6. തൃക്കൂർ മഹാദേവക്ഷേത്രം
6. തൃക്കൂർ മഹാദേവക്ഷേത്രം
തൃശൂര്‍ ജില്ലയില്‍ ഒള്ളൂരിനു അടുത്താണ് തൃക്കൂര്‍ മഹാദേവ ക്ഷേത്രം. മണലിപ്പുഴയുടെ തീരത്ത് 150 അടി ഉയരമുള്ള പാറയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഏഴ്-എട്ട് നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഇതൊരു ശിവക്ഷേത്രമാണ്. 12 അടി നീളവും 8 അടി വീതിയും ഉള്ള ഒരു കരിങ്കൽ ഗുഹയാണ് ഇവിടുത്തെ ശ്രീകോവിൽ. ഏകദേശം 6 അടിയോളം ഉയരമുള്ള ശിവലിംഗമാണ് മുഖ്യ പ്രതിഷ്ഠ. പ്രതിഷ്ഠ കിഴക്ക് അഭിമുഖമാണങ്കിലും വടക്ക് ഭാഗത്താണ് ക്ഷേത്ര ദർശനം. തന്മൂലം ശിവലിംഗത്തിന്റെ വാമഭാഗമാണ് ഇവിടെ ഭക്തർക്ക് കാണുവാന്‍ പറ്റുന്നത്. പാർശ്വദർശനമുള്ള അപൂര്‍വം ശിവക്ഷേത്രങ്ങളിലൊന്നാണിത്. കിഴക്കേ നടയിൽ മുമ്പിൽ വലിയ നമസ്കാരമണ്ഡപവും അതിൽ നന്ദിയുടെ വിഗ്രഹവുമുണ്ട്. വൈഷ്ണവചൈതന്യത്തിന്റെ പ്രതീകമായി സാളഗ്രാമവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ശ്രീകോവിലിനിരുവശവും ദ്വാരപാലകരുണ്ട്.
ശ്രീകോവിലിന്റെ പിന്‍ ചുവരില്‍ ഉമാമഹേശ്വരന്മാരുടെ ശില്പങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. തിരുവാലീശ്വരം ക്ഷേത്രത്തിലെയും ഗംഗൈകൊണ്ട ചോളപുരത്തെയും ചണ്ഡേശാനുഗ്രഹമൂര്‍ത്തികളുടെ വടിവിനെ ഈ ശില്പങ്ങള്‍ അനുസ്മരിപ്പിക്കുന്നതായി എം.ജി.എസ്. നാരായണന്‍ അഭിപ്രായപ്പെടുന്നു.
മകരമാസത്തിലെ ഉത്രട്ടാതിനാളിൽ കൊടികയറി തിരുവാതിരനാളിൽ ആറാട്ടോടുകൂടി അവസാനിയ്ക്കുന്ന എട്ടുദിവസത്തെ ഉത്സവമാണ് ഇവിടെയുള്ളത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ