഷ്പ്പിക്കുകയും കൊഴിയുകയും ചെയ്തത്. നമ്മുടെ കൊച്ചു സന്തോഷങ്ങളും ദുഖങ്ങളും, മതങ്ങളും തത്വ ശാസ്ത്രങ്ങളും, എല്ലാ ധീരനും ഭീരുവും, എല്ലാ വേട്ടക്കാരനും ഇരയും, എല്ലാ രാജാവും കര്‍ഷകനും, എല്ലാ പ്രണയിതാക്കളും, അച്ഛനും അമ്മയും കുഞ്ഞും, എല്ലാ അഴിമതി വീരനായ രാഷ്ട്രീയക്കാരനും, എല്ലാ സൂപ്പര്‍ താരങ്ങളും ലോക നേതാക്കളും എല്ലാം അവിടെയാണ്. സൂര്യപ്രകാശത്തില്‍ തൂങ്ങിക്കിടക്കുന്ന ആ ചെറു നീലത്തരിയില്‍.

ഈ നീലത്തരിയുടെ ഒരു കഷ്ണം ഏതാനും നിമിഷത്തേക്ക് തന്റെ സ്വന്തമാക്കാന്‍ ചോരപ്പുഴകള്‍ ഒഴുക്കിയ ചക്രവര്‍ത്തിമാരും സൈന്യാധിപന്മാരും എത്രയെത്ര. ഈ ചെറു കുത്തിന്റെ ഒരറ്റത്ത് താമസിക്കുന്നവര്‍ മറ്റേ അറ്റത്ത് ജീവിക്കുന്നവര്‍ക്കെതിരെ എന്തെന്തു ക്രൂരതകളാണ് ചെയ്യുന്നത് ? എത്ര കഠിനമായാണ് അവര്‍ പരസ്പരം വെറുക്കുന്നത് ?
നമ്മുടെ അഹങ്കാരം നിറഞ്ഞ അട്ടഹാസങ്ങളും ഈ പ്രപഞ്ചത്തില്‍ വിശേഷപ്പെട്ട എന്തോ ആണ് നാം എന്ന മിഥ്യാബോധവുമെല്ലാം ഈ ഒരൊറ്റ ചിത്രത്താല്‍ വെല്ലുവിളിക്കപ്പെടുന്നു. തമസ്സ് മൂടിയ ജഗത്തിലെ ഒരു ഒറ്റപ്പെട്ട പുള്ളിയായി മാത്രം നാം നമ്മെ തിരിച്ചറിയുന്ന ചിത്രം...!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)