തച്ചു ശാസ്ത്രം

  തച്ചു ശാസ്ത്രം

ഗൃഹനിർമ്മാണ സംബന്ധിയായ ശാസ്ത്രം. ഗൃഹനിർമിതിയെ സംബന്ധിച്ച നിയമങ്ങളും പ്രവർത്തനരീതിയും വിധി-നിഷേധങ്ങളുമാണ് തച്ചുശാസ്ത്രം അനുശാസിക്കുന്നത്. മനുഷ്യാലയങ്ങൾ, ദേവാലയങ്ങൾ എന്നിങ്ങനെയുള്ള വിവിധയിനം ആലയങ്ങൾ; അവയുടെ നിർമ്മാണരീതി, ഉപയോഗിക്കുന്ന വസ്തുക്കൾ, ശില്പ വിദ്യകൾ എന്നിവയെപ്പറ്റിയെല്ലാം ഈ ശാഖയിൽ പ്രതിപാദിക്കുന്നു. വാസ്തുവിദ്യ, തച്ചുശാസ്ത്രം എന്നീ സംജ്ഞകൾ ചിലപ്പോൾ സമാനമായ അർത്ഥത്തിലും ഉപയോഗിക്കാറുണ്ട്. തച്ച് എന്ന പദം 'തക്ഷു' എന്ന സംസ്കൃത ധാതുവിന്റെ തദ്ഭവമാണ്. തക്ഷ് ധാതുവിന് തനൂകരണം എന്നർഥം. 'അതനു'വായ വസ്തുവെ തനുവാക്കി മാറ്റലാണ് തനൂകരണം. തനു എന്നതിന് ശരീരം എന്നും ചെറുത്, നേരിയത് എന്നും അർത്ഥമുണ്ട്. നിയതമായ ശരീരമില്ലാത്ത വസ്തുക്കളെ ചെത്തി ചെറുതാക്കി രൂപപ്പെടുത്തി ഗൃഹശരീരമാക്കി മാറ്റിയെടുക്കലാണ് തച്ചുപണി.

ഗൃഹനിർമ്മാണവൃത്തി ചെയ്യുന്നവരിൽ മരപ്പണിയെടുക്കുന്ന ആശാരിമാരുടെ ജാതീയനാമം എന്ന നിലയിൽ തച്ചൻ എന്ന പദം രൂഢമാണ്. തച്ചുപണി ചെയ്യുന്ന ജാതീയ വംശജരല്ലാത്തവരേയും തച്ചൻ എന്നു വിളിക്കാം. മമ്മടന്റെ കാവ്യപ്രകാശത്തിൽ രണ്ടാം ഉല്ലാസത്തിൽ 'താത്കർമ്യാത് അതക്ഷാ തക്ഷാ' എന്നൊരു പ്രയോഗമുണ്ട്. തച്ചുപ്രവൃത്തി ചെയ്യുന്നവൻ അതായത് ഗൃഹനിർമ്മാണം അഭ്യസിച്ചവൻ ജാതിയിൽ തച്ചനല്ലെങ്കിലും ലക്ഷണ അനുസരിച്ച് തച്ചനാണെന്നാണ് ഇവിടെ സമർഥിച്ചിരിക്കുന്നത്.

വരരുചിയുടെ മകനായ പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചൻ ഈ ലക്ഷണ അനുസരിച്ചാണ് തച്ചനാകുന്നത്. ജാതിയിൽ പറയിപെറ്റവനാണെങ്കിലും പ്രവൃത്തികൊണ്ട് ഇദ്ദേഹം തച്ചനായി; വളർന്ന് പെരുന്തച്ചനായി. കേരളത്തിൽ അനേക ജാതീയ വംശങ്ങ ളുടെ സ്ഥാപകർ പറയിപെറ്റ പന്തിരുകുലമാണ് എന്നും അതുകൊണ്ട് പെരുന്തച്ചന്റെ പിൻതലമുറയിൽപ്പെട്ടവരാണ് തച്ചന്മാർ എന്നും ചിലർ വിശ്വസിക്കുന്നു. ഭാരതത്തിലെ പൗരാണിക വാസ്തുശാസ്ത്രഗ്രന്ഥങ്ങളിലെല്ലാം തച്ചന്മാർ വിശ്വകർമാവിന്റെ സന്തതിപരമ്പരയിൽപ്പെട്ടവരാണെന്നു പ്രസ്താവിച്ചു കാണാം.

  വാസ്തുവിദ്യയും തച്ചുശാസ്ത്രവും

ഭാരതത്തിൽ ഗൃഹനിർമ്മാണവിദ്യ വാസ്തുവിദ്യ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗൃഹനിർമ്മാണം എന്നതിന് വാസ്തുവിദ്യയിൽ വിപുലമായ അർത്ഥമാണുള്ളത്. മനുഷ്യാലയങ്ങൾ, ദേവാലയങ്ങൾ, വേദികകൾ; തോണി, പല്ലക്ക്, രഥം മുതലായ വാഹനങ്ങൾ; കിണർ, കുളം മുതലായ ജലാശയങ്ങൾ; കട്ടിൽ, പീഠം, പാത്രം മുതലായ ഉപകരണങ്ങൾ; ഉരൽപ്പുര മുതലായ ഉപാലയങ്ങൾ തുടങ്ങിയവ ഗൃഹം എന്ന പദത്തിന്റെ പരിധിയിൽ വരും. കൂടാതെ ഗോവ് തുടങ്ങിയ മൃഗങ്ങൾക്കും തത്ത മുതലായ പക്ഷികൾക്കും വേണ്ടി ഉണ്ടാക്കപ്പെടുന്ന വാസസ്ഥാനങ്ങളും ഇതിൽ ഉൾപ്പെടും. മേല്പറഞ്ഞ എല്ലാ നിർമിതികളും കേരളത്തിലെ തച്ചുശാസ്ത്രത്തിന്റെയും വിഭാഗങ്ങളാണ്. ചുരുക്കത്തിൽ തച്ചുശാസ്ത്രം വാസ്തുവിദ്യയുടെ പര്യായമാണ്.

വാസ്തുവിദ്യയനുസരിച്ച് ഗൃഹനിർമ്മാണവൃത്തിയിലേർപ്പെടുന്നവരെ സ്ഥപതി, സൂത്രഗ്രാഹി, തക്ഷകൻ, വർദ്ധകി എന്നിങ്ങനെ നാലായി വിഭജിച്ചിട്ടുണ്ട്. നിർമിതിയുടെ ആദ്യന്തം മനസ്സിൽ കണ്ട് കണക്ക് നിശ്ചയിച്ച്, എല്ലാറ്റിന്റെയും മേൽനോട്ടം വഹിക്കുന്നയാളാണ് സ്ഥപതി. ദക്ഷിണ കേരളത്തിൽ സ്ഥപതി കണക്കൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. വടക്കൻ കേരളത്തിൽ മൂത്താശാരി എന്നും. സൂത്രഗ്രാഹിസ്ഥപതിയുടെ മകനോ ശിഷ്യനോ ആയിരിക്കും. സ്ഥപതിയോളം അറിവ് ഇദ്ദേഹത്തിനും ഉണ്ടാകും. തക്ഷകൻ വസ്തുക്കളെ ചെത്തി മിനുക്കി രൂപപ്പെടുത്തുന്നവനും വർദ്ധകി രൂപപ്പെടുത്തിയ വസ്തുക്കൾ ചേർത്തുവച്ച് ഗൃഹം കെട്ടിപ്പടുക്കുന്നവനുമാണ്. തച്ചുശാസ്ത്രജ്ഞർ മേല്പറഞ്ഞ നാലുവിധം പ്രവൃത്തികളിലും വൈദഗ്ദ്ധ്യം നേടിയവരാണ്.

തച്ചന്മാർ അവരുടെ നീണ്ട കാലത്തെ പ്രവർത്തനത്തിനിടയിൽ സ്വാനുഭവങ്ങളുടെ മൂശയിൽ വാർത്തെടുത്ത പ്രായോഗിക സിദ്ധാന്തങ്ങൾ തങ്ങളുടെ സന്തതിപരമ്പരകൾക്കും ശിഷ്യന്മാർക്കും കൈമാറിക്കൊണ്ടിരുന്നു. അവ അനുശാസനങ്ങളായി രൂപം പ്രാപിച്ചു. നിയമങ്ങളും പ്രവർത്തനപഥവും വിധി നിഷേധങ്ങളും പ്രതിപാദിക്കുകയാണ് അനുശാസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഗൃഹനിർമിതിയെ സംബന്ധിച്ച നിയമങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും. ഭൂമി, പരിസ്ഥിതി, ജന്തുക്കളുടെ ആവാസ വ്യവസ്ഥ, ഗൃഹത്തിന്റെ വിസ്തൃതി, കണക്ക്, ശില്പഭംഗി തുടങ്ങി പല കാര്യങ്ങളും ഗൃഹനിർമ്മാണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഗൃഹകർത്താവ് വിദഗ്ദ്ധനായ ഒരു തച്ചുശാസ്ത്രജ്ഞനെ (സ്ഥപതിയെ) കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അദ്ദേഹം വീടു നിർമ്മിക്കുന്നതിന് ഉത്തമമായ സ്ഥലം തിരഞ്ഞെടുക്കും. ഫലവൃക്ഷങ്ങളും പൂമരങ്ങളും പാൽമരങ്ങളും ഉള്ള സമനിരപ്പായ സ്ഥലം ഗൃഹനിർമ്മാണത്തിന് അനുയോജ്യമാണ്. അക്ഷയജലം കിട്ടുന്നതും സമൃദ്ധമായ മണ്ണുള്ളതും ആയിരിക്കണം പറമ്പ്. ഒരു കോൽ സമചതുരത്തിൽ ഒരു കോൽ ആഴത്തിൽ ഒരു കുഴിയെടുത്ത് അതേ മണ്ണ് അതേ കുഴിയിൽ നികത്തിയാൽ മണ്ണ് ബാക്കി വരുന്നുവെങ്കിൽ അത് ഉത്തമഭൂമിയാണ്. മേല്പറഞ്ഞ അളവിൽ ഉള്ള കുഴിയിൽ വെള്ളം നിറച്ച് അരനാഴിക നേരം കഴിഞ്ഞ് നോക്കിയാൽ ജലം വറ്റാതെയുണ്ടെങ്കിൽ ആ ഭൂമി ഉത്തമമാണ്. വിത്തിട്ട് മൂന്നു ദിവസം കൊണ്ട് മുളച്ചാൽ ഭൂമി ഉത്തമമായി. ഭൂമി ഉഴുതു മറിച്ച് കരിക്കട്ട, അസ്ഥി, രോമം, കൃമികൾ, ഉമി, പുറ്റ് മുതലായവ എന്തെങ്കിലും ഉണ്ടെങ്കിൽ നീക്കം ചെയ്ത് ഗൃഹസ്ഥാനം ശുചിയാക്കണം.

പിന്നീട് ഗൃഹകർത്താവിന്റെ ഇച്ഛയ്ക്കനുസരിച്ച് ഭംഗിയും ഉറപ്പും സൗകര്യങ്ങളുമുള്ള ഗൃഹം രൂപകല്പന ചെയ്യണം. എത്ര മുറികൾ വേണം, എത്ര വലിപ്പം വേണം, ഏത് ആകൃതിയിലായിരിക്കണം എന്നും മറ്റും ചിന്തിച്ച് തീരുമാനിക്കണം.

  ശാലകൾ

മനുഷ്യാലയത്തിന്റെ ഏറ്റവും മികച്ച മാതൃക നാലുകെട്ട് അഥവാ ചതുശ്ശാല ആണ്. ഒരു മധ്യാങ്കണത്തിനു ചുറ്റുമായി നാല് ദിക് ശാലകളും നാല് വിദിക് ശാലകളും ചേർന്നതാണ് നാലുകെട്ട്. നാലുകെട്ട് വികസിപ്പിച്ചെടുത്താൽ എട്ടുകെട്ടും പതിനാറുകെട്ടും ഉണ്ടാക്കാം. നാല് ശാലകൾ ചേർന്നത് ചതുശ്ശാലയും മൂന്ന് ശാലകൾ ചേർന്നത് ത്രിശാലയും രണ്ട് ശാലകൾ ചേർന്നത് ദ്വിശാലയും ഒറ്റശാല മാത്രമുള്ളത് ഏകശാലയുമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏകശാലയാണ്.

  മാനവ്യവസ്ഥ

ശാലകളുടേയും മുറികളുടേയും വലിപ്പം തീരുമാനിക്കുന്നത് അവയ്ക്ക് അളവ് നിശ്ചയിച്ചുകൊണ്ടാണ്. ഇതിനായി തച്ചുശാസ്ത്രം ഉപയോഗിക്കുന്ന മനോപകരണമാണ് മുഴക്കോൽ. ഇതിന് കിഷ്കു എന്നും കരം എന്നും പേരുണ്ട്. ഈ കോൽ പ്രധാനമായി മൂന്നുതരത്തിലുണ്ട്.

(i) ഒരു യവ ധാന്യത്തിന്റെ ഉദരവിസ്താരം ഒരു യവം. 8 യവം ഒരു അംഗുലം, എട്ട് അംഗുലം ഒരു പദം, 3 പദം (24 അംഗുലം) ഒരു കോൽ.

(ii) ഗൃഹകർത്താവിന്റെ വലതുകയ്യിലെ നടുവിരലിലെ നടുവിലെ പർവത്തിന്റെ നീളം ഒരു അംഗുലം. 8 അംഗുലം ഒരു പദം, 3 പദം (24 അംഗുലം) ഒരു കോൽ.

(iii) ജാലകത്തിലൂടെ കടന്നുവരുന്ന സൂര്യരശ്മിയിൽ കാണുന്ന പൊടിയുടെ 30-ൽ ഒരംശം ഒരു പരമാണു. 32768 പരമാണു ഒരു യവം. 8 യവം ഒരു അംഗുലം. 3 പദം (24 അംഗുലം) ഒരു കോൽ.

  യോനി

മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു അളവുകോൽ ഗൃഹനിർമിതിക്ക് ഉപയോഗിക്കാം. ഗൃഹം എത്ര കോൽ ദീർഘം വേണം എന്നു നിശ്ചയിച്ചാൽ അതിൽനിന്ന് അതിന്റെ ആനുപാതികമായ വീതിയും ഉയരവും കണക്കാക്കാം. കണക്കുണ്ടാക്കുമ്പോൾ ഗൃഹത്തിന്റെ ദർശനം ഏതു ദിക്കിലേക്കാണെന്ന് നോക്കേണ്ടതുണ്ട്. കിഴക്ക് ദർശനമുള്ള ഗൃഹം പടിഞ്ഞാറ്റിനിയും പടിഞ്ഞാറ് ദർശനമുള്ള ഗൃഹം കിഴക്കിനിയും വടക്ക് ദർശനമുള്ള ഗൃഹം തെക്കിനിയും തെക്ക് ദർശനമുള്ള ഗൃഹം വടക്കിനിയും ആണ്. ഇവയുടെ കണക്കുകൾ ചുറ്റളവ്, വിസ്തീർണം എന്നീ രണ്ട് ഉപാധികളിൽ നിശ്ചയിക്കാവുന്നതാണ്. ചുറ്റളവിനെ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ അളവ് നിശ്ചയിക്കുന്നത്. ഇങ്ങനെ നിശ്ചയിക്കുന്ന കണക്കുകൾക്ക് യോനി എന്നു പറയും. ധ്വജം, സിംഹം, വൃഷഭം, ഗജം എന്നീ നാമങ്ങളിലുള്ള യോനികൾ യഥാക്രമം 3, 1, 7, 5 എന്നീ കോലുകളാണ്. 2, 4, 6, 8 എന്നീ കോലുകളുടെ യോനികൾ യഥാക്രമം ഖരം, കുക്കുരം, ധൂമം, വായസം എന്നിവയാണ്. കണക്കുകളുടെ ഗുണദോഷങ്ങൾ നിരൂപണം ചെയ്ത് ഉത്തമമായ കണക്ക് വേണം നിശ്ചയിക്കേണ്ടത്. ഉത്തമമായ കണക്ക് കണ്ടുപിടിക്കുന്നതിന് കൈക്കണക്ക് സഹായിക്കുന്നു.

  സ്ഥാനനിർണയം

ഗൃഹത്തിന്റെ സ്ഥാനം നിശ്ചയിക്കുന്നത് ദിക്കുകൾ നിർണയിച്ച് അവയ്ക്കനുസൃതമാക്കിയായിരിക്കണം. ദിക്കു നിർണയിക്കുന്നത് ശങ്കുസ്ഥാപനം നടത്തിക്കൊണ്ടാണ്. ഇന്ന് ദിക്കു തിരിക്കുന്നതിന് വടക്കുനോക്കി (കാന്തസൂചി)യാണ് ഉപയോഗിക്കുന്നത്. പറമ്പിന്റെ വലിപ്പമനുസരിച്ച് അതിനെ സമചതുരമായ നാലോ എട്ടോ ഖണ്ഡങ്ങളാക്കാം.

ഇതിൽ കിഴക്കു പടിഞ്ഞാറായും തെക്കുവടക്കായും കോണോടു കോണായും സൂത്രങ്ങൾ കല്പിക്കണം. ഗൃഹം നില്ക്കുന്ന ഖണ്ഡത്തെ 64, 81, 100 എന്നിങ്ങനെ പദങ്ങളാക്കി വിഭജിക്കുകയും വേണം. ഈ പദങ്ങളിൽ വടക്കു കിഴക്ക് മൂലയിൽ ശിരസ്സും തെക്കു പടിഞ്ഞാറു മൂലയിൽ പാദങ്ങളും വച്ചുകൊണ്ട് വാസ്തുപുരുഷൻ കമിഴ്ന്നു കിടക്കുന്നു എന്ന് സങ്കല്പിക്കണം. വാസ്തു പുരുഷന്റെ അവയവങ്ങൾക്ക് ഭംഗം വരാത്തതരത്തിൽ ബാഹ്യാവൃതി ഒഴിച്ചുവേണം ഗൃഹം പണിയേണ്ടത്.

മധ്യത്തിലുള്ള പദങ്ങൾ അങ്കണമാക്കി അവയ്ക്കഭിമുഖമായി ഗൃഹങ്ങൾ നിർമ്മിക്കണം. പദകല്പന ചെയ്യുമ്പോഴുള്ള രേഖകൾ, കർണരേഖകൾ എന്നിവ കൂടിച്ചേരുന്നിടത്ത് മർമങ്ങളും മഹാമർമങ്ങളും ഉണ്ടാകും. അവയിൽ ദിക്കുകൾ, തൂണുകൾ എന്നിവ വരാതെ നോക്കണം. ഗൃഹമധ്യസൂത്രവും പറമ്പിന്റെ മധ്യസൂത്രവും ഒരേ രേഖയിൽ വരാതിരിക്കുവാൻ ശ്രദ്ധിക്കണം. ഒരേ രേഖയിൽ വരുന്നതിന് വേധം എന്നു പറയുന്നു. അതുപോലെ ഗൃഹമധ്യം ഭിത്തികൊണ്ട് കെട്ടിയടയ്ക്കുവാൻ പാടില്ല. വാതിലുകളോ ജനാലകളോ കൊണ്ട് വായുവിന്റെ നേരെയുള്ള സ്വതന്ത്രഗതി ഉറപ്പു വരുത്തണം. ഇങ്ങനെ വരാത്തിടത്ത് സൂത്രദോഷം ഉണ്ടെന്നു പറയുന്നു.

  ദ്രവ്യങ്ങൾ

ഗൃഹനിർമ്മാണത്തിന് ദ്രവ്യം തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ ആവശ്യമാണ്. പ്രതികൂല കാലാവസ്ഥയിൽ നിന്നു സംരക്ഷണം നല്കുക എന്നതാണ് കെട്ടിട നിർമ്മാണത്തിന്റെ പ്രധാന ഉദ്ദേശ്യം. കരിങ്കല്ല് (ശില), ചെങ്കല്ല് (Laterite), ഇഷ്ടിക, മരം, മണ്ണ്, മണൽ, കുമ്മായം (ചുണ്ണാമ്പ്), ലോഹം എന്നിവയാണ് പ്രധാന ദ്രവ്യങ്ങൾ.

  കല്ല്

ഒരേ നിറമുള്ളതും കുത്തും പൊട്ടും ഇല്ലാത്തതുമായ ശില ആയിരിക്കണം നിർമ്മാണത്തിന് ഉപയോഗിക്കേണ്ടത്. കാഠി ന്യമുള്ളതും മണിനാദം പുറപ്പെടുവിക്കുന്നതുമായ ശിലകൾ പുരുഷശിലകളും, കാഠിന്യം കുറഞ്ഞ് മയമുള്ള ശിലകൾ സ്ത്രീശിലകളുമാണ്. മറ്റുള്ളവ നപുംസക ശിലകളാണ്. കരിങ്കല്ല്, ചെങ്കല്ല്, ഇഷ്ടിക എന്നിവയ്ക്ക് ഞെരുക്കബലം (compressive strength) ധാരാളമുണ്ട്. ഭിത്തികൾ, തൂണുകൾ, തറകൾ എന്നിവ കെട്ടുന്നതിന് ഇവയാണ് ഏറ്റവും നല്ലത്. കല്ല് ഭൂമിയിൽ എങ്ങനെയാണോ ഇരുന്നത് അതേ പ്രകാരത്തിൽ വേണം കെട്ടിടത്തിലും നില്ക്കേണ്ടത്. കല്ലിന്റെ അടിഭാഗം മുകളിലും മുകൾഭാഗം അടിയിലും ആകരുത്. പാർശ്വങ്ങൾ അടിയിലോ മേലെയോ വരരുത്.

  മരം

അന്തഃസാരം, ബഹിസ്സാരം, സർവസാരം, നിസ്സാരം എന്നിങ്ങനെ മരം നാലുതരമുണ്ട്. ഇവയിൽ കാതൽ മാത്രമേ ഉപയോഗിക്കാവൂ. തൂൺ, കട്ടിളക്കാൽ എന്നിവ മരം നില്ക്കുന്ന പ്രകാരത്തിൽ അഗ്രം മേല്പോട്ടായിത്തന്നെ നില്ക്കണം. ഉത്തരങ്ങളുടേയും മറ്റും മുതുതല പടിഞ്ഞാറോ തെക്കോ ആകണം. മേൽക്കൂരയിൽ കഴുക്കോലിന്റെ മുതുതലയും താഴോട്ടായിരിക്കണം. ഒരു ഗൃഹത്തിന് കഴിയുന്നത്ര ഒരേ ഇനം മരംതന്നെ ഉപയോഗിക്കണം.

  മണ്ണ്, ഇഷ്ടിക

മണ്ണു കുഴച്ച് നേരിട്ടോ, വെയിലിലോ ചൂളയിലോ ഉണക്കി ഇഷ്ടികകളായോ ഉപയോഗിക്കാം. ചുണ്ണാമ്പും മണലും മിശ്രിതമാക്കി കുഴച്ചെടുത്തത് കല്ലുകൾ പടുക്കുന്നതിന് ഉപയോഗിക്കാം. സിമന്റിന്റെ ആവിർഭാവത്തോടെ ഈ ആവശ്യത്തിന് സിമന്റാണ് അധികമായും ഉപയോഗിച്ചുവരുന്നത്. ചുവർ പൂശുന്നതിനും നിലമിടുന്നതിനും ഇത് ഉപയോഗിക്കാം. കൂടാതെ നിലം ചാണകം മെഴുകിയോ മാർബിൾ, ഗ്രാനൈറ്റ്, പോർസലൈൻ ടൈൽസ് എന്നിവയിലേതെങ്കിലും ഒന്ന് പതിച്ചോ വൃത്തിയായി സൂക്ഷിക്കാം. മഴയിൽനിന്നു രക്ഷ കിട്ടുവാൻ ചരിഞ്ഞ മേൽക്കൂരയാണ് ഉത്തമം. മേൽക്കൂര ഓലകൊണ്ടോ ഓടുകൊണ്ടോ ചെമ്പുകൊണ്ടോ പുതിയ ഉത്പന്നമായ ഫൈബർ ഷീറ്റുകൾ കൊണ്ടോ മേയാം. കോൺക്രീറ്റ് മേൽക്കൂര ചരിവു ചെയ്ത് ഓടു മേയുന്നതാണ് നല്ലത്.

  തച്ചുശാസ്ത്രം ഒരു കല

ഉറപ്പും സൗകര്യവും ഉണ്ടായാലും കലാപരമായ മനോഹാരിതകൂടി ഉള്ളതാകണം ഓരോ നിർമിതിയും. തച്ചുശാസ്ത്രം കലയിലധിഷ്ഠിതമായ - ശില്പ ചാതുരിയിലധിഷ്ഠിതമായ-നിർമ്മാണരീതിയാണ് അനുവർത്തിക്കുന്നത്. വിവിധതരം അധിഷ്ഠാന മാതൃകകൾ, അലങ്കാര സ്തംഭങ്ങൾ, മച്ചുകൾ, മുഖപ്പുകൾ, പടിപ്പുരകൾ എന്നിവ ശില്പ ചാതുരിക്ക് ഉദാഹരണങ്ങളാണ്.

ഗൃഹം ഒരു ശില്പമാണ്. ഗൃഹത്തിന്റെ ഓരോ അവയവവും ഓരോരോ ശില്പമാണ്. അതുകൊണ്ട് ഗൃഹനിർമ്മാണത്തെ സംബന്ധിച്ച ശാസ്ത്രത്തിന് ശില്പശാസ്ത്രം എന്നും പേരുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)