Kataragama temple

  ചിത്രത്തിൽ കാണുന്നത് ശ്രീലങ്കയിലെ ഉവ പ്രവിശ്യയിലുള്ള കതിർകാമം ക്ഷേത്രമാണ് (Kataragama temple). ശ്രീലങ്കയിലെ മൂന്നു പ്രധാന ജനവിഭാഗങ്ങൾ ഇവിടം പവിത്രമായി കരുതുന്നു. ആര്യ സംസ്കാരവും ബുദ്ധമതവും പിന്തുടരുന്ന സിംഹളർ, ദ്രാവിഡ സംസ്കാരവും ഹിന്ദുമതവും പിന്തുടരുന്ന തമിഴർ, പിന്നെ വെദ്ധ വിഭാഗക്കാർ. ബുദ്ധനും മുരുകനുമാണ് പ്രധാന പ്രതിഷ്ഠകൾ. മുരുകന്റെ ഭാര്യ വല്ലി വെദ്ധ യുവതി ആയിരുന്നുവെന്നാണ് സങ്കൽപം.
ആരാണ് ഈ വെദ്ധകൾ?
ശ്രീലങ്കയിലെ ആദിമനിവാസികളാണ് വെദ്ധ (തമിഴ്: വേട്ടുവ) ജനത. ഇന്ത്യയിൽ നിന്നും ശ്രീലങ്ക ദ്വീപ് വേർപെടുന്നതിനു മുൻപുതന്നെ വെദ്ധകൾ ഇവിടെ ആവാസം തുടങ്ങിയതായി കരുതുന്നു. ബി.സി.ഇ. 504-ൽ ഇന്ത്യയിൽ നിന്ന് സിംഹളവംശത്തിലെ ആദ്യരാജാവായ വിജയനും സംഘവും ശ്രീലങ്കയിലെത്തിയപ്പോൾ അവിടത്തെ ആദിമനിവാസികളായ വെദ്ധാകളെ കണ്ടു മുട്ടി. ഇക്കാലത്ത് ഇവർ പുരാതനശിലായുഗത്തിലാണ് ജീവിച്ചിരുന്നത്.
ശ്രീലങ്കയിലെ ആദ്യകാല ഗ്രന്ഥമായ മഹാവംശത്തിൽ വെദ്ധകളെ യാക്കർ, നാഗർ, രക്ഷർ എന്നിങ്ങനെ മൂന്നായി തരം തിരിക്കുന്നു. ഇതിൽ യാക്കരുടെ രാജാവ് വിജയരാജാവിനൊപ്പം അധികാരം പങ്കിട്ട് രാജ്യം ഭരിച്ചിരുന്നു. നൂറ്റാണ്ടുകൾക്കു ശേഷവും വെദ്ധകൾക്ക് കാര്യമായ സാമൂഹികപുരോഗതി കൈവരിക്കാനായില്ല. സിംഹളരാജാക്കന്മാരുടെ നഗരങ്ങളുടെ നിർമ്മിതിയിൽ വെദ്ധാകൾ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. സിംഹള രാജാക്കൻമാരുടെ സൈന്യങ്ങളിലും വെദ്ധ പോരാളികൾ ഉണ്ടായിരുന്നു.
ശ്രീലങ്കയുടെ വടക്കും, തെക്കുകിഴക്കുഭാഗത്തുമുള്ള വിദൂരമായ കാടുകളിൽ ഇന്നും കുറച്ച് വെദ്ധാ വംശജർ തങ്ങളുടെ പൌരാണികരീതിയിലുള്ള ജീവിതം തുടരുന്നുണ്ട്. കാലങ്ങൾ കൊണ്ട് ഇവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. രോഗങ്ങളോ, മറ്റുള്ളവരുടെ കൈയേറ്റമോ അല്ല ഇതിനു കാരണം. മറിച്ച് സിംഹളരുമായുള്ള സഹവർത്തിത്വവും മിശ്രവിവാഹവും നിമിത്തം ഇവർ സിംഹളരിൽ അലിഞ്ഞു ചേരപ്പെട്ടു എന്നതാണ് ഇതിന് കാരണം. ഇന്നും ബാക്കിയുള്ള ഗിരിവംശജരായ വെദ്ധകൾ പൌരാണികമനുഷ്യന്റെ നിലനിൽപ്പിലേക്ക് വെളിച്ചം വീശുന്നു.
അഞ്ചടി മാത്രം ഉയരമുള്ള വെദ്ധാകൾ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരാണ്. ഇവരുടെ വലിയ തലയിൽ മുടി കെട്ടിവക്കാതെ നീണ്ടു വളരുന്നു. റിതി മരത്തിന്റെ തോലാണ്‌ ഇവർ വസ്ത്രമായി ഉപയോഗിക്കുന്നത്.
വെദ്ധകളിലെ ഓരോ കൂട്ടത്തിനും വാർഗ്യു (wargue) എന്നാണ് വിളിക്കുന്നത്. ഓരോ കൂട്ടത്തിനും വേട്ടയാടുന്നതിനും മീൻ‌പിടിക്കുന്നതിനും അവരുടേതായ പ്രദേശങ്ങളുണ്ടാകും. ഗുഹകളിലാണ് ഇവർ താമസിക്കുന്നത്. ഇവർ ചുറ്റിത്തിരിഞ്ഞു നടക്കുന്നവരായതുകൊണ്ട് ഇടക്കിടെ താമസസ്ഥലം മാറ്റിക്കൊണ്ടിരിക്കും. ഇവരുടെ ഇഷ്ടഭക്ഷണമായ ഓന്ത്, മാൻ, മുയല്‍ എന്നിവയുടെ ലഭ്യതക്കനുസരിച്ചാണ് ഇവർ താമസസ്ഥലം മാറ്റുന്നത്. വേനൽക്കാലമാകുമ്പോൾ ഈ മൃഗങ്ങൾ, വെള്ളം കിട്ടുന്നയിടങ്ങളിലേക്ക് ചേക്കേറുകയും അതിനോടൊപ്പം വെദ്ധകളും അവർക്കു പിന്നാലെ താമസം മാറ്റുന്നു. മഴക്കാലത്ത് മൃഗങ്ങൾ പലയിടങ്ങളിലായി ചിതറുമ്പോഴും വെദ്ധകൾ ഈ പതിവ് തുടരുന്നു.
അമ്പും വില്ലും, കുന്തം, മഴു തുടങ്ങിയവ ഉപയോഗിച്ചാണ് വെദ്ധകൾ നായാട്ട് നടത്തുന്നത്. നായാടുന്നതിന്, പ്രത്യേകിച്ച് ഉടുമ്പുകളെ പിടിക്കുന്നതിന് ഇവർ വേട്ടനായകളെ കൂടെക്കൂട്ടുന്നു. ഈ നായകൾ വെദ്ധകൾക്ക് വളരെ പ്രിയപ്പെട്ട മൃഗങ്ങളാണ്. മൃഗങ്ങളെ വളരെപ്പെട്ടെന്ന്‌ കണ്ടുപിടിക്കുന്നതിൽ വെദ്ധകൾ വിദഗ്ദ്ധരാണ്. മാംസം ചുട്ടും പുഴുങ്ങിയും ഇവർ ഭക്ഷിക്കാറുണ്ട്. കൂണ്‍, പഴങ്ങൾ, കിഴങ്ങുകള്‍ തുടങ്ങിയവയും ചിലപ്പോൾ കാട്ടുപൂക്കളും വെദ്ധകൾ മാംസത്തിനൊപ്പം ഭക്ഷിക്കുന്നു. ബംബാര തേനീച്ചകാളുടെ തേൻ ഇവർക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. ജീവൻ പോലും പണയം വെച്ച് ഇവർ തേൻ ശേഖരിക്കാനിറങ്ങാറുണ്ട്. ദിവസേന ആവശ്യത്തിനുള്ള ഭക്ഷണം ലഭ്യമാകാത്ത അവസരങ്ങളിൽ, മരത്തൊലിയിൽ നിന്നും ലഭിക്കുന്ന പശ ചവച്ച് ഇവർ വിശപ്പടക്കാറുണ്ട്.
വെദ്ധകളിലെ സ്ത്രീകൾക്ക് എല്ലാക്കാര്യങ്ങളിലും പുരുഷന്മാരുമായി തുല്യതയുണ്ട്. വെദ്ധാപുരുഷന്മാർ അവരുടെ സ്ത്രീകളോടെ വളരെ വിശ്വസ്തത പുലർത്തുന്നു. വെദ്ധകളുടെ ഗുഹകളിൽ ഓരോ കുടുംബത്തിനുമായി പ്രത്യേകം മേഖലകൾ വേർതിരിച്ചിട്ടുണ്ടാകും.ഗുഹകളിൽ ഇവർ വെറൂം നിലത്ത് കിടന്നുറങ്ങാറില്ല. മറിച്ച് പാറകൊണ്ടുള്ള തട്ടിനുപുറത്തായിരിക്കും ഉറക്കം.
1951-ൽ ശ്രീലങ്ക സർക്കാർ രൂപവത്കരിച്ച പിന്നോക്കവിഭാഗ ബോർഡിന്റെ സംരക്ഷണയിലാണ് വെദ്ധാകൾ ഇന്ന് കഴിയുന്നത്. സിംഹള -തമിഴ് വംശജരുമായുള്ള സാംസ്കാരിക സാംശീകരണം കാലങ്ങളായി തുടരുന്ന പ്രക്രിയയാണ്.
വെദ്ധരുടെ തനതുഭാഷ ഇന്ന് മൃതഭാഷയാണ്. ആചാരാനുഷ്ഠാനങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നു. നിലവിലുള്ള ഭാഷാ ഗോത്രങ്ങളുമായി ഇതിന് ബന്ധമില്ല. തമിഴ് മേധാവിത്തമുള്ള പ്രവിശ്യകളിൽ (ബട്ടിക്കലോവ, ട്രിങ്കോമാലി) ഉള്ള വെദ്ധകൾ തമിഴും സിംഹള മേഖലയിൽ (അനുരാധപുരം, ഉവ) ഉള്ളവർ സിംഹളവും മാതൃഭാഷയായി സ്വീകരിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)