1. വിഴിഞ്ഞം ഗുഹാക്ഷേത്രം
1. വിഴിഞ്ഞം ഗുഹാക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്താണ് ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആയ് രാജവംശ കാലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ആയ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം. അന്നത്തെ പ്രമുഖ ദക്ഷിണേന്ത്യന്‍ തുറമുഖമായിരുന്ന വിഴിഞ്ഞം ആദ്യത്തെ കാന്തല്ലൂര്‍ശാലയുടെ ആസ്ഥാനമായും ചരിത്രകാരന്മാര്‍ കരുതുന്നു. നഗരഹൃദയത്തിൽ നിന്ന് ഏകദേശം 17 കിലോമീറ്റർ മാറി കടല്‍ത്തീരത്താണ് ഈ ക്ഷേത്രം.
ഒറ്റപ്പെട്ട ഒരു വലിയ ഉരുളൻ കല്ല് (boulder) തുരന്നാണ് ഈ ക്ഷേത്രം പണിതീര്‍ത്തിട്ടുള്ളത്. ലളിതമായ രീതിയില്‍ നിര്‍മിച്ചിട്ടുള്ള ക്ഷേത്രത്തിന് പാറ തുരന്നുണ്ടാക്കിയ ശ്രീകോവില്‍ മാത്രമാണുള്ളത്. കൂറ്റന്‍ പാറയിലെ വിശാലമായ ഉള്ളറകളുള്ള ഗുഹാക്ഷേത്ര നിര്‍മാണരീതി ഇവിടെ കാണാനാകില്ല. ആകെയുള്ളത് ഒറ്റക്കല്ലും അതിലെ കൊത്തുപണികളും മാത്രമാണ്. കാലം പിന്നിട്ടപ്പോള്‍ ഇപ്പോള്‍ കാണുന്ന ഉരുളന്‍ കല്ല് മാത്രം അവശേഷിച്ചതാകാനും മതി. എട്ടാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്ന വീണാധര ദക്ഷിണാമൂര്‍ത്തിയുടെ ശില്പം ഇവിടെ കാണാനാകും. ഗുഹയുടെ പ്രവേശന കവാടത്തിന്റെ ഭിത്തികളിൽ ഒരു വശത്ത് ത്രിപുരാന്തകനായ ശിവന്റെയും മറുവശത്ത് നൃത്തംചെയ്യുന്ന പാര്‍വതീ-പരമേശ്വരന്മാരുടെയും ശില്പങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. വെട്ടിയെടുത്ത ദീര്‍ഘചതുരാകൃതിയിലുള്ള ശ്രീകോവിലില്‍ പില്‍കാലത്ത് എത്തിപ്പെട്ട ശാസ്താവിന്റെ ഒരു വിഗ്രഹം കാണാം.
നിത്യപൂജയില്ലാത്ത ഈ ക്ഷേത്രം ഇപ്പോള്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സംരക്ഷിത സ്മാരകമാണ്. ഇരുകൈകളിലും അമ്പും വില്ലുമേന്തിനില്‍ക്കുന്ന ത്രിപുരാന്തക മൂര്‍ത്തിയുടെ ശില്പം എട്ടാം നൂറ്റാണ്ടിലെ ചോള ശില്പമാതൃകയിലുള്ളതാണെന്ന് ചരിത്രരേഖകള്‍ പറയുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ