Piles (മൂലക്കുരു )

മൂലക്കുരുവിന്റെ ലക്ഷണങ്ങളും പരിഹാരങ്ങളും

മറ്റേതു രോഗങ്ങളേക്കാൾ പൊതുവെ അപകടങ്ങള്‍ കുറഞ്ഞ രോഗമാണ്
മൂലക്കുരു (Piles) വെങ്കിലും ഏറ്റവും ദുരിതപൂര്‍ണ്ണമാണ് ജീവിതം ഈ രോഗികളുടെ. ഭക്ഷണം കഴിക്കുമ്പോഴൊക്കെ ടോയ്ലറ്റ് ഓര്‍ക്കുന്നവരാണിവര്‍ ലോകത്തിലെ പകുതിയില്‍ കൂടുതല്‍ പേര്‍ക്ക് മലദ്വാരരോഗമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ഭൂരിഭാഗവും പൈല്‍സിന്റെ ആക്രമണത്തിന് വിധേയരായവരാണ്. യൂറോപ്പിലെ ഒട്ടുമിക്കവര്‍ക്കും ഈ രോഗം വ്യത്യസ്ഥ അളവിലുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍, ഏഷ്യയിലും ആഫ്രിക്കയിലും പൈല്‍സ് ബാധിതര്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ അപേക്ഷിച്ച് കുറവാണത്രെ. സസ്യാഹാരമായിരിക്കാം ഇതില്‍ മുഖ്യഘടകം. എന്നാല്‍, കേരളീയര്‍ക്കിടയില്‍ പ്രത്യേകിച്ച് ഐടി അനുബന്ധ ജോലിചെയ്യുന്നവരിലും പൊതുവെ യുവതലമുറയിലുള്ളവരിലും പൈല്‍സ് രോഗം കണ്ടുവരുന്നതിന്റെ കാരണം ജീവിതശൈലിയും ഭക്ഷണരീതിയുമാണെന്ന് ആരോഗ്യവിദഗ്ദര്‍ പറയുന്നു.

എന്തായാലും പൈല്‍സ് എന്ന വില്ലൻ കഥാപാത്രത്തെ അകറ്റി നിര്‍ത്തുന്നതാണ് ഉചിതം. കാരണം, ഇവന്‍ നിത്യജീവിതത്തെ താറുമാറാക്കും, വേദനാജനകമാക്കും.

ഉദാസീന ജീവിതം, വ്യായാമമില്ലായ്മ, റെഡി ടു ഈറ്റ്/ജങ്ക് ഫുഡ് എന്നിവയാണ് യുവതലമുറയെ അടക്കം നിരവധി പേരെ മൂലക്കുരുവിന്റെ (Piles) അടിമകളാക്കുന്നത്. ഇതിന്റെ ആക്രമണത്തിന് ഇരയായവര്‍ക്കുള്ള ഏക പ്രത്യാശ - മൂലക്കുരുവിനെ ചികിത്സിച്ച് ഭേദമാക്കാമെന്നതാണ്; പൂര്‍ണ്ണരോഗശാന്തിയല്ല ഉദ്ദേശിക്കുന്നത്.

മൂലക്കുരു (Piles)
ഗുദാനുബന്ധ രക്തധമനികള്‍ വീങ്ങി രക്തം പുറത്തുവരുന്ന അവസ്ഥയെയാണ് മൂലക്കുരുവായി കണക്കാക്കുന്നത്. രക്തധമനികള്‍ അസാധാരണമായ തോതില്‍ വികസിക്കുക മാത്രമല്ല, വീര്‍ത്തിരിക്കുക കൂടി ചെയ്തിരിക്കും.

രണ്ടുതരം മൂലക്കുരുക്കളാണുള്ളത്. ബാഹ്യമൂലക്കുരുവും ആന്തരിക മൂലക്കുരുവുമാണ് ഇവ. ബാഹ്യമൂലക്കുരു സാധാണയായി പ്രത്യക്ഷപ്പെടുന്നത് മലദ്വാരത്തിന്റെ പുറത്താണ്. അകത്ത് ആന്തരിക മൂലക്കുരു ഉണ്ടാകുന്നു. ഇത് രക്തസ്രാവത്തിനിടയാക്കും. ബാഹ്യഭാഗത്തുണ്ടാകുന്ന മൂലക്കുരു ദൃശ്യമാണ്. വളരെ വേദനയുണ്ടാകുമെങ്കിലും രക്തസ്രാവമുണ്ടാകില്ലെന്നതാണ് പ്രത്യേകത. പൊതുവായി കാണപ്പെടുന്ന മൂലക്കുരു ആന്തരിക-ബാഹ്യ മൂലക്കുരുക്കളുടെ ഒരു താരതാന്മ്യമാകുന്നു.

മൂലക്കുരുവിന്റെ വിവിധ ഘട്ടങ്ങള്‍:

നാല് ഘട്ടങ്ങളായിട്ടാണ് മൂലക്കുരു ബാധയെ തരം തിരിച്ചിരിക്കുന്നത് (വൈദ്യശാസ്ത്രത്തില്‍ ഗ്രേഡുകളായിട്ടാണ് ഇവയെ കണക്കാക്കുന്നത്)
ഒന്നാംഘട്ടത്തില്‍ മൂലക്കുരു പ്രത്യക്ഷപ്പെടുന്നത് വന്‍കുടലിന്റെ മലബഹിര്‍ഗമനാഗ്രത്തിലോ, മലദ്വാര കുഴലിന്റെ അവസാനത്തിലോ ആയിരിക്കും.

രണ്ടാം ഘട്ടത്തിൽ മലദ്വാരാഗ്രത്തിന് പുറത്തേക്ക് മൂലക്കുരു തള്ളി പുറത്തുകാണുന്നു; മലവിസര്‍ജ്ജനത്തിനായി ദ്വാരം തുറക്കപ്പെടുമ്പോഴാണ് ഇത് അനുഭവപ്പെടുക. ഇത് താനെ അകത്തേക്കു വലിയുന്നതാണ്.

മൂന്നാം ഘട്ടത്തിലെ ലക്ഷണങ്ങള്‍ രണ്ടാംഘട്ടത്തിലേതുപോലെയാണെങ്കിലും മലദ്വാരത്തിന് പുറത്തേക്ക് തള്ളിവരുന്ന മൂലക്കുരുവിനെ കൈകൊണ്ടോ മറ്റോ ഉള്ളിലേക്ക് തള്ളിക്കൊടുത്താല്‍ മാത്രമേ പോകുകയുള്ളു.

എന്നാല്‍ നാലാം ഘട്ടത്തിൽ മൂലക്കുരു സ്ഥിരമായി പുറത്ത് തൂങ്ങിക്കിടക്കുന്നു. ഇതിനെ അകത്തേക്ക് തള്ളാന്‍ സാധിക്കുന്നതല്ല മൂന്നാം ഘട്ടത്തിലേതുപോലെ.
ഒട്ടുമിക്കവര്‍ക്കും രണ്ടാം ഘട്ടത്തിലേയും മൂന്നാം ഘട്ടത്തിലേയും പോലെയുള്ളതാണ്.

ലക്ഷണങ്ങൾ
സ്ഥിരമായി മലബന്ധം/തടസം തോന്നുക. മലം പുറത്തുകളയാന്‍ ചെലുത്തുന്ന വായുസമ്മര്‍ദ്ദം മൂലക്കുരുവിന്റെ ആരംഭത്തിന് തുടക്കമിടുന്നു.

രക്തസ്രാവം
മൂലക്കുരുവിന്റെ പ്രഥമ ലക്ഷണം രക്തസ്രാവമാണ്. മലവിസര്‍ജ്ജനത്തിനായി ഇരിക്കുമ്പോള്‍, പ്രത്യേകിച്ച് മലദ്വാരം തുറക്കുമ്പോള്‍ നാമറിയാതെ രക്തം പുറത്തേക്ക്പോകുന്നു. ആന്തരികമോ, ബാഹ്യമോ, ആയിക്കൊള്ളട്ടെ മൂലക്കുരുവിന്റെ പ്രധാനലക്ഷണമാണിത്.

അതൃപ്തി
മൂലക്കുരു ബാധിതര്‍ക്ക് മലവിസര്‍ജ്ജനം ഒരിക്കലും പൂര്‍ണ്ണ തൃപ്തി നല്‍കുംവിധമായിരിക്കില്ല. ബാക്കി ഇനിയുമുണ്ട് എന്ന തോന്നല്‍ മാറുന്ന അവസ്ഥയിലെത്താറില്ല.മലദ്വാര ഭാഗത്ത് വേദന തോന്നുക. അതും പത്തുമിനിറ്റില്‍ കൂടുതല്‍ അനുഭവപ്പെടുകയാണെങ്കില്‍ 20 മിനിറ്റ് നടന്നുള്ള വ്യായാമം ചെയ്യുക. എന്നിട്ടും വേദന വിട്ടുമാറാതെ പിന്‍തുടരുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതാണ് ഉചിതം. കാരണം, ഇത് മൂലക്കുരു/അല്ലെങ്കില്‍ എന്തെങ്കിലും ഗുദാനുബന്ധ രോഗമായിരിക്കാന്‍ സാധ്യതകളുണ്ട്.

കഫം പോകുന്നുണ്ടെങ്കിൽ മൂലക്കുരുവരാനുള്ള സാധ്യതകള്‍ അവഗണിച്ചുകൂട. ആന്തരിക മൂലക്കുരു രോഗം പൊതുവെ വേദനയില്ലാത്തതാണ്. എന്നാല്‍, ബാഹ്യമൂലക്കുരു രോഗം അതീവ വേദനാജനകവും. കക്കൂസില്‍ ചെന്നിരിക്കുമ്പോള്‍ മലത്തിനു പകരം കുറേശെ കഫം പോകുന്നതും ശ്രദ്ധേക്കേണ്ടതുണ്ട്. ഇത് പൈല്‍സിന്റെ തുടക്കമാകാം. മൂലക്കുരു രോഗത്തിന് രക്തസ്രാവമുണ്ടാകുന്നതുപോലെ കഫം പോക്കും ഉണ്ടാകുമെന്ന തെറ്റിദ്ധാരണ വേണ്ട. ചിലരില്‍, ചിലപ്പോള്‍ മാത്രമേ ഈ ലക്ഷണം കണ്ടെന്നു വരികയുള്ളു.

മലദ്വാരത്തിനു ചുറ്റും നീരുവന്ന് വിങ്ങലുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇത് മൂലക്കുരു രോഗത്തിന്റെ ഗുരുതര ഘട്ടമായിരുന്നേക്കാം. ഈയ്യവസരത്തില്‍ ഡോക്ടറെ അടിയന്തിരമായി കണ്ടിരിക്കണം അല്ലെങ്കില്‍ മൂലക്കുരു രോഗം കൂടുതല്‍ സങ്കീര്‍ണ്ണവും ഗുരുതരവുമായേക്കാം. എന്നാല്‍, ഈ അവസ്ഥയിലും ഡോക്ടറെ കാണാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഒരു ഭാഗ്യപരീക്ഷണം വേണമെങ്കില്‍ ആകാമെന്നാണ് വൈദ്യശാസ്ത്രജ്ഞരിലെ മൂലക്കുരു രോഗ വിദഗ്ദര്‍ ഉപദേശിക്കുന്നത്.

ഭക്ഷണരീതി പൂര്‍ണ്ണമായും മാറ്റി പച്ചക്കറി മാത്രം ഭക്ഷിക്കുക, വ്യായാമം ചെയ്യാന്‍ തുടങ്ങുക, ദിവസവും കുറച്ചു നേരം നിങ്ങളുടെ വീടിനും പരിസരപ്രദേശങ്ങളിലും നടക്കാന്‍ സമയം കണ്ടെത്തുക ഇതെല്ലാം യാതൊരു വിട്ടുവീഴ്ചകളുമില്ലാതെ ചെയ്താല്‍ ചിലപ്പോള്‍ അതീവ ഗുരുതരമായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും മൂലക്കുരുവിന്റെ കരാളഹസ്തങ്ങളില്‍ നിന്നും രക്ഷപ്പെടാനാകും. പ്രത്യാശ നഷ്ടപ്പെടേണ്ടതില്ലെന്ന് ചുരുക്കം. കാരണം, ഗുദരോഗങ്ങളുമായി ഡോക്ടറെ കാണാന്‍ ചിലര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഏറെ മാനസിക വൈമുഖ്യം ഉള്ളതുകൊണ്ട്.

മൂലക്കുരുവിന്റെ കാരണങ്ങള്‍

മൂലക്കുരു രോഗം വളരെ സാവധാനത്തില്‍ മാത്രം ഉച്ചസ്ഥായിലെത്തുകയുള്ളു. കുട്ടികളില്‍ ഇത് സാധാരണ കാണാറില്ല. രോഗകാരണങ്ങള്‍ ജീവിത ശൈലിയും ഭക്ഷണശൈലിയുമാണ് മുഖ്യകാരണങ്ങളായി കണക്കാക്കുന്നു.

ഭക്ഷണം
ഭക്ഷണത്തിലെ പാശ്ചാത്യവല്‍ക്കരണം മലയാളികളെ മൂലക്കുരുവിന്റെ അടിമകളാക്കുന്നു. കോളകള്‍, ബ്രഡ്, റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ എന്നിവ മൂലക്കുരുവിനെ ക്ഷണിച്ചു വരുത്തുന്നു. മാത്രമല്ല, ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മലശോധന കുറയുന്നു. പച്ചക്കറികള്‍ ഭക്ഷണത്തില്‍ കുറയുമ്പോള്‍.

വ്യായാമകുറവ്
കേരളീയര്‍ പൊതുവെ അദ്ധ്വാനശീലം ഇല്ലാത്തവരായിരിക്കുന്നു; പ്രത്യേകിച്ച് കായിക അദ്ധ്വാനം ഇല്ലാത്ത തൊഴിലുകളോടാണ് കേരളീയര്‍ക്ക് പ്രതിപത്തി ഇക്കാലത്ത്. ഗള്‍ഫ് നാടുകളില്‍ പോയി നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരില്‍ അധികവും മലയാളികളായിരുന്നെന്ന സത്യത്തെ ഓര്‍ക്കാതെയല്ല ഇതു പറയുന്നത്.
ഓഫീസുകളില്‍ ദീര്‍ഘനേരം ഇരുന്നുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്ക് മൂലക്കുരു ബാധയേല്‍ക്കാന്‍ സാധ്യതകള്‍ കൂടുതലാണ്. ശാരീരിക അദ്ധ്വാനമില്ലാത്തവര്‍ക്ക് മലബന്ധം അനുഭവപ്പെടാനുള്ള സാധ്യതകളുമുണ്ട്. മാത്രമല്ല, മലശോധന ക്രമരഹിതമാകുകയും ചെയ്യും.

സമ്മര്‍ദ്ദം
മനസിലെ സംഘര്‍ഷങ്ങള്‍ മലവിസര്‍ജ്ജനവുമായി ബന്ധപ്പെട്ടതാണെന്ന് കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും മൂക്കത്തു വിരല്‍വെക്കാതിരിക്കില്ല. കാരണം മനസും മൂലവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഓര്‍ക്കാനേ കഴിയാത്തതുതന്നെ. എന്നാല്‍, സമ്മര്‍ദ്ദ മനസു പേറുന്നവര്‍ക്ക് മൂലക്കുരു ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയുണ്ടെന്നാണ് വിദഗ്ദരായ മൂലക്കുരു ചികിത്സകര്‍ പറയുന്നത്. മാനസിക പിരിമുറുക്കം മലബന്ധത്തേയും തുടര്‍ന്ന് മൂലക്കുരു ബാധക്കും വഴിവെക്കും.

വിസര്‍ജ്ജന രീതി
ചിലര്‍ക്ക് മലവിസര്‍ജ്ജനത്തിന് സമ്മര്‍ദ്ദം ചെലുത്തേണ്ടിയിരിക്കുന്നു സ്ഥിരമായി. ടോയ്ലറ്റവര്‍ക്ക് യുദ്ധക്കളമാണ്. മുക്കിയും മൂളിയും മാത്രമേ ഇവര്‍ക്ക് മലവിസര്‍ജ്ജനം സാധ്യമാകുകയുള്ളു. ആവശ്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി മലവിസര്‍ജ്ജനം നടത്തുന്ന സ്വാഭവക്കാരും സൂക്ഷിക്കുന്നത് നല്ലതാണ്; ഇവര്‍ക്കും മൂലക്കുരു വരാന്‍ ഇടയുണ്ട്.
മലവിസര്‍ജ്ജനത്തിന് തോന്നലുണ്ടായാല്‍ സമ്മര്‍ദ്ദം ചെലുത്തി ദീര്‍ഘിപ്പിക്കുന്ന സ്വഭാവം നന്നല്ല. ഇത് അപകടകരമായി തീരുന്നു; മൂലക്കുരുവിന് സാധ്യത കൂട്ടുകയാണ് ഈ ശീലം.

ഗര്‍ഭകാലത്ത്
ഗര്‍ഭകാലത്ത് ചിലരില്‍ മൂലക്കുരുവിന്റെ ലക്ഷണങ്ങള്‍ കാണാന്‍ ഇടയുണ്ട്. വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ തൂക്കം കൂടുതലാണെങ്കില്‍ ഇത് വയറ്റില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നു. കൂടാതെ, രക്തചക്രമണത്തിന്റെ തോത് കൂടുമ്പോഴും മലബന്ധത്തിനും തുടര്‍ന്ന് മൂലക്കുരു ബാധക്കും ഇടയുണ്ട്. രക്തകുഴലുകളില്‍ ഹോര്‍മോണുകളുടെ സാധാരണയില്‍ കവിഞ്ഞസാന്നിദ്ധ്യവും മൂലക്കുരുവിന് തുടക്കമിട്ടേക്കാം ഗര്‍ഭകാലത്ത്.
ചികിത്സയും മുന്‍കരുതലുകളും
മലവിസര്‍ജ്ജന സമയത്ത് സമ്മര്‍ദ്ദം ചെലുത്താതിരിക്കുന്നത് മൂലക്കുരു ബാധിതരെ ആശ്വസിപ്പിക്കുന്ന ഘടകമാണ്. മല വിസര്‍ജ്ജന സമയത്ത് സമ്മര്‍ദ്ദം ചെലുത്തുന്നത് അവസാനിപ്പിക്കണം. മാത്രമല്ല, മലത്തിന്റെ കട്ടികുറഞ്ഞ് ഉറക്കാത്ത മലമായാല്‍ വിസര്‍ജ്ജ്യസമയത്തെ വേദനയും ബുദ്ധിമുട്ടുകളും ഒഴിവാക്കാം. മലവിസര്‍ജ്ജനത്തിന് തോന്നലുണ്ടായാല്‍ സമ്മര്‍ദ്ദം ചെലുത്തി മാറ്റി വെക്കുകയോ ദീര്‍ഘിപ്പിക്കുകയോ ചെയ്യരുത്. ഇത് മൂലക്കുരുവിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.

ഭക്ഷണ നിയന്ത്രണം
ഒട്ടുമിക്ക മൂലക്കുരു ബാധിതര്‍ക്കും ഭക്ഷണ ക്രമീകരണത്തിലൂടെ മൂലക്കുരു രോഗത്തെ ഭേദമാക്കാവുന്നതാണ്. ഭക്ഷണത്തില്‍ നാരുകള്‍ അധികമുള്ള വസ്തുക്കള്‍ ഉള്‍പ്പെടുത്തുക. ഇത് വിസര്‍ജ്യസമയത്തെ സമ്മര്‍ദ്ദത്തെ കുറക്കുന്നു. മലവിസര്‍ജ്ജനം എളുപ്പവും സുഗമവുമാക്കാന്‍ ഇത് സഹായകരമാണ്.
ഭക്ഷണത്തില്‍ സുപ്രധാനമായ നാല് മാറ്റങ്ങള്‍ വരുത്താന്‍ വിദഗ്ദ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

1) പച്ചക്കറി സലാഡുകള്‍, നാര് അധികമുള്ള പഴങ്ങള്‍, പപ്പായ, പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുക.
2) പഴച്ചാറുകള്‍ക്കു പകരം പഴങ്ങള്‍ നേരിട്ട് കഴിക്കുക. പഴങ്ങളില്‍ നാരുകള്‍ കൂടുതലുണ്ട്.
3) ധാരാളം വെള്ളം കുടിക്കണം. ഇത് ഭക്ഷണം കൂടുതല്‍ ഉറക്കാതിരിക്കാനും വയറ്റില്‍ കൂടുതല്‍ ജലസാന്നിദ്ധ്യം മൂലം മലത്തെ മാര്‍ദ്ദവമുള്ളതാക്കുന്നു.
4) മൂലക്കുരു രോഗികള്‍ എരുവുള്ള ഭക്ഷണ സാധാനങ്ങള്‍ ഉപേക്ഷിക്കണം. കൂടുതല്‍ മസാല ചേര്‍ത്തുള്ള വിഭവങ്ങളും ഒഴിവാക്കുക. മാംസാഹാരം വര്‍ജ്ജിക്കുന്നത് ഉത്തമം.

വ്യായാമം
ദിവസവും 30 മിനിറ്റ് വ്യായാമം മലശോധനയെ എളുപ്പമാക്കാന്‍ സഹായിക്കുന്നു.

മറ്റു ചികിത്സകൾ

മൂലക്കുരു രോഗത്തെ ആദ്യഘട്ടത്തില്‍ തന്നെ, ഭക്ഷണ ക്രമീകരമത്തിലൂടെ നിയന്ത്രിക്കാനാകും. ഇതുകൊണ്ട് അസുഖം ഭേദമായില്ലെങ്കില്‍ ചികിത്സകള്‍ക്ക് വിധേയരാകേണ്ടിവരുന്നു.
‘റബ്ബര്‍ ബാന്‍ഡ് ലിഗേഷന്‍’ (Rubber Band Ligation) ഉപയോഗപ്പെടുത്തി ആന്തരിക മൂലക്കുരുവിന്റെ രക്തസ്രാവം നിര്‍ത്താനാകും. നാലഞ്ചു ദിവസത്തിനകം മലദ്വാരരക്തക്കുഴലുകളിലെ വീക്കം കുറയുന്നു. രക്തം പുറത്തുപോകുന്നത് ഇതോടെ നിലക്കും . നാലഞ്ചു ദിവസങ്ങള്‍ ഇതു ഫലപ്രദമായിരിക്കുമെങ്കിലും ശാശ്വതമായൊരു പരിഹാരമായി കരുതാനാകില്ല.
മലദ്വാര രക്തദമനികളിലെ വീക്കം കുറയ്ക്കാനും രക്തസ്രാവം നിര്‍ത്താനും ലഘുവായ റേഡിയേഷന്‍ ചിക്തിസ നടത്തുന്നത് പ്രയോജനകരമാണ്.

ചെറുതായി ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു വളരെ നേരിയ തോതില്‍ വീക്കബാധിത ധമനികളില്‍ കുത്തിവെക്കുമ്പോള്‍ ഉണ്ടാകുന്ന എരിച്ചിലും ധമനികളില്‍ രക്തം ഉറഞ്ഞുകൂടി പുറത്തുപോകാതിരിക്കാനും സഹായിക്കുന്നു. ഇത് മലദ്വാരാടിഭാഗത്തെ രക്തക്കുഴലുകളുടെ വീക്കം ഇല്ലാതാക്കും. ഇതിനെ ഇന്‍ഞ്ചക്ഷന്‍ സ്ക്ളോറോ തെറാപ്പിയെന്നാണ് (Injection Sclerotheropy ) എന്നാണ് അറിയപ്പെടുന്നത്.

ഇതു കൂടാതെ, തീരെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലെങ്കില്‍ സ്ഥിരമായി വീക്കത്തിന് വിധേയമാകുന്ന ധമനികളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നു. ഇങ്ങിനേയും മൂലക്കുരു രോഗികള്‍ക്ക ആശ്വാസം ലഭിക്കും.
മൂലക്കുരു രോഗം വന്നവര്‍ നിരാശരാകേണ്ടതില്ല. ആധുനിക ചികിത്സകള്‍ കേരളത്തിലുടനീളം ഇന്ന് ലഭ്യമാണ്. പൈല്‍സിന് ചികിത്സിക്കുന്ന സ്പെഷ്യലിസ്റുകള്‍ ഇന്ന് കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ആശുപത്രികളിലുണ്ട്.

കൂടാതെ, ആയൂര്‍വേദത്തിൽ മൂലക്കുരുവിന് ഫലപ്രദമായ നിരവധി ചികിത്സാ രീതികളുണ്ട്. അലോപ്പതിയേക്കാള്‍ ക്ഷമയും കാത്തിരിപ്പും ആവശ്യമായതിനാല്‍ പെട്ടെന്നൊരു ആശ്വാസത്തിനായി ആയൂര്‍വേദത്തെ ആശ്രയിക്കാന്‍ പൊതുവെ മടിയാണ് മലയാളികള്‍ക്ക്. ഹോമിയോയിലും യുനാനിയിലും ഒറ്റമൂലി ചികിത്സാ വിഭാഗത്തിലും മൂലക്കുരുവിന് ചികിത്സകളുണ്ടെങ്കിലും ശാശ്വതമായ പരിഹാരം വേണമെങ്കില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ചികിത്സകള്‍ നടത്തേണ്ടതുണ്ടെന്നും പൂര്‍ണ്ണമായും സസ്യഭുക്കായി മാറേണ്ടതുണ്ടെന്നുമാണ് ആയുര്‍വേദ ആചാര്യന്മാരുടെ ഉപദേശം.എന്തായാലും മൂലക്കുരുവിനെ കീഴടക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളില്‍ മുഖ്യം ഭക്ഷണ രീതിയും ജീവിത ശൈലിയും തന്നെ എന്നതില്‍ ആര്‍ക്കും സംശയമില്ല.

Ottamooli For Piles

▪പേരാലിൻ്റെ തൊലി കഷായമാക്കി കുടിക്കുക.

▪മുരിങ്ങയിലതോരനും മോരും കൂട്ടി കഴിക്കുക.

▪വെളുത്തുളളി നെയ്യിൽ മൂപ്പിച്ച് കഴിക്കുക.

▪ചുവന്നുളളിയും ഉപ്പും ചങ്ങലംപരണ്ടയും അരച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.

▪പാലിൽ എളളരച്ച് കുടിക്കുക.

▪പാലിൽ ചുവന്നുളളി അരച്ച് സേവിക്കുക.

▪നിലംപരണ്ട പാലിൽ അരച്ചു കുടിക്കുക.

▪വാളൻപുളിയുടെ പൂക്കൾ പിഴിഞ്ഞ് അല്പം കുടിക്കുക.

▪വെളുത്തുളളിയും പനക്കൽക്കണ്ടവും നെയ്യിൽ വറുത്ത് തിന്നുക.

▪വാഴപ്പഴം പഴകിയ വാളൻപുളിയും കൽക്കണ്ടവും ഒരുമിച്ച് ചേർത്ത് നാലുതവണ കഴിക്കുക

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)