കാഞ്ചിപുരം പട്ട്
കാഞ്ചിപുരം പട്ട്
കാഞ്ചിപുരം എന്ന സംസ്കൃത നാമത്തിൽ ബ്രഹ്‌മാവും വിഷ്‌ണുവും ഇരിക്കുന്നുണ്ട്. ചരിത്രമതിനെ വിദ്യാകേന്ദ്രമായി അടയാളപ്പെടുത്തുന്നു. ജൈനന്മാരും ബുദ്ധന്മാരും അവരുടെ മതപഠന കളരികളായി കാഞ്ചിപുരത്തെ മാറ്റിയപ്പോൾ പഞ്ചഭൂതങ്ങളും പവിത്രമാക്കിയ ആ ദിവ്യഭൂമിയിൽ ആദിശങ്കരൻ തന്റെ ആസ്ഥാനമുറപ്പിച്ചു. കൈലാസനാഥ ക്ഷേത്രവും ഏകാംബരനാഥ ക്ഷേത്രവും പ്രാചീനതമമായ ശില്പചാതുരി ചാർത്തി അതിനെ ക്ഷേത്ര നഗരിയാക്കി. താമരയുടെ നാരിൽനിന്നുപോലും പട്ടുനെയ്ത മാർകണ്ഠമുനിയുടെ പിന്മുറക്കാർ അതിനെ പട്ടിന്റെ പട്ടണമാക്കി മാറ്റി. സാമുദ്രിക പട്ടും, വസ്ത്രകലാ പട്ടും, പാരമ്പരാ പട്ടും നെയ്ത കാഞ്ചിപുരത്തെ നെയ്ത്തുകാർ കാഞ്ചി പട്ടിന്റെ മഹത്വം വിശ്വോത്തരമാക്കി. ബനാറസ് പട്ടിന് ദക്ഷിണേന്ത്യൻ നെയ്‌ത്തുകാർ കരവിരുതിലൂടെ കാട്ടിയ മറുപടി ആയിരുന്നു കാഞ്ചിപുരം പട്ട്. പ്ളേച്ചർ നൂലിനാൽ നെയ്‌തെടുക്കുന്ന കാഞ്ചിപുരം പട്ട് കാലമെത്ര കഴിഞ്ഞാലും ഭംഗിയോടെ നിലനിൽക്കും. ഏഴുനിറങ്ങൾകൊണ്ട് ഏഴായിരത്തിലധികം വർണ്ണക്കൂട്ടുകൾ നൂലിഴകളിൽ ചേർത്തെടുക്കുന്നു. കൃഷ്ണരൂപങ്ങൾ, അരയന്നം, മയിൽ, താമര, തത്ത, സിംഹം, ഇലകൾ, പൂക്കൾ ഇവയൊക്കെ അതിന്റെ വർണ്ണത്തനിമയിൽ കാഞ്ചിപുരം പട്ടിൽ ജീവൻ തുടിച്ചു നിൽക്കുന്നു. നീളം, കനം, ഇഴകൾക്കുള്ള ബലം, ജെരികകളുടെ അഴക്, വലിപ്പം ഇവയാണ് കാഞ്ചിപുരം പട്ടിന്റെ പ്രത്യേകത. ജെരികയിൽ അൻപത്തിയേഴ് ശതമാനം വെള്ളിയും ദശാംശം ആറുശതമാനം സ്വർണ്ണവും ഉണ്ടായിരിക്കണം. ഡബിൾ സ്പിന്നിംഗ് സമ്പ്രദായത്തിൽ നെയ്തെടുക്കുന്ന അസ്സൽ കാഞ്ചിപുരം പട്ടിന്റെ ആയുസ്സ് നാൽപ്പത് വർഷമാണ്. ആറടിയിൽ കൂടുതൽ നീളവും എണ്ണൂറ് ഗ്രാം തൂക്കവുമാണ് ഇവക്കുണ്ടായിരിക്കുക. സാരിയിലെ സ്വർണത്തിന്റെയും വെള്ളിയുടെയും തോത് അനുസരിച്ചാണ് വില നിശ്ചയിക്കുക. ഒരിക്കലും വിലകുറയാത്ത പട്ടുസാരികൾ വിദഗ്ധനായ ഒരു നെയ്ത്തുകാരന് ഒരു മാസത്തിൽ നെയ്യുവാനാകുന്നത് മൂന്നിൽതാഴെ സാരികൾ മാത്രം. നൂൽ ചുറ്റുന്ന പെരുവട്ടം എന്ന ഉപകരണവുമായി നൂറിലധികം ഗ്രാമങ്ങളിൽ ആയിരക്കണക്കിന് നെയ്‌ത്തുകാർ സാരികൾ നെയ്യുന്നു. ദേവികാപുരത്തും, കമ്പയൂരിലും, തിരുമണിയിലും, കോവിൽ സ്ട്രീറ്റിലും, പഴനി ആണ്ടവൻ സ്ട്രീറ്റിലും പാവ് കീറുന്ന പല്ലവ വംശത്തിന്റെ പിന്മുറക്കാർ തിരുവള്ളുവരുടെ ഈരടികൾ പാടുന്നു.
"നെയ്ത്തിനോളം മഹത്വമുള്ള മറ്റൊരു വൃത്തിയില്ല"
"നെയ്ത്തിനോളം മഹത്വമുള്ള മറ്റൊരു വൃത്തിയില്ല"
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ