പൊന്നുംകുടത്തിന്റെ ആരോഗ്യം

പൊന്നുംകുടത്തിന്റെ ആരോഗ്യം

കുഞ്ഞിനൊരു ചെറിയ പനി വന്നാല്‍ , അവനൊന്നു തുമ്മിയാല്‍ ടെന്‍ഷന്‍ തുടങ്ങുകയായി. പിന്നെ ഡോക്ടറെ കാണാനുള്ള ഓട്ടമായി. കുട്ടികള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ ഭേദമാക്കാന്‍ , ആരോഗ്യം കാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ആയുര്‍വേദ ചികിത്സാ വിധികള്‍ നിരവധിയുണ്ട്.

ആയുര്‍വേദത്തിന്റെ എട്ടംഗങ്ങളില്‍ ഒന്നാണ് കൗമാരഭൃത്യം (ബാലചികിത്സ). കുഞ്ഞുങ്ങളുടെ പരിചരണത്തെക്കുറിച്ചും വിവിധഘട്ടങ്ങളിലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ പരിഹാര മാര്‍ഗങ്ങളെക്കുറിച്ചുമെല്ലാം കൗമാരഭൃത്യത്തില്‍ വിവരിച്ചിട്ടുണ്ട്.ി കുഞ്ഞു ജനിച്ചു കഴിഞ്ഞാല്‍ ഒരു വയസുവരെ മുഖ്യാഹാരം മുലപ്പാലാണ്. ആദ്യം ഊറിവരുന്ന കൊളസ്ട്രം എന്ന പദാര്‍ഥം കുഞ്ഞിന് ഏറ്റവും നല്ല പോഷകാഹാരമാണ്.

മുലപ്പാല്‍ തികയാതെ വന്നാല്‍ ആട്ടിന്‍പാലോ, പശുവിന്‍ പാലോ മൂന്നിരട്ടി വെള്ളം ചേര്‍ത്തു കാച്ചിക്കൊടുക്കാം. പാലു തിളപ്പിക്കു മ്പോള്‍ ഓരിലവേരു കഴുകി ചതച്ചു കിഴിക്കെട്ടിയിടുന്നതു നല്ലതാണ്. ചെറുപഞ്ചമൂലവും ഇപ്രകാരം ചെയ്യാറുണ്ട്. ഹൃദയം തുടങ്ങിയ ശാരീരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നവയാണീ ഔഷധങ്ങള്‍. പ്രസവിച്ചു മൂന്നുമാസം വരെ മൂന്നു മണിക്കൂര്‍ ഇടവിട്ടു മുലയൂട്ടണം. മൂന്നു മാസത്തിനുശേഷം ആറുമാസം വരെ നാലുമണിക്കൂര്‍ ഇടവിട്ടും ആറു മാസത്തിനുശേഷം 10 മാസം വരെ അഞ്ചുമണിക്കൂര്‍ ഇടവിട്ടും നാലു തവണയായി പാല്‍ കൊടുക്കണം.

ആറുമാസം വരെയുള്ള പ്രായത്തി ല്‍ മുലപ്പാല്‍ മാത്രം ആഹാരമായി നല്‍കുന്നതാണ് ഏറ്റവും നല്ലത്.
കുഞ്ഞിന് ആറുമാസമായാല്‍ നവരയരി ഉണക്കിപ്പൊടിച്ചത്, പഞ്ഞപ്പുല്‍ പൊടിച്ചത്, നേന്ത്രക്കായ ഉണക്കി പൊടിച്ചത് എന്നിവ പശുവിന്‍ പാലില്‍ കുറുക്കി കൊടുക്കാം. ഇവ വെള്ളം ചേര്‍ത്തു കുറുക്കിയശേഷം സ്വല്പം വെണ്ണയോ നെയ്യോ ചേര്‍ത്തും കൊടുക്കാം. കൂടാതെ പഴച്ചാറുകള്‍, നേന്ത്രപ്പഴം വേവിച്ചത്, ആപ്പിള്‍ തുടങ്ങിയവയും ചെറിയ അളവില്‍ കൊടുത്തു തുടങ്ങാം. ഒരു വയസായല്‍ മുതിര്‍ന്നവര്‍ കഴിക്കുന്ന ആഹാരങ്ങളെല്ലാം കുറശ്ശേ കൊടുത്തു തുടങ്ങാം.

നവജാതശിശുക്കള്‍ക്കു മുലപ്പാല്‍ മാത്രമാണല്ലോ ആഹാരം. അതിനാല്‍ മുലപ്പാലിന്റെ ഗുണം കുറയുന്നതുമൂലമുള്ള രോഗങ്ങളാണ് അവര്‍ക്കധികമുണ്ടാവുക. മുലപ്പാല്‍ ദുഷിച്ചാല്‍ കുഞ്ഞുങ്ങള്‍ക്കു മലബന്ധം, മൂത്രതടസ്സം, പനി, ഛര്‍ദ്ദി തുടങ്ങിയ രോഗങ്ങളുണ്ടാകും. കുഞ്ഞിനു സ്തന്യദുഷ്ടി (മുലപ്പാലിന്റെ ദൂഷ്യം) കൊണ്ടുണ്ടാവുന്ന പ്രയാസങ്ങള്‍ മാറുന്നതിന് അമ്മയ്ക്കാണ് ഔഷധങ്ങള്‍ നല്‍കേണ്ടത്. സ്തന്യദുഷ്ടി മാറാന്‍ കുറുന്തോട്ടിക്കഷായത്തില്‍ ഇരട്ടിമധുരം, നറുനീണ്ടിക്കിഴങ്ങ്, അരത്ത എന്നിവ അരച്ചു സ്തനങ്ങളില്‍ പുരട്ടി അരമണിക്കൂര്‍ കളിഞ്ഞു കഴുകിത്തുടച്ചിട്ടു പാലൂട്ടാം.
കുഞ്ഞുങ്ങള്‍ക്കു സാധാരണമായുണ്ടാകുന്ന ചെറിയ ചെറിയ

  ആരോഗ്യപ്രശ്‌നങ്ങളകറ്റാനുള്ള ആയുര്‍ വേദവഴികളിതാ…

വായിലെ പൂപ്പല്‍:

ദഹനം ശരിയാവാതെ വരുമ്പോഴാണു വായില്‍ പൂപ്പലുണ്ടാവുക. കൂവളത്തിന്‍വേര് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അരച്ചു സ്തനങ്ങളില്‍ പുരട്ടി, അരമണിക്കൂര്‍ കഴിഞ്ഞു കഴുകിയ ശേഷം മുലപ്പാല്‍ കൊടുക്കുന്നതു ദഹനം എളുപ്പമാക്കും.

ദഹനപ്രശ്‌നങ്ങള്‍:

മലബന്ധം മൂലവും കുഞ്ഞിന്റെ വായില്‍ പൂപ്പലുണ്ടാകാം. മലബന്ധം മാറാന്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ കടുക്കാത്തോടരച്ചു മുലക്കണ്ണുകളില്‍ തേച്ചശേഷം മുലപ്പാല്‍ കൊടുത്താല്‍ മതി. ശുദ്ധി ചെയ്ത ആവണക്കെണ്ണ സ്തനങ്ങളില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞു തുടച്ചശേഷം പാല്‍ കൊടുക്കുന്നതും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. ഉണക്കമുന്തിരി കഴുകി വെള്ളമൊഴിച്ചു നന്നായി തിളപ്പിച്ച് 1 / 4 ആക്കിയ ശേഷം പഞ്ചസാരയും മുലപ്പാലും ചേര്‍ത്തു കൊടുക്കുകയുമാവാം. അമ്മയ്ക്ക് ദഹനത്തകരാറുകളുണ്ടെങ്കില്‍ അതിനുള്ള മരുന്നുകള്‍ കൊടുക്കണം. പ്രസവാനന്തര ശുശ്രൂഷയുടെ ഭാഗമായി വിശ്വാമൃതം, ജീരകാദ്യരിഷ്ടം, ദശമൂലാരിഷ്ടം, പഞ്ചകോലചൂര്‍ണ്ണം തുടങ്ങിയ മരുന്നുകള്‍ നല്‍കുന്നത് ഇതിനു വേണ്ടിയാണ്.
ശിശുക്കള്‍ക്ക് ഒരു മാസം പ്രായമാകുമ്പോള്‍ ചില മരുന്നുകള്‍ മുലപ്പാലില്‍ ഉരച്ചു നാവില്‍ തേച്ചു കൊടുക്കാറുണ്ട്. ഉരമരുന്ന് എന്നാണിതിനു പറയുക. ജനിച്ച് 10 ദിവസത്തിനുശേഷവും ഇതു കൊടുക്കാറുണ്ട്. വയമ്പ്, മാശിക്ക, ചന്ദനം, കടുക്കാത്തോട്, താന്നിത്തോട്, നെല്ലിക്കാത്തോട്, കടുരോഹിണി, രുദ്രാക്ഷം, പീനാറി, മുത്തങ്ങ തുടങ്ങിയ മരുന്നുകളാണ് ഇതിനുപയോഗിക്കുന്നത്. ഇവ കഴുകി ബ്രഹ്മി നീരിലോ തേനിലോ ഉരച്ചു മുലപ്പാലും ചേര്‍ത്തു നാവില്‍ തേച്ചുകൊടുക്കാം. ചുണ്ടുവിരല്‍, നടുവിരല്‍, പെരുവിരല്‍ എന്നിവയുടെ അറ്റം കൊണ്ടു തൊടുവിച്ചെടുക്കുന്ന മാത്രയാണ് ഇതിന്റെ അളവ്. വയമ്പും ചന്ദനവും മാത്രമെടുത്ത്, വയമ്പിനുള്ളില്‍ സ്വര്‍ണ്ണക്കമ്പി തറച്ച് അത് ഉരച്ചു വെണ്ണയും തേനും ചേര്‍ത്തും കൊടുക്കാറുണ്ട്. കുഞ്ഞിന്റെ ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനും ശരിയായ മലശോധനയുണ്ടാകാനും ഉരമരുന്ന് പ്രയോജനം ചെയ്യം. ബ്രഹ്മി, വയമ്പ് എന്നിവ ഭാവിയില്‍ ബുദ്ധിവികാസത്തിനും സ്വരശുദ്ധിക്കും നല്ലതാണ്.

മുലപ്പാല്‍ കുടിക്കാതിരുന്നാല്‍:

ശിശുക്കള്‍ക്കു വായ തുറക്കുവാന്‍ പ്രയാസമുണ്ടാകുന്ന തരത്തിലുള്ള വേദന, പനി, വായ്പ്പുണ്ണ്, തൊണ്ടവേദന തുടങ്ങിയ പ്രയാസങ്ങള്‍ ഉണ്ടാകുമ്പോഴാണ് മുലപ്പാല്‍ കുടിക്കാതിരിക്കുന്നത്. അതിനുള്ള ചികിത്സ ചെയ്യുമ്പോള്‍ മുലപ്പാല്‍ കുടിച്ചുകൊള്ളും.
പനിയുള്ളപ്പോള്‍ കൊമ്പഞ്ചാദി ഗുളികയോ, ഗോരോചനാദി ഗുളികയോ ഒരെണ്ണം മുലപ്പാലിലരച്ച് ദിവസം മൂന്നുനേരമായി കൊടുക്കാം. ഏലത്തരി, തിപ്പലി, വിഴാലരിപരിപ്പ്, താലീസപത്രം ഇവ സമം പൊടിച്ച് തേനും പഞ്ചസാരയും ചേര്‍ത്തു കുറേശ്ശെ നാവില്‍ തേച്ചുകൊടുക്കാം. വായ്പ്പുണ്ണോ, പൂപ്പലോ ഉണ്ടെങ്കില്‍ മുത്തങ്ങ മൊരികളഞ്ഞതു തിളപ്പിച്ചാറിയ വെള്ളത്തിലുരച്ചുകൊടുക്കാം.

പൊക്കിള്‍ക്കൊടി പഴുത്താല്‍

കുഞ്ഞുങ്ങളുടെ പൊക്കിള്‍ക്കൊടി വീണുപോയശേഷം ചിലരില്‍ നേരിയ പഴുപ്പുണ്ടാകാറുണ്ട്. കുളിപ്പിച്ചശേഷം വെള്ളം ശരിക്ക് ഒപ്പിയെടുക്കാതിരുന്നാലും അഴുക്കോ വിയര്‍പ്പോ പറ്റിയിരുന്നാലും ഇങ്ങനെ വരാം. ചിലരില്‍ വസ്ത്രമോ മറ്റോ ഉരഞ്ഞും മുറിയാറുണ്ട്. നാല്പാമരപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം ചൂടാറിയാല്‍ അതുകൊണ്ട് നന്നായി കഴുകി ജലാംശം ഒപ്പിയെടുക്കണം. പിന്നീട്, വെളുത്തുള്ളി അരച്ചുചേര്‍ത്തു മൂപ്പിച്ചെടുത്ത വെളിച്ചെണ്ണ (നൂറു മില്ലീ ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് ഒരു ചുള വെളുത്തുള്ളി) പഞ്ഞിയില്‍ മുക്കി വച്ചുകൊടുത്താല്‍ മുറിവുണങ്ങിക്കിട്ടുകയും പൊക്കിള്‍ വീര്‍ത്തു വന്നിട്ടുണ്ടെങ്കില്‍ ചുരുങ്ങുകയും ചെയ്യും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )