4. കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം
4. കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം
എ.ഡി. എട്ടാം നൂറ്റാണ്ടിൽ പല്ലവ രഥശില്പശൈലിയിൽ നിർമ്മിക്കപ്പെട്ട ഗുഹാക്ഷേത്രമാണ് കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് മണിമലയാറിന്റെ കരയിൽ ഉള്ള ഒരു ഗ്രാമമാണ് കവിയൂർ. കവിയൂർ മഹാദേവക്ഷേത്രത്തിൽ നിന്നും ഒന്നരകിലോമീറ്റർ വടക്കുമാറി ഏകദേശം അഞ്ചര ഏക്കറോളം വിസ്ത്യതിയിൽ ഉയർന്ന് മുഖാമുഖം സ്ഥിതിചെയ്യുന്ന രണ്ട് പാറക്കെട്ടുകളിൽ കിഴക്കേപ്പാറയുടെ പടിഞ്ഞാറെ ചരിവിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
പാറതുരന്ന് 20 അടി വ്യാസത്തിൽ ഗർഭഗൃഹവും അതിന്റെ മദ്ധ്യത്തിലായി മൂന്നരയടി പൊക്കത്തിൽ വലിയ ശിവലിംഗവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഗർഭഗൃഹത്തിലേക്ക് പ്രവേശിക്കുവാനായി നാല് അടി വീതിയിൽ 20 അടി നീളത്തിൽ അർദ്ധ മണ്ഡപവും മധ്യത്തിലായി കൽപ്പടവുകളും നിർമ്മിച്ചിട്ടുണ്ട്. അർദ്ധ മണ്ഡപത്തിന്റെ ചുവരുകളിൽ ഗർഭ ഗൃഹ പ്രവേശനത്തിന്റെ ഇരുവശങ്ങളിലുമായി രണ്ട് ദ്വാരപാലകൻമാർ- ഒരാള്‍ ഗദാധാരിയാണ്, രണ്ടാമന്‍ ആയുധങ്ങൾ അണിയാതെ ഇരുകൈകളും കെട്ടി വീര്യബലങ്ങളടക്കി നിൽക്കുന്നു. വടക്കേ ചുവരിൽ ചതുര്‍ബാഹുവായ ഗണപതി തെക്കേ ചുവരിൽ കഞ്ചാവു നിറച്ച ഒരു പാത്രവുമായി നില്‍ക്കുന്ന ജഡാധാരിയായ മുനി എന്നിവരുടെ ശില്പങ്ങളും കാണാം.
ഈ ദ്വാരപാലകശില്പങ്ങള്‍ തിരുച്ചിറപ്പള്ളിയിലെ പല്ലവ ഗുഹാക്ഷേത്രത്തിലെ ദ്വാരപാലകശില്പങ്ങളുമായി സാമ്യം പുലർത്തുന്നതാണെന്നു ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. കഞ്ചാവു കുടുക്കയുമായി നില്‍ക്കുന്ന സന്ന്യാസി ഒരു പാശുപത ശൈവനാകാനാണ് സാദ്ധ്യത. ഗുഹാക്ഷ്രേത്രത്തിന്റെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ്. പൂജകള്‍ ദേവസ്വംബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നടന്നുവരുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ