ഉടുതുണിയുടെ ചരിത്രം
ഉടുതുണിയുടെ ചരിത്രം
മനുഷ്യ ചരിത്രത്തിൽ ഭക്ഷണത്തിന് പിറകേയുള്ള കണ്ടെത്തലാണ് നഗ്നത മറയ്ക്കുക എന്നത്. പച്ചിലകളും മൃഗത്തോലും മരത്തൊലിയും ഒക്കെ അവർ ആദ്യകാലങ്ങളിൽ അതിനായി ഉപയോഗിച്ചു. നവീന ശിലായുഗ കാലഘട്ടത്തിലാണ് മനുഷ്യൻ വസ്ത്രമുപയോഗിക്കാൻ തുടങ്ങിയത്. നാണം എന്നതിനേക്കാൾ പ്രതികൂലാവസ്ഥയെ അതിജീവിക്കുക എന്നതായിരുന്നു വസ്ത്രങ്ങളുടെ അക്കാലത്തെ പ്രധാന ആവശ്യം.
മറ്റുള്ള ജീവികൾക്കെല്ലാം പ്രകൃതി അന്നേ ഇതിനുള്ള സംവിധാനം ഒരുക്കിയപ്പോൾ ഉദാഹരണത്തിന് ആമയുടെ തോടും ഇന്തുക്കളുടെ രോമാവരണവും മനുഷ്യന് വസ്ത്രങ്ങൾ പ്രകൃതിയിൽ നിന്ന് രൂപപ്പെടുത്തിയെടുക്കേണ്ടിവന്നു. അതായത് കാലത്തിനും ദേശത്തിനും യോജിച്ച വിധത്തിലുള്ള വസ്ത്രം സാംസ്‌ക്കാരികമായ ഒരു അടയാളമായിത്തീർന്നു. പദവി, ലിംഗം, ജാതി, സമൂഹം, പ്രദേശം, പരിസ്ഥിതി എന്നിവയുടെയൊക്കെ സൂചകമായി വസ്ത്രം മാറി. രാജാവും പരിചാരകരും മന്ത്രിയും പട്ടാളക്കാരുമൊക്കെ അവരുടെ പദവിയെ സൂചിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി. വസ്ത്രവുമായി ബന്ധപ്പെട്ട് ധാരാളം ആചാരങ്ങളും ചടങ്ങുകളും രൂപപ്പെട്ടുവന്നു. ആദ്യകാലത്ത് പ്രകൃതിജന്യമായ നാരുകളുപയോഗിച്ചുള്ള വസ്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ കൃത്രിമ നാരുകളുടെ രംഗപ്രവേശത്തോടെ വസ്ത്രനിർമ്മാണ മേഖലയിൽ വൻ കുതിപ്പുകളും മാറ്റങ്ങളുമുണ്ടായി.
ഓർമ്മിക്കാൻ ചില കാര്യങ്ങൾ
മെറിനോ വിഭാഗത്തിലുള്ള ചെമ്മരിയാടുകളിൽ നിന്നാണ് ഏറ്റവും മികച്ചതരം കമ്പിളി രോമങ്ങൾ കാണുന്നത്.
ലോകത്തെ ഏറ്റവുമധികം കമ്പിളി ഉത്പാദിപ്പിക്കുന്ന രാജ്യം ഓസ്‌ട്രേലിയയാണ്.
കമ്പിളി രോമങ്ങളിൽ അടങ്ങിയിട്ടുള്ള എണ്ണ ലെനോലിൻ. ഇതിന് ഔഷധ നിർമ്മാണ വ്യവസായം, സുഗന്ധദ്രവ്യ വ്യവസായം എന്നിവയിൽ വളരെ പ്രാധാന്യമുണ്ട്.
വർഷത്തിലൊരിക്കലാണ് ( വസന്തകാലത്ത്) കമ്പിളിരോമങ്ങൾ വെട്ടിയെടുക്കുന്നത്.
ആട്ടിൻ കുട്ടികളുടെ രേമമാണ് കമ്പിളിക്ക് ഏറ്റവും നല്ലത്.
സുവർണ്ണ കമ്പിളിയുടെ നാട് എന്നറിയപ്പെടുന്നത് – ഓസ്‌ട്രേലിയ
പഴയ കമ്പിളി വസ്ത്രങ്ങളിൽ നിന്നും കേടുവരാത്ത ഭാഗങ്ങൾ ശേഖരിച്ച് നിർമ്മിക്കുന്ന പുതുവസ്ത്രം അറിയപ്പെടുന്നത് – ഷോഡ്ഡി.
കമ്പിളി നാരിലുള്ള പ്രോട്ടീൻ – കെരാറ്റിൻ
ഏറ്റവും ചൂട് പ്രധാനം ചെയ്യുന്ന തുണി- കമ്പിളി.
കമ്പിളിക്കൊരു പകരക്കാരൻ
പോലി അക്രൈലോ നൈട്രജൻ കൊണ്ടുണ്ടാകുന്ന നാരുകൾ കമ്പിളിയെപ്പോലിരിക്കും അൾട്രാവയലറ്റ് കിരണങ്ങളും രാസപദാർത്ഥങ്ങളും ഇവയുമായി പ്രവർത്തിക്കില്ല. ചൂട് താങ്ങാനുള്ള കഴിവും ഇവയ്ക്ക് വളരെയേറെയുണ്ട്. ഈ ഗുണങ്ങളെല്ലാമാണ് കമ്പിളിക്ക് പകരക്കാരനായി ഇത് ഉപയോഗിക്കാൻ കാരണം.
പട്ട്
നിശാശലഭമായ ബോംബിക്‌സ് മോറിയുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന ശലഭപ്പുഴു ഉപയോഗിച്ചാണ് നിർമ്മാണം. വിലയും ഇതിന് കൂടുതലാണ്. കോട്ടുകളും സ്യൂട്ടുകളും ഉണ്ടാക്കാൻ വൂർസ്റ്റഡ് നൂലുകളാണ് ഉപയോഗിക്കുന്നത്. പരവതാനികളും കിടക്ക വിരികളും നിർമ്മിക്കാൻ വൂളൻ നൂലുകളാണ് ഉപയോഗിക്കുന്നത്
നാരുകളുടെ നേർമ്മയളക്കൽ
നാരുകളുടെ നേർമയളക്കാനുള്ള യൂണിറ്റാണ് ഡെനിയർ, പതിനായിരം മീറ്റർ നീളമുള്ള നൂലിന്റെ ഭാരം എത്രയാണോ അതാണ് ആ നൂലിന്റെ ഡെനിയർ. ഉടുവസ്ത്രങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നത് ഒന്നുമുതൽ ഏഴുവരെ ഡെനിയറുള്ള നൂലുകളാണ്. ഏറ്റവും നല്ല പരുത്തി നൂലിന്റേയും കമ്പിളി നൂലിന്റേയും ഡെനിയർ ഒന്നിനും മൂന്നിനും ഇടയ്ക്കാണ്. പരവതാനി നിർമ്മിക്കാനുള്ള കമ്പിളി നാരിന്റെ നേർമ്മ 15 ഡെനിയറാണ്.
സെറി കൾച്ചർ
പട്ടുനൂൽ ഉൽപാദനവുമായി ബന്ധപ്പെട്ടുള്ള വിവിധ പ്രക്രിയകളെ മൊത്തത്തിൽ വിളിക്കുന്ന പേരാണ് സെറി കൾച്ചർ.
പട്ടുപാത
ലോകത്തിലാദ്യം പട്ടുവ്യാപാരം തുടങ്ങിയവർ ചൈനക്കാരാണ്. ചൈനയിൽ നിന്ന് വ്യാപാരികൾ പട്ട് ( സിൽക്ക്) യൂറോപ്പിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കൊണ്ടുപോയിരുന്ന പ്രധാന പാതയാണ് പട്ടുപാത. ഇന്ത്യ, ചൈന, മലേഷ്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവയെ കൂട്ടിയിണക്കിയ സുപ്രധാന വ്യാപാര മാർഗ്ഗമായിരുന്നു പട്ടുപാത. പതിനാറാം നൂറ്റാണ്ടിൽ കടൽവഴിയുള്ള വ്യാപാരം വ്യാപകമായതോടെ പട്ടുപാതയുടെ പ്രാധാന്യം നഷ്ടപ്പെട്ടു.
ഓർമ്മിക്കാൻ
കേരളത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന പ്രകൃതിജന്യനാരാണ് പരുത്തി അഥവാ കോട്ടൺ .
ലോകത്ത് ഏറ്റവുമധികം പരുത്തിയുൽപ്പാദിപ്പിക്കുന്ന രാജ്യം- ചൈന, ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.
ഏറ്റവുമധികം പരുത്തി കയറ്റുമതി ചെയ്യുന്ന രാജ്യം – അമേരിക്ക
ഏറ്റവുമധികം പരുത്തി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം – മഹാരാഷ്ട്ര.
പരുത്തി കൃഷി ചെയ്യുന്ന കേരളത്തിലെ ഒരേഒരു ജില്ല – പാലക്കാട്.
പോളി എസ്റ്റർ
ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജെ.ആർ വിൻഫീൽഡ്, ജെ.ടി ഡിക്‌സൻ, ബൾട്ടവി സിൻ, സി.ജി റിച്ച് എന്നിവരുടെ ഗവേഷണഫലമായി 1939-41 കാലഘട്ടത്തിലാണ് ആദ്യത്തെ പോളി എസ്റ്റർ വസ്ത്ര നാരായ ടെർലിൻ നിർമ്മിച്ചത്. 1946-ൽ ഡു പോണ്ട് കമ്പനി ഡക്കോൺ എന്ന പേരിൽ പോളി എസ്റ്റർ വ്യവസായികാടിസ്ഥാനത്തിൽ നിർമ്മാണമാരംഭിച്ചു. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന കൃത്രിമ തുണിനാരാണ് പോളി എസറ്റർ വിശേഷിപ്പിക്കപ്പെടുന്നു.
സാരി
ആര്യൻമാരുടെ വരവിന് ശേഷമാണ് ഭാരതസത്രീകൾ സാരി അണിഞ്ഞ് തുടങ്ങിയത്. വേദങ്ങളിലാണ് സാരിയെക്കുറിച്ചുള്ള ആദ്യ സൂചനകളുള്ളത്. സാരി എന്ന സംസ്‌കൃത വാക്കിന്റെ അർത്ഥം തുണി എന്ന് മാത്രമാണ്.
മുണ്ടും ധോത്തിയും
ഇന്ത്യയിലെ ഒരു വിധം ഭാഗങ്ങളിലെല്ലാം ഉപയോഗിക്കുന്ന പരമ്പരാഗത വസ്ത്രമാണ് മുണ്ട്. ധോത്തി എന്നെല്ലാം അറിയപ്പെടുന്ന ഏഴുവാര വലിപ്പമുള്ള ഒറ്റത്തുണി. ഹിന്ദിയിൽ ഇതിന് ധോത്തി അസമിൽ സുറിയ തെലുങ്കിൽ പാഞ്ച്, ബംഗാളിൽ ധുത്തി എന്നിങ്ങനെയും മലയാളികൾ മുണ്ട് എന്നും ഇങ്ങനെ വിളിക്കുന്നു.
ലുങ്കി വിദേശി
ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ വസ്ത്രമാണ് ലുങ്കി. പൊതുവെ ചൂട് കൂടുതലുള്ള പ്രദേശങ്ങളിലാണ് ഇത് ഉപയോഗിക്കുന്നത്.
അന്തർജന വേഷം
വി.ടി ഭട്ടതിരിപ്പാടിന്റെ സമുദായ പരിഷ്‌ക്കരണത്തിന് മുമ്പ് ഒരു അന്തർജനം പുറത്തിറങ്ങുമ്പോഴുള്ള വേഷം ഇങ്ങനെയായിരുന്നു. മുന്ന് മീറ്റർ വ്യാസവും ഒരു മുഴം നീളവുമുള്ള പിടിയുള്ള പനയോലക്കുട. മുഖത്തിന്റെ ഏതാനും ഭാഗമൊഴിച്ച് ശരീരമെല്ലാം മൂടുന്ന ഒരു നീണ്ട മുണ്ട് പുതപ്പ് മുലക്കച്ചയുടേയും സാരിയുടേയും ഉപയോഗം ഈ മുണ്ടാണ് നിർവ്വചിക്കുന്നത്. തലയും ദേഹവും മറയത്തക്കവണ്ണം മറക്കുട ചേർത്ത് പിടിച്ചിരിക്കും.
കേരളീയ വസ്ത്രം
പതിമൂന്നാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ മാർക്കോപോളോ ഇവിടുത്തെ രാജാക്കൻമാരുടെ വേഷം കഷ്ടിച്ച് മുട്ടോളമെത്തുന്ന ഒറ്റമുണ്ടായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1662-ൽ കൊല്ലം റാണിയെ സന്ദർശിച്ച ഡച്ച് നാവികനായ ജോൺ ന്യൂഹാഫ് റാണിയുടെ വേഷം അരയിൽ ചുറ്റിയ മുണ്ടും തോളത്ത് ഇട്ടിരുന്ന ഒരു ചെറിയ വസ്ത്രവുമാണെന്ന് അദ്ദേഹത്തിന്റെ യാത്രാവിവരണത്തിൽ എഴുതിയിട്ടുണ്ട്. നായൻമാരുടെ വസ്ത്രം ഒരു കഷണം തുണിയാണ്. സത്രീകൾ വെളുത്ത മുണ്ട് അരചുറ്റി മുട്ടറ്റം എത്തും വരെ ഉടുക്കുന്നു. ജാത്യാചാര പ്രകാരം നായർ സ്ത്രീകൾ മാറ് മറയ്ക്കാൻ പാടില്ല എന്ന് വില്യം ലോഗൻ മലബാർ മാനുവലിൽ പറയുന്നുണ്ട്.
ക്രിസ്ത്യൻ സ്ത്രീകൾക്ക് ചട്ടയും മുട്ടിന് അല്പം താഴെ വരെ എത്തുന്ന മുണ്ടും ധരിക്കാമായിരുന്നു. ചന്തി മറയ്ക്കാനായി മുണ്ട് ഞൊറിഞ്ഞ് ഉടുക്കുന്നു. മുസ്ലീം സ്ത്രീകൾ മേൽക്കുപ്പായവും കാൽമുട്ടുവരെ എത്തുന്ന വസ്ത്രവും ധരിക്കും. കോഴിക്കോട്ടെ ധനികരായ മുസ്ലീം പുരുഷൻമാർ സിൽക്ക് തുണികൊണ്ടുള്ള ഉടുപ്പും പൈജാമയും ധരിച്ചിരുന്നു. സാധാരണക്കാർ മുണ്ട് മാത്രം.
നമ്പൂതിരി സ്ത്രീകൾക്കും റൗക്കയോ ബ്ലൗസോ ഉണ്ടായിരുന്നില്ല, പാദം വരെയെത്തുന്ന ഉടുമുണ്ട് അവർ കോന്തുകെട്ടി ഉടുക്കുന്നു. കസവ് കരയുള്ള ഒരു മുണ്ട് മുലക്കച്ചയായി ധരിക്കുന്നു. തറ്റുടുത്ത ഉടുമുണ്ടും മേൽമുണ്ടുമായിരുന്നു നമ്പൂതിരി പുരുഷൻമാരുടെ വേഷം. ഈഴവർ, നാടാർ തുടങ്ങിയ അയിത്തജാതിക്കാർക്ക് മുട്ടിന് മുകളിൽ വരെയുള്ള ഒരു തുണിയായിരുന്നു ആകെ വേഷം.
എല്ലാ ജാതിയിലും പെട്ട ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ആകെ വേഷം കൗപീനം മാത്രമായിരുന്നു. ഗുഹ്യപ്രദേശത്തെ മറയ്ക്കുന്നത് എന്നാണ് കൗപീനത്തിന് അർത്ഥം. കൗപീനത്തെ മലയാളത്തിൽ കോണകം എന്നും തമിഴിൽ കോവണം എന്നും വിളിച്ചു. അര നൂറ്റാണ്ട് മുമ്പ് വരെ തമിഴ് നാട്ടിലേയും ആന്ധ്രയിലേയും കർണ്ണാടകത്തിലേയും നാട്ടിൻ പുറങ്ങളിൽ മുതിർന്ന പുരുഷൻമാരുടെ പോലും പ്രധാന വേഷം കൗപീനമായിരുന്നു. ഇലക്കോണകം, പട്ടുകോണകം, കെട്ടുകോണകം തുടങ്ങിയവയാണ് കോണകത്തിന്റെ വകഭേദങ്ങൾ.
പുടവകൊട
വരന്റെ പെങ്ങൾ ഇരുട്ടത്ത് ചെന്ന് വധുവിന് മുണ്ടുകൊടുത്ത് കൂട്ടിക്കൊണ്ടുവരുന്നതായിരുന്നു പണ്ടുകാലത്തെ ഈഴവ സമുദായത്തിലെ വിവാഹരീതി ഇതിന് പുടവകൊട എന്നാണ് പറഞ്ഞിരുന്നത്. ശ്രീനാരായണ ഗുരുവിന്റെ ഇടപെടലിനെ തുടർന്നാണ് കതിർ മണ്ഡപത്തിൽവെച്ച് വരനും വധുവും മാലയിട്ട് ദമ്പതികളാകുന്ന പതിവ് ആരംഭിച്ചത്.
ഓർമ്മിക്കാൻ ചിലത്
ഫൈബർ ഗ്ലാസ് നാര് കഴിഞ്ഞാൽ ഏറ്റവും ബലമുള്ള തുണിനാരാണ് നൈലോൺ.
ഏറ്റവും ഭാരം കുറഞ്ഞ തുണികളിൽ ഒന്നുകൂടിയാണ് നൈലോൺ.
കാർബൺ, ഹൈഡ്രജൻ, ഓക്‌സിജൻ, നൈട്രജൻ എന്നീ മൂലകങ്ങളാണ് നൈലോണിലുള്ളത്. കൂടാതെ കൽക്കരി, പെട്രോളിയം, ചില ധാതുക്കളുടെ പുറംതൊലി എന്നിവയും അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്നു.
പട്ട് വസ്ത്രം പോലെ തിളക്കമുള്ള നൈലോൺ തുണി – കെയാന നൈലോൺ.
നൈലോണിലുള്ള രാസസംയുക്തങ്ങൾ അറിയപ്പെടുന്നത് – പോളി അമൈഡുകൾ.
നൈലോൺ 6, നൈലോൺ6,6 നൈലോൺ 6.0 മുതലായവയാണ് പ്രധാനപ്പെട്ട നൈലോൺ നാരുകൾ.
വസ്ത്ര രംഗത്തുണ്ടായ മാറ്റങ്ങൾ
നഗ്നത മറയ്ക്കുന്നതിനപ്പുറം ശരീരത്തിലെ ചൂട് നഷ്ടപ്പെടാതെ സംരക്ഷിക്കുക. തണുപ്പിൽ നിന്ന് രക്ഷയാകുക, രോഗങ്ങൾ, കീടങ്ങൾ, കാറ്റ്, തീ സൂര്യതാപം എന്നിവയിൽ നിന്നെല്ലാം സംരക്ഷണം നൽകുക. എന്നീ ധർമ്മങ്ങളെല്ലാം നിർവ്വഹിക്കുന്നത് വസ്ത്രങ്ങളാണ്.
പ്രകൃത ജന്യം
പ്രകൃതി ജന്യമായ നാരുകളാണ് ആദ്യകാലത്ത് മനുഷ്യൻ ഉപയോഗിച്ചിരുന്നത്. പരുത്തി , കമ്പിളി, ലീനൻ, പട്ടുനൂൽ, ചണം എന്നിവയെല്ലാം പ്രകൃതിജന്യ നാരുകളാണ്. ചെടികൾ മൃഗങ്ങൾ എന്നിവയിൽ നിന്നുമാണ് പ്രകൃതിജന്യ നാരുകൾ പ്രധാനമായും ലഭിക്കുന്നത്. ശിലായുഗം തൊട്ടേ മനുഷ്യൻ പ്രകൃതിജന്യ നാരുകൾ ഉപയോഗിച്ചിരുന്നു. മധ്യകാലഘട്ടത്തോടുകൂടി കമ്പിളി ഉൽപ്പാദനം പ്രധാന തൊഴിലായി മാറി. 1700 കളിൽ പട്ടും പരുത്തിയും വ്യാവസായികാടിസ്ഥാനത്തിൽ സംസ്‌ക്കരിച്ച് തുടങ്ങി.
കമ്പിളി
ചെമ്മരിയാടിന്റെ തോലാണ് കമ്പിളിയുണ്ടാക്കാൻ ഉപയോഗിച്ചിരുന്നതെന്ന് നേരത്തെ സൂചിപ്പിരുന്നല്ലോ? കോലാട്, ഒട്ടകം, ലാവ, വിക്കന്ന, അൽപ്പക തുടങ്ങിയവയുടെ രോമവും കമ്പിളിയുണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. മൃദുത്വം, തിളക്കം, നിറം, നീളം, ചുരുളിച്ച എന്നിവ നോക്കിയാണ് കമ്പിളിയുടെ ഗുണ നിലവാരം നിർണ്ണയിക്കുന്നത്. ലോകമൊട്ടാകെയായി 250 കോടി കിലോഗ്രാം കമ്പിളി ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇന്ത്യ. പാക്കിസ്ഥാൻ, ചൈന, യു.എസ് എന്നിവയാണ് പ്രധാന കമ്പിളിയുൽപ്പാദക രാജ്യങ്ങൾ. എളുപ്പം തീപിടിക്കില്ല, ഈർപ്പം വലിച്ചെടുക്കും, ചൂട് പുറത്തേക്ക് വിടും വായു ഉൾക്കൊള്ളാനുള്ള കഴിവുള്ളതുകൊണ്ട് ശീതകാലത്ത് ചൂടും ഉഷ്ണകാലത്ത് തണുപ്പും നൽകും. എന്നിവയെല്ലാം കമ്പിളിയുടെ പ്രത്യേകതയാണ്.
വൂളനും വൂർസ്റ്റഡും
കമ്പിളി നൂലുകൾ രണ്ട് തരമുണ്ട്. വൂളൻ നൂലുകളും വൂർസറ്റഡ് നൂലുകളും. വൂർസറ്റഡ് നൂലുകൾക്കാണ് മേനിയും ബലവും കൂടുതൽ
പരുത്തി
സസ്യനാരുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് പരുത്തിയാണ്. ഭാരതമാണ് പരുത്തിയുടെ ജൻമദേശം. പുരാതന കാലം മുതൽ തന്നെ പരുത്തി വസ്ത്രനിർമ്മാണത്തിനായി ഉപയോഗിച്ച് പോരുന്നു. സിന്ധൂനദീതട നാഗരികതയുടെ കാലത്ത് പരുത്തി വസ്ത്രങ്ങൾ ഉപയോഗിച്ച് പോകുന്നതിന് തെളിവുകളുണ്ട്. പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായി മണ്ണ് കരിമണ്ണാണ്. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന പരുത്തിയിൽ 80% ഉം ഡക്കാൻ പീഠഭൂമിയിൽ നിന്നാണ്. കുറഞ്ഞത് 21 ഡിഗ്രി സെൽഷ്യസ് ഊഷ്മാവും 50 മുതൽ 100 സെന്റീമിറ്റർ വാർഷിക വർഷപാതവുമുള്ള പ്രദേശങ്ങളിലാണ് പരുത്തി നന്നായി വളരുക. പരുത്തിക്കുരുവിന്റെ വിത്ത് രോമങ്ങളാണ് പരുത്തി നാരുകൾ. ഓരോ വിത്തിന്റേയും പുറത്ത് ഇരുപതിനായിരത്തോളം പരുത്തി നാരുകൾ കാണപ്പെടുന്നു.
ഖാദി, കൈത്തറി, മിൽത്തുണി
കൈകൊണ്ട് നൂൽ ഉപയോഗിച്ച് നിർമ്മിക്കുന്ന പരുത്തിത്തുണിയാണ് ഖാദി. ഖാദി വസ്ത്രനിർമ്മാണത്തിൽ നൂൽ നൂൽപ്പും നെയ്ത്തും ഉൾപ്പെടെയുള്ള എല്ലാ ഘട്ടങ്ങളിലും കൈ കൊണ്ടുള്ള പണിയാണ് നടക്കുന്നത്. സ്പിന്നിങ് മില്ലുകളിൽ നിന്നും വാങ്ങുന്ന നൂലുപയോഗിച്ച് കൈത്തറിയിൽ നെയ്യുന്ന തുണികളാണ് കൈത്തറി തുണികൾ. മിൽത്തുണിയിൽ നൂൽ നൂൽപ്പും നെയ്ത്തും യന്ത്രങ്ങൾ ഉപയോഗിച്ചാണ് നടത്തുന്നത്.
തോക്കിനെ തോൽപ്പിച്ച ചർക്ക
സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി ചക്കയേയും വസ്ത്രത്തേയും സമര രംഗത്തേക്ക് കൊണ്ടുവന്നത് ഗാന്ധിജിയാണ്. വിദേശ വസ്ത്രങ്ങൾ ബഹിഷ്‌ക്കരിച്ച് സ്വയം നൂൽ നൂറ്റ് വസ്ത്രങ്ങൾ ഉണ്ടാക്കി ധരിക്കുക എന്ന സമരമുറയിലൂടെ ഗാന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്തെ കടപുഴക്കി. ചർക്കയ്ക്കും ഉരുണ്ട പഞ്ഞിയുടെ നൂലിനും വെടിയുണ്ടയേക്കാൾ ശക്തിയുണ്ടെന്ന് ഗാന്ധിജി കാണിച്ചുതന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നശീകരണായുധമായല്ല ഉൽപ്പാദനവുമായി ഗാന്ധിജി ചർക്കയേയും നൂലിനേയും ഉപയോഗിച്ചു. ഖദർ ധരിക്കൽ ദേശസ്‌നേഹത്തിന്റെ അടയാളമായി. വസ്ത്രം ഒരു സമരായുധമായ ഏകരാജ്യം ഇന്ത്യയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ