നാൻ കത്തായി - ഇന്ത്യൻ ബിസ്കൂട്ട്‌

  നാൻ കത്തായി - ഇന്ത്യൻ ബിസ്കൂട്ട്‌

വടക്കേ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ബേക്കറികളിൽ കാണപ്പെടുന്ന ഒരു തരം ഉറച്ച കേക്കാണ്‌ നാൻ കത്തായി. നമ്മുടെ നെയ്യപ്പത്തിന്റെ വട്ടത്തിൽ കാണപ്പെടുന്ന നാൻ കത്തായി, ബ്രൗൺ നിറത്തിലും ഇളം മഞ്ഞ നിറത്തിലും ലഭിക്കാറുണ്ട്‌. തവിട്ട്‌ നിറത്തിലുള്ളവ കൂടുതൽ ക്രിസ്പിയും മഞ്ഞനിറത്തിലുള്ളത്‌ മൃദുവായതുമാണ്‌.
നാൻ കത്തായി ഇന്ത്യയിൽ രൂപം കൊണ്ട ഒരു ബേക്കറി വിഭവമാണ്‌. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഗുജറാത്തിലെ സൂറത്തിലായിരുന്നു നാൻ കത്തായിയുടെ ജനനം. റൊട്ടിയുടെ പേഷ്യൻ വാക്കായ 'നാൻ', പുളിപ്പ്‌ എന്നതിന്റെ ഉറുദു വാക്കായ 'കത്തായി' യും ചേർന്നുണ്ടായതാണ്‌ നാൻകത്തായി.
ഇന്ത്യയിലെ വിദേശശക്തികളുടെ അധിനിവേശത്തോട്‌ ചേർന്ന് നിൽക്കുന്നതാണ്‌ നാൻ കത്തായിയുടെ ചരിത്രവും. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഇന്ത്യയിലെ ഡച്ചുകാർക്ക് വേണ്ടി ഡച്ചുകാർ സൂറത്തിൽ ഒരു ബേക്കറി സ്ഥാപിച്ചിരുന്നു. സ്വാദൂറും പ്രാദേശിക ഡച്ച്‌ വിഭവങ്ങൾ ലഭിച്ചിരുന്ന ഈ ബേക്കറി അക്കാലത്ത്‌ പ്രശസ്തമായിരുന്നു. ഡച്ചുകാർ ഇന്ത്യ വിട്ടുപോകുമ്പോൾ ഉടമകൾ, ഒരു പാഴ്‌സിക്ക് ബേക്കറി‌ വിൽക്കുകയായിരുന്നു. ഡച്ചുകാർ പനങ്കള്ള്‌ ചേർത്ത്‌ ഉണ്ടാക്കിയിരുന്ന അപ്പമായിരുന്നു ബേക്കറിയിലെ പ്രധാന വിഭവം. ഡച്ചുകാർ പോയതോടെ കള്ള്‌ ചേർത്ത അപ്പം വാങ്ങാൻ ആളില്ലാതെയായി. ബേക്കറി വാങ്ങിയ ഫറാംജി പെസ്റ്റോൺ ദോട്ടിവാല തന്റെ ബേക്കറി നിലനിർത്താൻ പല പരീക്ഷണ വിഭവങ്ങളും തയ്യാറാക്കിയെങ്കിലും ആദ്യമൊന്നും അത്‌ ഏശിയില്ല. അവസാനത്തെ പരീക്ഷണമായ മധുരവും പുളിപ്പുള്ളതുമായ ഒരിനം വരണ്ട കേക്ക്‌ പക്ഷേ പ്രാദേശവാസികളായ ജനങ്ങളെ ബേക്കറിയിലേക്കാകർശിച്ചു. ഇറാനി ബിസ്കൂട്ട്‌ എന്നറിയപ്പെട്ട നാൻ കത്തായിയുടെ ജനനമായിരുന്നു അത്‌.
ആദ്യകാലങ്ങളിൽ അമോണിയം കാർബണേറ്റ്‌ ആയിരുന്നു മാവ്‌ പുളിക്കാനായി ചേർത്തിരുന്നത്‌. ഇന്ന് ആ സ്ഥാനം ബേക്കിംഗ്‌ പൗഡറായി മാറി. മൈദയും കടലമാവും റവയും പഞ്ചസാരയും വെണ്ണയും ഉപ്പും ചേർത്തുണ്ടാക്കുന്ന നാൻ കത്തായിയിൽ രുചിയ്‌ക്കായി ഏലക്ക പൊടിയും കുങ്കുമവും ചേർക്കാറുണ്ട്‌. പൊടിച്ച ബദാമും പിസ്തയും ചേർത്ത്‌ അലങ്കരിച്ചാൽ രുചികരമായ നാൻ കത്തായി തയ്യാർ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)