ഭക്ഷണ സമയവും വന്ധ്യതയും തമ്മിലെന്ത്?
ഭക്ഷണ സമയവും വന്ധ്യതയും തമ്മിലെന്ത്?
ജീവിത ശൈലിയും ജോലിയുടെ സ്വഭാവവും കാരണം നമ്മളില്‍ പലരും രാത്രി വൈകിയുള്ള ഭക്ഷണശീലമുള്ളവരാണ്. നല്ല സമയം മുഴുവന്‍ മറ്റ് പല കാര്യങ്ങളിലും മുഴുകി രാത്രി പത്ത് കഴിഞ്ഞാല്‍ തട്ടുകടകളിലും ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകളിലും ശരണം തേടുന്നവര്‍, അല്ലാത്തവരാവട്ടെ കാര്യമില്ലാതെ നേരം കളഞ്ഞ് ഭക്ഷണം വൈകിപ്പിക്കുന്നവരും. ചുരുക്കം ചിലരെങ്കിലും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്ന രീതി പിന്തുടരുന്നവരാണെങ്കിലും കണക്കെടുക്കാന്‍ തുനിഞ്ഞാല്‍ പത്തില്‍ പകുതിയെങ്കിലും പത്തുമണിക്കപ്പുറം ഭക്ഷണം കഴിക്കുന്നവരാണ്.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നവര്‍ അവര്‍ അറിയാതെ സ്വന്തം ശരീരത്തിന്റെ താളം തെറ്റിക്കുകയാണ് ചെയ്യുന്നത്. കൗമാര പ്രായം മുതല്‍ ഇങ്ങോട്ട് രാത്രി വൈകി ഭക്ഷണം കഴിക്കുന്നവര്‍ സ്വന്തം മധ്യവയസ്സ് കാലഘട്ടത്തിന് മുന്‍കൂട്ടി രോഗം ബുക്ക് ചെയ്യുകയാണ് ചെയ്യുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പെന്‍സില്‍വാനിയ സര്‍വകലാശാലയുടെ പഠനത്തില്‍ രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരില്‍ പ്രമേഹ സാധ്യത വര്‍ധിക്കുന്നു. വൈകിയുള്ള ഭക്ഷണം രക്തത്തില്‍ പഞ്ചസാരയുടേയും ഇന്‍സുലിന്റേയും അളവ് വര്‍ധിപ്പിക്കുന്നു. ഇത് രണ്ടും പ്രമേഹത്തിന് കാരണമാവുന്നു. മെറ്റബോളിക് തകരാറുകളായ രക്തസമ്മര്‍ദം, ശരീരഭാരം, കൊളസ്‌ട്രോള്‍ തുടങ്ങിയ വര്‍ധിപ്പിക്കാനും വൈകിയുള്ള രാത്രിഭക്ഷണം കാരണമാവുന്നു. രാത്രി ഉറങ്ങുന്നതിന് മുന്‍പ് രണ്ട് മണിക്കൂര്‍ വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ അത്തരക്കാരില്‍ രക്തസമ്മര്‍ദം വര്‍ധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
രാത്രി ഭക്ഷണം വൈകുമ്പോള്‍ ഉറക്കവും വൈകുന്നു. ഇത് രാവിലെ എഴുന്നേൽക്കലിനെ വൈകിപ്പിക്കും. ഇത് ശീലമായി തുടര്‍ന്നാല്‍ ഗുരുതരമായ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് പിന്നാലെയുണ്ടാവുന്നത്. ഉറക്കവും ക്രിയാത്മകതയും തീരുമാനിക്കുന്ന മെലടോണിനും സിറോടോണിനും അസന്തുലിതമായി തുടരും. ഇത് അമിതവണ്ണം, ആര്‍ത്തവ പ്രശ്‌നങ്ങള്‍, വന്ധ്യത തുടങ്ങിയവയ്ക്കും കാരണമാവും.*
അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നത് രാത്രി ഭക്ഷണം വൈകുന്നതിന്റെ കാരണമാവുന്നുണ്ട്. നെഞ്ചെരിച്ചല്‍ പുളിച്ചു തികട്ടല്‍ ദഹനക്കേട്, ഉദരസംബന്ധിയായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ രാത്രി ഭക്ഷണം വൈകുന്നതിന്റെ അന്തിമഫലങ്ങളായി മാറും.
ഗ്രെലിൻ എന്ന ഹോര്‍മോണ്‍ ആമാശയമാണ് ഉത്പാദിപ്പിക്കുന്നത്. ഹംഗര്‍ ഹോര്‍മോണ്‍ എന്നും ഇത് അറിയപ്പെടുന്നു. വിശപ്പ് ഉദ്ദീപിപ്പിക്കുന്നതിനും ഭക്ഷണത്തോട് ആഗ്രഹം തോന്നിപ്പിക്കുന്നതിനും ഈ ഹോര്‍മോണിന് പങ്കുണ്ട്. അസമയത്തുള്ള ഭക്ഷണം ഈ ഹോര്‍മോണിന്റെ താളം തെറ്റിക്കുകയും ഉറക്കക്കുറവ് ഉണ്ടാക്കുകയും ചെയ്യും.
ജീവിതശൈലി പുന:ക്രമീകരിക്കുകയല്ലാതെ മറ്റൊരു പരിഹാരവും ഈ പ്രശ്‌നങ്ങള്‍ക്ക് പ്രതിരോധമായി ഇല്ല. കട്ടികൂടിയ ആഹാരം വൈകി കഴിച്ചയുടനെ ഉറങ്ങുന്നത് ഉറക്കത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നു.*
സന്ധ്യയ്ക്ക് ഭക്ഷണം കഴിച്ച് ദഹിച്ചതിനുശേഷം ഉറങ്ങുന്നതാണ് നമ്മുടെ പാരമ്പര്യം. അതായത് ഭക്ഷണം കഴിച്ച് നാല് മണിക്കൂറെങ്കിലും കഴിഞ്ഞതിനുശേഷം വേണം ഉറക്കം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ