ഒരു കൊച്ചു ഈസ്റ്റര്‍ മുട്ടക്കഥ
ഒരു കൊച്ചു ഈസ്റ്റര്‍ മുട്ടക്കഥ
ഈസ്റ്റർ എന്നത് ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ കൊണ്ടാടുന്ന വിശുദ്ധദിനമാണ്. ഈസ്റ്റർ 'ഉയിർപ്പ് പെരുന്നാൾ' എന്ന പേരിലും അറിയപ്പെടുന്നു. ഈസ്റ്റർ എന്ന പുണ്യദിനം യേശുദേവന്റെ ത്യാഗത്തെയും പീഡാനുഭവത്തെ കുറിച്ച് മാത്രമല്ല തിന്മയുടെയും അസത്യത്തിന്റെയും ജയം താത്‌കാലികം മാത്രമെന്നും നമ്മെ ഓർമിപ്പിക്കുന്നു. ഈസ്റ്ററിനെ കുറിച്ച് നമുക്കെല്ലാവർക്കും അറിയാവുന്ന യാഥാർഥ്യങ്ങളാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് വിവിധ രാജ്യങ്ങളിൽ ഈസ്റ്റർ സമയത്തുള്ള ആഘോഷങ്ങളെ ചുറ്റിപ്പറ്റി പല കൗതുകവസ്തുതകളും ഉണ്ട്. ഇവയാണ് ഇന്നത്തെ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.
ഈസ്റ്റർ മുട്ട
വിദേശ രാജ്യങ്ങളിൽ ഈസ്റ്റർ മുട്ടകൾ (അലങ്കരിച്ച മുട്ടകൾ), അല്ലെങ്കിൽ കുട്ടികൾക്കായി നടത്തുന്ന ഈസ്റ്റർ എഗ്ഗ് ഹണ്ട് (ഈസ്റ്റർ മുട്ട കണ്ടുപിടിക്കുക), ഈസ്റ്റർ എഗ്ഗ് എ റോൾ എന്നിവ ഈസ്റ്റർ ആഘോഷങ്ങളുടെ അഭേദ്യമായ ഭാഗമാണ്. മുട്ട എന്നത് പുരാതന കാലഘട്ടത്തിൽ പുതുജീവന്റെ ചിഹ്നമായിട്ടാണ് കണ്ടിരുന്നത്. വസന്തത്തെ വരവേൽക്കാനുള്ള (സൂര്യദേവന്റെ തിരിച്ചു വരവായും) പുരാതന പേഗൻ ആഘോഷങ്ങളുമായി മുട്ടയെ ബന്ധപെടുത്താവുന്നതാണ്.
ക്രിസ്തീയ വീക്ഷണം അനുസരിച്ച് ഈസ്റ്റർ മുട്ടകൾ, ക്രിസ്തുദേവന്റെ കല്ലറയും പുനരുത്ഥാനവും, ഉയർത്തെഴുന്നേല്പും പ്രതിനിധാനം ചെയ്യുന്നു എന്നാണ്. ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് തന്നെ വസന്തത്തെ വരവേൽക്കാനായി മുട്ടകളിൽ ചായമിടുന്നതും, അലങ്കരിക്കുന്നതുമായ സമ്പ്രദായമുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇംഗ്ലണ്ടിലെ ക്രിസ്തീയതയുടെ ആദ്യചരിത്രം എഴുതിയ സംന്യാസിയായ വണറബിൾ ബേഡെ പറയുന്നത് 'ഈസ്റ്റർ' എന്ന പദം പേഗൻ സംസ്കാരത്തിലെ പ്രത്യുല്പാദനത്തിന്റെ ദേവതയായ 'ഈസ്ട്രെ' (Eostre) യുടെ പേരിൽ നിന്നാണ് ഉദ്ഭവിച്ചതെന്നാണ്.
കൗതുകകരമായ കഥകൾ
ഈസ്റ്റർ മുട്ടയുമായി അനുബന്ധിച്ച് വിവിധ തരത്തിലുള്ള കൗതുകകരമായ കഥകളും പ്രചാരത്തിലുണ്ട്. യേശുവിന്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള സംഭവങ്ങളുമായി ബന്ധപ്പെടുത്തി ചുവന്ന നിറമുള്ള മുട്ടകൾ ഈസ്റ്റർ ദിനത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായി നൽകുന്ന പതിവിനെ കുറിച്ച് പല കിഴക്കൻ യൂറോപ്യൻ ഐതിഹ്യങ്ങളിലും കാണാം.
മുട്ടകൾക്കു മുകളിൽ ഈസ്റ്ററിന്റെ സന്ദേശവും രേഖപ്പെടുത്തും. അകം പൊള്ളയായ മുട്ടകളും ഈ കൂട്ടത്തിൽ കൈമാറാറുണ്ട്. ക്രിസ്തുവിന്റെ ഉയിർപ്പിനു ശേഷമുള്ള ഒഴിഞ്ഞ കല്ലറകളെ ഇവ സൂചിപ്പിക്കുന്നു.
പോളിഷ് നാടോടിക്കഥകൾ അനുസരിച്ച് വിശുദ്ധ കന്യാമറിയം രാജ്യത്തെ സൈനികർക്ക് മുട്ടകൾ സമ്മാനിച്ചുവെന്നും, ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോൾ ദയ കൈവിടരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇപ്രകാരം പറയുമ്പോൾ കന്യാമറിയത്തിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർത്തുള്ളികൾ മുട്ടകളിൽ ചിതറി വീഴുകയും അവ ഒരു വർണചിത്രമായി മാറുകയും ചെയ്തു എന്നാണ്. ഇതാവാം മുട്ടകൾ അലങ്കരിക്കാനുള്ള മറ്റൊരു വിശ്വാസം. പൂക്കളുടെ ചാറ്, ഉള്ളിത്തൊലി, ബീറ്റ് റൂട്ട് തുടങ്ങിയ പ്രകൃതിദത്തമായവയാണ് ആദ്യകാലങ്ങളിൽ പുഴുങ്ങിയ മുട്ട അലങ്കരിക്കാൻ ഉപയോഗിച്ചിരുന്നത്. പുതുതലമുറയുടെ ആഘോഷങ്ങൾക്കായി കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതായാണ് കാണുന്നത്. നിറങ്ങൾ കൊണ്ട് മുട്ടയുടെ പുറംതോട് അലങ്കരിക്കുന്നത് കുട്ടികൾക്ക് വളരെ രസകരമായ ഒരു വിനോദമാണ്.
അമേരിക്ക
ഈസ്റ്റർ ദിനത്തിൽ മുയലുകൾ (ബണ്ണി) വിവിധ തരത്തിൽ അലങ്കരിച്ച മുട്ടകൾ തോട്ടങ്ങളിൽ ഒളിപ്പിച്ചു വയ്ക്കും. അത് കുട്ടികൾ കണ്ടുപിടിക്കണം എന്നതാണ് രസകരമായ ആഘോഷം. ചോക്ലേറ്റ് കൊണ്ടുണ്ടാക്കിയ മുട്ടകളും, പ്ലാസ്റ്റിക് മുട്ടത്തോടിനുള്ളിൽ ചെറിയ സമ്മാനങ്ങളും ഒക്കെ അച്ഛനമ്മമാർ ഇങ്ങനെ 'എഗ്ഗ് ഹണ്ട്' രസകരമാക്കാൻ ഉപയോഗിക്കും. ഈസ്റ്ററിനോട് അനുബന്ധിച്ച് അമേരിക്കയിലെ വൈറ്റ് ഹൗസ് ഈസ്റ്റർ കഴിഞ്ഞുള്ള തിങ്കളാഴ്ച 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടി 'ഈസ്റ്റർ എഗ്ഗ് റോൾ' എന്ന പേരിൽ ആഘോഷം സംഘടിപ്പിക്കാറുണ്ട്. വൈറ്റ് ഹൗസ് സൗത്ത് ലോണിലാണ് ഇത് നടത്താറുള്ളത്. അമേരിക്കയുടെ പ്രസിഡന്റും, അദ്ദേഹത്തിന്റെ ഭാര്യയുമാണ് ഇതിന് ആതിഥേയത്വം വഹിക്കുന്നത്. വൈറ്റ് ഹൗസ് ഈസ്റ്റർ എഗ്ഗ് റോൾ 1878-ൽ ആരംഭിച്ച ഒരു പാരമ്പര്യമാണ്.
ഫ്രാൻസ്
ഫ്രാൻസിൽ ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി ഹോസ് എന്ന നഗരത്തിന്റെ പ്രധാന തെരുവിൽ ഒരു ഭീമൻ ഓംെലറ്റ് ഉണ്ടാക്കുന്നു (4,500 മുട്ടകൾ ഉപയോഗിച്ചുകൊണ്ട് ആയിരത്തിലധികം പേർക്ക് ഭക്ഷിക്കാവുന്ന ഒരു കൂറ്റൻ ഓംെലറ്റ്).
ഗ്രീസ്
ഗ്രീക്ക് ദ്വീപായ കോർഫിൽ ഈസ്റ്റർ ആഘോഷ പാരമ്പര്യം അനുസരിച്ച് വിശുദ്ധ ശനിയാഴ്ച രാവിലെ ആളുകൾ അവരുടെ വീടുകളിൽ നിന്ന് ചട്ടി, പാൻ, മറ്റ് മൺപാത്രങ്ങൾ എന്നിവ പുറത്ത് വലിച്ചെറിയുന്നു. വസന്തത്തെ സ്വാഗതം ചെയ്യുന്നതിനും, പുതിയ വിളവുകൾ പുതിയ പാത്രങ്ങളിൽ ശേഖരിക്കുന്നതിനുമാണ് ഇത്.
ഈസ്റ്റർ ഐലൻഡ്
ചിലിയൻ കേന്ദ്രഭരണ ദ്വീപായ രാപ്പാ നുയ് (Rapa Nui) അറിയപ്പെടുന്നത് ഈസ്റ്റർ ഐലൻഡ് എന്ന പേരിലാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഡച്ച് സഞ്ചാരിയായ ജേക്കബ് റോഗേവെൻ തെക്കൻ പസഫിക് സമുദ്രത്തിലൂടെയുള്ള ഗവേഷണത്തിനിടെ 1722 ഏപ്രിൽ 5ന് ഒരു ദ്വീപ് കണ്ടെത്തി. കലണ്ടർ അനുസരിച്ച് ആ ദിവസം ഈസ്റ്റർ ഞായറാഴ്ചയായിരുന്നു. അങ്ങനെ ആ ദിവസത്തിന്റെ ബഹുമാനാർഥം അദ്ദേഹം 'ഈസ്റ്റർ ദ്വീപ്' എന്ന പേരിൽ ആ പോളിനേഷ്യൻ ദ്വീപ് സമൂഹത്തെ നാമകരണം ചെയ്തു.
ക്രിസ്‌മസിന് ക്രിസ്‌മസ് ട്രീ എന്നത് പോലെയാണ് ഈസ്റ്ററിന് ഈസ്റ്റർ മുട്ട. പുരാതന കാലം മുതൽക്കേ മുട്ട പ്രപഞ്ചത്തിന്റെ, പുതുജീവന്റെ പ്രതീകമായിരുന്നു. നമ്മുടെയിടയിലും അറിയാതെയാണെങ്കിലും ഇത് കേട്ട് കാണും. 'അണ്ഡകടാഹം' എന്ന വാക്ക് അതിനുദാഹരണമാണ്. ഈസ്റ്റർ മുട്ടയെ അങ്ങനെ പ്രത്യാശയുടെയും, പ്രകൃതിയുടെ പുനർജ്ജന്മത്തിന്റെ പ്രതീകവുമായി സങ്കല്പിക്കാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ