കൊളസ്ട്രോൾ നമ്മുടെ ശത്രുവോ മിത്രമോ?
കൊളസ്ട്രോൾ നമ്മുടെ ശത്രുവോ മിത്രമോ?
എന്താണ് കൊളസ്ട്രോൾ ?
കൊളസ്ട്രോൾ ഒരു തരം കൊഴുപ്പ് ( fat ) ആണ്. കൊളസ്ട്രോൾ നമ്മുടെ കരൾ ആണ് ഉല്പാദിപ്പിക്കുന്നത്. ഭക്ഷണത്തിൽ നിന്നും അതായത് മത്സ്യം,മാംസം, മുട്ട, പാൽ മുതലായ മാംസാഹാരത്തിൽ നിന്നും കൊളസ്ട്രോൾ നേരിട്ട് ലഭിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന കൊളസ്ട്രോൾ ഏകദേശം 20 ശതമാനത്തോളം ആണെന്നും ബാക്കി കരൾ ഉല്പാദിപ്പിക്കുന്നു എന്നാണു കണക്കാക്കിയിട്ടുള്ളത്. ജന്തുശരീരകോശങ്ങളുടെ നിർമ്മിതിയ്ക്ക് ഒഴിച്ചുകൂടാനാകത്തതാണ് കൊളസ്ട്രോൾ. അത്കൊണ്ട് രക്തത്തിൽ മാത്രമല്ല നമ്മുടെ എല്ലാ കോശങ്ങളിലും കൊളസ്ട്രോൾ ഉണ്ട്. ഒരു കോശം പുതിയതായി ഉണ്ടാകണമെങ്കിൽ കൊളസ്ട്രോൾ വേണം. അപ്പോൾ കൊളസ്ട്രോളിന്റെ പ്രാധാന്യം മനസ്സിലാക്കാമല്ലൊ. ഒരുപാട് ശാരീരികപ്രവർത്തനങ്ങൾക്ക് കൊളസ്ട്രോൾ അത്യാവശ്യമാണ്. സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ നമ്മുടെ ചർമ്മം വൈറ്റമിൻ ഡി ഉല്പാദിപ്പിക്കുന്നത് ചർമ്മകോശത്തിലെ കൊളസ്ട്രോൾ ആണ്.
എത്ര തരം കൊളസ്ട്രോൾ ഉണ്ട് ?
കൊളസ്ട്രോൾ ഒന്നേയുള്ളൂ. പക്ഷെ കരളിൽ നിന്ന് കൊളസ്ട്രോളിനെ രക്തത്തിലൂടെ കോശങ്ങളിൽ എത്തിക്കുന്നത് ലോ-ഡെൻസിറ്റി ലിപോപ്രോട്ടീൻ (LDL) എന്ന ഒരു ആവരണത്തിൽ പൊതിഞ്ഞിട്ടാണ്. അത് കൊണ്ട് LDL എന്ന ലിപോപ്രോട്ടീനും അതിലുള്ള കൊളസ്ട്രോളിനെയും ചേർത്ത് LDL കൊളസ്ട്രോൾ എന്ന് പറഞ്ഞു വരുന്നു.
അത് പോലെ തന്നെ രക്തത്തിൽ അധികം വരുന്ന കൊളസ്ട്രോളിനെ എടുത്ത് തിരികെ കരളിലേക്ക് എത്തിക്കുന്നത് HDL എന്ന ഹൈ-ഡെൻസിറ്റി ലിപോപ്രോട്ടീൻ ആണ്. ഈ HDL-ഉം അതിലുള്ള കൊളസ്ട്രോളും ചേർത്ത് HDL കൊളസ്ട്രോൾ എന്നും പറഞ്ഞു വരുന്നു എന്ന് മാത്രം. കൊളസ്ട്രോളിലോ അതിന്റെ തന്മാത്രാരൂപത്തിലോ വ്യത്യാസമില്ല. എന്നാൽ ലിപോപ്രോട്ടീനിൽ വ്യത്യാസമുണ്ട്. അത് വേറെ ചോദ്യത്തിന്റെ ഉത്തരമായി ചേർത്തിട്ടുണ്ട്.
സസ്യാഹാരത്തിൽ നിന്ന് കൊളസ്ട്രോൾ ലഭിക്കുമോ?
ഇല്ല. സസ്യകോശങ്ങളിൽ കൊളസ്ട്രോൾ ഇല്ല. അതുകൊണ്ട് തന്നെ സസ്യാഹാരത്തിൽ നിന്ന് കൊളസ്ട്രോൾ കിട്ടുകയില്ല.
കൊളസ്ട്രോളിൽ നല്ലതും ചീത്തയും ഉണ്ടോ?
ഇല്ല. പക്ഷെ അങ്ങനെ ഒരു ഹൈപ്പോതീസിസ് പ്രചാരത്തിലുണ്ട്. LDL എന്ന ലിപോപ്രോട്ടീൻ രക്തധമനികളിൽ കൊളസ്ട്രോൾ നിക്ഷേപിക്കുകയും അങ്ങനെ ആ കൊഴുപ്പ് അടിഞ്ഞുകൂടി പ്ലാക്ക് ആയി രൂപാന്തരപ്പെട്ട് ബ്ളോക്ക് ഉണ്ടാക്കുകയും അത് ഹൃദ്രോഗത്തിനു ഇടയാക്കും എന്ന ധാരണയുടെ പുറത്ത് എൽ.ഡി.എൽ.കൊളസ്ട്രോൾ ചീത്ത കൊളസ്ട്രോൾ ആണെന്നും , രക്തത്തിൽ അധികമുള്ള കൊളസ്ട്രോളിനെ HDL എന്ന ലിപോപ്രോട്ടീൻ കരളിലേക്ക് തിരികെ എടുത്ത് കൊണ്ടു പോകുന്നത് കൊണ്ട് HDL കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ ആണെന്നും ഉള്ള ധാരണയാണ് പരക്കെയുള്ളത്. പക്ഷെ ഈ ഹൈപ്പോതിസിസ് സയന്റിഫിക്ക് ആയി തെളിയിക്കപ്പെട്ടിട്ടില്ല.
കൊളസ്ട്രോൾ രക്തക്കുഴലിൽ അടിഞ്ഞു കൂടി ബ്ളോക്ക് ഉണ്ടാക്കുകയില്ലേ?
ഒരിക്കലും ഇല്ല.
അപ്പോൾ ബ്ളോക്ക് ഉണ്ടാകുന്നത് എങ്ങനെയാണ്?
വഴിയെ പറയാം.
ശരീരം കൊളസ്ട്രോൾ ലവൽ നിലനിർത്തുന്നുണ്ടോ?
തീർച്ചയായും. ഭക്ഷണത്തിൽ നിന്ന് കൊളസ്ട്രോൾ നേരിട്ട് ലഭിക്കുന്നത് അധികമാകുമ്പോൾ കരൾ കൊളസ്ട്രോളിന്റെ ഉല്പാദനം കുറയ്ക്കുന്നു. ഭക്ഷണത്തിൽ നിന്ന് കിട്ടുന്നത് കുറയുമ്പോൾ കരൾ അധികം കൊളസ്ട്രോൾ ഉല്പാദിപ്പിക്കുന്നു.
എന്താണ് ലിപോപ്രോട്ടീൻ ?
കൊളസ്ട്രോളിനെ രക്തത്തിലൂടെ ഓരോ ശരീരകോശത്തിലും വഹിച്ചു കൊണ്ടു പോകുന്ന, കൊഴുപ്പും പ്രോട്ടീനും ചേർന്ന ആവരണം ആണ് ലിപോപ്രോട്ടീൻ ((lip-o-PRO-teen). ഇതിന്റെ ഉൾവശം കൊഴുപ്പും (lipid) പുറം വശം പ്രോട്ടീനും ആയിരിക്കും.
എത്ര തരം ലിപോപ്രോട്ടീൻ ഉണ്ട്?
നാല് തരം ലിപോപ്രോട്ടീനെ പറ്റി പറയാം. വേറെയും ഉണ്ട്.
1) Very low density lipoproteins (VLDL) : ഇത് ലിവർ ആണു നിർമ്മിക്കുന്നത്. ട്രൈഗ്ലിസറൈഡ്‌സും (triglycerides) കുറഞ്ഞ അളവിൽ കൊളസ്ട്രോളും രക്തത്തിലൂടെ കോശങ്ങളിൽ എത്തിക്കലാണ് ഇതിന്റെ ദൗത്യം. ഇതിൽ നിന്ന് ട്രൈഗ്ലിസറൈഡ്സ് തീരെ കുറഞ്ഞു പോകുമ്പോൾ ഇത് LDL ആയി മാറുന്നു.
2) Intermediate-density lipoproteins (IDL): VLDL ഡിഗ്രേഡ് ചെയ്യപ്പെട്ടാണ് IDL ഉണ്ടാകുന്നത്.
3) Low-density lipoproteins (LDL) : ഇതാണ് നമ്മുടെ താരം. ഇതിൽ ട്രൈഗ്ലിസറൈഡ്സ് നാമമാത്രമായേ ഉണ്ടാകൂ. എല്ലാ ശരീരകോശങ്ങളിലേക്കും കൊളസ്ട്രോൾ വഹിച്ചുകൊണ്ട് പോകുന്നു. LDL-ന് ചീത്തപ്പേര് ഉണ്ടാകാൻ കാരണം, ഇത് പല സൈസുകളിൽ ഉണ്ട്. തീരെ ചെറിയ സൈസ് LDL ഓക്സിഡൈസേഷനു വിധേയമാവുകയും രക്തധമനിയിൽ രൂപപ്പെടുന്ന കട്ടി അല്ലെങ്കിൽ പ്ലാക്കിന്റെ ഭാഗമാവുകയും ചെയ്യും. എന്നാൽ ആരോഗ്യമുള്ള ഒരാളിൽ മറ്റ് കാരണങ്ങൾ ഇല്ലാതെ കൊളസ്ട്രോൾ അല്ലെങ്കിൽ LDL കൂടിപ്പോയി എന്ന ഒറ്റ കാരണത്താൽ ആതറോസ്ക്ലിറോട്ടിക്ക് പ്ലാക്ക് (Atherosclerotic plaque) എന്ന അവസ്ഥയോ ബ്ളോക്കോ ഉണ്ടാവുകയില്ല. ഇതിനെ പറ്റി വേറെ ചോദ്യത്തിനു ഉത്തരമായി പറയാം.
4) High-density lipoprotein (HDL) : രക്തത്തിൽ അധികം വരുന്ന കൊളസ്ട്രോളിനെ എടുത്ത് ലിവറിൽ എത്തിക്കുന്നു. കൊളസ്ട്രോൾ പരമാവധി നഷ്ടപ്പെടാതിരിക്കാനുള്ള ഉപായം ആണിത്. എന്നാൽ രക്തത്തിലെ കൊളസ്ട്രോളിനെ നീക്കം ചെയ്യുന്നു എന്ന് പറഞ്ഞ്, ഈ എച്ച്.ഡി.എല്ലും കൊളസ്ട്രോളും ചേർന്ന HDL കൊളസ്ട്രോളിനെ നല്ല കൊളസ്ട്രോൾ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. നീക്കം ചെയ്യലല്ല, റി-യൂസ് ചെയ്യാൻ ലിവറിലേക്ക് എത്തിക്കുകയാണ് HDL ചെയ്യുന്നത് എന്ന് പ്രത്യേകം മനസ്സിലാക്കുക.
എന്താണ് ലോ ഡെൻസിറ്റി ലിപോപ്രോട്ടീനും (LDL) ഹൈ ഡെൻസിറ്റി ലിപോപ്രോട്ടീനും (HDL) തമ്മിലുള്ള വ്യത്യാസം?
എല്ലാ തരം ലിപോപ്രോട്ടീനിലും ഒരു മാതിരി കൊഴുപ്പും പ്രോട്ടീനും ആണുള്ളത്. LDL -ഉം HDL- ഉം തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ LDL-ൽ അതിന്റെ ഭാരത്തിന്റെ 50 ശതമാനത്തോളം കൊളസ്ട്രോളും 25 ശതമാനം പ്രോട്ടീനും ആയിരിക്കും. അതേ സമയം HDL-ൽ അതിന്റെ ഭാരത്തിന്റെ 20 ശതമാനം മാത്രം കൊളസ്ട്രോളും 50 ശതമാനം പ്രോട്ടീനും ആയിരിക്കും. LDL -ലും HDL-ലും ഉള്ള പ്രോട്ടീനിലും വ്യത്യസമുണ്ട്. LDL എന്ന Low-density lipoproteins-ൽ B-100 proteins-ഉം HDL-ൽ A-I and A-II proteins-ഉം ആണുള്ളത്. ഈ വ്യത്യാസമാണ് അവയുടെ പ്രവർത്തനത്തിലും വ്യത്യസ്തത ഉണ്ടാക്കുന്നത്.
എന്തിനാണു ലിപോപ്രോട്ടീൻ? കരളിനു കൊളസ്ട്രോൾ നേരിട്ട് രക്തത്തിൽ കടത്തിവിട്ട് കൂടേ?
കൊളസ്ട്രോൾ ഒരു കൊഴുപ്പ് ആണെന്ന് പറഞ്ഞല്ലൊ. രക്തം വാട്ടർ ബേസ് ആണു. കൊഴുപ്പ് രക്തത്തിൽ സഞ്ചരിക്കില്ല. ഫ്ളോട്ട് (float) ചെയ്യും. അതുകൊണ്ട് പുറമേ പ്രോട്ടീനും ഉള്ളിൽ കൊഴുപ്പും ഉള്ള ലിപോപ്രോട്ടീൻ എന്ന കവറിൽ പൊതിഞ്ഞ് ലിവർ കൊളസ്ട്രോളിനെ രക്തത്തിൽ കടത്തിവിടുന്നു.
എന്തിനാണു രക്തത്തിലെ കൊളസ്ട്രോളിനെ HDL വീണ്ടും കരളിൽ തിരികെ എത്തിക്കുന്നത്?
സാധാരണ ഗതിയിൽ ശരീരത്തിനു ആവശ്യമില്ലാത്ത പദാർത്ഥങ്ങളെ കിഡ്‌നി വഴി ശരീരം അപ്പപ്പോൾ പുറന്തള്ളുകയാണ് ചെയ്യുക. എന്നാൽ രക്തത്തിൽ അധികം വരുന്ന കൊളസ്ട്രോളിനെ അങ്ങനെ പുറന്തള്ളാതെ തിരികെ എത്തിച്ച് കരൾ അത് റിസൈക്കിൾ ചെയ്ത് LDL മുഖേന വീണ്ടും രക്തത്തിലേക്ക് കടത്തി വിടുന്നു. കൊളസ്ട്രോൾ പരമാവധി കൺസേർവ് ചെയ്യുക എന്ന ശരീരത്തിന്റെ ഉപായം ആണിത്.
രക്തധമനികളിൽ പ്ലാക്ക് ഉണ്ടായി ബ്ളോക്ക് ഉണ്ടാകാൻ കാരണമെന്ത്?
നമ്മൾ ഇപ്പോൾ യഥാർത്ഥ പ്രശ്നത്തിലേക്ക് കടക്കുകയാണ്. കൊളസ്‌ട്രോൾ അടിഞ്ഞുകൂടിയിട്ടാണ് ഹൃദയത്തിൽ ബ്ലോക്കുണ്ടാകുന്നത് എന്നാണല്ലോ പൊതുവെ ഇപ്പോൾ വിശ്വസിച്ചു വരുന്നതും പ്രചരിപ്പിക്കുന്നതും.
രക്തധമനികളിൽ പ്ലാക്ക് രൂപപ്പെട്ട് ധമനികളുടെ വ്യാസം കുറഞ്ഞ് , രക്തം ഒഴുകുന്നതിനു തടസ്സം നേരിട്ട് ബ്ളോക്ക് ഉണ്ടായി സ്ട്രോക്ക് അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് വരെ ഉണ്ടാകുന്ന അവസ്ഥയ്ക്ക് അതറോസ്ക്ലിറോസിസ് (Atherosclerosis) എന്നാണു പറയുക. Without cholesterol there would be no atherosclerosis, but also there would be no life എന്ന് പറയാറുണ്ട്. കൊളസ്ട്രോൾ ഇല്ലെങ്കിൽ അതറോസ്ക്ലിറോസിസ് ഇല്ല, പക്ഷെ ജീവനും ഇല്ല. അതറോസ്ക്ലിറോസിസ് ഉണ്ടാവാൻ പല കാരണങ്ങളും ഉണ്ട്. പക്ഷെ കോളസ്ട്രോൾ ഒരു കാരണമേയല്ല. എന്നാൽ അതറോസ്ക്ലിറോസിസ് മൂലം ഉണ്ടാകുന്ന കട്ടിയിൽ അഥവാ പ്ലാക്കിൽ (atherosclerotic plaque) കൊളസ്ട്രോൾ ഒരു ഘടകപദാർത്ഥമാണ്. അതായത് കൊളസ്ട്രോൾ ചിത്രത്തിൽ വരുന്നത് പിന്നീടാണ്.
അതറോസ്ക്ലിറോസിസ് രോഗം ബാധിച്ചാൽ, ബാധിച്ച രക്തക്കുഴലിന്റെ ഭാഗത്ത് കൊളസ്ട്രോൾ എത്തുന്നത് തടയാൻ ലിവർ LDL ഉല്പാദിപ്പിക്കുന്നത് നിയന്ത്രിച്ചാൽ പ്ലാക്ക് വലുതാകുന്നത് തടയാൻ സാധിക്കും. അപ്പോഴും പക്ഷെ ഓർമ്മിക്കണം അതറോസ്ക്ലിറോസിസ് ഉണ്ടാവാൻ കാരണം കൊളസ്ട്രോളോ LDL-ഓ അല്ല. അത് മനസ്സിലാക്കാൻ ധമനിയിൽ പ്ലാക്ക് രൂപപ്പെടുന്നത് എങ്ങനെയാണെന്ന് നോക്കാം.
ഓക്സിജൻ കലർന്ന രക്തത്തെ എല്ലാ കോശങ്ങളിലേക്കും എത്തിക്കുക എന്നതാണല്ലോ രക്തധമനികളുടെ ദൗത്യം. അതറോസ്ക്ലിറോസിസ് ബാധിക്കുക എന്ന് പറഞ്ഞാൽ രക്തധമനികളുടെ ഉൾഭിത്തിയിൽ പ്ലാക്ക് രൂപപ്പെടുകയും അങ്ങനെ ധമനികളുടെ വ്യാസം കുറഞ്ഞ് , കട്ടി കൂടി രക്തത്തിനു സുഗമമായി ഒഴുകാൻ കഴിയാത്ത അവസ്ഥയാണ് എന്ന് പറഞ്ഞല്ലൊ. കൊഴുപ്പ് തന്മാത്രകൾ, കാൽസിയം, വെള്ള രക്താണുക്കൾ, കൊളസ്ട്രോൾ എന്നിങ്ങനെയുള്ള പദാർത്ഥങ്ങൾ ചേർന്നാണ് ഈ പ്ലാക്ക് രൂപപ്പെടുന്നത്.
ഈ പ്ലാക്ക് രൂപപ്പെടണമെങ്കിൽ രക്തധമനികളുടെ ഉൾഭിത്തിയിൽ എന്തെങ്കിലും ക്ഷതം സംഭവിക്കണം. ഈ ക്ഷതം സംഭവിക്കാൻ ഹൈ ബ്ലഡ് പ്രഷർ, സ്ട്രെസ്സ്, പുകവലി എന്നിങ്ങനെ പല കാരണങ്ങൾ ഉണ്ടാവാം. ഇതൊന്നും ഇല്ലാത്ത അവസ്ഥയിൽ ചുമ്മാ പോയി LDL കൊളസ്ട്രോൾ നിക്ഷേപിച്ച് പ്ലാക്ക് ഉണ്ടാവുകയില്ല. ഇത് ഒരു പ്രധാന പോയന്റ് ആയി കണക്കിലെടുക്കണം.
ഇങ്ങനെ ക്ഷതം സംഭവിച്ച ധമനിയുടെ ഭാഗത്തേക്ക് അത് ഗുണപ്പെടുത്താൻ വേണ്ടിയാണ് കൊളസ്ട്രോളും മറ്റ് പദാർത്ഥങ്ങളും തലച്ചോറിന്റെ നിർദ്ദേശാനുസരണം അയക്കപ്പെടുന്നത്. കൊളസ്ട്രോളിനെ അവിടേക്ക് എത്തിക്കുന്നത് LDL തന്നെ. LDL-ഉം കൊളസ്ട്രോളും ഇല്ലെങ്കിൽ അവിടെ പാക്ക് രൂപപ്പെട്ട് അതറോസ്ക്ലിറോസിസ് എന്ന അവസ്ഥ ഉണ്ടാവുകയില്ല എന്നത് നേര് തന്നെ.
പക്ഷെ, ധമനിയിൽ ക്ഷതം സംഭവിച്ചാൽ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം അത് ഗുണപ്പെടുത്താൻ വേണ്ടി വെള്ള രക്താണുക്കളെ അങ്ങോട്ട് അയക്കും. അത് അവിടെ ഒരു ഇൻഫ്ലമേഷൻ അല്ലെങ്കിൽ വീക്കം ഉണ്ടാക്കും. ഇൻഫ്ലമേഷൻ എന്ന അവസ്ഥ നമുക്ക് അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും എന്ത് ക്ഷതം എവിടെ സംഭവിച്ചാലും അത് ഗുണപ്പെടുത്താനുള്ള ശരീരത്തിന്റെ പ്രാഥമിക നടപടിയാണ് ഇൻഫ്ലമേഷൻ എന്ന് സാന്ദർഭികമായി ഇവിടെ പറഞ്ഞു വയ്ക്കട്ടെ.
ഒരിക്കൽ മാത്രം നേരിയ തോതിൽ രക്തധമനിയിൽ ക്ഷതമോ അല്ലെങ്കിൽ ഇറിറ്റേഷനോ ഉണ്ടായാൽ അത് സ്വാഭാവികമായി ഭേദമാകും. പക്ഷെ ഇറിറ്റേഷൻ തുടർന്നാൽ ധമനികളുടെ ഭിത്തി ദുർബലമാവുകയും കൊളസ്ട്രോൾ വഹിക്കുന്ന വളരെ ചെറിയ (VLDL) ലിപോപ്രോട്ടീൻ ഓക്സിഡൈസേഷനു വിധേയമായി കൊളസ്ട്രോളും മറ്റും ഭിത്തിയുടെ ഉള്ളിൽ പ്രവേശിക്കുകയും എല്ലാം കൂടി പ്ലാക്ക് രൂപപ്പെട്ട് അതറോസ്ക്ലിറോസിസ് എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത്രയും പറഞ്ഞതിൽ നിന്ന് ബ്ളോക്ക് ഉണ്ടാകാനുള്ള മൂലകാരണം കൊളസ്ട്രോളോ LDL-ഓ അല്ല എന്നാണു ഞാൻ സമർത്ഥിക്കാൻ ശ്രമിക്കുന്നത്. നിങ്ങൾക്കും ഇത് ബോധ്യമായിരിക്കും എന്ന് കരുതുന്നു. മൂലകാരണം ഇല്ലാതാക്കാൻ ജീവിതശൈലി കൊണ്ട് അവനവൻ ശ്രമിക്കേണ്ടതാണു. എന്ന് പറഞ്ഞാൽ വാരി വലിച്ചു തിന്നുന്ന അമിതാഹാര പ്രവണത ഒഴിവാക്കണം. ശരീരം വിയർക്കുന്ന തരത്തിൽ വ്യായാമമോ പ്രവർത്തിയോ ചെയ്യണം. പുകവലി വർജ്ജിക്കണം. മദ്യപാനം നിയന്ത്രിക്കണം. ഇതൊന്നും ചെയ്യാതെ കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്ന് കഴിച്ചാൽ അത് മരുന്ന് കമ്പനിക്ക് നേട്ടം എന്നല്ലാതെ വേറെ ഒരു പ്രയോജനവും ഇല്ല. അതേ സമയം അതറോസ്ക്ലിറോസിസ് ബാധിച്ച് കഴിഞ്ഞാൽ കൊളസ്ട്രോളും LDL-ഉം കുറയ്ക്കാൻ ചികിത്സ അത്യാവശ്യവും ആണ്.
കൊളസ്ട്രോൾ ടെസ്റ്റ് ചെയ്തപ്പോൾ എനിക്ക് അത് അധികമാണെന്ന് കണ്ടെത്തി. അപ്പോൾ കൊളസ്ട്രോൾ കുറയ്ക്കാൻ ഞാൻ സ്റ്റാറ്റിൻ മരുന്ന് കഴിക്കേണ്ടതുണ്ടോ?
ഒരിക്കലും വേണ്ട. ആരോഗ്യമുള്ള, കൃത്യമായ ജീവിതശൈലി പിന്തുടരുന്ന ഒരാൾ കൊളസ്ട്രോൾ അധികം ഉണ്ടെന്ന കാരണത്താൽ സ്റ്റാറ്റിൻ മരുന്ന് കഴിക്കേണ്ടതില്ല. കൊളസ്ട്രോളും അത് വഹിച്ചു കൊണ്ട് പോകുന്ന LDL-ഉം കുറഞ്ഞു പോയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. അത് പോലെ HDL ക്രമാതീതമായി കൂടിയാലും വിപരീതഫലം ഉണ്ടാകും. കൊളസ്ടോളിന്റെ കുറവ് തലച്ചോറിന്റെ പ്രവർത്തനത്തെ വരെ ബാധിക്കും.
കൊളസ്ട്രോൾ നമ്മുടെ ശത്രുവല്ല, ജീവൻ നിലനിർത്തുന്ന മിത്രമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ