ഷാറ്റേ എന്നപേരില്‍ അറിയപ്പെടുന്ന കാമാഡോറിയ പന

നിലത്തുള്ള സമ്മാനം!

മുറിച്ചുകഴിഞ്ഞാലും നാല്‍പ്പതുദിവസത്തോളം കേടുകൂടാതെ പച്ചനിറത്തില്‍ത്തന്നെ ഇരിക്കാന്‍ കഴിയും ഷാറ്റേ എന്നപേരില്‍ അറിയപ്പെടുന്ന കാമാഡോറിയ പനയുടെ ഇലകള്‍ക്ക്‌. പുഷ്പാലങ്കാരങ്ങള്‍ക്കും ശവസംസ്കാരമഞ്ചങ്ങള്‍ അലങ്കാരിക്കാനുമൊക്കെവേണ്ടി മല്‍സ്യത്തിന്റെ വാലിനോടു സാദൃശ്യമുള്ള ഇതിന്റെ ഇലകള്‍ വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഏതാണ്ട്‌ നാല്‍പതുകോടി എണ്ണമാണ്‌ വര്‍ഷംതോറും കയറ്റുമതി ചെയ്യുന്നത്‌. നട്ടുവളര്‍ത്തുകയേ ചെയ്യാത്ത കാമാഡോറിയ എന്ന പനയുടെ ജനുസില്‍പ്പെട്ട മൂന്നു സ്പീഷിസ്‌ ചെടികളുടെ ഇലകളാണ്‌ ഇതിനായി മുറിക്കുന്നത്‌. പ്രധാനമായി കാമാഡോറിയ ഏണസ്റ്റി-അഗസ്റ്റി (Chamaedorea ernesti-augusti) എന്ന ചെടിയുടേതും.
ഈ ചെടിയുടെ ഇലകള്‍ ശേഖരിക്കുന്നവര്‍ ഷാറ്റാറോസ്‌ (Xateros) എന്നാണ്‌ അറിയപ്പെടുന്നത്‌. മെക്സിക്കോ, ഗ്വാട്ടിമാല, ബെലീസ്‌ എന്നിവിടങ്ങളിലെ വനത്തിലാണ്‌ ഈ ചെടികള്‍ കാണുന്നത്‌. അവിടെയുള്ള വനത്തിലെ ജൈവവ്യവസ്ഥയ്ക്ക്‌ അതീവപ്രധാനങ്ങളാണ്‌ ഈ പനച്ചെടികള്‍. നിലംപറ്റി വളരുന്ന ഇവ വെയിലില്‍ നിന്നും മണ്ണിനു മറവുനല്‍കി അതിന്റെ ആര്‍ദ്രത നിലനില്‍ക്കുന്നതിനു വളരെയേറെ സഹായിക്കുന്നു. ഒന്നോ രണ്ടോ ഇലകള്‍ മാത്രമാണ്‌ ഇവയ്ക്ക്‌ ഒരു വര്‍ഷം ഉണ്ടാവുന്നത്‌. പക്ഷികളാണ്‌ വിത്തുവിതരണം നടത്തുന്നത്‌. ധാരാളം ഗ്വാട്ടിമാലക്കാര്‍ ഇതിന്റെ ഇലകള്‍ വനത്തില്‍ നിന്നും ശേഖരിച്ചാണ്‌ ഉപജീവനം നടത്തുന്നത്‌. അമിതമായി ഇതിന്റെ ഇലകള്‍ ശേഖരിക്കുന്നത്‌ ഇപ്പോള്‍ത്തന്നെ വംശനാശഭീഷണിയുള്ള ഈ ചെടിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന അവസ്ഥയാണ്‌. സാധാരണ അഞ്ച്‌ ഇലകള്‍ മാത്രമേ രണ്ടുമീറ്ററോളം ഉയരം വയ്ക്കുന്ന ഈ പനയില്‍ ഉണ്ടാവുകയുള്ളൂ. രണ്ടിലയില്‍ക്കൂടുതല്‍ ശേഖരിച്ചാല്‍ ഇതിന്റെ പ്രത്യുല്‍പ്പാദനത്തെ അതു ദോഷമായി ബാധിക്കുകയും ചെയ്യും. അടിക്കാടുകളായി വളരുന്ന ഇവയുടെ ഇലയില്‍ സൂര്യപ്രകാശം നേരെ പതിച്ചാല്‍ പച്ചനിറം നഷ്ടപ്പെടാറുണ്ട്‌. അമിതമായ ശേഖരിക്കല്‍ കാരണം ഗ്വാട്ടിമാലയിലെ വനങ്ങളിലെ പലയിടങ്ങളില്‍ നിന്നും ഈ പന അപ്രത്യക്ഷമായിക്കഴിഞ്ഞു. ഗ്വാട്ടിമാലയ്കും ബെലീസിനും അതിരിടുന്ന കാടുകളില്‍ സംഘടിതമായി ആയുധവുമേന്തി ഒരു മാഫിയ രീതിയിലാണ്‌ പലപ്പോഴും ഇതിന്റെ ഇലകള്‍ നിയമവിരുദ്ധമായി ശേഖരിക്കുന്നത്‌. അപ്പുറത്ത്‌ ഗ്വാട്ടിമാലയില്‍ നിന്നും സായുധസംഘങ്ങള്‍ ബെലീസിലെ ഏറ്റവും വലിയ ദേശീയോദ്യാനമായ ചിക്കിബുലിലേക്ക്‌ കടന്നുകയറുന്നു. കാടുമുഴുവന്‍ കൈവെള്ളയിലെന്ന പോലെയറിയാവുന്ന ഷാറ്റാറോസ്‌ പാതിരാത്രിയിലും കൂട്ടങ്ങളായി വന്ന് ഇലകള്‍ കടത്തുന്നു. ആഴ്‌ചകളോളം കാട്ടില്‍ത്തങ്ങുന്ന സംഘങ്ങള്‍ വിലപിടിച്ച മറ്റു സസ്യങ്ങളെയും ജീവികളെയും മയന്‍ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളെയുമെല്ലാം കൊള്ളയടിക്കുന്നു.
ഈ ചെടി നട്ടുവളര്‍ത്തുന്നുണ്ട്‌, എന്നാല്‍ സ്വാഭാവികപരിസ്ഥിതിയില്‍ ഉള്ളതുപോലൊന്നും ഇവ വളരുന്നില്ല. മനുഷ്യസഹായമില്ലാതെ പരാഗണവും നടക്കുന്നില്ല. ആണ്‍പൂവും പെണ്‍പൂവും വെവ്വേറെ ചെടികളില്‍ ഉണ്ടാവുന്ന ഇവയുടെ പേരിന്റെ ഗ്രീക്കിലുള്ള അര്‍ത്ഥം നിലത്തുള്ളസമ്മാനം എന്നാണ്‌. മനുഷ്യന്റെ അലങ്കാരങ്ങള്‍ക്കും ആര്‍ത്തിക്കും വേണ്ടി ഈ സമ്മാനം എന്നേക്കുമായി ഇല്ലാതാവുന്ന കാലം വിദൂരമല്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)