പേസ്‌മേക്കര്‍: അറിയേണ്ടകാര്യങ്ങള്‍

പേസ്‌മേക്കര്‍: അറിയേണ്ടകാര്യങ്ങള്‍

ഹൃദയനിരക്ക്‌ കുറവുള്ള രോഗികളുടെ ഹൃദയ പേശികളിലേക്ക്‌ ഇലക്‌ട്രിക്‌ തരംഗങ്ങള്‍ അയച്ച്‌ കൃത്രിമമായി ഹൃദയമിടുപ്പ്‌ നല്‍കുന്നതിന്‌ വേണ്ടി ഉപയോഗിക്കുന്ന വളരെ ചെറിയ ഉപകരണമാണ്‌ പേസ്‌മേക്കര്‍. 25 മുതല്‍ 35 ഗ്രാം ഭാരമേ ഇതിന്‌ ഉണ്ടാകു.

മിനുട്ടില്‍ 60 മുതല്‍ 100 വരെയാണ്‌ ഹൃദയമിടുപ്പിന്റെ സാധാരണ നിരക്ക്‌. എന്നാല്‍, ഹൃദയമിടുപ്പിന്റെ നിരക്ക്‌ മിനുട്ടില്‍ 40 ല്‍ താഴെ ആവുകയാണെങ്കില്‍ തലകറക്കവും ബോധക്കേടും ഉണ്ടായെന്നു വരും. ഇത്തരം ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ പെട്ടെന്ന്‌ തന്നെ ഡോക്ടറെ കാണുക.

ഹൃദയ പേശികളെ ഉത്തേജിപ്പിക്കുന്നതിന്‌ പുറമെ പേസ്‌മേക്കറിന്‌ ഹൃദയമിടുപ്പ്‌ സാധാരണഗതിയിലായത്‌ തിരിച്ചറിയാനും കഴിയും. ഹൃദയമിടുപ്പ്‌ സാധാരണ ഗതിയിലായെന്ന്‌ അറിഞ്ഞ്‌ കഴിഞ്ഞാല്‍ ഇവ പിന്നീട്‌ അനാവശ്യമായി പേശികളെ ഉത്തേജിപ്പിക്കില്ല. ആവശ്യം അറിഞ്ഞ്‌ മാത്രമെ ഇത്‌ പ്രവര്‍ത്തിക്കുകയുള്ളു. അതിനാല്‍ ബാറ്ററിയെ സംരക്ഷിക്കുകയും പേസ്‌മേക്കറിന്റെ കാലയളവ്‌ ഉയര്‍ത്തുകയും ചെയ്യും.

ഇടതോ വലതോ തോളെല്ലിന്റെ താഴെയായി ചര്‍മ്മത്തിനും കൊഴുപ്പിനും അടിയിലായാണ്‌ പേസ്‌ മേക്കര്‍ സ്ഥാപിക്കുന്നത്‌. പേസ്‌മേക്കറിന്റെ ലീഡ്‌ ഞരമ്പ്‌ വഴിയാണ്‌ ഹൃദയപേശികളുമായി ബന്ധിപ്പിക്കുന്നത്‌.

പേസ്‌മേക്കറിന്റെ പ്രവര്‍ത്തനം പ്രോഗ്രാം ചെയ്‌ത്‌ വച്ചിരിക്കുന്നതിനാല്‍ പുറമെ നിന്നും മാറ്റം വരുത്താന്‍ കഴിയും. പ്രവര്‍ത്തന നിരക്ക്‌ അനുസരിച്ച്‌ സാധാരണ രീതിയില്‍ പേസ്‌ മേക്കര്‍ പത്ത്‌ മുതല്‍ 12 വര്‍ഷം വരെ നിലനില്‍ക്കാറുണ്ട്‌.

പേസ്‌ മേക്കര്‍ വച്ചവര്‍ക്ക്‌ സാധാരണ ജീവിതം നയിക്കാന്‍ കഴിയും. എങ്കിലും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതായുണ്ട്‌.

പേസ്‌ മേക്കര്‍ പിടിപ്പിച്ചിരിക്കുന്ന വശത്തിന്റെ എതിര്‍ വശത്തെ ചെവിയിലെ സെല്‍ഫോണ്‍ ഉപയോഗിക്കാവു. ഉദാഹരണത്തിന്‌ ഇടത്‌ തോളെല്ലിലാണ്‌ പേസ്‌മേക്കറെങ്കില്‍ വലത്‌ ചെവി ഉപയോഗിക്കുക.

ഉയര്‍ന്ന ചാര്‍ജ്ജുള്ള ഇലക്ട്രിക്‌ വയറുകളുടെ സമീപത്ത്‌ പോകരുത്‌. എന്നാല്‍ വീട്ടിലെ ഇലക്‌ ട്രിക്‌ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന്‌ കുഴപ്പമില്ല. എന്നാല്‍ ഇവ നന്നായി വൈദ്യുതിരോധനം ചെയ്‌തിട്ടുള്ളവയാണന്ന്‌ ഉറപ്പ്‌ വരുത്തണം.

പേസ്‌ മേക്കര്‍ വച്ചിട്ടുള്ളവര്‍ മെറ്റല്‍ ഡിറ്റക്ടറില്‍ കൂടി വളരെ പെട്ടെന്ന്‌ കടക്കണം. സുരക്ഷ ഉദ്യോഗസ്ഥനോട്‌ പേസ്‌മേക്കര്‍ വച്ചിട്ടുള്ള കാര്യം അറിയിക്കണം.

അള്‍ട്ര സൗണ്ട്‌, എക്കോകാര്‍ഡിയോഗ്രാം, എക്‌സ്‌ റെ, സിടി സ്‌കാന്‍ പോലുള്ള പരിശോധനകള്‍ ചെയ്യാന്‍ ഭയക്കേണ്ട കാര്യമില്ല. എന്നാല്‍ പേസ്‌മേക്കര്‍ വച്ചിട്ടുള്ളവരില്‍ എംആര്‍ഐ( മാഗ്നെറ്റിക്‌ റെസൊണന്‍സ്‌ ഇമേജിങ്‌) ചെയ്യാന്‍ പാടില്ല. ഇത്‌ പേസ്‌മേക്കറിന്റെ സര്‍ക്യൂട്ടിനെ നശിപ്പിക്കും. അടുത്ത കാലത്തായി എംആര്‍ഐയ്‌ക്ക്‌ ഇണങ്ങുന്ന പേസ്‌മേക്കറുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്‌. ഇത്തരം പേസ്‌മേക്കറാണ്‌ വച്ചിരിക്കുന്നതെങ്കില്‍ എംആര്‍ഐ സുരക്ഷിതമായി ചെയ്യാം.

അര്‍ബുദ രോഗികളില്‍ ചെയ്യുന്ന റേഡിയേഷന്‍ ചികിത്സ ചിലപ്പോള്‍ പേസ്‌മേക്കറിന്‌ തകരാറുണ്ടാക്കും. റേഡിയേഷന്‍ ചെയ്യുന്ന ഭാഗവുമായി നേരിട്ട്‌ ബന്ധപ്പെടുന്ന ഭാഗത്താണ്‌ പേസ്‌മേക്കര്‍ വരുന്നതെങ്കിലാണിത്‌ സംഭവിക്കുക. അതിനാല്‍ നേരിട്ട്‌ റേഡിയേഷന്‍ പേസ്‌മേക്കറില്‍ ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുക.

പേസ്‌ മേക്കറിറില്‍ തന്നെ അധിക സവിശേഷതകള്‍ ലഭ്യമാക്കുന്ന ഉപകരണമാണ്‌ എഐസിഡി( ഓട്ടോമാറ്റിക്‌ ഇംപ്ലാന്റബിള്‍ കാര്‍ഡിയോവെര്‍ട്ടെര്‍ ആന്‍ഡ്‌ ഡിഫൈബ്രില്ലേറ്റര്‍)ആവശ്യമുള്ളപ്പോള്‍ ഇവ ഹൈ വോള്‍ട്ടേജ്‌ ഷോക്‌ ലഭ്യമാക്കും. ഇടയ്‌ക്കിടെ വെന്‍ട്രികുലര്‍ ടാകികാര്‍ഡിയ അഥവ ഫൈബ്രില്ലേഷന്‍ എന്നറിയപ്പെടുന്ന ഉയര്‍ന്ന ഹൃദയമിടുപ്പ്‌ ഉണ്ടാകുന്ന രോഗികള്‍ക്ക്‌ ഇതാവശ്യമാണ്‌.

മറ്റ്‌ തരം പേസ്‌മേക്കറുകളും ഉണ്ട്‌, കാര്‍ഡിയാക്‌ റീസിന്‍ക്രൊണൈസേഷന്‍ തെറാപ്പിയുടെ ഭാഗമായുള്ളതാണിത്‌ . സങ്കോച രീതി ഏകോപിപ്പിച്ച്‌ ഇവ ഹൃദയ അറകളുടെ രണ്ട്‌ വശങ്ങളെയും ഉത്തേജിപ്പിക്കും. ഹൃദയ അറയില്‍ ക്രമരഹിതമായ സങ്കോചം ഉള്ള രോഗികള്‍ക്ക്‌ ഈ പേസ്‌മേക്കര്‍ ആവശ്യമാണ്‌.

കടപ്പാട്‌

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)