അല്പം ജിറാഫ് വിശേഷങ്ങൾ!
അല്പം ജിറാഫ് വിശേഷങ്ങൾ!
ജീവലോകത്ത് ഏവർക്കും പരിചിത നാമമാണ് ജിറാഫ്.
ജിറാഫിഡെ ആണ് കുടുംബം കുടുംബക്കാരനായി 'ഒകാപി' മാത്രം.
ജന്തുലോകത്തെ വിസ്മയ കഥാപാത്രമാണ് ജിറാഫ് .
ജന്തുലോകത്തെ പൊക്കക്കാരൻ.
പ്രായപൂർത്തിയായ ആൺ ജിറാഫിന് ശരാശരി അഞ്ചര മീറ്റർ വരെ ഉയരം ഉണ്ടാകും.
1700 കിലോ ഭാരവും കാണും.
ഇത്രയധികം ശരീര ഭാരമുണ്ടെങ്കിലും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ അനായാസം ഓടാൻ ജിറാഫിനാകും.
ഉയരമേറിയ ബലിഷ്ഠമായ കാലുകൾ തന്നെയാണ് ഇവക്ക് വേഗത നൽകുന്നത്.
നിഷ്കളങ്കമായ മുഖമാണ് ജിറാഫിന് നീണ്ട് കൂർത്ത ചെവി.
ശരീരവുമായി യാതൊരു ബന്ധവുമില്ലാത്ത മെലിഞ്ഞുണങ്ങിയ കുഞ്ഞു കൊമ്പുകൾ.
നീളമേറിയ കൺപീലികൾ.
മൊത്തത്തിൽ ആരും നോക്കി നിന്നു പോകും ഈ അപൂർവ്വ ജീവിയെ.
മുള്ളുകൾ നിറഞ്ഞ അക്കേഷ്യ പോലുള്ള പച്ചിലകളാണ് ഇഷ്ടഭക്ഷണം.
ഒരു ദിവസം 130 കിലോ ഭക്ഷണം വരെ ഈസിയായി ആശാൻ ശാപ്പിടും.
മൂന്നോ നാലോ മണിക്കൂർ മാത്രമേ ഉറങ്ങാറുള്ളൂ.
മറ്റൊരു പ്രത്യേകത കാഴ്ച്ച ശക്തിയാണ്.
ഒന്നര കിലോമീറ്റർ വരെ ദൂരക്കാഴ്ച്ചയുണ്ട് ജിറാഫിന് . കൂടെ മേയുന്ന സീബ്ര , ഇംപാല പോലുള്ള സഹജീവികളുടെ ബോഡി ഗാർഡാണ് ജിറാഫ് .
ജിറാഫുള്ള ഇടങ്ങളിൽ ഇവക്ക് ധൈര്യമായി തീറ്റ തേടാം, ദൂരെയുള്ള ചെറിയ ഒരു ഇലയനക്കം വരെ ജിറാഫ് ശ്രദ്ധിക്കുന്നത് കൊണ്ട് ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും ഒരു പരിധി വരെ സഹജീവികൾ സുരക്ഷിതരാവുന്നു.
അയവിറക്കുന്ന ജീവിയാണ് ജിറാഫ്.
കൂർത്ത മുള്ളുകൾ നിറഞ്ഞ പച്ചിലകൾ, ചുറ്റിപ്പിടിക്കാൻ കഴിവുള്ള മേൽ ചുണ്ട് കൊണ്ട് എത്തിപ്പിടിച്ച് ചുരുട്ടി വെച്ച 43 സെന്റിമീറ്ററോളം നീളമേറിയ നാവ് കൊണ്ട് പതുക്കെ മുള്ളുകൾ നിറഞ്ഞ ഇലകൾ നീളമേറിയ പല്ലുകൾ കൊണ്ട് ചവച്ചരക്കുന്നു.
കഴുത്തിന്റെ നീളം കൂടുതൽ ശത്രുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതിൽ ജിറാഫിന് സഹായകരമാവുമെങ്കിലും വെള്ളം കുടിക്കുന്നിടത്ത് കഴുത്ത് പാരയാകുന്നു.
ജിറാഫ് വെള്ളം കുടിക്കാൻ പാട് പെടുന്നത് കാണേണ്ട കാഴ്ച്ച തന്നെയാണ്.
മുൻകാലുകൾ വശങ്ങളിലേക്ക് അകത്തിയിട്ട് മുട്ടുകൾ വളച്ച് മൂന്നര മീറ്ററോളം നീളൻ കഴുത്ത് പതുക്കെ താഴ്ത്തിയാണ് സാഹസിക വെള്ളം കുടി.
മറ്റു മൃഗങ്ങളെപ്പോലെ ഇടക്കിടയ്ക്ക് വെള്ളം കുടിക്കാൻ ഇല്ലാത്തത് കൊണ്ട് ജിറാഫ് രക്ഷപ്പെട്ടു .
നീര് നിറഞ്ഞ പച്ചിലകൾ ധാരാളം കഴിക്കുന്നതിനാലാണത്.
പ്രായം ചെല്ലുന്തോറും ശരീരത്തിലെ ചതുരവരകൾ ഇരുണ്ട് വരാൻ തുടങ്ങും.
കൂട്ടമായി ജീവിക്കാനാണ് ജിറാഫുകൾക്കിഷ്ടം .
വമ്പൻ ജീവിയാണെന്ന് കരുതി ശത്രുക്കളില്ലെന്ന് കരുതരുത്.
മുഖ്യശത്രു എല്ലായ്പ്പോഴും പോലെ നമ്മൾ മനുഷ്യർ തന്നെയാണ്.
ഇറച്ചിക്കും തോലിനും വേണ്ടി ആഫ്രിക്കൻ പുൽമേടുകളിൽ ദിനേനെ കൊല്ലപ്പെടുന്നുണ്ട് ഈ ജീവലോക പ്രതിഭാസം.
മറ്റൊരു ശത്രു സിംഹമാണ്.
സിംഹമൊഴികെ മറ്റൊരു വന്യമൃഗവും അടുക്കാൻ ധൈര്യപ്പെടില്ല ജിറാഫിനടുത്ത്.
നീളമേറിയ ബലിഷ്ടമായ കാലുകൾ കൊണ്ട് ഒരു തട്ട് കിട്ടിയാൽ എപ്പോ കാറ്റ് പോയെന്ന് ചോദിച്ചാൽ മതിയാകും.
ആൺ സിംഹങ്ങൾ ആദ്യം ജിറാഫിന്റെ പിന്നിൽ ചെന്ന് പിന്നിലൂടെ അവയെ ഭയപ്പെടുത്തി ഓടിക്കുന്നു.
ഓടുന്നതിനിടയിലും ജിറാഫ് പിൻ കാലുകൾ കൊണ്ട് ചുഴറ്റിയടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും.
പെട്ടെന്ന് പതിയിരിക്കുന്ന ആൺ സിംഹം ജിറാഫിന്റെ കഴുത്തിന് ലക്ഷ്യമായി കുതിക്കുകയും കടി വിടാതെ കഴുത്തിൽ തൂങ്ങിക്കിടന്ന് കീഴ്പ്പെടുത്തുകയും ചെയ്യാറാണ് പതിവ്.
450 ദിവസമാണ് ജിറാഫിന്റെ ഗർഭകാലം, നിന്ന് കൊണ്ടാണ് അമ്മ കുഞ്ഞിനെ പ്രസവിക്കുന്നത്.
ആദ്യം കുഞ്ഞിന്റെ മുൻകാലുകൾ പുറത്തേക്ക് വരാൻ തുടങ്ങും ഏതാണ്ട് രണ്ട് മീറ്ററോളം ഉയരത്തിൽ നിന്നും കുഞ്ഞ് തലകീഴായി നിലത്തേക്ക് വീഴും.
വീഴ്ച്ചയിൽ കുഞ്ഞിന് യാതൊന്നും സംഭവിക്കില്ല .
പ്രസവം കഴിയാൻ അര മണിക്കൂറോളം എടുക്കും. പത്ത് മിനിറ്റിനകം കുഞ്ഞ് എഴുന്നേറ്റ് നിന്ന് പാല് നുണയാനാകും.
പ്രസവിക്കുമ്പോൾ കുഞ്ഞിന് 2 മീറ്റർ ഉയരവും 80 കിലോയിലധികം ഭാരവും ഉണ്ടാകും.
മൂന്നര മീറ്ററോളം ഉയരത്തിലുള്ള തലച്ചോറിലേക്ക് രക്തം പമ്പ് ചെയ്യാൻ തരത്തിലുള്ള വലിയ ഹൃദയമാണ് ഇവക്കുള്ളത്.
രക്തക്കുഴലുകൾ വളരെ ഉറപ്പുള്ള പേശികളാൽ നിർമ്മിതമാണ്.
ആഫ്രിക്കയിൽ ഒരു ലക്ഷത്തോളം മാത്രം ജിറാഫുകളാണ് ഇനി ഭൂമിയിൽ അവശേഷിക്കുന്നത് . ജീവലോകത്തിന് പറയാൻ ഇത്രമാത്രം, പ്രകൃതിക്ക് യാതൊരു വിധത്തിലുമുള്ള പ്രയാസവും സൃഷ്ടിക്കാത്ത ഈ സാധു മൃഗത്തെ വേട്ടയാടാതിരിക്കട്ടെ.
ജീവലോകത്ത് അത്യപൂർവ്വമായ ഈ ജീവി ഇനിയും നീണാൾ വാഴട്ടെ!
ആരോട് പറയാൻ ആര് കേൾക്കാൻ?
സൗത്ത് ആഫ്രിക്കയിലും ഛാഡിലും ഉള്ള പാർക്കുകളിൽ വാഹനത്തിൽ ഉള്ള സഞ്ചാരികളുടെ അടുത്തേക്ക് തലനീട്ടി നിഷ്കളങ്ക മുഖഭാവത്തോടെ അടുക്കുന്ന സാധു മൃഗമുണ്ടോ അറിയുന്നു പിന്നിൽ പുൽമേടുകളിൽ മരസ്റ്റാന്റുകളിൽ ബൈനോക്കുലർ ഘടിപ്പിച്ച തോക്കുമായി വേട്ടക്കാരൻ കാത്തിരിപ്പുണ്ടെന്ന സത്യം?
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ