തച്ചുശാസ്ത്രത്തിന്റെ വിവിധ ശൈലികൾ
തച്ചുശാസ്ത്രത്തിന്റെ വിവിധ ശൈലികൾ
ബുദ്ധ ശൈലി
തച്ചുശാസ്ത്രത്തിന്റെ വികാസദശയിൽ അതതു കാലത്തെ മതങ്ങൾ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബുദ്ധമതത്തിന്റെ സംഭാവന ഇതിൽ നിസ്തുലമാണ്. ബി.സി. 500 മുതൽ 250 വരെ ബുദ്ധശൈലിയുടെ സുവർണ കാലമായിരുന്നു. സ്തംഭങ്ങൾ, പാറയിൽ കൊത്തിയുണ്ടാക്കിയ ഗുഹകൾ, ചൈത്യശാലകൾ, വിഹാരങ്ങൾ എന്നിവ ഇവരുടെ സംഭാവനയാണ്. സാഞ്ചിയിലെ സ്തൂപവും സാരനാഥിലെ സ്തംഭവും ഇവയിൽ ശ്രദ്ധേയങ്ങളാണ്.
ഹൈന്ദവ ശൈലി
എ.ഡി. 4-ാം ശ.-ത്തിനുശേഷം ഹിന്ദുമതം വീണ്ടും ശക്തിയാർജിച്ചു. യവനശില്പികളുമായുള്ള സമ്പർക്കവും ശിലാശില്പത്തിൽ കൈവരിച്ച വൈദഗ്ദ്ധ്യവും ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിൽ പുതിയൊരു ശൈലിക്കു കാരണമായി. സഹസ്രാബ്ദങ്ങളോളം ഈ ശൈലി നിലനിന്നു. ഉത്തരേന്ത്യയിൽ ഗുപ്ത കാലഘട്ടത്തിന്റേയും ദക്ഷിണേന്ത്യയിൽ ചാലൂക്യന്മാരുടേയും പല്ലവന്മാരുടേയും കാലഘട്ടമായിരുന്നു ഇത്. കൊട്ടാരങ്ങളും പുരങ്ങളും ക്ഷേത്രങ്ങളും ഇക്കാലത്ത് ധാരാളമായി നിർമിതമായി.
ജൈന ശൈലി
എ.ഡി. 1000 മുതൽ 1300 വരെ ജൈന ശൈലിക്ക് വികാസം ലഭിച്ചു. ജൈനാരാധനാകേന്ദ്രങ്ങളെല്ലാം ജനവാസ കേന്ദ്രങ്ങളിൽനിന്ന് അകലെയാണ് കാണുന്നത്. തീർഥങ്കരന്മാരുടെ വിഗ്രഹങ്ങൾ ഇവരുടെ സവിശേഷതയാണ്. ദക്ഷിണേന്ത്യയിൽ ശ്രവണബൽഗോളയിലെ ഗോമടേശ്വര പ്രതിമ ഇന്നും വിസ്മയജനകമാണ്.
ഇസ്‌ലാമിക ശൈലി
എ.ഡി. 1200 മുതൽ 1900 വരെ ഇന്തോ-ഇസ്‌ലാമിക ശൈലിയുടെ കാലഘട്ടമാണ്. ഇസ്ലാ മിക ശൈലിയെ രാജകീയ ശൈലിയെന്നും മുഗൾ ശൈലിയെന്നും രണ്ടായി വിഭജിക്കാം. എ.ഡി. 1200 മുതൽ 1600 വരെ ദില്ലി ഭരിച്ച അഞ്ച് രാജവംശങ്ങളുടെ ശൈലി രാജകീയ ശൈലിയിൽ ഉൾപ്പെടുന്നു. അടിമ, കിൽജി, തുഗ്ളക്, സയ്യദ്, ലോദി എന്നിവയാണ് ഈ രാജവംശങ്ങൾ. മുഗൾ ശൈലി രൂപപ്പെടുന്നത് ഹുമയൂണിന്റെ വിധവയായ ഹാജിബേഗം പണിതീർത്ത ഹുമയൂണിന്റെ ശവകുടീരത്തോടെയാണ്. താജ്മഹലും ആഗ്രാ കോട്ടയും മുഗൾ ശൈലിയുടെ സംഭാവനയാണ്.
യൂറോപ്യൻ ശൈലി
15-ാം ശ.-ത്തോടുകൂടി പോർച്ചു ഗീസുകാർ, ഡച്ചുകാർ, ഫ്രഞ്ചുകാർ, ഇംഗ്ലീഷുകാർ എന്നീ യൂറോ പ്യന്മാർ വ്യാപാരാവശ്യങ്ങൾക്കുവേണ്ടി ഇന്ത്യയിൽ വരികയും ക്രമേണ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. വീടുകളും ദേവാലയങ്ങളും കാര്യാലയങ്ങളും കോട്ടകളും ഇന്തോ-യൂറോപ്യൻ ശൈലിയിൽ നിർമിതമായത് ഇങ്ങനെയാണ്.
ആധുനിക ശൈലി
19-ാം ശ.-ത്തിന്റെ രണ്ടാം പകുതിയിൽ ആധുനിക ശൈലി രൂപംകൊള്ളുന്നു. സിമന്റിന്റെ കണ്ടുപിടിത്തവും കോൺക്രീറ്റും ആധുനിക ശൈലിയിൽ വൻമാറ്റങ്ങൾ ഉണ്ടാക്കി. തള്ളിനില്ക്കുന്ന ബാൽക്കണികളും ചരിവില്ലാത്ത മേൽക്കൂരയും ടെറസ്സും പ്രചാരത്തിലായി. ആധുനിക എൻജിനീയറിങ്, കെട്ടിടനിർമ്മാണത്തിന്റെ ശൈലി തന്നെ മാറ്റി മറിച്ചു. ഫ്ളാറ്റുകളും ഫാക്ടറികളും വ്യാപാരസ്ഥാപനങ്ങളും കോൺക്രീറ്റ് കെട്ടിടങ്ങളുംകൊണ്ട് നഗരങ്ങൾ നിബിഡമായി. പ്രകൃതിയോട് ഇണങ്ങാത്ത ഇത്തരം കെട്ടിടങ്ങൾ ഒരു പാരിസ്ഥിതിക പ്രശ്നമായി മാറിയിട്ടുണ്ട്. ഈ തിരിച്ചറിവ് പുരാതന വാസ്തുവിദ്യയെ ആശ്രയിക്കുന്നതിനു പ്രേരകമായിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ