ലോകത്തിൽ ഏറ്റവുമധികം പാമ്പുകൾ സംഗമിക്കുന്ന കേന്ദ്രം : നാർസിസ് സ്‌നേക് ഡെൻസ്

ലോകത്തിൽ ഏറ്റവുമധികം പാമ്പുകൾ സംഗമിക്കുന്ന കേന്ദ്രം : നാർസിസ് സ്‌നേക് ഡെൻസ്

ഏപ്രിൽ മാസം അവസാനം മുതൽ മേയ് മാസം അവസാനം വരെയും, സെപ്റ്റംബർ മാസം മുഴുവനായും കറുത്ത ശരീരത്തിൽ ചുവപ്പും, മഞ്ഞയും വരകളുള്ള റെഡ്-സൈഡഡ് ഗാർട്ടർ പാമ്പുകളുടെ പാരാവാര കാഴ്ചയുമായാണ് കാനഡയിലെ, മനിറ്റോബയിലുള്ള നാർസിസ് സ്നേക് ഡെൻസ് സഞ്ചാരികളെ ആകർഷിക്കുക. വസന്തകാലത്തിൻെറ ആരംഭത്തിൽ ഇണചേരുന്നതിനായാണ് ഇവ ഇത്തരത്തിൽ ഇവിടെ ഒത്തു ചേരുന്നത്.
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു സീസണിൽ അധികൃതർ നടത്തിയ കണക്കെടുപ്പിൽ 85000-ലേറെ പാമ്പുകൾ ഇവിടെ ഒത്തുചേരുന്നതായി കണ്ടെത്തുകയുണ്ടായി. ഈ പാമ്പുകൾക്ക് മനുഷ്യനെ കൊല്ലാവുന്നത്ര വിഷമില്ല എന്നതിനാലും, അഥവാ ഒന്നു കടിച്ചാൽത്തന്നെ വിഷത്തേക്കാൾ അധികം പശിമയുള്ള ഉമിനീര് കടത്തിവിടുന്ന വിധത്തിലാണ് ഇവയുടെ പല്ലിൻെറ സ്ഥാനം എന്നതിനാലും ഈ പാമ്പുകളുമായി അടുത്ത് ഇടപഴകുക എന്നതാണ് ഇവിടെ എത്തുന്ന സ‍ഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ടൂറിസം നല്ലൊരു വരുമാനമായതിനാൽ ഗാർട്ടർ പാമ്പുകളുടെ ഇണചേരലിനെ ഇവിടത്തെ സർക്കാർ പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇവിടെയെത്തുന്ന കുട്ടികൾ പാമ്പുകൾക്കിടയിലൂടെ കളിച്ചുചിരിച്ച് ഓടിച്ചാടി നടക്കുമ്പോൾ, മുതിർന്നവർ ജീവനും കൊണ്ടോടുകയാണെത്രെ പതിവ്.
റെഡ്-സൈഡഡ് ഗാർട്ടർ പാമ്പുകൾ: -
ദശലക്ഷക്കണക്കിനു വർഷങ്ങൾ മുമ്പ് സമുദ്രത്താൽ ചുറ്റപ്പെട്ട ചുണ്ണാമ്പുകല്ലുകൾ നിറഞ്ഞ പ്രദേശമായിരുന്നു മനിറ്റോബ എന്നാണ് ഗവേഷകർ പറയുന്നത്. സമുദ്രം പിൻവാങ്ങിയെങ്കിലും അന്നത്തെ ചുണ്ണാമ്പുകല്ലുകൾ അനേകം അടരുകളുമായി ഇന്നും ഇവിടത്തെ ഭൂമിക്കടിയിൽ ഉണ്ട്. മഴ പെയ്യുമ്പോൾ ഈ അടരുകൾക്കിടയിൽ ആവശ്യത്തിന് വെള്ളം കയറുകയും ചെയ്യും. പതിനായിരക്കണക്കിനു വരുന്ന ഗാർട്ടർ പാമ്പുകൾക്കാകട്ടെ കാനഡയിൽ കനത്ത മഞ്ഞു പെയ്യുന്ന കാലത്ത് കഴിയാൻ പറ്റിയ ഏറ്റവും നല്ല താവളവുമാണ് ഇത്. മഞ്ഞുകാലത്തെ വിശ്രമ ജീവിതത്തിനിടെ ഇണചേരാനുള്ള മുൻകരുതൽ എന്ന നിലയിൽ ആൺ ഗാർട്ടർ പാമ്പുകൾ ഭക്ഷണം കഴിക്കുകയില്ല.
ഏപ്രിൽ അവസാനമോ മേയ് ആദ്യവാരമോ ആൺ പാമ്പുകൾ ചുണ്ണാമ്പ് അടരുകൾക്കുള്ളിൽ നിന്നും ഓരോരുത്തരായി സൂര്യപ്രകാശത്തിലേക്ക് തലനീട്ടും. അവയങ്ങനെ പരതി നടക്കുമ്പോഴായിരിക്കും ആൺ ഗാർട്ടറുകളേക്കാൾ വലുപ്പം കൂടുതലായ പെൺ ഗാർട്ടറുകളുടെ വരവ്. ഇവ ഒരുതരം ഫിറോമോൺ പുറപ്പെടുവിക്കുന്നതോടെ ഇണചേരാനായി ആൺ ഗാർട്ടറുകൾ ഇവയോട് അടുക്കും.
ഒരു പെൺ പാമ്പിനടുത്തേക്ക് 50-ലേറെ ആൺ പാമ്പുകളാണ് ഇണചേരാനായി ഒരേസമയം എത്തുക. അതോടെ അവ ഒന്നിനു മേൽ ഒന്നായി ഒരു പന്തുപോലെ രൂപം പ്രാപിക്കും. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് ഇവിടത്തെ നിയമം. ഇത്തരത്തിൽ മരത്തിലും, പാറക്കൂട്ടങ്ങളിലുമൊക്കെ ഉരുണ്ടുനടക്കുന്ന പാമ്പുകൂട്ടങ്ങൾക്ക് Mating Balls എന്നാണ് ഓമനപ്പേര്. ഇണചേരുന്നതിനിടെ 300 ആൺ പാമ്പുകളെങ്കിലും ശ്വാസംമുട്ടി മരിക്കുന്നതായി പഠനങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഇണചേരൽ കൃത്യമാകുന്നതിന് മഞ്ഞുകാലത്ത് ഉപവാസമെടുത്ത് ഊർജ്ജം ശേഖരിക്കുന്നതിനാൽ ആൺ പാമ്പുകൾ ഈ അധ്വാനത്തിനിടയിൽ വളരെ പെട്ടെന്നു തന്നെ നശിച്ചുപോകും.
ഒരു തവണ ബീജം പുറന്തള്ളുമ്പോൾ 18% ഊർജ്ജമാണ് ഇവക്ക് നഷ്ടപ്പെടുന്നത് എന്നതിനാൽ ചെറിയ പാമ്പുകൾക്ക് ഇണചേരലിനൊടുവിൽ അകാലചരമമാണു വിധി. 80% ഗാർട്ടർ ആൺ പാമ്പുകളും തൊട്ടടുത്ത മഞ്ഞുകാലം കാണില്ല എന്നതിനാൽ ഇണചേരൽ കാലം ഗാർട്ടർ പാമ്പുകളുടെ ജീവനെടുക്കൽ കാലം കൂടിയാണ്. ഇണചേർന്നു കഴിഞ്ഞാൽ ഉടനെത്തന്നെ പ്രസവിക്കാതെ ബീജത്തെ വർഷങ്ങളോളം സൂക്ഷിക്കാൻ പെൺ പാമ്പുകൾക്കാകും. ഒറ്റ പ്രസവത്തിൽ 50-ഓളം കുഞ്ഞുങ്ങൾ ഉണ്ടാകും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)