തേനീച്ച പാല്‍ അഥവാ റോയല്‍ ജെല്ലി!
തേനീച്ച പാല്‍ അഥവാ റോയല്‍ ജെല്ലി!
റാണിയറകളില്‍ ഉള്ള പുഴുക്കള്‍ക്കും റാണി ഈച്ചയ്ക്കും നല്കുന്ന പാല്‍നിറത്തിലുള്ള കൊഴുത്ത ദ്രാവകമാണ് റോയല്‍ ജെല്ലി.
6 മുതല്‍ 12 വരെ ദിവസം പ്രായമായ വേലക്കാരി ഈച്ചകളുടെ തലയില്‍ കാണപ്പെടുന്ന ഹൈപ്പോഫാരന്‍ജിയല്‍ ഗ്രന്ഥിയിലാണ് റോയല്‍ ജെല്ലി ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ 15-18% മാംസ്യവും 2-6% കൊഴുപ്പും 9-18% അന്നജവും 0.7-1.2% ക്ഷാരവും 65-70% ജലവും അടങ്ങിയിരിക്കുന്നു. നിരവധി അമിനോ അമ്ലങ്ങളുടെ കലവറയായ റോയല്‍ ജെല്ലിയില്‍ 'എ', 'ബി', 'സി' എന്നീ ജീവകങ്ങളും ഇരുമ്പ്, ചെമ്പ്, ഫോസ്ഫറസ്, ഗന്ധകം, സിലിക്കണ്‍ എന്നീ ധാതുക്കളും അടങ്ങിയിട്ടുണ്ട്. പോഷകമൂല്യങ്ങളുടെ കലവറയായ റോയല്‍ ജെല്ലി ശക്തിയും ചുറുചുറുക്കും പ്രദാനം ചെയ്യുന്നതായി കരുതപ്പെടുന്നതിനാല്‍ ഇതിന് ഏറെ വാണിജ്യപ്രാധാന്യമുണ്ട്. ആരോഗ്യവും സൗന്ദര്യവും ശക്തിയും വര്‍ധിപ്പിക്കുന്ന നിരവധി മരുന്നുകളില്‍ ഉപയോഗിക്കുന്ന റോയല്‍ ജെല്ലിയുടെ വ്യാവസായിക ഉത്പാദനം ഇന്ത്യയില്‍ താരതമ്യേന കുറവാണ്.
കൃത്രിമമായ റാണിയറകള്‍ നിര്‍മിച്ച് റാണിപ്പുഴുക്കളുടെ എണ്ണം വര്‍ധിപ്പിച്ചാണ് റോയല്‍ ജെല്ലി ഉത്പാദിപ്പിക്കുന്നത്. ഇപ്രകാരമുണ്ടാക്കിയ റാണിയറകള്‍ വെട്ടിച്ചെറുതാക്കി പുഴുക്കളെ നീക്കി നേര്‍ത്ത തടിസ്പൂണ്‍ ഉപയോഗിച്ചാണ് റോയല്‍ ജെല്ലി ശേഖരിക്കുന്നത്. ഒരു റാണിയറയില്‍നിന്ന് ഏകദേശം 200 മി.ഗ്രാം റോയല്‍ ജെല്ലി ലഭിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ