മൃതദേഹം പുനര്‍ജീവിപ്പിക്കാനുള്ള സംവിധാനം പത്ത് വര്‍ഷത്തിനകം തയാറാകും

  മൃതദേഹം പുനര്‍ജീവിപ്പിക്കാനുള്ള സംവിധാനം പത്ത് വര്‍ഷത്തിനകം തയാറാകും.

മരിച്ചവരുടെ ശവശരീരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മനുഷ്യനു രൂപം നല്‍കി ജീവന്‍കൊടുത്ത കഥ നേരത്തേത്തന്നെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ മരിച്ചവരെ ശിതീകരണികളില്‍ സൂക്ഷിച്ചുവച്ച് പിന്നീട് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനെപ്പറ്റി അറിയാമോ? ലോകമെമ്പാടും നൂറുകണക്കിനു പേരാണ് അത്തരത്തില്‍ തങ്ങളുടെ മൃതശരീരങ്ങള്‍ സൂക്ഷിച്ചു വച്ചിരിക്കുന്നത്. ഇതിനു ചുമതലപ്പെടുത്തിയ പ്രത്യേക സംഘങ്ങളുമുണ്ട്. എന്നാല്‍ പുതിയ വാര്‍ത്ത ഇതൊന്നുമല്ല. ഇത്തരത്തില്‍ ശീതീകരിച്ചു സൂക്ഷിച്ചിരിക്കുന്ന മൃതശരീരങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള സംവിധാനം 10 വര്‍ഷത്തിനകം തയാറാകും.

കൊടുംതണുപ്പില്‍, ശരീരകകോശങ്ങള്‍ക്കൊന്നും കേടുവരാതെ സൂക്ഷിക്കുന്ന മൃതശരീരങ്ങള്‍ക്ക് പിന്നീട് ജീവന്‍ നല്‍കാമെന്നു വിശ്വസിക്കുന്നവര്‍ ക്രയോജനിക്‌സ് എന്ന സാങ്കേതികതയെയാണു കൂട്ടുപിടിക്കുന്നത്. മരിച്ച് ഏതാനും മിനിറ്റുകള്‍ക്കകം മൃതദേഹം പ്രത്യേക ശീതീകരിണികളിലേക്കു മാറ്റും. അമേരിക്കയിലും റഷ്യയിലും പോര്‍ച്ചുഗലിലുമായി മൂന്നു കമ്പനികളാണ് പ്രധാനമായും ഇതിന് ചുക്കാന്‍ പിടിക്കുന്നത്.

350ലേറെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ നിലവില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇതില്‍ മിഷിഗൺ ആസ്ഥാനമായുള്ള ക്രയോനിക്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകനാണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തങ്ങള്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങളില്‍ ഒന്നിന് 10 വര്‍ഷത്തിനകം ജീവന്‍ നല്‍കുമെന്നാണ് ഡെന്നിസ് കൊവാല്‍സ്‌കി എന്ന വിദഗ്ധന്റെ അറിയിപ്പ്.

‘നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നെങ്കില്‍ ഇത്തരമൊരു രീതിയെപ്പറ്റി ഒരാളു പോലും ചിന്തിക്കില്ലായിരുന്നു. എന്നാല്‍ ശാസ്ത്രം അനുദിനം വളരുകയാണ്. എന്നെങ്കിലും മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കാനാകുമെന്ന കാര്യം ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. എന്നാല്‍ സ്റ്റെം സെല്ലുകളുമായി ബന്ധപ്പെട്ടു നടക്കുന്ന ഗവേഷണം ഏറെ മുന്നോട്ടു പോയിരിക്കുന്നു.

ഇങ്ങനെയാണെങ്കില്‍ 10 വര്‍ഷത്തിനകം തന്നെ തങ്ങളുടെ ശിതീകരണികളില്‍ മരിച്ചു കിടക്കുന്ന ഒരു മനുഷ്യന് ജീവന്‍ നല്‍കാനാകുമെന്ന് ഉറപ്പാണ്’- കൊവാല്‍സ്‌കി പറയുന്നു. ക്രയോനിക്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ മാത്രം രണ്ടായിരത്തോളം പേരാണ് മരണശേഷം മൃതദേഹം പുനര്‍ജീവിപ്പിക്കാനായി പണമടച്ചിരിക്കുന്നത്.

സ്ഥാപനത്തിന്റെ ആസ്ഥാനത്ത് നിലവില്‍ 160 മൃതദേഹങ്ങളുണ്ട്. ദ്രവ നൈട്രജനടങ്ങിയ പ്രത്യകതരം ടാങ്കുകളിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ക്രയോനിക്‌സ് എന്നും ക്രയോജനിക്‌സ് എന്നും ക്രയോപ്രിസര്‍വേഷന്‍ എന്നും അറിയപ്പെടുന്ന ഈ സാങ്കേതികത ഏറെ സൂക്ഷ്മമായി ചെയ്യേണ്ടതാണ്. മൈനസ് 196 ഡിഗ്രി സെല്‍ഷ്യസിലാണ് ഇതുവഴി മൃതശരീരം സൂക്ഷിച്ചുവയ്ക്കുക. മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ മാത്രമേ നടപടിക്രമങ്ങളിലേക്കു കടക്കാനാകൂ. ഹൃദയം നിലച്ച് രണ്ടു മിനിറ്റിനകം ജോലി തുടങ്ങണം. 15 മിനിറ്റ് ആകുമ്പോഴേക്കും പ്രാഥമിക ഘട്ടം തീര്‍ന്നിരിക്കണം.

ഐസ് നിറച്ച ബാഗിലേക്ക് മൃതശരീരം മാറ്റുകയാണ് ആദ്യപടി. പിന്നീട് രക്തം കട്ട പിടിക്കാതിരിക്കാനുള്ള രാസവസ്തുക്കള്‍ കുത്തിവയ്ക്കും. പിന്നീട് ലാബിലേക്ക്. അവിടെ കൂടിയ തണുപ്പിലേക്കു മാറ്റും. മൃതശരീരത്തില്‍ ശേഷിക്കുന്ന രക്തം മുഴുവന്‍ ഊറ്റിക്കളയുന്നതാണ് അടുത്തനടപടി. പിന്നീട് ആന്തരികാവയവങ്ങള്‍ക്കൊന്നും കേടുപറ്റാതെ സംരക്ഷിക്കാനുള്ള ഒരു പ്രത്യേകതരം ദ്രാവകം കയറ്റിവിടും. രക്തത്തിനു പകരമായിട്ടാണിത്. അവയവങ്ങളിലും കോശങ്ങളിലും ഐസ് പരലുകള്‍ രൂപപ്പെടാതിരിക്കാനുള്ള ദ്രാവകവും ഇതോടൊപ്പം മൃതശരീരത്തില്‍ നിറയ്ക്കും. ഇതു പിന്നീട് മൈനസ് 130 ഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിക്കും. ഈ മൃതശരീരമാണ് ദ്രവനൈട്രജന്‍ നിറച്ച, കൊടുംതണുപ്പുള്ള പ്രത്യേക ടാങ്കിലേക്കു മാറ്റുക.

ക്രയോനിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറമേ അരിസോണ ആസ്ഥാനമായുള്ള അല്‍കോര്‍, റഷ്യന്‍ കമ്പനി ക്രയോറസ്, അല്‍കോറിന്റെ തന്നെ പോര്‍ച്ചുഗലിലെ യൂറോപ്യന്‍ ലാബ് എന്നിവിടങ്ങളില്‍ നിലവില്‍ ഈ സംവിധാനമുണ്ട്. രണ്ടു ലക്ഷം ഡോളര്‍(ഏകദേശം 1.3 കോടി രൂപ) വരെയാണ് ഇതിനു വരുന്ന ചെലവ്. അതും ഒരാള്‍ക്കു മാത്രം. എന്നാല്‍ എത്രയൊക്കെ ശ്രമിച്ചാലും ഹൃദയവും കരളുമൊന്നും ശീതീകരിച്ചു സൂക്ഷിക്കാനാകില്ലെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

മസ്തിഷ്‌കത്തിനു പോലും ഈ രീതി ഏറെ നാശം സൃഷ്ടിക്കും. എങ്കിലും ഇതില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒരേയൊരു പ്രതീക്ഷയാണുള്ളത്- എന്നെങ്കിലും മനുഷ്യനു മരണത്തെ തോല്‍പിക്കാനുള്ള സംവിധാനം കണ്ടുപിടിക്കപ്പെട്ടാലോ! അന്ന് തങ്ങളുടെ ശരീരം ഇല്ലായിരുന്നുവെന്ന് ആരും പരാതി പറയരുതല്ലോ. മാത്രവുമല്ല ഇക്കാര്യത്തില്‍ മുന്‍ഗണനയും തങ്ങള്‍ക്കുണ്ടെന്ന വിശ്വാസത്തിലാണ് എല്ലാവരും തന്നെ കോടികള്‍ മുടക്കി ‘തണുത്തുറഞ്ഞി’രിക്കുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )