പവിഴപ്പാമ്പ്

  ബിബ്റോൺസ് കോറൽ സ്നേക്
എഴുത്താണി വളയൻ അഥവാ പവിഴപ്പാമ്പ്.

പശ്ചിമഘട്ട മലനിരയിൽ മാത്രം അപൂർവ്വമായി കണ്ടുവരുന്ന ബിബ്റോൺസ് കോറൽ സ്നേക് എന്ന പാമ്പിൻ കുഞ്ഞിനെ കണ്ണൂർ മയ്യിലിൽ കണ്ടെത്തി. മയ്യിൽ പാവന്നൂർമൊട്ടയിലെ വീട്ടുപരിസരത്തു നിന്നും വനം വന്യജീവി വകുപ്പിൻെറ, റാപ്പി‍‍ഡ് റെസ്പോൺസ് ടീമിലെ പാമ്പ് ഗവേഷകൻ കൂടിയായ വന്യജീവി സംരക്ഷകൻ റിയാസ് മാങ്ങാട് ആണ് പാമ്പിനെ കണ്ടെത്തിയത്. ഇദ്ദേഹം അടുത്തിടെ ചാലോട്, അഞ്ചരക്കണ്ടി പ്രദേശങ്ങളിൽ നിന്നും ഇത്തരം പാമ്പിനങ്ങളെ കണ്ടെത്തിയിരുന്നു. വളർച്ചയെത്തിയ ഈ പാമ്പുകൾക്ക് കറുപ്പു കലർന്ന ബ്രൗൺ നിറത്തിലുള്ള വളയങ്ങളും, അടിഭാഗത്ത് ഓറഞ്ച് നിറവും, വട്ടത്തിലുള്ള തല ഭാഗവും, 50cm മുതൽ 88cm വരെ നീളവും ഉണ്ടായിരിക്കും.
കാലിയോഫിസ് ബിബ്റോണി എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഈ പാമ്പിനെ 1858-ൽ ഫ്രഞ്ച് സുവോളജിസ്റ്റ് ഗബ്രിയേൽ ബിബ്റോൺസ് ആണ് ആദ്യമായി കണ്ടെത്തിയത്. ഏതു ജീവി ആക്രമിക്കാൻ വന്നാലും തല ഉടലിൻെറ അടിയിൽ താഴ്ത്തി വാലും ചുരുട്ടി കിടക്കുന്നതിനാൽ നാണം കുണുങ്ങി പാമ്പെന്നും അറിയപ്പെടുന്നു. മണ്ണിനടിയിലും, കാട്ടിലെ ഇലക്കൂടുകളുടെ അടിയിലും കൂടുതൽ സമയം ചിലവഴിക്കുന്ന ഇവ നല്ല മഴയുള്ളപ്പോൾ മാത്രമേ പുറത്തേക്കിറങ്ങൂ. ചെറുപാമ്പുകൾ, തവളകൾ എന്നിവയെ ഭക്ഷണമാക്കുന്ന ഇവ പൊതുവെ രാത്രികാലങ്ങളിലാണ് ഇര തേടുക.
കോറൽ സ്നേക് എന്ന പേര് ഉണ്ടെങ്കിലും, കടലുമായി ഒരു ബന്ധവും ഇവയ്ക്കില്ല. ഇവ കടിച്ചാൽ വിഷം നാഡീവ്യൂഹത്തിൽ പെട്ടെന്നു ബാധിക്കുമെങ്കിലും ചികിത്സയ്ക്ക് ആൻറിവെനം ലഭ്യമല്ല. നിലവിൽ മൂർഖൻ, അണലി, ചുരുട്ട മണ്ഡലി, വെള്ളിക്കെട്ടൻ എന്നീ 4 പാമ്പുകളുടെ വിഷത്തിനു മാത്രമേ ആൻറിവെനം ലഭിക്കുകയുള്ളു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )