Malabar Chiken Biriyani - മലബാര്‍ ചിക്കൻ ബിരിയാണി

മലബാര്‍ ചിക്കൻ ബിരിയാണി | Malabar Chiken Biriyani

ചേരുവകള്‍
1.കോഴി വലിയ കഷ്ണങ്ങളായി മുറിച്ചത്‌- 1 കിലോ
2.ബിരിയാണി അരി- 1 കിലോ
3.വലിയ ഉള്ളി നീളത്തില്‍ മുറിച്ചത്‌- 1/2 കിലോ
4.നെയ്യ് അല്ലെങ്കില്‍ റിഫൈന്‍ഡ് ഓയില്‍- 250 ഗ്രാം
5.പച്ചമുളക്- 100 ഗ്രാം
6.ഇഞ്ചി- 50 ഗ്രാം
7.വെളുത്തുള്ളി- 50 ഗ്രാം
8.കസ്കസ്- 1 ടീസ്പൂണ്‍
9.തൈര്- 1 കപ്പ്
10.അണ്ടിപ്പരിപ്പ്‌ രണ്ടായി മുറിച്ചത്‌- 20 ഗ്രാം
11.ഉണക്ക മുന്തിരിങ്ങ- 20 ഗ്രാം
12.മല്ലിയില- 1 കെട്ട്
13.പൊതീന- 1 കെട്ട്
14.ചെറുനാരങ്ങ- 1
15.പനിനീര്‍- 2 ടേബിള്‍സ്പൂണ്‍
16.മഞ്ഞക്കളര്‍ - കുറച്ച് (ആവശ്യമുണ്ടങ്കിൽ)
17-ഗരം മസാലപ്പൊടി- 3 ടീസ്പൂണ്‍
18-തക്കാളി നാലായി മുറിച്ചത്‌- 100 ഗ്രാം
19-ഉപ്പ്- പാകത്തിന്
പാചകം ചെയ്യുന്ന വിധം‌
വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചതച്ചെടുക്കുക. കസ്കസ് മയത്തില്‍ അരച്ചെടുക്കുക. മല്ലിയില, പൊതീന എന്നിവ ചെറുതായി മുറിക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്‍ പകുതി എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മുറിച്ച ഉള്ളിയില്‍ പകുതിയിട്ട് ഇളക്കുക. ഉള്ളി അല്‍പ്പം നിറം മാറിത്തുടങ്ങുമ്പോള്‍ ചതച്ച മസാലകള്‍ ഓരോന്നായി ചേര്‍ത്ത് തുടരെ ഇളക്കുക. നല്ല വാസന വരുമ്പോള്‍ കോഴിക്കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതില്‍ തൈര്, കസ്കസ്, തക്കാളി, ഉപ്പ് എന്നിവയും അരക്കപ്പ് വെള്ളവും ചേര്‍ത്ത് ഇളക്കി പാത്രം മൂടി ചെറുതീയില്‍ വേവിക്കണം. കോഴി വെന്ത് വെള്ളം വറ്റിയാല്‍ ഇറക്കി വയ്ക്കുക. അരി കഴുകി വെള്ളം വാരാന്‍ വെയ്ക്കണം. ഒരു പാത്രത്തില്‍ ബാക്കിയുള്ള എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, ബാക്കി പകുതി ഉള്ളി ഇട്ട് പൊന്‍ നിറമാകുന്നത് വരെ പൊരിക്കുക. അണ്ടിപ്പരിപ്പും, മുന്തിരിങ്ങയും ചേര്‍ത്ത് ചുവപ്പിച്ചെടുക്കുക.ഇതേ എണ്ണയില്‍ അരിയിട്ടു തുടരെ ഇളക്കി, അരി അല്‍പ്പം പദം വരുമ്പോള്‍ അരി വേവാനുള്ളത്ര വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് പാത്രം മൂടണം. ചോറ് വെന്ത് വെള്ളം വറ്റിയാല്‍ ഇറക്കിവെയ്ക്കുക.
വെന്ത കോഴിയില്‍ അല്‍പ്പം ഗരം മസാലപ്പൊടി വിതറി അതിനുമീതെ മൂന്നില്‍ ഒരു ഭാഗം ചോറ് ഇടുക. ചോറിനു മീതെ പനിനീരില്‍ കലക്കിയ മഞ്ഞക്കളര്‍ കുടഞ്ഞ്, അതിനും മീതെ കുറച്ച് ഗരം മസാലപ്പൊടി, പൊരിച്ച ഉള്ളി, അണ്ടിപ്പരിപ്പ്, മുന്തിരിങ്ങ എന്നിവയും ഇടണം. ബാക്കിയുള്ള ചോറും ഇതേപോലെ ഇട്ട് കനമുള്ള മൂടികൊണ്ട് പാത്രം അടച്ച് മീതെ കുറച്ച് തീക്കനലിട്ട് ചെറുതീയില്‍ പത്തു മിനിറ്റ് വെയ്ക്കുക. ചൂടുള്ള ഓവനില്‍ അല്‍പ്പനേരം വെച്ചാലും മതി. ബിരിയാണി പാത്രത്തില്‍ വിളമ്പി കുറച്ച് പൊരിച്ച ഉള്ളി വിതറി ചൂടോടെ ചട്നിയോ തൈര് ചട്നിയോ കൂട്ടി ഉപയോഗിക്കാം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

Freelance Tax Filing in India: Your No-Stress Guide for 2025

മനസ്സ്