നാടകം

  നാടകം

അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂർണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് നാടകം. വളരെയധികം ജനപ്രീതിയാർജ്ജിച്ച ഒരു ദൃശ്യ കലയായ നാടകം, സുകുമാരകലകളിൽ ഉൾപെടുന്നു. 'ഒരു പൂർണക്രിയയുടെ അനുകരണം' എന്നാണ് നാടകത്തെ അരിസ്റ്റോട്ടിൽ നിർവചിച്ചിട്ടുള്ളത്. നാടകം ഒരു സങ്കരകലയോ സമ്പൂർണകലയോ ആണെന്നു പറയാം. കാരണം അതിൽ സാഹിത്യം, സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളുടെ സാകല്യം കാണാം. നാടകാവതരണത്തിന്റെ സാഹിത്യരൂപമാണ് പൊതുവേ നാടകം അഥവാ ഡ്രാമ എന്നറിയപ്പെടുന്നതെങ്കിലും ഡു (Do) എന്ന പദത്തിൽനിന്നാരംഭിച്ച 'ഡ്രാമ'യും നാടകത്തിലെ ക്രിയാംശത്തിലേക്കുതന്നെയാണ് വിരൽചൂണ്ടുന്നത്. നാടകത്തെ സമ്പൂർണമായി ഉൾക്കൊള്ളുന്ന ആംഗലേയപദം തിയെറ്റർ (Theatre) ആണ്. മലയാളത്തിൽ നാടകവേദിയെന്നും നാടകകലയെന്നും പ്രയോഗിക്കാറുണ്ട്. രംഗവേദിയിൽ അവതരിപ്പിക്കുന്ന വൈകാരികഭാവങ്ങളോട് പ്രേക്ഷകൻ സംവദിക്കുമ്പോഴാണ് തിയെറ്റർ സമ്പൂർണമാകുന്നത്.

നാടകകല, നാടകസാഹിത്യം എന്നിവയിൽ ഏതാണു പ്രധാനം എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട്. സാഹിത്യത്തിനു പ്രാധാന്യം കല്പിക്കുന്നവർ നാടകസാഹിത്യത്തിനാണ് പ്രാധാന്യമെന്നും മറ്റൊരു കൂട്ടർ നാടകകലയ്ക്കടിസ്ഥാനമായി ഒരു സാഹിത്യകൃതി അത്യന്താപേക്ഷിതമല്ലെന്നും ഒരു സാഹിത്യകൃതിയെയും അവലംബിക്കാതെ നാടകത്തിന് രൂപംനല്കാനും അരങ്ങത്ത് ആവിഷ്കരിക്കാനും സാധിക്കുമെന്നും കരുതുന്നു. നാടകസാഹിത്യത്തെയും നാടകകലയെയും ഒരുപോലെ മനസ്സിലാക്കിയിട്ടുള്ളവരും കലാതത്ത്വവാദികളുമാണ് രണ്ടാമത്തെ വീക്ഷണഗതി വച്ചുപുലർത്തുന്നത്. എന്തായാലും ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന ഒരു കലയെന്നനിലയിൽ നാടകത്തിന്റെ ശക്തി വളരെ വലുതാണ്. അതുകൊണ്ടാണ് മറ്റേതൊരുകലയെക്കാളും നാടകം ജനകീയകലയായി വളർന്നത്; പലപ്പോഴും ഒരു സമരായുധം തന്നെയായിരുന്നു അത്.

  ചരിത്രം

ലോകസാഹിത്യത്തിലെ ഏറ്റവും പഴക്കമുള്ള കലകളിലൊന്ന് നാടകമാണ്. പ്രാചീന കാലത്തുതന്നെ നാടകം രൂപംകൊണ്ട രാജ്യങ്ങളിൽ ആദ്യം അത് ഒരുതരം അനുഷ്ഠാനമായിരുന്നു. മനുഷ്യജീവിതത്തെയും പ്രപഞ്ചത്തെയും നിയന്ത്രിക്കുന്ന അദൃശ്യശക്തികൾ തമ്മിൽ നടന്നുകൊണ്ടിരിക്കുന്നതായുള്ള സംഘട്ടനം ആംഗ്യത്തിലൂടെയും നൃത്തചലനങ്ങളിലൂടെയും ഗാനത്തിലൂടെയും പ്രാചീനമനുഷ്യർ ആവിഷ്കരിച്ചവയാണ് അനുഷ്ഠാനങ്ങൾ. ആ അനുഷ്ഠാനം പല പരിണാമങ്ങളിലൂടെ വികസിച്ച് നാടകരൂപം പ്രാപിച്ചതിനുശേഷമാണ് ആദ്യകാല നാടകകൃതികൾ ഉണ്ടായത്.

അനുകരണവാസനയിൽ നിന്നാണ് നാടകത്തിന്റെ ആരംഭമെന്ന് കരുതപ്പെടുന്നതുപോലെ സംഘട്ടനമാണ് നാടകകലയുടെ അടിസ്ഥാനഘടകമെന്നും കരുതപ്പെടുന്നു. ഈ സംഘട്ടനസിദ്ധാന്തം പാശ്ചാത്യ നാടകചിന്തയിൽ ഒരു നിർണായകഘടകമാണ്. മനുഷ്യരുടെ വിഭിന്ന പ്രകൃതങ്ങൾ തമ്മിലോ നന്മയും തിന്മയും തമ്മിലോ വ്യക്തികൾ തമ്മിലോ സമൂഹത്തിന്റെ വിഭിന്ന ഘടകങ്ങൾ തമ്മിലോ നടക്കുന്ന സംഘട്ടനങ്ങളുടെ കലാപരമായ ആവിഷ്കാരമാണ് നാടകം എന്ന അഭിപ്രായം പ്രബലമാണ്. ഇന്ത്യയിലെ പ്രാചീനങ്ങളായ നാടോടി നാടകങ്ങളിലും സംഘട്ടനങ്ങൾക്കുള്ള പ്രാധാന്യം ശ്രദ്ധേയമാണ്. എന്നാൽ വികസിതമായ സംസ്കൃത നാടക പാരമ്പര്യത്തിൽ സംഘട്ടനത്തിന് വലിയ പ്രാധാന്യം ഇല്ലെന്ന വസ്തുതയും അനിഷേധ്യമാണ്. സംഘട്ടനം നാടകത്തിന്റെ അത്യന്താപേക്ഷിതമായ ഘടകമാണെന്ന വാദം ആധുനിക കാലത്തെ പല നാടക നിരൂപകരും നിരാകരിച്ചിട്ടുണ്ടെന്ന വസ്തുതയും ശ്രദ്ധയർഹിക്കുന്നു.

  നാടകവും സിനിമയും

സ്ഥലകാലബദ്ധമായ രംഗകലയാണ് നാടകം. എന്നാൽ, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് സിനിമാ ചിത്രീകരണത്തിലെ ഓരോ ചലനവും സാധ്യമാക്കിത്തീർക്കുന്നത്. ദൃശ്യഭാഷയിലൂടെയാണ് പ്രധാനമായും സിനിമയിൽ ആശയസംവേദനം നടക്കുന്നത്. നാടകത്തിലാകട്ടെ, കഥാപാത്രങ്ങളുടെ ഭാവഭേദങ്ങളത്രയും സംഭാഷണങ്ങളിലൂടെയാണ് പ്രേക്ഷകനിലേക്ക് പകരുന്നത്. പ്രേക്ഷകനും കഥാപാത്രങ്ങളും തമ്മിലുള്ള നേരിട്ടുള്ള സംവേദനത്തിൽ, നാടകാവതരണം ഓരോ പ്രാവശ്യവും വ്യത്യസ്തമായിത്തീരുന്നു. മുൻകൂറായി ചിത്രീകരിക്കുന്ന ചലച്ചിത്രദൃശ്യങ്ങൾ സാങ്കേതികോപകരണങ്ങളിലൂടെ ചിത്രീകരിക്കുന്നതിനാൽ സംവിധായകന്റെ കാഴ്ചപ്പാടിൽ സിനിമ ആസ്വദിക്കാൻ പ്രേക്ഷകർ നിർബന്ധിതരായി മാറുന്നു. നാടകപ്രേക്ഷകൻ സ്വതന്ത്രനും, സിനിമാസ്വാദകൻ ഒരു പരിധിവരെ ദർശനത്തിനൊപ്പം നീണ്ടേണ്ടവനുമാണ് എന്നർഥം. രംഗവേദിയുടെ പരിമിതികളും ഭാവദൃശ്യങ്ങളുടെ അഭാവവും നാടകീയമായ സ്ഥലകാലവ്യാഖ്യാനങ്ങൾക്ക് അതിരുകൾ തീർക്കുന്നുണ്ട്. നാടകാവതരണത്തെ ക്യാമറയിൽ പകർത്തി സിനിമയായി അവതരിപ്പിച്ചാൽ അത് നാടകമോ, സിനിമയോ ആവില്ല. നാടകത്തിന്റെ രംഗസങ്കല്പത്തിനപ്പുറത്തേക്ക് സ്വതന്ത്രമായി നീങ്ങാൻ മൂവിക്യാമറയ്ക്ക് കഴിയുകയുമില്ല. അതുപോലെ സിനിമയെ നാടകവേദിയിൽ അവതരിപ്പിക്കുക എന്നതും അസംഭവ്യമാണ്. നിരവധി സ്ഥലങ്ങളുടെ, സന്ദർഭങ്ങളുടെ, പ്രകൃതി വ്യാഖ്യാനങ്ങളുടെ പകർപ്പാണ് സിനിമ. എന്നാൽ നാടകം, അതിന്റേതായ ഒരു സ്വകാര്യസ്ഥലത്തേക്ക്, അവതരണത്തിന്റെ ടെക്നിക്കിലൂടെയും സംഭാഷണത്തിലൂടെയും ജീവിത സന്ദർഭങ്ങളെ പൊലിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. നാടകം എപ്പോഴും വർത്തമാനത്തിൽ അവതരിപ്പിക്കപ്പെടുകയും ഓരോ പ്രാവശ്യവും വേറിട്ടു നില്ക്കുകയും ചെയ്യുന്നു. സിനിമയിൽ, ഭൂതകാലത്തെ വർത്തമാനകാലമാക്കി തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. അച്ചടിക്കപ്പെട്ട ഒരു കഥാപുസ്തകം, വായനക്കാരന്റെ സൌകര്യമനുസരിച്ച് വായിക്കപ്പെടുമ്പോൾ, ആ കഥാപുസ്തകം വർത്തമാനകാലത്തിന്റെ ഭാഗമായി മാറുന്നു. സിനിമയും അതുപോലെയാണെന്ന് ചുരുക്കം. നാടകാഭിനയവും സിനിമാഭിനയവും തമ്മിൽ വ്യത്യാസമുണ്ട്. ക്ളോസപ്പ്, മിഡ് ഷോട്ട്, ലോങ് ഷോട്ട് തുടങ്ങിയ സങ്കേതങ്ങളിലൂടെ നടന്റെ 'ചലനങ്ങളാ'ണ് ക്യാമറയിൽ പകർത്തുന്നത്. ബിഹേവിയർ ആക്റ്റിങ്ങാണ് സിനിമയിലേത്. അതേസമയം, നാടകത്തിൽ സമഗ്രവും, അർപ്പണസന്നദ്ധവുമായ 'ആക്റ്റിങ്ങാ'ണ് നടൻ കാഴ്ചവക്കുന്നത്. ആദിമധ്യാന്തമായ അഭിനയസങ്കേതവും കഥാസങ്കേതവുമാണ് നാടകത്തിലുള്ളത്. സിനിമാചിത്രീകരണം, സ്ഥലത്തിന്റെയും നടീനടന്മാരുടെയും ലഭ്യത അനുസരിച്ച് സൌകര്യപൂർവം നടത്താൻ കഴിയും. പിന്നീട് പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലൂടെ, കഥാനൈരന്തര്യം സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. സുനിശ്ചിതമായ ഒരു ഘടനയും ക്രിയയും അഭിനയ ജാഗ്രതയും നാടകത്തിന് അനിവാര്യമാണ്. ഒരു പ്രാവശ്യം, പാളിയാൽ അതേ രംഗം വീണ്ടും അവതരിപ്പിക്കാനാവില്ല. എന്നാൽ സിനിമയെ സംബന്ധിച്ചിടത്തോളം, റീ-ടേക്കിലൂടെ എത്ര പ്രാവശ്യം വേണമെങ്കിലും അഭിനയം ഷൂട്ട് ചെയ്യാവുന്നതാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ സിനിമ ഇന്ദ്രജാലവും നാടകം യാഥാർഥ്യവുമാണ്. സിദ്ധിയും സാധനയുമാണ് ഒരു നാടക കലാകാരനെ വിജയത്തിലെത്തിക്കുന്നത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)