എന്തുകൊണ്ട് സിനിമകൾ റീലീസിനായി വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുക്കുന്നു
എന്തുകൊണ്ട് സിനിമകൾ റീലീസിനായി വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുക്കുന്നു
സിനിമകള്‍ മനുഷ്യന്റെ വിനോദത്തിനു ഭൂഷണമായി കൂടെക്കൂടിയിട്ടു പതിറ്റാണ്ടുകള്‍ കടക്കുന്നു.എഡ്വിന്‍ എസ് പോട്ടര്‍ എന്ന മഹാരഥന്‍ കഥാചിത്രങ്ങള്‍ എന്ന ആശയം മുന്നോട്ടു വച്ച നാള്‍ മുതല്‍ സിനിമ അതിന്റെ ശൈശവത്തില്‍ നിന്നു ഇരുകാലില്‍ നില്‍ക്കാന്‍ തുടങ്ങി.അന്ന് മുതല്‍ ഒരു കലയുടെയും, ലോക സമ്പത്ഘടനയ്ക്ക് കൈത്താങ്ങു നല്‍കാന്‍ പ്രാപ്തമായ ഒരു വ്യവസായത്തിന്റെയും വളര്‍ച്ച ദ്രുതഗതിയിലായി.നാട്ടിലെങ്ങും സിനിമ കൊട്ടകകള്‍ ഉയർന്നു.സിനിമ, മാലോകര്‍ക്ക് ഉത്സവമായി.ആഘോഷങ്ങള്‍ക്കും ഒതുകൂടലുകള്‍ക്കും മാത്രം തന്റെ കാത്തിരിപ്പുകള്‍ മാറ്റിവയ്ക്കാറുള്ള മനുഷ്യന് ഓരോ സിനിമയുടെയും റിലീസ് നാളുകള്‍ പോലും മനപ്പാഠമായ ദിനങ്ങൾ സന്നിഹിതമാകാന്‍ താമസമുണ്ടായില്ല.റിലീസ് ദിനങ്ങള്‍ പൂരത്തിന് സമാനമാകുമ്പോള്‍ അതിനു വേദിയൊരുക്കുന്ന ദിവസങ്ങള്‍ പൊതുവേ വെള്ളിയാഴ്ചയാകാറാണ് പതിവ്.എന്തുകൊണ്ടാകാം വെള്ളിയാഴ്ച ദിവസത്തിന് സിനിമാകൊട്ടകകളുമായി ഇത്ര അഭേദ്യമായ ഒരു ബന്ധം? ആ ചോദ്യത്തിനു ഉത്തരം തെടുന്നതാകട്ടെ ഇന്നത്തെ പോസ്റ്റ് :
ഒരു ചെറു ചോദ്യം നല്‍കി അവസാന ഖണ്ഡിക അവസാനിച്ചു.എന്നാല്‍ അതിനുത്തരം അത്ര ലളിതമാണോ? ഇവിടെ ഉത്തരമില്ല ഒട്ടനേകം ഉത്തരങ്ങളാണുള്ളത്.വസ്തുതകളെക്കാള്‍ വിശ്വാസങ്ങല്‍ക്കാണു ഇവിടെ നമ്മളെ സഹായിക്കാനാകുന്നതെന്ന് തോന്നുന്നു. വെള്ളി എന്ന റിലീസ് ദിനത്തിന് പറയാനുള്ള ഓരോ കഥകള്‍ക്കായി മിഴിതുറക്കാം:
1 ) വിജയങ്ങളാണ് പലപ്പോഴും വിശ്വാസങ്ങള്‍ക്ക് അടിത്തറ നല്‍കുന്നത്.വിജയിയായ ഒരുവന്റെ പ്രയത്നത്തെപ്പറ്റി ചിന്തിക്കാതെ അവനു വിജയം നല്‍കിയ പശ്ചാത്തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അവിടെ വിശ്വാസത്തിനും വേരുറച്ചു നില്‍ക്കുവാനാകുന്നു.വെള്ളിയാഴ്ച സിനിമകളുടെ ചരിത്രം നമുക്ക് നല്‍കുന്നതും അതുപോലെയൊരു തുടക്കമാണ്.ലോക സിനിമചരിത്രത്തില്‍ ഏറ്റവും വലിയ വിജയ ചിത്രമായ 'Gone with the Wind' ആണ് വെള്ളിയാഴ്ചചരിതത്തിന് തുടക്കം കുറിക്കുന്നത്.1939 ഡിസംബര്‍ 15 വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ മോഹിപ്പിക്കുന്ന വിജയം തുടരെ തുടരെയുള്ള വെള്ളിയാഴ്ച റിലീസുകള്‍ക്ക് കാരണമായി.ഇതിനര്‍ഥം 'Gone with the Wind' നു മുന്‍പ് വെള്ളിയാഴ്ച ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടിട്ടില്ല എന്നല്ല.മറിച്ചു വെള്ളിയാഴ്ച റിലീസിന് ഒരു വിശ്വാസം അഥവാ ട്രെന്‍ഡ് ആയി രൂപമാറ്റം സംഭവിക്കുവാന്‍ പ്രസ്തുത ചിത്രം ഒരു കാരണമായി.എന്നാല്‍ ഇങ്ങു ഇന്ത്യന്‍ സിനിമ ലോകം ഇതേ ട്രെന്‍ഡ് പിടിച്ചതും സമാനമായ സാഹചര്യത്തില്‍ തന്നെയായിരുന്നു.ഇവിടെ ഹീറോ അക്കാലത്തെ ഏറ്റവും വലിയ വിഖ്യാത വിജയ ചിത്രം 'Mughal-E-Azam'.1960 ഓഗസ്റ്റ് 5,വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം നേടിയ ഗംഭീര വിജയം വെള്ളിയാഴ്ചചരിതം ഇന്ത്യയില്‍ വേരോടിയത്തിനു മൂലകാരണമായി കരുതപ്പെടുന്നു.
2 ) മതപരമായി ഇസ്ലാം-ഹിന്ദു മതവിശ്വാസികള്‍ക്ക് ഏറെ പ്രത്യേകതകളുള്ള ദിവസമാണ് വെള്ളി.ലക്ഷ്മി ദേവിയുടെ ( ധനദേവത ) യുടെ സാന്നിധ്യം ഏറ്റവുമധികം ലഭിക്കുന്ന ദിവസമാണത്രെ വെള്ളി.ഈയൊരു വിശ്വാസത്തില്‍ ഐശ്വര്യലബ്ദിക്കായി തങ്ങളുടെ സംരംഭം വിജയതിലെത്താന്‍ പല നിര്‍മാതാക്കളും വെള്ളിയാഴ്ചയിലൂടെ ഭാഗ്യം പരീക്ഷിക്കുന്നു.1940 - 60 കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമ വ്യവസായത്തിലെ പല പ്രമുഖരും ഇസ്ലാം-ഉര്‍ദു മതവിശ്വാസികളായതിനാല്‍ തങ്ങളുടെ ഭാഗ്യ ദിവസമായ വെള്ളി അവർ റിലീസിനായി കണ്ടെത്തി
3 )ആഴ്ച ശമ്പളം വാങ്ങുന്നവരുടെ പോക്കറ്റ് നിറയുന്ന ദിവസമാണ് വെള്ളി. ജോലിക്ക് ലഭിച്ച പ്രതിഭലം ആദ്യം വിനോദോപാധിയായി കാണുവാനാണ് ഓരോ സാധാരണക്കാരനും ശ്രമിക്കാറുള്ളത്.അങ്ങനെയുള്ളവരുടെ ചിന്ത ആദ്യം ഉടക്കുന്നത് സിനിമകളില്‍ ആകും.ആദ്യ ദിനത്തെ സെക്കന്റ് ഷോ rush ഇതിനെ സാധൂകരിക്കുന്നു.പിറകെ വരുന്ന രണ്ടു അവധി ദിവസങ്ങള്‍ ആളുകളെ കൊട്ടകകളിലേക്ക് ആനയിക്കുന്ന കാഴ്ചയും വിസ്മരിക്കാനാകില്ല.ജോലി ഭാരത്തില്‍ നിന്നു താല്‍ക്കാലിക മുക്തി ലഭിക്കുന്ന ഏതൊരു മനുഷ്യനും ഇതര ജോലികളില്‍ വ്യാപ്രിതരാകുന്നതും വെള്ളിയാഴ്ച ദിനങ്ങളിലാകും.ഇന്നത്തെ ഓണ്‍ലൈന്‍ മീഡിയകളും വഴിയോര പോസ്ററുകളും എല്ലാം ഒരുവന്റെ ശ്രദ്ധയില്‍ പെടുവാന്‍ ഏറ്റവും നല്ല ദിവസവും അങ്ങനെയാകുമ്പോള്‍ വെള്ളി തന്നെ.അത് അവനെ അന്ന് തന്നെയോ അല്ലെങ്കില്‍ തുടര്‍ ദിനങ്ങളിലോ തീയറ്ററുകളിലേക്ക് നയിക്കുമെന്നുള്ളതും വസ്തുതയാണ്.വിശ്വാസത്തിന്റെ പേരില്‍ ഉണ്ടായ വെള്ളിയാഴ്ചചരിതം വസ്തുതകളിലേക്ക് വഴിമാറുന്നത് ഇവിടെ ദര്‍ശിക്കാം.
4 )ചിത്രത്തിന്റെ കളക്ഷന്‍ സംബന്ധമായ പല കണക്കുകളും നീക്കുപോക്കുകള്‍ക്കും നല്ല ദിവസമാണ് വെള്ളി.തുടരെ വരുന്ന രണ്ടു ദിവസങ്ങളും പണമിടപാടുകള്‍ക്ക് പരിമിതികള്‍ ഉള്ള (ബാങ്ക് അവധി ഞായര്‍,ഹാഫ് ഡേ ശനി) കാരണത്താല്‍ നിര്‍മാതാക്കളും വിതരണക്കാരും തങ്ങളുടെ ഷെയര്‍,പ്രോഫിറ്റ് വിഷയങ്ങളില്‍ പല സുപ്രധാന തീരുമാനങ്ങളും കൈക്കൊള്ളാന്‍ വെള്ളിയാഴ്ച ദിവസം കൈക്കൊള്ളുന്നു.
5 ) മൌത്ത് പബ്ലിസിറ്റി ലഭിക്കാന്‍ ഏറെ സഹായകമാണ് വെള്ളി.എങ്ങനെയെന്നാല്‍,ആദ്യ ദിനം തന്നെ നല്ല അഭിപ്രായം നേടുന്ന ഒരു ചിത്രതത്തെപ്പറ്റിയുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കാന്‍ ഒരുവനു കഴിയുന്ന ഏറ്റവും നല്ല ദിവസങ്ങളാണ് ശനി,ഞായര്‍ എന്നിവ.കാരണം സാധാരണക്കാരായ എല്ലാവരും ഈ ദിവസങ്ങളില്‍ മറ്റു ജോലികളില്‍ വ്യാപൃതരല്ല എന്നത് തന്നെ കാരണം.ഓണ്‍ലൈന്‍ മീഡിയകളുടെ അഭിപ്രായങ്ങളും മറ്റുള്ളവരിലേക്ക് എത്താന്‍ ഈ ഒഴിവു ദിവസങ്ങള്‍ സഹായിക്കുന്നു.
6 ) ഇന്ത്യന്‍ സിനിമ ലോകം വെള്ളിയാഴ്ചവ്രതം അനുഷ്ഠിക്കാൻ ഒരുങ്ങിയത്തിനു ബോളിവുഡ് സിനിമയുടെ ആസ്ഥാനമായ മുംബൈക്കും ചിലത് പറയാനുണ്ട്.സ്വാതന്ത്ര്യത്തിനു ശേഷം ബോംബെ നഗരത്തിലെ കാര്യാലയങ്ങള്‍ക്ക് വെള്ളിയാഴ്ച ദിവസം ഹാഫ് ഡേ അവധി ദിവസമായിരുന്നു.വെള്ളിയാഴ്ച ചരിതം തുടരുവാന്‍ ഇതും ഒരു കാരണമാകുകയായിരുന്നു.
7 ) വെള്ളിയാഴ്ചചരിതത്തിന് പിന്നില്‍ ഇന്നൊരു വാണിജ്യ സാധ്യതയും നിലവിലുണ്ട്.ഇന്നത്തെ സിനിമ വ്യവസായത്തിന്റെ ആണിക്കല്ലുകളായ Multiplex തീയറ്ററുകളില്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ നിര്‍മാതാക്കള്‍ക്ക് Screening Fee നല്‍കേണ്ട ആവശ്യമില്ല.എന്നാല്‍ മറ്റു ദിവസങ്ങളില്‍ നിര്‍മാതാക്കള്‍ക്ക് ഈ ഇളവു ലഭിക്കുന്നില്ല.ഏറ്റവുമധികം ആളുകള്‍ കയറുന്ന ഒന്നാം ദിവസം വെള്ളിയാണെങ്കില്‍ നിര്‍മാതാക്കള്‍ക്കു അത് ലാഭകരമാകുന്നു.
8 ) അടുത്തിടയ്ക്ക് പ്രശസ്തനായ ഒരു യുവസംവിധായകനോട് പ്രസ്തുത ചോദ്യം ഉന്നയിക്കപ്പെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ ഉത്തരം സരസമായിരുന്നുവെങ്കിലും അതിലും വസ്തുതകള്‍ ഒളിഞ്ഞിരിക്കുന്നത് ദര്‍ശിക്കാനാകുമായിരുന്നു.അഭ്യസ്തവിദ്യരെന്നും ബുദ്ധിജീവികള്‍ എന്നും സ്വയം നടിക്കുന്ന റിവ്യൂ എഴുത്തുകാരില്‍ നിന്നും സസ്പെന്‍സ് പൊളിക്കുന്ന ഫാന്‍സ് പുങ്കവന്മാരില്‍ നിന്നും പ്രേക്ഷകന് മുക്തി നേടുവാന്‍ ഒരു പരിധി വരെ വെള്ളിയാഴ്ചചരിതം വഴിയോരുക്കുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.എങ്ങനെയെന്നാല്‍ വലിയ ഹൈപിലും പ്രതീക്ഷയിലും ഇറങ്ങുന്ന ചിത്രങ്ങളെ സാരമായി ബാധിക്കുന്ന പ്രസ്തുത ഘടകങ്ങള്‍ പ്രേക്ഷകരില്‍ അധികവും എത്താന്‍ ഇടയുള്ളത് അവധി ദിവസങ്ങളിലാണ്.വെള്ളിയാഴ്ച റിലീസ് ചെയ്യപ്പെടുന്ന ചിത്രങ്ങളുടെ ഇത്തരത്തിലുള്ള റിവ്യൂ ശ്രദ്ധിക്കാതെ സെക്കന്റ് ഷോയ്ക്കോ പിറ്റേ ദിവസം ആദ്യ ഷോയ്ക്കോ തന്നെ ചിത്രം കാണാന്‍ ശ്രമിക്കുന്നതോടെ ജോലികളില്‍ വ്യാപൃതരായി കേവല സമാധാനത്തിനു തീയറ്റിയറുകളിൽ എത്തുന്ന പ്രേക്ഷകന് ഒരു പരിധി വരെ Spoiler കളില്‍ നിന്നും Degrading ല്‍ നിന്നും രക്ഷ നേടാനാകുന്നു.
സിനിമ ഒരു കല എന്നതിനപ്പുറം ഒരുപാട് പേരുടെ കഷ്ടപ്പാടിലും വേദനയിലും കെട്ടിപ്പടുത്തതാണ്( ക്രെഡിറ്റ്‌സ് : ഉദയനാണ് താരം ).അവിടെ വിജയം സുനിശ്ചിതമല്ലാത്ത കാരണത്താല്‍ വിശ്വാസങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും അതിന്റേതായ സ്ഥാനമുണ്ട്.തങ്ങളുടെ സംരംഭത്തിന്റെ വിജയത്തിനായി ദൈവത്തിന്റെയും മനുഷ്യന്റെയും പ്രിയദിവസം തന്നെ സിനിമ കൊട്ടകകള്‍ പൂരപ്പറംബാക്കാന്‍ ഓരോ സിനിമ പ്രവര്‍ത്തകനും ശ്രമിക്കുമ്പോള്‍ വെള്ളിയാഴ്ചവൃത്തം സിനിമ ലോകത്തില്‍ ഒരു അനുഷ്ഠാനമായി തുടര്‍ന്നുപോകുന്നു......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ