പൊക്കിൾക്കൊടി രക്ത ബാങ്കിങ്

പൊക്കിൾക്കൊടി രക്ത ബാങ്കിങ്
കുഞ്ഞ് ജനിക്കുമ്പോൾ പൊക്കിൾക്കൊടിയിൽ നിന്നും ലഭിക്കുന്ന രക്തം ഭാവിയിലുണ്ടാകാവുന്ന ആവശ്യങ്ങൾക്കായി സൂക്ഷിച്ചു വെക്കുന്നതിനെയാണ് പൊക്കിൾക്കൊടി രക്ത ബാങ്കിങ് എന്നു പറയുന്നത്.പ്രസവത്തിനു ശേഷം മറുപിള്ളയും പൊക്കിൾക്കൊടിയും ഉപേക്ഷിക്കുകയായിരുന്നു പഴയ പതിവ്.പൊക്കിൾക്കൊടി രക്തം സൂക്ഷിച്ചുവെക്കാമെന്ന ആശയം ശാസ്ത്രലോകത്തിന് ലഭിക്കുന്നത് 1982 ഓടേയാണ്.ഫാൻകോനി അനീമിയ എന്ന പ്രത്യേകതരം രക്തകുറവിനാണ് ആദ്യത്തെ പൊക്കിൾക്കൊടി രക്തം മാറ്റിവെക്കൽ ചികിൽസ നടന്നത് ,1988ലായിരുന്നു അത്.

*പൊക്കിൾക്കൊടി രക്തത്തിന്റെ പ്രാധാന്യം*
ഈ രക്തത്തിലാണ് വിത്ത് കോശങ്ങളുടെ (Stem Cells) അളവ് കൂടുതലുള്ളത്. സ്വന്തമായി വിഭജിക്കാനും ശരീരത്തിലെ മറ്റു കോശങ്ങളായി രൂപാന്തരപ്പെടാനും കഴിവുള്ള കോശങ്ങളാണിവ. പല രോഗങ്ങളുടേയും ചികിൽസയിൽ ഈ വിത്ത് കോശങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്.

*രക്തം ശേഖരിക്കുന്ന വിധം.*
കുഞ്ഞ് ജനിച്ചയുടനെ പൊക്കിൾക്കൊടിയിൽ നിന്ന് നേരിട്ട് ഇതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ട്യൂബുകളിലേക്ക് രക്തം ശേഖരിക്കുന്നു. ഇതുമൂലം അമ്മയ്ക്കോ കുഞ്ഞിനോ യാതൊരു ദോഷവും സംഭവിക്കുന്നില്ല. ഇതോടൊപ്പം അമ്മയുടെ രക്തവും ശേഖരിക്കാറുണ്ട്.

*പ്രയോജനങ്ങൾ*
രക്ത സംബന്ധമായ രോഗങ്ങൾ ,ലുക്കീമിയ തുടങ്ങിയ രക്ത സംബന്ധമായ കാൻസറുകൾ ,ചില പ്രത്യേക തരത്തിലുള്ള രക്തകുറവ് ( അപ്ലാസ്റ്റിക് അനീമിയ) ,മജ്ജ സംബന്ധമായ രോഗങ്ങൾ എന്നിവ പൊക്കിൾക്കൊടി രക്തം ട്രാൻസ് പ്ലാന്റ് ചെയ്യുന്നതു വഴി പൂർണമായും ഭേദമാക്കാം. രക്ത സംബന്ധമായ ജനിതകരോഗങ്ങളായ താലസ്സീമിയ, അരിവാൾ രോഗം (Sickle cell anemia) എന്നിവയും ഈ രക്തം ഉപയോഗിച്ച് ചികിൽസിച്ച് ഭേദപ്പെടുത്താം. മറ്റു പല രോഗങ്ങൾക്കും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഫലപ്രദമായി ഈ രക്തം ഉപയോഗിക്കുന്നില്ലെങ്കിലും ഒട്ടേറെ ഗവേഷണങ്ങൾ ഈ രംഗങ്ങളിൽ നടക്കുന്നുണ്ട് എന്നത് പൊക്കിൾക്കൊടി രക്തബാങ്കിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
*രക്തബാങ്കിന്റെ നേട്ടങ്ങൾ*
ഒരു കുഞ്ഞിന്റെ പൊക്കിൾക്കൊടി രക്തം സൂക്ഷിച്ചു വെച്ചാൽ ആ കുഞ്ഞിന് ഭാവിയിൽ പിടിപെടാവുന്ന ലുക്കീമിയ, ചില പ്രത്യേകതരം അനീമിയ തുടങ്ങിയ രക്ത സംബന്ധമായ രോഗങ്ങൾക്ക് ഇത് ഉപയോഗിക്കാം. കുഞ്ഞിന്റെ സഹോദരി സഹോദരൻമാർക്ക് രക്തത്തേയോ മജ്ജയേയോ ബാധിക്കുന്ന അസുഖങ്ങൾക്കു ചികിൽസക്കും ഉപയോഗിക്കാം. പൊതു ബാങ്കിലാണ് സൂക്ഷിച്ചിട്ടുള്ളതെങ്കിൽ സമൂഹത്തിൽ ആർക്കു വേണമെങ്കിലും HLA മാച്ചിങ്ങിനു ശേഷം ഇതുപയോഗിക്കാം.
*ഈ രക്തം എപ്പോഴാണ് ആവശ്യമായിവരുന്നത്*
ആദ്യകുട്ടിക്ക് രക്ത സംബന്ധമായ അസുഖങ്ങൾ ഉണ്ടായാൽ രണ്ടാമത്തെ കുട്ടിയുടെ പൊക്കിൾക്കൊടി രക്തം സൂക്ഷിക്കുന്നത് സഹായകമാവും.ഇതിന്റെ ശാസ്ത്രീയവശങ്ങൾ ഗൈനക്കോളജിസ്റ്റിൽ നിന്നോ പിഡിയാട്രീഷ്യനിൽ നിന്നോ മനസിലാക്കാവുന്നതാണ്. പൊക്കിൾക്കൊടി രക്ത ബാങ്കിങ്ങിനു തയ്യാറെടുക്കുകയാണെങ്കിൽ  പൊതുബാങ്കിനെ ആശ്രയിക്കുന്നതാണ് നല്ലത്. ചിലവും കുറവാണ്, പൊതു സമൂഹത്തിന്നു ഉപകാരപ്പെടുകയും ചെയ്യും.
*പരിമിതികൾ*
ചെലവേറിയ ഒന്നാണിത്. രക്തം ശേഖരിക്കാനും സൂക്ഷിക്കാനും പ്രത്യേക വൈദഗ്ധ്യം ആവശ്യമാണ്. ശേഖരിക്കുന്ന അളവ് (100-200 ml) ഒരു കുട്ടിക്ക് പത്ത് കിലോ തൂക്കം ആകുന്നതു വരെ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ. പ്രായവും ഭാരവും കൂടുന്നതിനനുസരിച്ച് ഈ രക്തത്തിന്റെ ഉപയുക്തത കുറഞ്ഞു വരുന്നു. ജീവിതകാലം മുഴുവൻ സൂക്ഷിക്കുന്നതിന് പരിമിതിയുണ്ട്.
*എവിടെയാണ് സൂക്ഷിക്കുന്നത്*
പൊക്കിൾക്കൊടി രക്തബാങ്കിങ് നടത്തുന്ന സ്വകാര്യ ബാങ്കുകളും പൊതു ബാങ്കുകളും ഉണ്ട്.ഇന്ത്യയിലെ പൊതു ബാങ്ക് ചെന്നൈയിലെ ജീവൻ ബാങ്കാണ്.ഇവിടെ ഫീസ് ഈടാക്കാറില്ല. സമൂഹത്തിൽ ആവശ്യമുള്ള ആർക്കും ലഭ്യമാവുകയും ചെയ്യും.
സ്വകാര്യ ബാങ്കിലാണെങ്കിൽ വൻ തുക ഫീസ് അടക്കേണ്ടി വരും. മാത്രമല്ല രക്തം ആരുടേതാണോ അവരുടെ കുടുംബത്തിന് മാത്രമേ ലഭിക്കൂ. ഒരു വർഷം ശരാശരി 10000 രൂപയോളം ചിലവ് വരും.21 വർഷം വരെ സൂക്ഷിക്കാൻ 50000 രൂപയും ജീവിതകാലം മുഴുവൻ സൂക്ഷിക്കാൻ 70000 രൂപയും ഈടാക്കുന്ന ബാങ്കുകളുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)