ടൈറ്റാനിക്കില്‍നിന്നു പുതിയ ബാക്ടീരിയ
ടൈറ്റാനിക്കില്‍നിന്നു പുതിയ ബാക്ടീരിയ
ടൈറ്റാനിക് സിനിമ കണ്ടിട്ടുള്ളവരെല്ലാം ഓര്‍മിക്കുന്നുണ്ടാവും തുടക്കത്തിലെ ആ സീന്‍. കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന കപ്പലിനുള്ളിലേക്ക് ക്യാമറ ഘടിപ്പിച്ച ഒരു ചെറിയ യന്ത്രവാഹനം കടന്നുചെല്ലുന്നത്. സിനിമയ്ക്കുവേണ്ടിയുള്ള വെറും സെറ്റ് ആയിരുന്നില്ല അത്. യഥാര്‍ഥത്തിലെടൈറ്റാനിക്കിനെത്തന്നെയാണ് നമ്മള്‍ 'അക്കാഡെമിക് മിസ്റ്റിസ്ലാവ് കേല്‍ഡിഷ്' എന്ന സോവിയറ്റ് പര്യവേഷണ കപ്പലില്‍നിന്ന് അയച്ച യന്ത്രവാഹനമായിരുന്നു ആഴങ്ങളിലെടൈറ്റാനിക്കിനെ നമ്മുടെ കണ്‍മുന്നിലെത്തിച്ചത്.
ടൈറ്റാനിക്കിന്റെ സംവിധായകനായ ജെയിംസ് കാമറോണാണ് റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ അനുമതിയോടെയാണ് 1996-ല്‍ തന്റെ ചിത്രത്തിനായി ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. അതിനിടെ ശാസ്ത്രജ്ഞരുടെ സംഘവും അവരുടെ പ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നു. ടൈറ്റാനിക്കിലെ ഇരുമ്പുനിര്‍മിത ഭാഗങ്ങളില്‍നിന്ന് തുരുമ്പിനു സമാനമായ ചില അവശിഷ്ടം കണ്ടെടുത്തതായിരുന്നു അതില്‍ പ്രധാനം. 14 വര്‍ഷ പഠനത്തിനുശേഷം അത് വെറും തുരുമ്പല്ലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. അതൊരു 'ജീവനുള്ള തുരുമ്പാ'ണത്രേ! അതായത് ഇരുമ്പിനെ തുരുമ്പാക്കിമാറ്റാന്‍ കഴിയുന്ന പുതിയൊരുതരം ബാക്ടീരിയ. ടൈറ്റാനിക്കി'ല്‍നിന്നു കിട്ടിയതെന്ന സൂചനയോടെയുള്ളതാണ് അതിന്റെ പേരും- 'ഹാലോമോണാസ് ടൈറ്റാനിക്കെ' (Halomonas titanicae)!
1912 ഏപ്രില്‍ 14നായിരുന്നു ടൈറ്റാനിക് മുങ്ങിയത്. അറ്റ്ലാന്റിക് സമുദ്രത്തില്‍, കനഡയുടെ ഭരണാതിര്‍ത്തിയിലുള്ള ന്യു ഫൌണ്ട് ലാന്‍ഡ് ദ്വീപില്‍നിന്ന് 530 കിലോമീറ്റര്‍ തെക്കുകിഴക്കായി, സമുദ്രോപരിതലത്തില്‍നിന്ന് 3.8 കിലോമീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക് ഇപ്പോഴുള്ളത്. മുങ്ങുന്നസമയത്തുണ്ടായ മര്‍ദവ്യത്യാസം കാരണം മുന്‍ഭാഗവും പിന്‍ഭാഗവും 600 മീറ്ററോളം വേറിട്ട നിലയിലാണ് ടൈറ്റാനിക്കി'ന്റെ കിടപ്പ്.
98 വര്‍ഷമായി കടലിനടിയില്‍ സ്വാഭാവിക തുരുമ്പിക്കലിനു വിധേയമാകുന്ന ടൈറ്റാനിക്കിന്റെ തുരുമ്പിക്കല്‍ പക്ഷേ സാധാരണയുള്ളതിനേക്കാള്‍ വേഗത്തിലാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ബാക്ടീരിയ അടങ്ങുന്ന സൂക്ഷ്മജീവികളുടെ സംഘമാണ് തുരുമ്പിക്കലിനെ വേഗത്തിലാക്കുന്നത്. പരസ്പര സഹകരണത്തിലൂടെ നിലനില്‍ക്കുന്ന ഈ സൂക്ഷ്മജീവികള്‍ കൃത്യനിര്‍വഹണം വേഗത്തിലാക്കാന്‍'സിംബയോട്ടിക് അസോസിയേഷന്‍' (Symbiotic Association) എന്ന കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ടത്രെ. ഇതിലെ ഒരംഗം മാത്രമാണ് 'ഹാലോമോണാസ് ടൈറ്റാനിക്ക' എന്ന ബാക്ടീരിയ.
മുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്കു മാത്രമല്ല അവ ഭീഷണിയാവുന്നത്. കടല്‍ജലവുമായി സമ്പര്‍ക്കത്തില്‍വരുന്നതും ഇരുമ്പുനിര്‍മിതവുമായ ഏതൊന്നിനെയും അവ നശിപ്പിക്കും. 'ടൈറ്റാനിക്ബാക്ടീരിയ'യുടെ കണ്ടെത്തലിനെ ശാസ്ത്രസമൂഹം ഇതിനാല്‍ ഗൌരവതരമായാണ് വീക്ഷിക്കുന്നത്. കനഡയിലെ ഡെല്‍ഹൌസി സര്‍വകലാശാലയിലെയും സ്പെയിനിലെ സെവില്ലാ സര്‍വകലാശാലയിലെയും ഗവേഷകരാണ് പുതിയ ഇരുമ്പുതീനി ബാക്ടീരിയയുടെ കണ്ടെത്തലിനുപിന്നില്‍. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സിസ്റ്റമാറ്റിക് ആന്‍ഡ് എവല്യൂഷണറി
തുരുമ്പിക്കലിന്റെ രസതന്ത്രം
തുരുമ്പിക്കല്‍ അഥവാ റസ്റ്റിങ്ങി (Rusting) നെ ഒരു വൈദ്യുതവിശ്ളേഷണ (Electrolysis) പ്രവര്‍ത്തനമായാണ് ശാസ്ത്രജ്ഞര്‍ വിവക്ഷിക്കുന്നത്. ഇരുമ്പിന്റെ ശുദ്ധരൂപത്തെക്കാള്‍ അതിന്റെ സങ്കരമാണ് തുരുമ്പിക്കലിന് എളുപ്പത്തില്‍ വിധേയമാവുന്നത്. ലോഹസങ്കരത്തിലെ ഇരുമ്പ്ആനോഡ് ആയി പ്രവര്‍ത്തിക്കുകയും രണ്ട് ഇലക്ട്രോണുകളെ പുറത്തുവിട്ട് ഫെറസ് അയോണ്‍'(Fe2+) ആയി മാറുകയും ചെയ്യുന്നു. ലോഹസങ്കരത്തിലെ മറ്റ് ലോഹങ്ങളായ ചെമ്പ്, വെളുത്തീയം (Tin) എന്നിവ ഈ ഇലക്ട്രോണുകളെ സ്വീകരിക്കാനുള്ള കാഥോഡ് ആയി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ വൈദ്യുതവിശ്ളേഷണ പ്രവര്‍ത്തനം പൂര്‍ണമാവുന്നു.
ഓക്സിജന്റെയും ജലാംശത്തിന്റെയും സാന്നിധ്യം ഇതിന്റെ ആക്കം വര്‍ധിപ്പിക്കുന്നതാണ്. കാരണം രണ്ടുപേര്‍ക്കുംകൂടി നാല് ഇലക്ട്രോണുകളെ സ്വീകരിക്കുന്നതിനു സാധിക്കും. ഇതിലൂടെ കൂടുതല്‍ ഇലക്ട്രോണുകളെ ഇരുമ്പില്‍നിന്ന് നീക്കംചെയ്യാം. അതിലൂടെ സൃഷ്ടിക്കുന്ന ഫെറസ് അയോണുകള്‍(Fe2+) ഫെറിക് അയോണുകളായി (Fe3+) മാറുന്നതിനിടയില്‍ അലേയമായ (ജലത്തില്‍ ലയിക്കാത്ത) സംയുക്തം സൃഷ്ടിക്കപ്പെടും. ഇതാണ് 'തുരുമ്പ്' എന്നറിയപ്പെടുന്ന ഫെറിക് ഓക്സൈഡ്(Ferric Oxide). അയോണുകളുടെ സഞ്ചാരത്തിനു പറ്റിയ ഒരു മാധ്യമം ഉണ്ടായിരിക്കുന്നത് തുരുമ്പിക്കലിന്റെ വേഗം വര്‍ധിക്കാനിടയാക്കും. ഇതാണ് ജലാംശം, ഉപ്പുകാറ്റ് തുടങ്ങിയവ തുരുമ്പിക്കല്‍ വേഗത്തിലാക്കാന്‍ കാരണം.
ഇരുമ്പുതീനി ബാക്ടീരിയയുടെ പ്രവര്‍ത്തനം
അധികമായ ലവണാംശത്തില്‍ ജീവിക്കുന്നതു കാരണം 'ഹാലോഫിലിക്' എന്നറിയപ്പെടുന്ന ബാക്ടീരിയയാണ് 'ഹാലോമോണസ് ടൈറ്റാനിക്കെ'. ലവണങ്ങള്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള കടല്‍ജലം ഒരു നല്ല 'വൈദ്യുതവിശ്ളേഷകം' അഥവാ 'ഇലക്ട്രോളൈറ്റ്' ആണ്. ഇതിലൂടെ ഇത്തരം ബാക്ടീരിയകള്‍ക്ക് തുരുമ്പിക്കലിനെ ആശ്രയിച്ച് ജീവിക്കാനുള്ള സവിശേഷമായ അവസരം ലഭിക്കുന്നു. 'തുരുമ്പ്' എന്ന ഫെറിക് ഓക്സൈഡിനെ ലേയരൂപത്തിലുള്ള ഫെറസ് ഹൈഡ്രോക്ളൈഡ്ആക്കി മാറ്റുകയാണ് ഇവ ചെയ്യുന്നത്. ഈ പ്രവ
ര്‍ത്തനത്തിലൂടെ ഓക്സിജന്‍ പുറത്തുവരും. ഇതിനെ ഇവയ്ക്ക് മറ്റ് ഉപയോഗങ്ങള്‍ക്കായി വിനിയോഗിക്കാം.
ഫെറസ് അയോണുകള്‍ , ഫെറിക് അയോണുകളായി മാറുന്ന പ്രവര്‍ത്തനത്തിനും ഈ ബാക്ടീരിയകള്‍ കളമൊരുക്കാറുണ്ട്. മുന്‍പറഞ്ഞ പ്രവര്‍ത്തനത്തെ വിപരീതദിശയില്‍ നടത്തുന്നതിലൂടെയാണിത് (ഫെറസ് ഹൈഡ്രോക്സൈഡിനെതിരിച്ച് ഫെറിക് ഓക്സൈഡ് ആക്കുന്നതിലൂടെ). ഇതിലൂടെ സൃഷ്ടിക്കുന്ന Fe3+ അയോണുകള്‍ക്ക് ക്ളോറിന്‍ ആറ്റവുമായി ചേര്‍ന്ന് ഫെറിക് ക്ളോറൈഡ് ആക്കാനാവും. ഉരുക്കിനെപ്പോലും നശിപ്പിക്കാനാവുന്ന ഇതാണ് കപ്പലുകളുടെ ഇരുമ്പുഭാഗങ്ങള്‍ക്കുള്ള മുഖ്യ ഭീഷണി..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ