5. കല്ലിൽ ഭഗവതിക്ഷേത്രം
5. കല്ലിൽ ഭഗവതിക്ഷേത്രം
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്ക് അശമന്നൂര്‍ വില്ലേജില്‍ മേതലക്കരയില്‍ സ്ഥിതിചെയ്യുന്ന ഒരു ഗുഹാക്ഷേത്രമാണ് കല്ലില്‍ ഭഗവതിക്ഷേത്രം. പെരുമ്പാവൂരില്‍ നിന്നു 10 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം. ചെറുതും വലുതുമായ കുറേ പാറകള്‍ നിറഞ്ഞ 28 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഒരു കുന്നിന്‍പ്രദേശമാണ് കല്ലില്‍. പാറയുടെ മുകളില്‍ എത്തുവാൻ 120 പടികൾ കയറണം. ഒരു നെടുങ്കന്‍പാറയ്ക്കും അതിനു മുകളിലായി വിലങ്ങനെ കിടക്കുന്ന മറ്റൊരു നീളന്‍പാറയ്ക്കും ഇടയ്ക്കാണ് ഇപ്പോഴത്തെ കല്ലില്‍ ക്ഷേത്രം. പഴയ ഗുഹാക്ഷേത്രം ആകെ പരിഷ്കരിച്ചിരിക്കുന്നു.
ശ്രീകോവിലിനുള്ളിലെ ജൈനദേവതയായ പദ്മാവതിയക്ഷിയെയാണ് നാട്ടുകാര്‍ കല്ലില്‍ ഭഗവതിയായി ആരാധിക്കുന്നത്. പ്രധാനവിഗ്രഹത്തിനു പിന്നിലായി തീര്‍ഥങ്കരന്മാരായ പാര്‍ശ്വനാഥന്റെയും മഹാവീരന്റെയും ശില്പങ്ങള്‍ കാണാം. ശ്രീകോവില്‍ നിലകൊള്ളുന്ന പാറയുടെ നെറ്റിയിലായി മഹാവീരന്റെ ഒരു ശില്പവുമുണ്ട്. എട്ടാം നൂറ്റാണ്ടിന്റെ ഒരു പൂര്‍വഘട്ടവും ഒന്‍പതാം നൂറ്റാണ്ടിന്റെ ഒരു ഉത്തരഘട്ടവും ഈ ക്ഷേത്രത്തിനുണ്ട്. നേരത്തെ കല്ലിൽ പിഷാരടി കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ക്ഷേത്രം. ഇപ്പോള്‍ പിഷാരത്ത് ദേവസ്വമാണ് ഭരണം നിര്‍വഹിക്കുന്നത്.
ക്ഷേത്രത്തിലെ ഉല്‍സവം വൃശ്ചികമാസത്തിലെ കാർത്തിക നാൾ മുതൽ എട്ടു ദിവസം നടത്തുന്നു. ഉല്‍സവത്തോടനുബന്ധിച്ച് നടത്തുന്ന പിടിയാനപ്പുറത്തുള്ള ദേവിയുടെ എഴുന്നള്ളത്ത് അത്യപൂര്‍വമായ കാഴ്ചയാണ്. വൃശ്ചികമാസത്തിലെ കാർത്തികനാളിൽ ക്ഷേത്രത്തിൽ “ഇടിതൊഴൽ“ എന്നൊരു വഴിപാടുമുണ്ട്. വ്രതം അനുഷ്ഠിച്ച മാരാർ വാദ്യമേളങ്ങളോടെ ഉണക്കലരി, വെറ്റില, പാക്ക്, ചുണ്ണാമ്പ്, മഞ്ഞള് എന്നീ സാധനങ്ങൾ ഉരലിൽ ഇട്ട് ഇടിച്ച് ഉണ്ടാക്കുന്ന കൂട്ട് ദേവിക്ക് സമർപ്പിച്ച് ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകുന്നു. ഇപ്പോഴും ജൈനമതസ്ഥര്‍ ഇവിടെ ആരാധനയ്ക്കെത്തുക പതിവാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ