പർപ്പിൾ ദിനം

  പർപ്പിൾ ദിനം. ( അപസ്മാര ബോധവൽക്കരണ ദിനം)

പലപ്പോഴും നമ്മളെ ഞെട്ടിച്ചുകൊണ്ട് നമ്മുടെ സുഹൃത്തുക്കള്‍ വിറച്ച് വീഴുന്നത് കാണാറുണ്ട്. പലപ്പോഴും ആളുകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ താക്കോല്‍ ശരീരത്തില്‍ ചേര്‍ത്തുവെയ്ക്കാനും ശ്രമിക്കും. അപസ്മാരമെന്നാണ് ഈ രോഗത്തിന് പേര്. സന്നി എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. അപസ്മാരം പിടിപെട്ടാല്‍ പെട്ടെന്നു മാറില്ലെന്നാണ് പലരും ധരിച്ചുവെച്ചിക്കുന്നത്.
എന്നാല്‍ ഇത് കഥകള്‍ മാത്രമാണ്. അപസ്മാരം എന്നത് തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ്. മസ്തിഷ്‌കത്തില്‍ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനു കാരണം. സ്ത്രീകളിലും കുട്ടികളിലുമാണ് കൂടുതലായി ഈ രോഗം കാണുന്നത്.
ഏതു പ്രായക്കാരിലും ഈ രോഗം കാണപ്പെടാവുന്നതാണ്. സന്നി തുടര്‍ച്ചയായുണ്ടാവുന്ന അവസ്ഥയാണിത്. ശരീരം വെട്ടി വിയര്‍ക്കുകയോ കോച്ചിപ്പിടിക്കുകയോ ചെയ്യും. തലച്ചോറിലുണ്ടാവുന്ന വൈദ്യത സ്പന്ദനത്തിന്റെ തീവ്രതയ്ക്കനുസരിച്ചായിരുക്കും ശരീരത്തിനുണ്ടാവുന്ന ചേഷ്ടകള്‍.
ഇഡിയോപ്പതിക് എന്ന അപസ്മാരമാണ് പൊതുവില്‍ കാണപ്പെടുന്നത്. അപസ്മാരത്തിലേയ്ക്കു നയിക്കുന്ന കാരണങ്ങള്‍ പലതാണ്. മസ്തിഷ്‌ക്കത്തിലെ വൈകല്യങ്ങള്‍, മസ്തിഷ്‌ക്ക ട്യൂമര്‍, മസ്തിഷ്‌ക്കത്തില്‍ രക്തം കട്ടപിടിക്കല്‍, മസ്തിഷ്‌ക്ക ഞരമ്പുകള്‍ കുരുങ്ങിക്കിടക്കുന്ന അവസ്ഥ, മുതലായവ അപസ്മാരത്തിന് കാരണമാകാറുണ്ട്.
മസ്തിഷ്‌ക്കത്തിനുണ്ടാകുന്ന ജ്വരം, ക്ഷതം, കിഡ്‌നിയുടെ പ്രര്‍ത്തന തകരാറ് എന്നിവയും അപസ്മാരത്തിലേയ്ക്ക് നമ്മളെ തള്ളിവിടാറുണ്ട്. ഒപ്പം തലയിലെ മുറിവുകളും ശരീരത്തിലെ ലവണങ്ങളായ ഷുഗര്‍, സോഡിയം, യൂറിയ, എന്നിവ കൂടുന്നതും കുറയുന്നതും അപസ്മാരത്തിലേയ്ക്ക് നയിക്കും.

  ലക്ഷണങ്ങള്‍

പെട്ടെന്നുള്ള ബോധക്ഷയം, ശരീരം വെട്ടിവിറയ്ക്കല്‍, കൈകാലിട്ടടിക്കല്‍, വായില്‍ നിന്നും നുരയും പതയും വരല്‍ തുടങ്ങിയവയാണ് അപസ്മാരത്തിന്റെ ക്ഷണങ്ങള്‍.

  ചികിത്സ

അപസ്മാരത്തെ കുറിച്ച് പലപ്പോഴും തെറ്റിധരണാജനകമായ ബോധമാണ് നമുക്കെല്ലാം ഉള്ളത്. അപസ്മാരം ഒരിക്കലും ചികിത്സിച്ചു ഭേധമാക്കാനാവില്ല എന്നാണ് നമ്മൊളൊക്കെ വിചാരിക്കുന്നത്. എന്നാല്‍ അപസ്മാരം കൃത്യമായ ചികിത്സയിലൂടെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും. 80-90 ശതമാനം രോഗികളിലും ചികിത്സ കൊണ്ട് രോഗം നിയന്ത്രണവിധേയമാക്കാന്‍ കഴിയുന്നതാണ്.
ജനറലൈസ്ഡ് ടോണിക്ക് ക്ലോണിക്ക് ടൈപ്പ്, കോംപ്ലക്‌സ് പാര്‍ഷ്യല്‍ ടൈപ്പ്, സിംപിള്‍ പാര്‍ഷ്യല്‍ ടൈപ്പ്, ആബ്‌സെന്‍സ് സീഷര്‍ എന്നീ വിഭാഗങ്ങളിലുള്ള അപസ്മാരങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. ഏതുതരത്തിലുള്ള അപസ്മാരമാണെന്ന് കണ്ടെത്തലാണ് ചികിത്സയുടെ ആദ്യപടി. രോഗിയുടെ ആരോഗ്യാസ്ഥയ്ക്കനുസരിച്ച് മരുന്നിന്റെ അളവ് നിശ്ചയിക്കുന്നു. രണ്ടോ മൂന്നോ വര്‍ഷം തുടര്‍ച്ചയായി വിദഗ്ദ്ധമായ ചികിത്സ കൊടുക്കുകയാണെങ്കില്‍ ജന്മനാ വരുന്ന അപസ്മാരമുള്‍പ്പടെ പരിഹരിക്കാന്‍ സാധിക്കുന്നതാണ്.

  കുട്ടികളിലെ അപസ്മാരം

കുട്ടികളില്‍ ചുരുക്കമായി മാത്രമേ അപസ്മാരം കണ്ടു വരുന്നുള്ളു. കുട്ടിക്കാലത്തു മാത്രമുള്ള അപസ്മാരങ്ങളുമുണ്ട്. ഇവ ഒരു പ്രായമെത്തുന്നതൊടെ സ്വയം മാറിയെന്നും വരാം. എന്നാല്‍ ചിലയിനം അപസ്മാരങ്ങള്‍ക്ക് ചികിത്സ അത്യാവശ്യമായി വരാറുണ്ട്.
ആദ്യ അപസ്മാര മൂര്‍ച്ഛ ഏതു പ്രായത്തിലാണുണ്ടായതെന്നതിന്റെ അടിസ്ഥാനത്തിലാണ് ബാല അപസ്മാരം എന്നും മുതിര്‍ന്നവരിലെ അപസ്മാരമെന്നും വേര്‍തിരിക്കുന്നത്. 12 വയസ്സിനു മുമ്പുണ്ടാകുന്ന അപസ്മാരത്തെയാണ് സാധാരണ ഗതിയില്‍ ബാല അപസ്മാരമായി പരിഗണിക്കുന്നത്. 12-16 വയസിനുള്ളിലുണ്ടാവുന്നവയെ ജുവനൈല്‍ എപ്പിലപ്‌സി എന്നും വിളിക്കുന്നു.
കുട്ടികളില്‍ പൊതുവെ കണ്ടുവരാറുള്ള സന്നിയാണ് അഭാവ സന്നി. ക്ലാസ്സിലിരിക്കുമ്പോഴും ആഹാരം കഴിക്കുന്ന നേരത്തുമൊക്കെ പെട്ടെന്നു വരാറുള്ള സന്നിയാണിത്. ഇത് വളരെ വലിയ പ്രശ്‌നങ്ങള്‍ സാധാരണ ഗതിയില്‍ ഉണ്ടാക്കാറില്ലെങ്കിലും പഠനത്തെ ദോഷകരമായി ബാധിച്ചേക്കാം.

  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. സന്നിയുണ്ടാവുമ്പോള്‍ തന്നെ വിശദ പരിശോധന നടത്തുക.
2. അപസ്മാരമില്ലെന്ന് തീര്‍ച്ചപ്പെടുത്തിയാലും ഈ പരിശോധനയുടെ രേഖകളെല്ലാം ഭദ്രമായി സൂക്ഷിക്കണം.
3. പനിയോടൊപ്പം സന്നി ഉണ്ടാവുന്നുവെങ്കില്‍ വിശദ പരിശോധന നടത്തേണ്ടതുണ്ട്.
4. അപസ്മാരമുള്ള കുട്ടികളെ വെള്ളം തീ, യന്ത്രങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് അകറ്റി നിര്‍ത്തണം.
5. അപസ്മാരമുള്ള കുഞ്ഞിന്റെ ചേഷ്ടകളെല്ലാം വിശദമായും സൂക്ഷമമായും നിരീക്ഷിക്കണം. ഇവ വിശദമായിത്തന്നെ എഴുതിവെയ്ക്കുക, ഡോക്ടര്‍ക്ക് ഈ വിശദീകരണം നല്‍കുന്നത് രോഗനിര്‍ണ്ണയത്തിന് ഏറെ സഹായകമാവും.
6. മരുന്ന് മുടക്കരുത്.
7. ഉറക്കമൊഴിയാന്‍ അനുവദിക്കരുത്.
8. കുട്ടികളുടെ പെരുമാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും എന്തെങ്കിലും പ്രശ്‌നമുണ്ടെന്നു തോന്നിയാല്‍ രക്ഷകര്‍ത്താക്കളെ അറിയിക്കാനും അദ്ധ്യാപകര്‍ ശ്രദ്ധിക്കണം.
9. അപസ്മാരമുള്ള കുട്ടികളോട് വിവേചനങ്ങള്‍ പാടില്ല. മറ്റുള്ളവര്‍ അവരെ കളിയാക്കാതെ ശ്രദ്ധിക്കണം.
10. ചികിത്സ പാതിവഴിയില്‍ ഉപേക്ഷിക്കരുത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)