കംഗാരുവിനെപ്പറ്റി എന്തറിയാം?
കംഗാരുവിനെപ്പറ്റി എന്തറിയാം?
1770 ജൂലൈ 12ന് ബ്രിട്ടീഷ് പര്യവേക്ഷകനായ ക്യാപ്‌റ്റൻ ജയിംസ് കുക്ക് ആയിരുന്നു “കംഗാരു” എന്ന വാക്ക് ആദ്യമായി ഇംഗ്ലീഷിന്‍റെ എഴുത്തു ഭാഷയിൽ ഉപയോഗിച്ചത്. താൻ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിചിത്രമായ ഈ മൃഗത്തെ കണ്ടിട്ട് അവിടത്തെ ആദിവാസികളോട് എന്താണിതിന്റെ പേര് എന്ന് ക്യാപ്റ്റൻ ചോദിച്ചത്രെ. അതിന്ന് അവരുടെ ഉത്തരം 'കംഗ്രൂ' എന്നായിരുന്നു. അവരുടെ ഭാഷയിൽ ആ പദത്തിന്റെ അർത്ഥം 'നിങ്ങൾ പറയുന്നത് ഞങ്ങൾക്ക് മനസ്സിലാവുന്നില്ല ' എന്നായിരുന്നു. ഇതാണ് അർത്ഥമെന്നറിയാതെ ആ മൃഗത്തിന്റെ പേരായി തെറ്റിദ്ധരിച്ച് തന്റെ ഡയറിയിൽ കംഗാരു എന്നെഴുതുകയായിരുന്നു! ‘ഗ്രേഹൗണ്ട് [എന്ന വേട്ടനായ്] മാനിനെപ്പോലെ അല്ലെങ്കിൽ മുയലിനെപ്പോലെ ചാടിയാൽ എങ്ങനെയിരിക്കുമോ’ അതുപോലെയാണ് കംഗാരു എന്നാണ് അദ്ദേഹം തന്റെ നാട്ടിലെ ആളുകൾക്കു വിവരിച്ചുകൊടുത്തത്. പിന്നീട്, ലണ്ടനിൽ ജീവനുള്ള ഒരു കംഗാരുവിനെ പ്രദർശിപ്പിച്ചപ്പോൾ ആളുകളുടെ ആവേശം മാനംമുട്ടെ ഉയർന്നു.
#ചുവപ്പ് നിറത്തിൽപ്പെടുന്ന ഒരു ആൺകംഗാരുവിന്ന് വളർച്ചമുറ്റിയ പ്രായത്തിൽ ഏതാണ്ട് 77 കിലോതൂക്കവും രണ്ടുമീറ്റർ നീളവുമുണ്ടാകും. എന്നാൽ ഇവൻ ജനിച്ചുവീഴുംബോൾ തൂക്കമെത്രയാണെന്നറിയാമോ ? ഒരു കാപ്പിക്കുരുവിനേക്കാളും അല്പംമാത്രം വലുതായിരിക്കും - രണ്ടു സെന്റിമീറ്റർ നീളവും ഒരു ഗ്രാം ഭാരവും!
അൽപ്പം പോലും വികസിച്ചിട്ടില്ലാത്ത, അതീവ ദുർബലമായ ശരീരമായിരിക്കും അപ്പോൾ അവയുടേത്. പിങ്ക് നിറത്തിലുള്ള ഒരു പുഴുവിനെപ്പോലിരിക്കും. ജനിക്കുന്ന സമയത്ത് അവയ്‌ക്ക് ദേഹത്ത് ഒരൊറ്റ രോമം പോലുമുണ്ടാകില്ല. എന്നുമാത്രമല്ല, തികച്ചും അന്ധരും ബധിരരുമായിരിക്കും അവ. എന്നാലും, വളരെ നേരത്തെ വികാസം പ്രാപിച്ച, കൂർത്ത നഖങ്ങളോടുകൂടിയ മുൻകാലുകളുടെയും പിന്നെ ഘ്രാണശക്തിയുടെയും സഹായത്താൽ ഇത്തിരിപ്പോന്ന ഈ “പുഴു” സഹജവാസനയാൽ അമ്മയുടെ ശരീരത്തിലുള്ള രോമത്തിലൂടെ ഇഴഞ്ഞ് സഞ്ചിയിലെത്തിച്ചേരും. സഞ്ചിക്കുള്ളിൽ എത്തിയാൽ പിന്നെ അതിനുള്ളിലെ നാലു മുലഞെട്ടുകളിൽ ഒന്നിലേക്ക് വായ് കൊണ്ട് സ്വയം ഒട്ടിച്ചേരും. പെട്ടെന്നുതന്നെ, കുഞ്ഞിന്‍റെ വായിൽ ഈ മുലഞെട്ടിന്‍റെ അഗ്രഭാഗം വീർത്തുവരും. ഏതാനും ആഴ്‌ചത്തേക്കു കുഞ്ഞിനെ അവിടെത്തന്നെ ബലമായി ഉറപ്പിച്ചുനിർത്താൻ ഇതു സഹായിക്കും. ചാടിച്ചാടി, വളരെ വേഗത്തിലാണല്ലോ അമ്മ കംഗാരുവിന്‍റെ പോക്ക്. അപ്പോൾ കുഞ്ഞിന് ഇങ്ങനെയൊരു പിടിയുള്ളത് എന്തുകൊണ്ടും നല്ലതാണ്! കുഞ്ഞ് മുലഞെട്ടിനോട് അത്ര ദൃഢമായി പറ്റിച്ചേർന്നിരിക്കുന്നതുകൊണ്ട് അതിൽനിന്നാണ് കുഞ്ഞ് വളർന്നുവന്നത് എന്നാണ് ആദ്യമൊക്കെ ആളുകൾ ധരിച്ചിരുന്നത്!
കുറച്ചുകാലം കഴിയുമ്പോൾ കംഗാരുക്കുഞ്ഞിന് അമ്മയുടെ ഉദരസഞ്ചിയിൽ നിന്നു പുറത്തിറങ്ങാൻ പറ്റുന്നയത്ര വളർച്ചയൊക്കെയാകും. ആദ്യമൊക്കെ താത്‌കാലികമായി മാത്രമേ അവൻ പുറത്തിറങ്ങൂ. എന്നാൽ, ഏഴു മുതൽ പത്തു വരെ മാസങ്ങൾ പിന്നിട്ടുകഴിയുമ്പോൾ—അവന്‍റെ മുലകുടി പൂർണമായും മാറുമ്പോൾ—പിന്നെ അവൻ അമ്മയുടെ ഉദരസഞ്ചിയിൽ കയറുകയേയില്ല. ഇനി, കംഗാരുവിന്‍റെ പുനരുത്‌പാദനത്തിലെ മറ്റൊരു അതിശയം കാണുന്നതിന് കംഗാരുക്കുഞ്ഞ് ആദ്യമായി അമ്മയുടെ ഒരു മുലഞെട്ടിലേക്ക് വായ് കൊണ്ട് ഒട്ടിച്ചേർന്ന ആ സമയത്തേക്കു നമുക്കൊന്നു തിരിച്ചുപോകാം. കംഗാരുക്കുഞ്ഞ് തന്‍റെ അമ്മയുടെ ഒരു മുലഞെട്ടിൽ പറ്റിച്ചേർന്നു കഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിയുമ്പോൾത്തന്നെ അമ്മക്കംഗാരു വീണ്ടും ഇണചേരും. അതിന്‍റെ ഫലമായി രൂപംകൊള്ളുന്ന ഭ്രൂണം ഗർഭപാത്രത്തിനുള്ളിൽ ഏതാണ്ട് ഒരാഴ്‌ചത്തേക്കു വളരും. പിന്നെ, അതിന്‍റെ വളർച്ച നിലയ്‌ക്കും. പക്ഷേ അപ്പോഴും, അമ്മയുടെ ഉദരസഞ്ചിക്കുള്ളിലെ കുഞ്ഞിന്‍റെ വളർച്ച നിർവിഘ്‌നം തുടരുന്നുണ്ടാകും. മുലകുടി മാറുന്നതിന് മുമ്പ് കംഗാരുക്കുഞ്ഞ് തത്‌കാലത്തേക്ക് അമ്മയുടെ ഉദരസഞ്ചിയിൽ നിന്നു പുറത്തിറങ്ങുമ്പോൾ ഗർഭപാത്രത്തിനുള്ളിലെ ഭ്രൂണം വീണ്ടും വളരാൻ തുടങ്ങും. 30 ദിവസത്തിനു ശേഷം അമ്മയുടെ ഉദരസഞ്ചിയിലെത്തുന്ന ഇവനും ഒരു മുലഞെട്ടിൽ കടിച്ചുതൂങ്ങും, പക്ഷേ ആദ്യത്തെ കുഞ്ഞ് നുകർന്ന ആ മുലഞെട്ടിൽ അല്ലെന്നു മാത്രം.
കംഗാരു-ജീവശാസ്‌ത്രത്തിലെ മറ്റൊരു അത്ഭുതമാണ് ഇത്. അമ്മക്കംഗാരു തന്‍റെ ഇളയ കുഞ്ഞിനു കൊടുക്കുന്ന പാലും മൂത്ത കുഞ്ഞിനു കൊടുക്കുന്ന പാലും വ്യത്യസ്‌തമാണ്. ഇതിനെക്കുറിച്ച് സയന്‍റിഫിക്ക് അമേരിക്കൻ ഇങ്ങനെ പറയുകയുണ്ടായി: “വ്യത്യസ്‌ത സ്‌തനഗ്രന്ഥികൾ ഉത്‌പാദിപ്പിക്കുന്ന ഈ രണ്ടുതരം പാലും അളവിന്‍റെ കാര്യത്തിലും ഘടനയുടെ കാര്യത്തിലും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരേ ഹോർമോണുകൾതന്നെ ഉൾപ്പെട്ടിരുന്നിട്ടും എങ്ങനെയാണ് ഇതു സാധ്യമാകുന്നത് എന്നുള്ളത് ഇന്നും ഒരു അത്ഭുതമാണ്.”
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ