7. ഇരുനിലംകോട് ഗുഹാക്ഷേത്രം
7. ഇരുനിലംകോട് ഗുഹാക്ഷേത്രം
തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്ന് ഷൊര്‍ണ്ണൂരിലേക്കുള്ള വഴിയില്‍ മുള്ളൂര്‍ക്കരയില്‍നിന്നും രണ്ട് കിലോമീറ്റര്‍ വടക്കുമാറിയാണു ഇരുനിലംകോട് ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. അക്ഷമാല, ഡമരു, ദണ്ഡ്, പരശ് എന്നിവ ധരിച്ച ദക്ഷിണാമൂര്‍ത്തിയാണ് ഇരുനിലം കോട്ടെ പ്രതിഷ്ഠ. വലതുകാല്‍ ഇടത്തുകാലിന്മേല്‍ കേറ്റിവച്ചിരിക്കുന്ന വിധത്തിലാണ് ശില്പം. നീണ്ടുരണ്ട ജടാമകുടവും വിരിഞ്ഞ മാറും പേരിനുമാത്രം അലംകൃതമായ കൈകാലുകളും ശില്പത്തിന്റെ പ്രത്യേകതയാണ്. തടിച്ചതും ഒറ്റയിഴയുള്ളതുമായ യജ്ഞോപവീതം പല്ലവശില്പങ്ങളിലെ യജ്ഞോപവീതത്തെ അനുസ്മരിപ്പിക്കുന്നു.പ്രധാനവിഗ്രഹത്തിനു പിന്നിലായി ശിവഭൂതഗണത്തിന്റെ ഒരു നിരതന്നെ ശില്പങ്ങളുടെ രൂപത്തില്‍ ഉണ്ട്. സുബ്രഹ്മണ്യന്‍, ഗണപതി, ഭഗവതി എന്നീ ഉപദേവതകളുമുണ്ട്.
എ.ഡി. എട്ടോ ഒന്‍പതോ നൂറ്റാണ്ടാണ് ഇരുനിലംകോട് ക്ഷേത്രത്തിന്റെ നിര്‍മ്മാണകാലം. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗുഹയുടെ മുകളിലുള്ള പാറയില്‍ കരിങ്കലുകള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഏഴുമുനിയറകളില്‍ ഒരെണ്ണം മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നൊള്ളു.
മത്സ്യമാംസാദികള്‍ ഒഴികെ എന്തും ഈ ക്ഷേത്രത്തില്‍ നേദിക്കാം. ചേമ്പ്, ചേന, കിഴങ്ങ് തുടങ്ങി ഈ പ്രദേശത്തുണ്ടാകുന്ന എന്തും ഇരുനിലംകോട് ക്ഷേത്രത്തില്‍ നേദിക്കണമെന്ന വിശ്വാസവുമുണ്ട്. പഴയകാലത്ത് ഇവിടെ പൂജാരിയുണ്ടായിരുന്നില്ല. ആളുകള്‍ നേരിട്ട് നേദിക്കുകയായിരുന്നു പതിവ്. വയറുവേദനയുണ്ടായാല്‍ മരം കൊണ്ടോ മണ്ണുകൊണ്ടോ ഉള്ള ആമ, മത്സ്യം, തേള്‍, പഴുതാര എന്നിവ നിര്‍മ്മിച്ച് ഇവിടെ സമര്‍പ്പിച്ചാല്‍ രോഗം മാറുമെന്നാണ് വിശ്വാസം. തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിക്കാണ് ഉത്സവം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ