സാലിം അലി

  സാലിം അലി

വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന്‌ ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി (സാലിം മുഇസുദ്ദീൻ അബ്ദുൾ അലി, നവംബർ 12, 1896 - ജൂലൈ 27, 1987) അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു.പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉൾപ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻറെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു. പക്ഷിമനുഷ്യൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു

  പശ്ചാത്തലം

1896 നവംബർ 12-ന് മുംബൈയിൽ ജനിച്ചു. അഞ്ച്‌ ആൺകുട്ടികളും നാല്‌ പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിച്ചത്‌. അച്ഛൻ മൊയ്സുദ്ദീൻ, അമ്മ സീനത്തുന്നീസ. സാലിം ജനിച്ച്‌ ഒരു വർഷത്തിനുള്ളിൽ തന്നെ പിതാവും മൂന്നുവർഷം തികയുന്നതിനുമുൻപ്‌ മാതാവും മരിച്ചുപോയി. അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട്‌ വളർത്തിയത്‌. അക്കാലത്ത്‌ ഇന്ത്യയിലെത്തിയിരുന്ന സായ്പന്മാരുടെ പ്രധാന വിനോദം നായാട്ടായിരുന്നു, അവരെ അനുകരിച്ച്‌ നാട്ടുകാരും നായാട്ടിനിറങ്ങി. സാലിമിന്റെ അമ്മാവനും നല്ല ശിക്കാരി ആയിരുന്നു. പഠനത്തിൽ ഒട്ടും താത്പര്യം കാണിക്കാതിരുന്ന സാലിമിന്റെ സ്വപ്നം നല്ലൊരു നായാട്ടുകാരനാവുക എന്നതായിരുന്നു. സാലിമിന്റെ പത്താം വയസ്സിൽ അവന്‌ അമ്മാവന്റെ കൈയിൽ നിന്നും ഒരു 'എയർ ഗൺ' ലഭിച്ചു. അതുകൊണ്ട്‌ കുരുവികളെ വെടിവെച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം, വീട്ടിൽ കുരുവിയിറച്ചി നിത്യവിഭവമായി. വീട്ടിലെ തൊഴുത്തിൽ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനിടയിൽ ഒരു പെൺകുരുവി മുട്ടയിട്ട്‌ അടയിരിക്കുന്നതായും ഒരു ആൺകുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി, ആൺകുരുവിയെ സാലിം വെടിവെച്ചിട്ടു, പക്ഷേ മണിക്കൂറുകൾക്കുള്ളിൽ പെൺകുരുവി മറ്റൊരു ആൺകുരുവിയെ സമ്പാദിച്ച്‌ തത്സ്ഥാനത്ത്‌ ഇരുത്തി, അങ്ങനെ എട്ട്‌ ആൺകുരുവികളെ സലിം വെടിവെച്ചിട്ടെങ്കിലും പെൺകുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണുണ്ടായത്‌. ഇതെല്ലാം സാലിം തന്റെ ഡയറിയിൽ കുറിച്ചിടുന്നുണ്ടായിരുന്നു, സാലിം അലി എന്ന പക്ഷിശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണരേഖകളാണവ.

തന്റെ പന്ത്രണ്ടാം വയസ്സിൽ വെടിവെച്ചിട്ട കുരുവിയുടെ കഴുത്തിൽ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു മുസ്ലിമിന് തിന്നാൻ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ്‌ സായ്പിന്റെ അടുത്തേക്ക്‌ പറഞ്ഞുവിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ്‌ സ്നേഹപൂർവ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി(Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചുകൊടുത്തു, നിരവധി അറകൾ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോകപ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞൻ ജനിച്ചുവീണ നിമിഷങ്ങളായിരുന്നു അവ.

  ബർമ്മയും ജർമ്മനിയും

സാലിം അലിയുടെ ആദ്യകാല പഠനം മുംബൈയിലെ സെന്റ്‌. സേവിയർ കോളേജിലായിരുന്നു. ഒന്നാം വർഷത്തിനു ശേഷം പഠനം ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ബർമയിലെ താവോയിലേക്ക് മാറുകയായിരുന്നു. അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു. കൂടെ മരം വെട്ടും ഒരു വിനോദമാക്കി. ബർമയിലെ വാസസ്ഥലത്തിനടുത്തുള്ള കാടുകളിൽ അദ്ദേഹം തന്റെ ഒഴിവുസമയം ചിലവിട്ടു. അങ്ങനെ പ്രകൃതി ശാസ്ത്രത്തിൽ അദ്ദേഹത്തിന് താല്പര്യമുണ്ടായി. ഈ സമയത്താണ് അദ്ദേഹം ജെ.സി. ഹോപ്വുഡിനെയും ബെർത്തോൾഡ റിബെന്ട്രോപ്പിനെയും പരിചയപ്പെടുന്നത്. ഇവർ രണ്ടു പേരും ആ സമയം ബർമ ഗവെർന്മേന്റിനു കീഴിൽ വനംവകുപ്പിൽ ജോലിചെയ്തുകൊണ്ടിരിക്കുകയായിരുനു. ഏഴു വർഷത്തിനു ശേഷം 1917-ൽ ഇന്ത്യയിലേക്ക് തിരിച്ചു വന്ന സാലിം, പഠനം പൂർത്തിയാക്കാൻ തീരുമാനിക്കുകയും, വ്യാവസായിക നിയമം പഠിക്കാൻ ദാവർ കോളേജിൽ ചേരുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രകൃതി ശാസ്ത്രത്തിലുള്ള താല്പര്യം തിരിച്ചറിഞ്ഞ സെന്റ്‌.സേവ്യർ കോളേജിലെ ഫാദർ എതെൽബെറ്റ് ബ്ളാറ്റർ അദ്ദേഹത്തെ ജന്തുശാസ്ത്രം പഠിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ സെന്റ്‌. സേവിയർ കോളേജിൽ നിന്നും അദ്ദേഹം ജന്തുശാസ്ത്രവും പഠിക്കുകയുണ്ടായി.[2][3] ഡിസംബർ 1918-നു തെഹ്‌മിന എന്ന അകന്ന ബന്ധുവുമായി സാലിമിന്റെ വിവാഹം നടന്നു. ഭാരത ജന്തുശാസ്ത്ര സർവേയിൽ ([Zoological Survey of India) ഒരു പക്ഷിശാസ്ത്രജ്ഞന്റെ ഒഴിവിൽ ജോലിക്കുവേണ്ടി അപേക്ഷിച്ചിരുന്നെന്ങ്കിലും ഒരു ഔപചാരിക യൂണിവേർസിറ്റി ബിരുദം ഇല്ലാത്തതിനാൽ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഈ ഒഴിവ് പിന്നീട് നികത്തിയത് എം.എൽ. റൂൺവാൾ ആണ്[4]. 1926-ൽ അദ്ദേഹം മുംബയിലെ പ്രിൻസ് ഓഫ് വെയില്സ് മ്യൂസിയത്തിലെ പ്രകൃതിശാസ്ത്ര വിഭാഗത്തിലെ ഗൈഡ്‌ ലെച്ടറർ ആയി നിയമിതനായി. പ്രതിമാസം 350 രൂപയായിരുന്നു ശമ്പളം[5]. രണ്ടു വർഷത്തിനു ശേഷം ഉദ്യോഗം മടുത്ത അദ്ദേഹം പഠനം തുടരുന്നതിന് വേണ്ടി ജർമനിയിലേക്ക് പോയി. അവിടെ ബെർലിൻ യൂനിവേർസിറ്റിയുടെ ജന്തുശാസ്ത്ര മ്യുസിയത്തിൽ പ്രൊഫ.ഇർവിൻ സ്ട്രസ്സ്മാനു കീഴിൽ ജോലി ചെയ്തു. ജോലിയുടെ ഭാഗമായി ജ.കെ.സ്ടാന്ഫോർഡ് സംഗ്രഹിച്ച മാതൃകകൾ പഠിക്കാനും അദ്ദേഹത്തിന് അവസരം കിട്ടി. ബെർലിനിൽ താമസമാക്കിയിരുന്നത് കൊണ്ട് പല മുൻനിര ജർമ്മൻ പക്ഷിശാസ്ത്രജ്ഞരുമായി ഇടപഴാകാൻ അദ്ദേഹത്തിന് അവസരം കിട്ടി. അതിൽ പ്രമുഖർ ബെർനാണ്ട് റേൻഷ(Bernhard Rensch), ഓസ്കർ ഹീന്രോത് ( Oskar Heinroth ), എറണ്സ്റ്റ്റ്‌ മേയർ (Ernst Mayr) എന്നിവരായിരുന്നു. ഹീഗോലാൻഡ് നിരീക്ഷണ കേന്ദ്രത്തിൽ പ്രവർത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു[6].

  ആധികാരിക പഠനങ്ങളിലേക്ക്‌

1914-ൽ ബ്രിട്ടീഷ്‌ ഇന്ത്യയെക്കുറിച്ചുള്ള ഒരു ശാസ്ത്രലേഖനത്തിന്റെ നിരൂപണത്തിൽ നിരൂപകൻ ആ പുസ്തകത്തിൽ ഇന്ത്യക്കാരുടെ സംഭാവനയായി ഒന്നും തന്നെ ഇല്ല എന്ന് എടുത്തുപറഞ്ഞിരുന്നു ഇത്‌ സാലിം അലിയുടെ മനസ്സിൽ തട്ടുകയും പക്ഷികളെ കുറിച്ച്‌ പഠിക്കാനായി ജീവിതം ഉഴിഞ്ഞു വെയ്ക്കുവാനും തീരുമാനിച്ചു.അതിനിടയിൽ കുടുംബപ്രാരാബ്ധം മൂലം ബർമ്മയിൽ പണിയന്വേഷിച്ചുപോയെങ്കിലും ഇടവേളകളിൽ പക്ഷിനിരീക്ഷണം തുടർന്നു. നാലുവർഷത്തിനു ശേഷം ഇന്ത്യയിലെത്തിയ സാലിം അലി ഒരു വ്യാപാരിയുടെ മകളായ തെഹ്‌മിനയെ വിവാഹം കഴിച്ചു. ഇതിനിടയിലും പക്ഷിനിരീക്ഷണത്തിനായി ജർമ്മനിയിലും മറ്റും പോകുകയും ചെയ്തു. ഒരു ജോലിക്കുവേണ്ടി അലയുന്നതിനിടയിൽ 1932-ൽ "ഹൈദരാബാദ്‌ സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണ"ത്തിൽ(Hyderabad State Ornithology Survey) പങ്കെടുക്കാൻ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം.

1935-ൽ തിരുവിതാംകൂർ മഹാരാജാവ്‌ തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച്‌ പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി.എൻ.എച്ച്‌.എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ്‌ പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത്‌ സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. അദ്ദേഹം ആദ്യമായ്‌ മറയൂർ ഭാഗത്താണ്‌ പഠനം നടത്തിയത്‌ പിന്നീട്‌ ചാലക്കുടി, പറമ്പിക്കുളം,കുരിയാർകുട്ടി മുതലായിടത്തും പോയി.[അവലംബം ആവശ്യമാണ്] കുരിയാർകുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ്‌ കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്‌, അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങൾ രേഖപ്പെടുത്തിയത്‌. പിന്നീടിള്ള യാത്രാമധ്യേ തട്ടേക്കാടെത്തുകയും അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച്‌ തിരിച്ചറിയുകയും അവിടം ഒരു സംഭരണകേന്ദ്രം(Collection center) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട്‌ മൂന്നാർ, കുമളി, ചെങ്കോട്ട, അച്ചൻകോവിൽ മുതലായ സ്ഥലങ്ങളിൽ പഠനം നടത്തുകയും ചെയ്തു. ആ നിരീക്ഷണങ്ങൾ ആദ്യം തിരുവിതാംകൂർ, കൊച്ചിയിലെ പക്ഷിശാസ്ത്രം എന്നും പിന്നീട്‌ സർ സി. പി. രാമസ്വാമി അയ്യരുടെ ആവശ്യപ്രകാരം പരിഷ്കരിച്ച്‌ കേരളത്തിലെ പക്ഷികൾ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി. 1939-ൽ കേരളത്തിലെ പഠനം പൂർത്തിയായപ്പോഴേക്കും ഭാര്യ തെഹ്‌മിന എന്നെന്നേക്കുമായി വിടപറഞ്ഞു, അതോടെ സാലിം പരിപൂർണ്ണ പക്ഷിനിരീക്ഷകനായി.

ഈ രണ്ടുപഠനങ്ങളോടുകൂടി തന്നെ സാലിം അലി പ്രശസ്തനാകുകയും ഇന്ത്യയിലെമ്പാടും പക്ഷിനിരീക്ഷണങ്ങൾക്കായി ക്ഷണിക്കപ്പെടുകയും ചെയ്യപ്പെട്ടു. അതിനിടയിൽ ഇന്ത്യ സ്വതന്ത്രമാവുകയും, സാലിം അലി ബി.എൻ.എച്ച്‌.എസ്സിന്റെ തലവനാവുകയും ഒക്കെ ചെയ്തു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷികളെക്കുറിച്ചുള്ള അറിവിൽ സാലിം അലിയുടെ പ്രാമാണ്യം ലോകം അംഗീകരിച്ചു. സാലിം അലിയും അമേരിക്കനായ എസ്‌. ഡില്ലൺ റിപ്ലിയും സംയുക്തമായി രചിച്ച ഇന്ത്യയിലേയും പാകിസ്താനിലേയും പക്ഷികളേക്കുറിച്ചുള്ള പഠനങ്ങൾ ഇന്നും ഈ രംഗത്തെ ആധികാരിക പുസ്തകമാണ്‌. [അവലംബം ആവശ്യമാണ്]കാശ്മീർമുതൽ കന്യാകുമാരി വരെ അദ്ദേഹം സ്വയം സഞ്ചരിച്ച്‌ പഠനങ്ങൾ നടത്തി, അനാരോഗ്യം, അലസത മുതലായവ അദ്ദേഹത്തെ തീണ്ടിയില്ല.

   മറ്റ് സംഭാവനകൾ

ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈടറ്റിയെ (BNHS) പതനത്തിൽ നിന്നും കരകയറ്റുന്നതിൽ സാലിം അലി പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.നൂറു വര്ഷം പഴക്കമുള്ള ഈ സ്ഥാപനത്തെ രക്ഷിക്കാൻ അന്നത്തെ പ്രധാനമന്ത്രിയായ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിനു സാലിം അലി കത്തെഴുതുകയുണ്ടായി.സാലിമിന്റെ കുടുംബക്കാരും പക്ഷിനിരീക്ഷണ രംഗത്ത് ശോഭിച്ചിരുന്നു എന്ന് കാണാം. പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഹുമയൂൺ അബ്ദുള്ള(Humayun Abdulali) , സഫർ ഫുത്തഹാലി ( Zafar Futehally) എന്നിവർ സാലിമിന്റെ അകന്ന ബന്ധുക്കളാണ്. സഫർ പിന്നീട് BNHS-ന്റെ ഓണററി സെക്രട്ടറി സ്ഥാനവും വഹിക്കുകയുണ്ടായി. സാലിം അലി ബിരുദാനന്തരബിരുദ, ഗവേഷണ വിദ്യാർഥികളെ പഠിപ്പിച്ചിട്ടുണ്ട്. ഇവരിൽ ആദ്യത്തെ വിദ്യാർഥി വിജയകുമാർ അംബേദ്‌കർ ആയിരുന്നു. ഇദ്ദേഹം പ്രജനനം-പരിസ്ഥിതി ശാസ്ത്രം വിഷയത്തിൽ പിന്നീട് ഒരു ഗവേഷണ പ്രബന്ധം എഴുതുകയുണ്ടായി. ഈ പ്രബന്ധം തിരുത്തിയത് ഡേവിഡ്‌ ലാക്ക് (David Lack) എന്ന ശാസ്ത്രജ്ഞനായിരുന്നു.[7][8][9]
ഇന്ത്യൻ പക്ഷിനിരീക്ഷണ രംഗത്തേക്ക് ധനസമാഹരണം നടത്തുന്നതിലും അലി പ്രത്യേക പങ്കു വഹിച്ചിട്ടുണ്ട്.ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിൽ സാമ്പത്തിക ശാസ്ത്ര- പക്ഷിശാസ്ത്ര യൂണിറ്റ് സ്ഥാപിക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ പങ്കു വഹിച്ചു.[10][11].ഷഡ്പദങ്ങൾ പകർത്തുന്ന ക്യാസന്നൂർ വന രോഗ (Kyasanur Forest Disease) ത്തെപ്പറ്റി പഠിക്കുവാൻ അദ്ദേഹം സാമ്പത്തിക പിന്തുണ നേടിയെടുത്തു.ഈ പ്രൊജെക്ടിനു വേണ്ടി ഫണ്ടുകൾ നൽകിയത് അമേരിക്കൻ ഐക്യ രാഷ്ട്രങ്ങളിൽ പ്രവർത്തിക്കുന്ന 'ഫുഡ്‌ ഫോർ പീസ്' എന്ന പദ്ധതിയായിരുന്നു. പക്ഷേ, രാഷ്ട്രീയമായ പിന്തുണക്കുറവുമൂലം ഈ പദ്ധതി നിന്ന് പോകുകയായിരുന്നു.[12] 1980 കളുടെ അന്ത്യത്തിൽ പക്ഷിവേട്ട കുറച്ചുകൊണ്ടുവരാൻ വേണ്ടിയുള്ള B.N.H.S പ്രൊജെക്ടിനു അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്.അതെ സമയം, പക്ഷിനിരീക്ഷകരെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി പക്ഷിനിരീക്ഷകർക്കായൊരു പത്രിക(A newsletter for birdwatchers) അദ്ദേഹം പുറത്തിറക്കി.[13] ഡോ.അലിക്ക് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പല പ്രമുഖ വ്യക്തികളുമായും ബന്ധമുണ്ടായിരുന്നു.അവയിൽ പലതും ജവഹർലാൽ നെഹ്‌റു, മകൾ ഇന്ദിര ഗാന്ധി എന്നിവരിലൂടെയായിരുന്നു.ഇന്ദിര ഗാന്ധിയും ഒരു പക്ഷിനിരീക്ഷകയായിരുന്നതുകൊണ്ട് അവർ സാലിമിന്റെ പുസ്തകങ്ങളിൽ ആകൃഷ്ടയായിരുന്നു.1942-ൽ അലിയുടെ ഇന്ത്യൻ പക്ഷികളുടെ പുസ്തകം (Book of Indian Birds) ആണ് നയിനി ജയിലിലായിരുന്ന ഇന്ദിരയ്ക്ക് അച്ഛൻ ജവഹർലാൽ നെഹ്‌റു ടെഹ്റദുൻ ജയിൽ വാസകാലത്ത് സമ്മാനമായി നൽകിയത്.[14]). ഭരത്പൂർ വനങ്ങളെ വന്യജീവി സന്ങ്കേതമാക്കി മാറ്റാനും സൈലന്റ് വാലി കാടുകളെ സംരക്ഷിക്കാനും അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്.അനേകം പക്ഷികളുടെ മരണത്തിന് കാരണമായ കന്നുകാലി മേയാൽ ഭരത്പൂർ വന്യ ജീവി സങ്കേതത്തിൽ നിന്നും ഇല്ലായ്മ ചെയ്തത് വഴി പരിസ്ഥിതി സംരക്ഷകനെന്ന നിലയിലും അദ്ദേഹം അറിയപെട്ടു.

  അവസാനകാലം

  സാലിം അലി താൻ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987-ൽ തൊണ്ണൂറ്റൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)